വക്കീല്‍പ്പണി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങി; ലോക്ക്ഡൗണിലും പച്ചക്കറികള്‍ വീട്ടുപടിക്കലെത്തിക്കാന്‍ തയ്യാര്‍
'കൃഷി എന്റെ ജീവിതത്തിന്റെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഭാഗമാണ്. പരമ്പരാഗതമായി ഞങ്ങളുടെ കുടുംബത്തില്‍ കൃഷിയുമായി ബന്ധമുള്ളവരുണ്ടായിരുന്നു. ഞാന്‍ ഡല്‍ഹിയിലാണ് വളര്‍ന്നതെങ്കിലും എന്റെ കുടുംബം ലുധിയാനയിലെ ഗ്രാമത്തില്‍ കൃഷി ചെയ്തവരായിരുന്നു. ഇവരില്‍ നിന്ന് കിട്ടിയ അനുഭവസമ്പത്ത് എനിക്ക് കൃഷിയിലേക്കിറങ്ങാന്‍ പ്രചോദനം നല്‍കി.'
പലചരക്ക് സാധനങ്ങള്‍ മാസങ്ങളോളം സൂക്ഷിച്ച് വെക്കാന്‍ നമുക്ക് കഴിയും. എന്നാല്‍, പച്ചക്കറികളും പഴങ്ങളും ദീര്‍ഘകാലം കേടുകൂടാതിരിക്കുമോ? ഈ ലോക്ക്ഡൗണിനിടയിലും 'സ്പുഡ്‌നിക് ഫാംസ്' തങ്ങളുടെ പച്ചക്കറികളും പഴങ്ങളും പുതുമ നഷ്ടപ്പെടാതെ ബംഗളുരുവിലെ ആവശ്യക്കാരിലെത്തിക്കുന്നു. വക്കീല്‍പ്പണിയില്‍ നിന്ന് കര്‍ഷകവേഷം സ്വീകരിച്ച സുമീത് കൗര്‍ എന്ന വനിതയാണ് ജൈവവസ്തുക്കളെ കൃഷിഭൂമിയില്‍ നിന്നും മേശപ്പുറത്തെത്തിക്കാനുള്ള ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.
ലോക്ക്ഡൗണില്‍ പച്ചക്കറി വില്‍പ്പന
മാര്‍ച്ച് 24 -ന് ലോക്ക്ഡൗണ്‍ കാരണം തന്റെ ഫാമില്‍ നിന്ന് പച്ചക്കറികള്‍ ശേഖരിക്കാനായി വാഹനം ഓടിക്കാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ സുമീത് പകച്ചുനിന്നില്ല. ട്വിറ്ററിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ബംഗളൂരു പൊലീസിനോട് അവരുടെ സ്ഥാപനം അവശ്യ സര്‍വീസ് ആയി പരിഗണിക്കാന്‍ അപേക്ഷിച്ചു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായി തന്നെ സുരക്ഷയ്ക്കുള്ള എല്ലാ മാര്‍ഗങ്ങളും ഇവര്‍ അവലംബിച്ചിരുന്നു. മാസ്‌ക്കുകളും ഗ്ലൗസും സാനിറ്റൈസറും ഉത്പന്നങ്ങള്‍ കേടാകാതിരിക്കാനുള്ള പ്രതിരോധമാര്‍ഗങ്ങളും സ്വീകരിച്ചു. ഉപഭോക്താക്കളുമായി സമ്പര്‍ക്കമില്ലാതെ ഇവരുടെ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ വീട്ടുപടിക്കല്‍ പച്ചക്കറികള്‍ എത്തിച്ചു തിരിച്ചുപോരുന്നു.
അഴിച്ചുവെച്ചത് വക്കീല്‍ വേഷം; ഇറങ്ങിയത് മണ്ണിലേക്ക്
'ഞാന്‍ ടാക്‌സ് കണ്‍സള്‍ട്ടന്‍റ് അഡ്വക്കേറ്റായി ജോലി ചെയ്യുകയായിരുന്നു. ഏഴുവര്‍ഷത്തോളം ഈ മേഖലയിലായിരുന്നു. എനിക്ക് 30 വയസ്സായപ്പോഴേക്കും സ്വയംപര്യാപ്തമായി നല്ലൊരു ബാങ്ക് ബാലന്‍സും സ്വന്തമായുണ്ടാക്കാന്‍ കഴിഞ്ഞു. പക്ഷേ, എന്തോ നഷ്ടപ്പെട്ട പോലൊരു തോന്നലായിരുന്നു. 'സുമീത് പറയുന്നു. സുമീത് 2012 സെപ്റ്റംബറില്‍ തന്റെ ജോലി ഉപേക്ഷിച്ച് ഇഷ്ടപ്പെട്ട കാര്‍ഷികവൃത്തി സ്വീകരിക്കുകയായിരുന്നു.
'കൃഷി എന്റെ ജീവിതത്തിന്റെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഭാഗമാണ്. പരമ്പരാഗതമായി ഞങ്ങളുടെ കുടുംബത്തില്‍ കൃഷിയുമായി ബന്ധമുള്ളവരുണ്ടായിരുന്നു. ഞാന്‍ ഡല്‍ഹിയിലാണ് വളര്‍ന്നതെങ്കിലും എന്റെ കുടുംബം ലുധിയാനയിലെ ഗ്രാമത്തില്‍ കൃഷി ചെയ്തവരായിരുന്നു. ഇവരില്‍ നിന്ന് കിട്ടിയ അനുഭവസമ്പത്ത് എനിക്ക് കൃഷിയിലേക്കിറങ്ങാന്‍ പ്രചോദനം നല്‍കി.' സുമീത് തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
2013 -ലാണ് കൃഷിയിലേക്കിറങ്ങണമെന്ന തീരുമാനമെടുക്കുന്നത്. ' എന്റെ ഏറ്റവും വലിയ അനുഗ്രഹം കുടുംബത്തില്‍ നിന്നുള്ള പിന്തുണയായിരുന്നു. എന്റെ അസാധാരണമായ ഈ തിരഞ്ഞെടുപ്പിനെ അവര്‍ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. ' സുമീത് പറയുന്നു.
സുമീതിന്റെ അച്ഛന്റെ സുഹൃത്ത് അദ്ദേഹത്തിന്റെ ഒരേക്കര്‍ തരിശായിക്കിടന്ന നിലം അവര്‍ക്ക് കൃഷിചെയ്യാന്‍ നല്‍കി. അവിടെ ജൈവരീതിയില്‍ പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തക്കാളി, വെണ്ട, വഴുതിന, റാഡിഷ് എന്നിവയെക്കൂടാതെ ചെറിയ വഴുതിന, തക്കാളിയുടെ വിവിധ ഇനങ്ങള്‍, ഇലക്കറികള്‍ എന്നിവയും സുമീത് ഈ ഭൂമിയില്‍ കൃഷിചെയ്തു. സൂമീതിന് തന്റെ കൃഷിയില്‍ നിന്നും വീട്ടാവശ്യങ്ങള്‍ക്കുള്ള പച്ചക്കറി മാത്രമല്ല ലഭിച്ചത്. കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അയല്‍ക്കാര്‍ക്കും വില്‍ക്കാനുള്ള വക കൂടി ഇവിടെ കൃഷി ചെയ്തുണ്ടാക്കി.
സാധാരണ ലഭിക്കുന്ന പച്ചക്കറികളല്ലാതെയുള്ള വിളകള്‍ ആളുകള്‍ ശ്രദ്ധിക്കുകയും പുതുമയും ഗുണനിലവാരവും തിരിച്ചറിയുകയും ചെയ്തു. ക്രമേണ ഫാമിന് വളര്‍ച്ചയുണ്ടാകുകയും 'സ്പുഡ്‌നിക് ഫാം' എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്തു.
'എന്റെ ഫാമിന് നല്ലൊരു പേരിടണമെന്ന് ചിന്തിച്ചപ്പോഴാണ് സ്പുഡ് എന്ന് ഓര്‍മ വന്നത്. അതിന്റെ അര്‍ഥം ഉരുളക്കിഴങ്ങ് എന്നാണ്. സ്‌പേസ് സംബന്ധമായ ശാസ്ത്രത്തിനോട് വളരെ താല്‍പ്പര്യമുള്ളവരാണ് ഞാനും ഭര്‍ത്താവും. അങ്ങനെയാണ് റഷ്യന്‍ സാറ്റലൈറ്റ് ആയ സ്പുട്‌നിക് എന്ന പേരില്‍ നിന്ന് ചെറിയൊരു ട്വിസ്റ്റ് വരുത്തിയത്' സുമീത് തന്റെ ഫാമിന് പേര് കണ്ടെത്തിയ വഴി ഓര്‍ക്കുന്നു.
ഒരു വര്‍ഷത്തില്‍ക്കൂടുതലായി സുമീത് ആവശ്യക്കാര്‍ക്ക് പച്ചക്കറികള്‍ വിറ്റഴിക്കുന്നു. ഫാമിന് അടുത്തകാലത്താണ് ഔദ്യോഗിക രജിസ്‌ട്രേഷന്‍ ലഭിച്ചത്.
വില്‍പ്പനയ്ക്കായി സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍
തുടക്കത്തില്‍ 25 ഉപഭോക്താക്കള്‍ മാത്രമാണുണ്ടായിരുന്നത്. സ്വയം തന്നെ ഉത്പന്നങ്ങള്‍ ആവശ്യക്കാരിലെത്തിക്കുന്നതോടൊപ്പം തന്റെ ഫാമിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സുമീത് ആയിരുന്നു നോക്കിനടത്തിയത്.
'വളരെ ടെന്‍ഷനുള്ള പണിയായിരുന്നു. പക്ഷേ, എന്റെ പച്ചക്കറികളുടെ ആവശ്യക്കാര്‍ ഹൃദയപൂര്‍വം നല്‍കിയ സ്വീകാര്യതയാണ് എന്നെ മുന്നോട്ട് നയിച്ചത്. ഓരോരുത്തരുടെയും കുട്ടികള്‍ ആരോഗ്യകരമായ ഇലക്കറികള്‍ കഴിക്കാന്‍ തുടങ്ങിയെന്ന മാറ്റം അവര്‍ അറിയിച്ചു. അങ്ങനെയാണ് ഈ ചെറിയ സംരംഭം വികസിപ്പിക്കണമെന്ന് ആഗ്രഹിച്ചത്' സുമീത് പറയുന്നു.
തന്റെ സംരംഭം സാമ്പത്തികമായി സുരക്ഷിതമായിരിക്കാനായി സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ ആവിഷ്‌കരിച്ചു. ആഴ്ചയിലെ നിശ്ചിത ദിവസത്തില്‍ നിങ്ങളുടെ വീട്ടുപടിക്കല്‍ പച്ചക്കറികളുടെ ബാസ്‌ക്കറ്റ് എത്തുന്ന രീതിയിലായിരുന്നു ഈ പദ്ധതി. കുടുംബത്തിന്റെ വലുപ്പമനുസരിച്ച് ബാസ്‌ക്കറ്റിന്റെ വലുപ്പവും തീരുമാനിക്കാം. മിക്‌സ് ഫ്രൂട്ട്‌സും പച്ചക്കറികളും അടങ്ങിയ ബാസ്‌ക്കറ്റുകളും വില്‍പ്പനയ്ക്കുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ ഒരു മാസത്തേക്കാണ്.
ബിസിനസ് വളര്‍ന്നപ്പോള്‍ ബംഗളുരുവിലെയും ചിക്കബല്ലാപൂരിലെയും ചിന്താമണിയിലെയും ചെറുകിട കര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തി. കൊവിഡ് 19 പൊട്ടിപ്പുറപ്പെടും മുമ്പ് മുമ്പ് ഡാന്‍ഡെലി ഗ്രാമത്തിലെ ആദിവാസികളുടെ ഗ്രൂപ്പുമായും ഇവര്‍ സഹകരിച്ച് പ്രവര്‍ത്തിച്ചു.
നിലവില്‍ 15 കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി ഉപഭോക്താക്കള്‍ക്ക് ആവശ്യമായി രീതിയില്‍ ജൈവപച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നു. വ്യാപകമായ രീതിയില്‍ ഇവരുടെ ഫാമില്‍ കൃഷി ചെയ്യാത്ത സാധാരണ പഴങ്ങളും പച്ചക്കറികളും സര്‍ക്കാരുമായി ബന്ധപ്പെട്ട കര്‍ഷക സംഘടനകളില്‍ നിന്നും ഇവര്‍ ശേഖരിക്കുന്നു.
സന്തോഷത്തോടെ ഉപഭോക്താക്കള്‍
'ലോക്ക്ഡൗണ്‍ ആയിട്ടും സുമീത് വളരെ കഠിനാധ്വാനം ചെയ്ത് പച്ചക്കറികള്‍ ഞങ്ങളുടെ വീട്ടിലെത്തിക്കുന്നു. ലഭ്യതയെക്കുറിച്ച് എനിക്ക് ആശങ്കയില്ല.' ബാങ്കിങ്ങ് കണ്‍സള്‍ട്ടന്റായ വര്‍ഗീസ് പറയുന്നു. 'വളരെ വ്യത്യസ്തമായ ഇനങ്ങളിലുള്ള പരമ്പരാഗതമായതും പാശ്ചാത്യമായതുമായ പാചകക്കുറിപ്പുകളും സുമീത് ഞങ്ങള്‍ക്ക് തരുന്നു. പല പല പച്ചക്കറികളും പണ്ടേ നമ്മുടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായതും സലാഡില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഇലവര്‍ഗങ്ങളുമാണ്' എന്നുകൂടി വര്‍ഗീസ് വ്യക്തമാക്കുന്നു.