നിലക്കടല വീട്ടിനുള്ളിലും വളർത്തിയെടുക്കാം, ഇങ്ങനെ...

വീട്ടിനകത്ത് വളര്‍ത്തിയാലും പുറത്ത് വളര്‍ത്തിയാലും വിളവെടുക്കുമ്പോള്‍ മണ്ണില്‍ നിന്ന് ശ്രദ്ധയോടെ ചെടി കുഴിച്ചെടുത്ത് പുറന്തോടിന് മുകളില്‍ പറ്റിപ്പിടിച്ച മണ്ണ് കുടഞ്ഞുകളയണം. 

Growing peanut plants indoors

ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ചെടിയായ നിലക്കടല ചെറിയ പാത്രങ്ങളിലും വളര്‍ത്താവുന്നതാണ്. ഇവയുടെ വിത്തുകള്‍ ഓണ്‍ലൈന്‍ വഴിയോ നഴ്‌സറിയില്‍ നിന്നോ ലഭ്യമാണ്. അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടിനുള്ളിലും പുറത്തും നിലക്കടല വളര്‍ത്തിനോക്കാവുന്നതാണ്.

പുറന്തോടിനുള്ളിലെ നിലക്കടല കൃഷി ചെയ്യുന്ന സമയംവരെ പുറത്തെടുക്കരുത്. വിത്ത് മുളപ്പിക്കാനുപയോഗിക്കുന്ന ട്രേയില്‍ രണ്ട് ഇഞ്ച് ആഴത്തില്‍ നടണം. തൈകള്‍ തമ്മില്‍ ആറ് ഇഞ്ച് അകലമുണ്ടാകുന്ന രീതിയിലായിരിക്കണം വിത്ത് നടേണ്ടത്. തൈകള്‍ രണ്ട് ഇഞ്ച് ഉയരത്തിലെത്തുമ്പോള്‍ ശ്രദ്ധയോടെ മാറ്റിനടണം.

വിത്ത് മുളച്ച് തൈകളുണ്ടായാല്‍ ഏഴ് ആഴ്ചകള്‍ കൊണ്ട് ചെടികളില്‍ ചെറിയ മഞ്ഞനിറമുള്ള പൂക്കളുണ്ടാകും. പൂക്കളുണ്ടായാല്‍ പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയ വളമാണ് നല്‍കേണ്ടത്. നൈട്രജന്‍ ആവശ്യമില്ല.

നിലക്കടലച്ചെടികള്‍ 150 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. ഇലകള്‍ക്ക് മഞ്ഞനിറം വന്നുതുടങ്ങിയാല്‍ വിളവെടുപ്പ് നടത്താം.

ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താം

കനം കുറഞ്ഞ പോട്ടിങ്ങ് മിശ്രിതം നിറച്ച ആറിഞ്ച് വലുപ്പമുള്ള പാത്രത്തില്‍ അഞ്ചോ ആറോ വിത്തുകള്‍ നടാവുന്നതാണ്. പാത്രത്തിന് താഴെയായി വെള്ളം വാര്‍ന്നുപോകാനുള്ള ദ്വാരമുണ്ടായിരിക്കണം.

പാത്രം മൂടിവെക്കാനായി പ്ലാസ്റ്റിക് കവര്‍ ഉപയോഗിക്കാം. അങ്ങനെയെങ്കില്‍ വീടിനകത്ത് ഗ്രീന്‍ഹൗസ് പോലുള്ള അന്തരീക്ഷം നിലനിര്‍ത്താം. ചൂടുള്ള മുറിയില്‍ പാത്രം സൂക്ഷിക്കണം. അല്ലെങ്കില്‍ ഫ്രിഡ്‍ജിന്റെ മുകളിലും വെക്കാം. നിലക്കടല മുളച്ച് വരുമ്പോള്‍ പ്ലാസ്റ്റിക് കവര്‍ ഒഴിവാക്കണം. സാധാരണയായി രണ്ടാഴ്‍ച കൊണ്ട് നിലക്കടല മുളച്ചുവരും.

ഇങ്ങനെ മുളച്ച തൈകള്‍ ഏറ്റവും കുറഞ്ഞത് 12 ഇഞ്ച് വലുപ്പമുള്ള വലിയ പാത്രത്തിലേക്ക് മാറ്റണം. ഈ പാത്രം വെയില്‍ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റിവെക്കണം. ദിവസവും നനയ്ക്കണം. ആറ് ആഴ്ചകള്‍ക്കുശേഷം പൂക്കളുണ്ടാകാന്‍ തുടങ്ങുമ്പോളാണ് വെള്ളം ഏറ്റവും അത്യാവശ്യം.

വിളവെടുത്തശേഷം

വീട്ടിനകത്ത് വളര്‍ത്തിയാലും പുറത്ത് വളര്‍ത്തിയാലും വിളവെടുക്കുമ്പോള്‍ മണ്ണില്‍ നിന്ന് ശ്രദ്ധയോടെ ചെടി കുഴിച്ചെടുത്ത് പുറന്തോടിന് മുകളില്‍ പറ്റിപ്പിടിച്ച മണ്ണ് കുടഞ്ഞുകളയണം. വ്യാവസായികമായി കൃഷി ചെയ്യുന്നവര്‍ ഉണക്കാനായി യന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍, വീടുകളില്‍ കൃഷി ചെയ്യുന്നവര്‍ സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കാറുണ്ട്.

വല കൊണ്ടുള്ള ബാഗില്‍ തണുപ്പുള്ള സ്ഥലത്താണ് നിലക്കടല സൂക്ഷിക്കുന്നത്. നല്ല വായുസഞ്ചാരമുള്ള സ്ഥലത്താണ് നിലക്കടല വറുക്കുന്നതിന് മുമ്പ് സൂക്ഷിക്കേണ്ടത്. എണ്ണയുടെ അളവ് കൂടുതലുള്ളതിനാല്‍ നിലക്കടല എളുപ്പത്തില്‍ കേടുവന്ന് ദുര്‍ഗന്ധം വമിക്കും. അതുകൊണ്ട് അടച്ചുറപ്പുള്ള പാത്രത്തില്‍ ഫ്രിഡ്ജില്‍ വെച്ചാല്‍ മാസങ്ങളോളം കേടുകൂടാതിരിക്കും. ഫ്രീസറില്‍ സൂക്ഷിച്ചാല്‍ വര്‍ഷങ്ങളോളം കേടുവരില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios