അരനിമിഷത്തിൽ കമ്പിളിപ്പുഴുവിനെ തുരത്താം
ഒരു ഔൺസ് വേപ്പെണ്ണ എടുത്ത് അതിലേക്ക് 60 ഔൺസ് ചെറുചൂടുവെള്ളം ഒഴിച്ച് അത് സ്പ്രേയറിൽ നിറച്ച് സ്പ്രേ ചെയ്താൽ മതി. അതായത് പത്തു മില്ലീലിറ്റർ വേപ്പെണ്ണയാണെങ്കിൽ അതിലേക്ക് 600 മില്ലീലിറ്റർ ചെറുചൂടുവെള്ളമാണ് ഒഴിക്കേണ്ടത്.
ജൈവകൃഷി അവലംബിക്കുന്ന കർഷകരുടെയൊക്കെ പേടിസ്വപ്നമാണ് കമ്പിളിപ്പുഴുവെന്നും എരിപുഴുവെന്നും ചെറുപുഴുവെന്നും ചിത്രശലഭപ്പുഴു എന്നും അറിയപ്പെടുന്ന caterpillars. പ്രത്യേകിച്ച് മട്ടുപ്പാവിലും വീടകങ്ങളിലും ഒരുക്കുന്ന ചെറുതോട്ടങ്ങളുടെ അന്തകനായി മാറുന്ന കുനുകുനാ നീങ്ങുന്ന, കാഴ്ചയിലെ സുന്ദരൻ പുഴു.
വിപണിയിൽ ലഭ്യമായ രാസകീടനാശിനികൾ ഉപയോഗിച്ചാൽ ഈ പുഴുക്കൾ മാത്രമല്ല, ചെടികൾക്ക് പ്രയോജനപ്പെടുന്ന നിരവധി ചെറുജീവികൾ കൂടി നശിച്ചുപോകും. അതുകൊണ്ടു തന്നെ ഇവയെമാത്രം തുരത്താനുള്ള വഴികൾ ആശ്വാസപ്രദമാകും.
വേപ്പെണ്ണ അഥവാ നീം ഓയിൽ ആണ് ഈ വില്ലനെ തുരത്താൻ പറ്റിയ ഏറ്റവും നല്ല ആയുധം. വേപ്പിൻകുരുവിനകത്തെ അസാഡിരാക്ടിൻ (Azadirachtin) എന്ന രാസവസ്തുവാണ് എരിപുഴുവിന്റെ ജീവിതം എരിപൊരിയാക്കുന്നതും മരണം വിധിക്കുന്നതും.
ഈ പുഴുവിനെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇത്രയും കാര്യങ്ങൾ കൂടി ഓർക്കുക.
1. വെള്ളത്തിൽ ചേർത്ത വേപ്പെണ്ണ മിശ്രിതം സൂര്യാസ്തമനത്തിനു ശേഷം ചെടികളിൽ സ്പ്രേ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ പകൽസമയത്ത് കൂടുതലായി സഞ്ചരിക്കുന്ന തേനീച്ചകളെയും ചിത്രശലഭങ്ങളെയും അതു കാര്യമായി ബാധിക്കില്ല.
2. നമ്മളറിയാതെ നമ്മളെ ഉപദ്രവിക്കാനിടയുള്ള ചിലന്തികളെയും കൊതുകിനെയും ചെടികളിൽ കാണുന്ന മൂട്ടപോലുള്ള ചെറുജീവികളെയും (സാധാരണ മൂട്ടയല്ല) കൂടി ഈ വേപ്പെണ്ണ പ്രയോഗം ശരിയാക്കും.
വേപ്പെണ്ണ മിശ്രിതം എങ്ങനെ തയ്യാറാക്കാം?
ഒരു ഔൺസ് വേപ്പെണ്ണ എടുത്ത് അതിലേക്ക് 60 ഔൺസ് ചെറുചൂടുവെള്ളം ഒഴിച്ച് അത് സ്പ്രേയറിൽ നിറച്ച് സ്പ്രേ ചെയ്താൽ മതി. അതായത് പത്തു മില്ലീലിറ്റർ വേപ്പെണ്ണയാണെങ്കിൽ അതിലേക്ക് 600 മില്ലീലിറ്റർ ചെറുചൂടുവെള്ളമാണ് ഒഴിക്കേണ്ടത്.
സ്പ്രേ ചെയ്യുമ്പോൾ ചെറു ചൂടു നിലനിർത്തിക്കൊണ്ടു തന്നെ സ്പ്രേ ചെയ്യാൻ മറക്കരുത്. ചൂട് കൂടിപ്പോയാൽ കൈയും പൊള്ളും ചെടി കരിഞ്ഞും പോവും പുഴു ചാവുകയുമില്ല.