അക്കൗണ്ടിലേക്ക് തെറ്റായി പണം വന്നു, തിരിച്ചെടുക്കണമെന്ന് കർഷകർ, പരിഹാരം കാണാതെ സർക്കാർ

മൊത്തം 52,920 രൂപ അവരുടെ അക്കൗണ്ടിൽ തെറ്റായി ക്രെഡിറ്റ് ചെയ്യപ്പെട്ടതായി അറിഞ്ഞ ശേഷം, അത് എങ്ങനെ തിരിച്ചടയ്ക്കണമെന്ന് അറിയാൻ രണ്ട് സഹോദരങ്ങളും തഹസിൽദാർക്ക് കത്തെഴുതി. 

farmer trying to payback undeserved compensation by govt

സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും സഹായം കിട്ടാന്‍ വേണ്ടി കര്‍ഷകര്‍ നെട്ടോട്ടമോടുന്നത് നാം പലപ്പോഴും കാണാറുണ്ട്. അതുപോലെ തന്നെ കിട്ടിയ ലോണും മറ്റും തിരിച്ചടക്കാന്‍ വേണ്ടി അവര്‍ കഷ്ടപ്പെടുന്നതും നാം കാണുന്നതാണ്. അതുപോലെ തന്നെയാണ് കാലവര്‍ഷക്കെടുതിയിലും മറ്റും വിളകള്‍ നശിച്ചാലുള്ള സര്‍ക്കാര്‍ സഹായത്തിനായി കര്‍ഷകര്‍ കാത്തുനില്‍ക്കാറുള്ളതും. 

പലപ്പോഴും സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും നഷ്ടപരിഹാരം കിട്ടാന്‍ മാസങ്ങളോളം ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരാറുണ്ട്. എന്നാല്‍, കിട്ടുന്നതാകട്ടെ അവരുടെ നഷ്ടം നികത്താന്‍ ഉതകാറുമില്ല. എന്നാല്‍, ഇവിടെ ഈ കര്‍ഷകരുടെ കാര്യം ഇതില്‍ നിന്നുമെല്ലാം വ്യത്യസ്തമാണ്. ഹരിയാനയിലെ ജീംദില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നം ഇതാണ്. തന്‍റെ അക്കൗണ്ടിലേക്ക് തെറ്റിവന്നുപോയ തുക തിരിച്ച് സര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ കഠിനപ്രയത്നം നടത്തുകയാണ് സുരാജ്മാല്‍ നൈന്‍ എന്ന കര്‍ഷകന്‍. 

2016 ആഗസ്റ്റിലാണ് എല്ലാത്തിന്‍റെയും തുടക്കം. സുരാജ്മാലും സഹോദരനും അവരുടെ കീടബാധ മൂലം നഷ്ടപ്പെട്ട പരുത്തിക്കൃഷിക്കുള്ള നഷ്ടപരിഹാരമായി 34,735 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ ഇട്ടു. കുടുംബം അവരുടെ 12 ഏക്കർ കൃഷിയിടത്തിൽ രണ്ട് ഏക്കറിൽ മാത്രമാണ് പരുത്തി നട്ടുവളർത്തിയിരുന്നത്. സർക്കാർ നയം അനുസരിച്ച്, ഒരു കർഷകന് നഷ്ടപ്പെട്ട ഏക്കറിന് 8,000 രൂപയാണ് നഷ്ടപരിഹാരത്തിന് അർഹത. 

മൊത്തം 52,920 രൂപ അവരുടെ അക്കൗണ്ടിൽ തെറ്റായി ക്രെഡിറ്റ് ചെയ്യപ്പെട്ടതായി അറിഞ്ഞ ശേഷം, അത് എങ്ങനെ തിരിച്ചടയ്ക്കണമെന്ന് അറിയാൻ രണ്ട് സഹോദരങ്ങളും തഹസിൽദാർക്ക് കത്തെഴുതി. എന്നിരുന്നാലും, അവർക്ക് തഹസില്‍ദാരില്‍ നിന്നും ഒരു പ്രതികരണവും ലഭിച്ചില്ല. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം അല്ലാത്തത് അംഗീകരിക്കാൻ അവർ തയ്യാറാകാത്തതിനാൽ, സുരാജ്മാൽ ഹരിയാന മുഖ്യമന്ത്രിക്ക് കത്തെഴുതി. 

എന്നാല്‍, അവിടെനിന്നും അവര്‍ക്ക് കൃത്യമായ മറുപടിയോ പ്രതികരണമോ ലഭിച്ചില്ല.  അതേ തുടര്‍ന്ന് ചണ്ഡീഗഡിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പരാതിയുമായി പോയി സുരാജ്മാല്‍. എന്നാല്‍, അവിടെനിന്നും കൃത്യമായ മറുപടിയൊന്നും ലഭിച്ചില്ല. ഇപ്പോള്‍ എങ്ങനെ ആ പണം തിരികെ നല്‍കും എന്നറിയാതെ അങ്കലാപ്പിലാണ് കര്‍ഷകന്‍. ഇപ്പോള്‍, തെറ്റായ തരത്തില്‍ അക്കൌണ്ടിലേക്ക് പണമിട്ടതിനും അത് തിരികെ നല്‍കാനുള്ള വഴിയൊന്നും തരപ്പെടുത്താതിനും തഹസില്‍ദാര്‍ക്ക് എതിരെ പരാതി കൊടുത്തിരിക്കുകയാണ് സുരാജ്മാല്‍. 

Latest Videos
Follow Us:
Download App:
  • android
  • ios