വെള്ളരിയിലും കക്കിരിയിലും കയ്പുരസം തോന്നുന്നുണ്ടോ? മാറ്റാനുള്ള വഴികള്‍ ഇതാ

നിങ്ങള്‍ വെള്ളരി വിളവെടുത്താല്‍ രണ്ടറ്റവും ഒരിഞ്ചു നീളത്തില്‍ മുറിച്ച് ആ മുറിച്ച കഷണം കൊണ്ടുതന്നെ പരസ്പരം ഉരസുക. അല്‍പം കഴിഞ്ഞാല്‍ മുറിച്ച ഭാഗത്തുനിന്നും വെളുത്ത കട്ടിയുള്ള കറ വരുന്നത് കാണാം.

Feeling bitter on cucumbers ? try this

വേനല്‍ക്കാലം വന്നു. ധാരാളം വെള്ളം ശരീരത്തിലെത്തുന്ന പച്ചക്കറികളും പഴങ്ങളും ഈ സമയത്ത് ആവശ്യമാണ്. പെട്ടെന്ന് നമുക്ക് ഓര്‍മ വരുന്ന പച്ചക്കറിയാണ് വെള്ളരിയും കക്കിരിയും. തൊലിയും കുരുവും ഒഴിക്കാതെ കഴിക്കേണ്ട പച്ചക്കറിയാണിത്. ചിലപ്പോള്‍ കയ്ക്കുന്ന വെള്ളരി നമുക്ക് കിട്ടാറുണ്ട്. എന്തുകൊണ്ടാണിത്? ചാത്തന്നൂര്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍ എം.എസ് പ്രമോദ് പറയുന്നത് വെള്ളരി വര്‍ഗവിളകളിലെ കയ്പുരസം മാറ്റാനുള്ള ചില വഴികളാണ്.

കുക്കുര്‍ബിറ്റാസിന്‍ എന്ന രാസവസ്തുവാണ് വെള്ളരി, പീച്ചില്‍, തണ്ണിമത്തന്‍, കുമ്പളം, മത്തന്‍ എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്നത്. കീടബാധ തടയാന്‍ സഹായിക്കുന്ന ഈ രാസവസ്തു ചിലപ്പോള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും കയ്പുരസം കൂടുകയും ചെയ്യും.

എന്തുകൊണ്ടാണ് വെള്ളരിയില്‍ കയ്പ്പുരസം?

വല്ലാതെ ചൂടുള്ള കാലാവസ്ഥയില്‍ വളരുമ്പോള്‍ ഉഷ്ണസമ്മര്‍ദം കാരണം കയ്പുരസമുണ്ടാകാം. അതുപോലെ നനയ്ക്കുന്നത് ക്രമമായിരിക്കണം. നിങ്ങള്‍ക്ക് തോന്നുമ്പോള്‍ നനയ്ക്കുകയും കുറച്ചു ദിവസം നനയ്ക്കാതിരിക്കുകയും ചെയ്താല്‍ ചെടികള്‍ വാടാന്‍ തുടങ്ങും. പിന്നെയും നനച്ച് വളര്‍ത്തിയാല്‍ വിളവെടുക്കുമ്പോള്‍ ചിലപ്പോള്‍ കയ്പുരസം അനുഭവപ്പെടും.

പകല്‍ നല്ല ചൂടും രാത്രിയില്‍ തരക്കേടില്ലാത്ത തണുപ്പും അനുഭവപ്പെടുമ്പോള്‍ കുക്കുര്‍ബിറ്റാസിന്റെ അംശം കൂടും.

കുക്കുര്‍ബിറ്റാസിന്റെ അളവ് കുറയ്ക്കാനുള്ള വഴികള്‍

നിങ്ങള്‍ വെള്ളരി വിളവെടുത്താല്‍ രണ്ടറ്റവും ഒരിഞ്ചു നീളത്തില്‍ മുറിച്ച് ആ മുറിച്ച കഷണം കൊണ്ടുതന്നെ പരസ്പരം ഉരസുക. അല്‍പം കഴിഞ്ഞാല്‍ മുറിച്ച ഭാഗത്തുനിന്നും വെളുത്ത കട്ടിയുള്ള കറ വരുന്നത് കാണാം.

അതുപോലെ രണ്ടറ്റവും അരയിഞ്ച് നീളത്തില്‍ മുറിക്കുക. നീളത്തില്‍ രണ്ടായി കീറുക. ഉപ്പുപൊടി വിതറി ഈ മുറിച്ച ഭാഗങ്ങള്‍ ചേര്‍ത്ത് നന്നായി ഉരസുക. അപ്പോഴും പത പോലെയുള്ള കറ വരുന്നത് കാണാം. ഇത് നന്നായി കഴുകിക്കളയുക.

കായയുടെ തൊലി കളഞ്ഞ് പുറംഭാഗത്ത് കത്തി ഉപയോഗിച്ച് നീളത്തില്‍ മുറിപ്പാടുണ്ടാക്കുക. പല പ്രാവശ്യം ഇങ്ങനെ മുറിച്ച ശേഷം വെള്ളത്തില്‍ കഴുകിയെടുക്കാം. ഇങ്ങനെ ചെയ്താല്‍ കക്കിരിയിലെയും വെള്ളരിയിലെയും കയ്പുരസം ഏറെക്കുറേ മാറുകയും കഴിക്കാന്‍ സാധിക്കുകയും ചെയ്യും.


 

Latest Videos
Follow Us:
Download App:
  • android
  • ios