വെർച്വൽ റിയാലിറ്റി സംവിധാനം, പശു നിൽക്കുന്നത് മേച്ചിൽപ്പുറങ്ങളിലാണെന്ന് തോന്നിപ്പിക്കും, കൂടുതൽ പാൽ കിട്ടുന്നു
ഈ കണ്ണടകൾ മൃഗഡോക്ടർമാരുടെ കൂടി സഹായത്തോടെയാണ് വികസിപ്പിച്ചെടുത്തത്. ആദ്യം മോസ്കോയിലെ ഒരു ഫാമിൽ പരീക്ഷിച്ചു.
ഒരു കർഷകൻ(Farmer) തന്റെ പശുക്കൾക്ക് വെർച്വൽ റിയാലിറ്റി(Virtual reality) കണ്ണടകൾ വാങ്ങി ധരിപ്പിച്ചു, എന്തിനാണ് എന്നല്ലേ? വേനൽക്കാലത്തും അവ നിൽക്കുന്നത് മേച്ചിൽപ്പുറങ്ങളിലാണെന്ന് തോന്നിപ്പിക്കാനാണത്രേ. അതുവഴി പാലുത്പാദനം കൂടിയെന്നും അദ്ദേഹം പറയുന്നു. ഇസെറ്റ് കൊകാക്(Izzet Kocak) എന്ന ഈ കർഷകൻ ഒരു പഠനത്തിലെ നിർദ്ദേശം അനുസരിച്ചാണ് തന്റെ രണ്ട് കന്നുകാലികളിൽ ഈ കണ്ണടകൾ പരീക്ഷിച്ചുനോക്കിയത്. അത് മനോഹരമായ രംഗങ്ങൾ കാണിച്ച് പശുക്കളെ സന്തോഷിപ്പിക്കുമെന്നും കൂടുതൽ പാൽ ഉത്പാദിപ്പിക്കാൻ സഹായിക്കുമെന്നുമായിരുന്നു പഠനത്തിലുണ്ടായിരുന്നത്.
വിആർ കണ്ണടകൾ ഉപയോഗിക്കുന്ന ഈ രീതി യഥാർത്ഥത്തിൽ നല്ല ഫലം ഉണ്ടാക്കിയെന്നും ഒരു ദിവസം 22 ലിറ്ററിൽ നിന്ന് 27 ലിറ്ററായി പാൽ വർധിച്ചുവെന്നും അദ്ദേഹം ദി സണ്ണിനോട് പറഞ്ഞു. തുർക്കിയിലെ അക്സറേയിൽ നിന്നുള്ള ഈ കന്നുകാലി കർഷകൻ പറയുന്നത് ഇങ്ങനെ, 'അവ അതിലൂടെ ഒരു പച്ചപ്പുല്ലു നിറഞ്ഞ മേച്ചിൽപ്പുറമാണ് കാണുന്നത്, അത് അവർക്ക് വൈകാരിക ഉത്തേജനം നൽകുന്നു. സമ്മർദ്ദം ഇല്ലാതെയാക്കുന്നു.' കണ്ണടകളുമായി സന്തോഷത്തോടെ പശു പുല്ല് തിന്നുന്നത് കർഷകന്റെ തൊഴുത്തിൽ നിന്നും പകർത്തിയ ദൃശ്യങ്ങളിൽ കാണാം.
ഓൺലൈനിൽ നിരവധി പേർ ചിത്രങ്ങളെ ക്ലാസിക് സയൻസ് ഫിക്ഷൻ സിനിമയായ ദി മാട്രിക്സിൽ നിന്നുള്ള രംഗങ്ങളുമായി താരതമ്യം ചെയ്തു. ഈ കണ്ണടകൾ മൃഗഡോക്ടർമാരുടെ കൂടി സഹായത്തോടെയാണ് വികസിപ്പിച്ചെടുത്തത്. ആദ്യം മോസ്കോയിലെ ഒരു ഫാമിൽ പരീക്ഷിച്ചു. കർഷകർ മോസ്കോയ്ക്കടുത്തുള്ള ക്രാസ്നോഗോർസ്ക് ഫാമിൽ കന്നുകാലികൾക്കിടയിലായിരുന്നു പരീക്ഷണം നടത്തിയത്. ഇത് എങ്ങനെയാണ് ഉത്കണ്ഠ കുറയ്ക്കുകയും പശുക്കളുടെ അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്തതെന്ന് പഠനം വെളിപ്പെടുത്തി.
നീല, പച്ച നിറങ്ങളേക്കാൾ ചുവപ്പ് നിറത്തിലുള്ള ഷേഡുകൾ പശുക്കൾക്ക് നന്നായി മനസ്സിലാകുമെന്ന തത്വത്തിലാണ് ഈ സംവിധാനം വികസിപ്പിച്ചതെന്ന് റഷ്യയുടെ കാർഷിക മന്ത്രാലയം പറഞ്ഞു. ഒപ്പം ആദ്യത്തെ പരിശോധനയിൽ തന്നെ വിദഗ്ധർ പശുക്കളുടെ ഉത്കണ്ഠയിൽ കുറവ് രേഖപ്പെടുത്തിയെന്നും മന്ത്രാലയം പറയുന്നു.
ഏതായാലും ഈ വെർച്വൽ റിയാലിറ്റി സഹായത്തോടെ പശുക്കൾ കൂടുതൽ പാൽ ഉത്പാദിപ്പിക്കുമെന്ന വിശ്വാസത്തിലാണ് കർഷകൻ.