ശുദ്ധജലത്തില്‍ മത്സ്യം വളര്‍ത്താനൊരുങ്ങുകയാണോ? ഈ അബദ്ധങ്ങള്‍ പറ്റാതെനോക്കാം

കുളത്തിലെ പ്രാണികളും കളകളും മത്സ്യത്തിന്റെ ജീവന് ആപത്തായി മാറും. കളകള്‍ പോഷകങ്ങള്‍ മുഴുവന്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അതുപോലെതന്നെ വെള്ളത്തിന്റെ ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും ചെയ്യും.
 

fresh water fish farming

മത്സ്യം വളര്‍ത്തി വരുമാനം നേടാന്‍ ആഗ്രഹിക്കുന്ന പലരുമുണ്ട്. തുടക്കക്കാര്‍ക്ക് പലപ്പോഴും അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. ധാരാളം പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡും ധാതുക്കളും മറ്റു പോഷകഘടകങ്ങളും മത്സ്യങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ശുദ്ധജലത്തില്‍ മത്സ്യം വളര്‍ത്തുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. ശാസ്ത്രീയമായ രീതിയില്‍ കുളം തയ്യാറാക്കിയില്ലെങ്കില്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങാനും ഉത്പാദനം കുറയാനുമിടയാക്കും.

കുളം എങ്ങനെ തയ്യാറാക്കണം

ശുദ്ധജലത്തില്‍ മത്സ്യം വളര്‍ത്തുന്നതിന്റെ ആദ്യപടി മണ്ണ് പരിശോധനയാണ്. കുളത്തിന്റെ അടിയിലുള്ള മണ്ണാണ് പരിശോധയ്ക്കായി എടുക്കേണ്ടത്. പി.എച്ചും ജൈവവസ്തുക്കളുടെ അളവും കണക്കാക്കണം. കുളത്തിലെ ചെളി ഒഴിവാക്കുകയെന്നതും വളരെ പ്രധാനമാണ്. അനാവശ്യമായ മത്സ്യങ്ങളെ ഒഴിവാക്കാനായാണ് വെള്ളം വറ്റിക്കുന്നത്.

മഴക്കാലത്ത് വെള്ളത്തിന്റെ നിരപ്പ് ഉയരുമ്പോള്‍ കുളത്തിലെ മത്സ്യങ്ങള്‍ ഒലിച്ചുപോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉയരത്തിലുള്ള ഭിത്തികള്‍ കെട്ടുന്നത് നല്ലതാണ്. വെള്ളത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരപ്പിനേക്കാള്‍ മൂന്നോ നാലോ അടി ഉയരത്തിലായിരിക്കണം ഭിത്തി. കുളം കുഴിക്കുകയും ചെളി ഒഴിവാക്കുകയും ചെയ്യുന്ന സമയത്ത് ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. ഈ സമയത്ത് ഒഴിവാക്കുന്ന പൂഴി ഉപയോഗിച്ച് കുളത്തിന്റെ ഭിത്തിക്ക് ഉയരം കൂട്ടാവുന്നതാണ്.

നിങ്ങള്‍ മത്സ്യം വളര്‍ത്താന്‍ കുളം തയ്യാറാക്കുമ്പോള്‍ വെള്ളം പുറത്തേക്ക് പോകാനും കുളത്തിലേക്ക് പ്രവേശിക്കാനുമുള്ള മാര്‍ഗമുണ്ടായിരിക്കണം. ഒരു പൈപ്പ് ഘടിപ്പിച്ച് ഇതിനുള്ള സംവിധാനമുണ്ടാക്കണം. കനത്ത മഴയുള്ളപ്പോള്‍ കുളം കവിഞ്ഞൊഴുകാതിരിക്കാനും വെള്ളത്തിന്റെ ഗുണനിലവാരം ശരിയായി നിലനിര്‍ത്താനും ഈ സംവിധാനം സഹായിക്കും.

കുളത്തിലെ പ്രാണികളും കളകളും മത്സ്യത്തിന്റെ ജീവന് ആപത്തായി മാറും. കളകള്‍ പോഷകങ്ങള്‍ മുഴുവന്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അതുപോലെതന്നെ വെള്ളത്തിന്റെ ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും ചെയ്യും.

കുളം തയ്യാറാക്കുമ്പോള്‍ അടിഭാഗത്ത് രണ്ടാഴ്ചയോളം കാല്‍സ്യം ഹൈഡ്രോക്‌സൈഡ് വിതറണം. കുളത്തിലെ വെള്ളം വറ്റിക്കുന്ന സമയത്തോ അതിനുശേഷമോ കാല്‍സ്യം ഹൈഡ്രോക്‌സൈഡ് വിതറുന്നതാണ് നല്ലത്. ഇത് വെള്ളത്തില്‍ കലക്കി കുളത്തിലേക്ക് സ്‌പ്രേ ചെയ്യാം. മണ്ണിലെ അസിഡിറ്റി ഇല്ലാതാക്കാനും ആവശ്യമില്ലാത്ത കളവര്‍ഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കാനും.

വളപ്രയോഗം

പിന്നീട് 15 ദിവസത്തിനുശേഷം ഉണങ്ങിയ ചാണകപ്പൊടി പോലുള്ള ജൈവവളങ്ങള്‍ നല്‍കുന്നത് മത്സ്യങ്ങള്‍ ഭക്ഷണമാക്കുന്ന ചെറിയ ജീവികളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ഒരു ഹെക്ടര്‍ കുളത്തില്‍ 2 മുതല്‍ 3 ടണ്‍ ചാണകപ്പൊടി വിതറാം. അതുപോലെ പൗള്‍ട്രിഫാമില്‍ നിന്നുള്ള വളമാണെങ്കില്‍ ഒരു ഹെക്ടറില്‍ 5000 കി.ഗ്രാം ചേര്‍ത്തുകൊടുക്കാം. മണ്ണിലെ ഫോസ്ഫറസിന്റെയും നൈട്രജന്റെയും അനുപാതം നോക്കിയാണ് രാസവളങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളു. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം മിശ്രിതത്തിന്റെ യഥാര്‍ഥ അനുപാതം 18:10:4 എന്നതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios