കൃഷിയൊന്നും ലാഭത്തിലല്ല സാറേ, കഞ്ചാവ് നടാനനുവദിക്കണം, ജില്ലാ ഭരണകൂടത്തിന് കർഷകന്റെ അപേക്ഷ

ജില്ലാ ഭരണകൂടത്തോട് സപ്തംബര്‍ പതിനഞ്ചോടെ തന്‍റെ കൃഷിഭൂമിയില്‍ കഞ്ചാവ് നട്ടുവളര്‍ത്താനുള്ള അനുമതി തരണം എന്നാണ് ഇയാള്‍ അപേക്ഷിച്ചിരിക്കുന്നത്. 

farmer asks permission to grow cannabis in Maharashtra

ഒരു കര്‍ഷകനെ സംബന്ധിച്ചിടത്തോളം അയാളുടെ കൃഷി നിരന്തരമായി നഷ്ടത്തിലാവുക എന്നത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. അയാള്‍ക്ക് അതിനോട് പൊരുത്തപ്പെടുക വലിയ പ്രയാസമാകും. പ്രത്യേകിച്ച് അത് മാത്രമാണ് ആ കര്‍ഷകന്‍റെ വരുമാന മാര്‍ഗമെങ്കില്‍. എന്നാൽ, കൃഷി നഷ്ടത്തിലാണ് എന്ന് കരുതി ആരെങ്കിലും കഞ്ചാവ് നട്ടുവളർത്തുമോ? 

മഹാരാഷ്ട്രയിലെ സോളാപൂരിൽ നിന്നുള്ള അനിൽ പാട്ടീൽ എന്ന കർഷകൻ തന്റെ കൃഷിയിടത്തിൽ കഞ്ചാവ് ചെടികൾ വളർത്താൻ അനുമതി തേടി ജില്ലാ ഭരണകൂടത്തെ സമീപിച്ചിരിക്കുകയാണ്. കമ്പോളത്തിൽ കഞ്ചാവിന് നല്ല ലഭിക്കുമെന്നും എന്നാല്‍ ഒരു കാർഷിക ഉൽപന്നത്തിനും നിശ്ചിത വിലയില്ലെന്നും അവകാശപ്പെട്ടുകൊണ്ടാണ് കത്തെഴുതിയിരിക്കുന്നത് എന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നിരുന്നാലും, ഇത് കൈകാര്യം ചെയ്യാൻ ജില്ലാ ഭരണകൂടം ആഗ്രഹിച്ചില്ല. കർഷകന്റെ അപേക്ഷ നേരെ പൊലീസിന് കൈമാറുകയും ചെയ്തു. ഇത് വെറും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഷോ ആണെന്നാണ് ജില്ലാ ഭരണകൂടം പറഞ്ഞത്. ബുധനാഴ്ച സോളാപൂർ ജില്ലാ കളക്ടർക്ക് അയച്ച അപേക്ഷയിൽ, ഒരു വിളയ്ക്കും നിശ്ചിത വില (MSP) ഇല്ലെന്നും അതിനാൽ കാർഷിക ബിസിനസ്സ് നഷ്ടത്തിലാണെന്നും അനിൽ പറഞ്ഞു.

farmer asks permission to grow cannabis in Maharashtra

"കാർഷിക ഉൽപന്നങ്ങൾ തുച്ഛമായ വരുമാനം നേടുന്നതിനാൽ, കൃഷി ബുദ്ധിമുട്ടായി മാറുകയാണ്. ഒരു വിളയ്ക്കും കൃഷിയിറക്കുന്നതിനുള്ള ചെലവ് പോലും തിരിച്ചുകിട്ടുന്നില്ല. പഞ്ചസാര ഫാക്ടറികൾക്ക് വിൽക്കുന്ന കരിമ്പിന്റെ കുടിശ്ശിക അടയ്ക്കാനില്ല" അദ്ദേഹം അപേക്ഷയിൽ പറഞ്ഞു. 

എന്നാല്‍, കഞ്ചാവിന്‍റെ കാര്യം അങ്ങനെയല്ല. മാര്‍ക്കറ്റില്‍ നല്ല വില കിട്ടുന്നുണ്ട്. അതുകൊണ്ട് തന്‍റെ രണ്ട് ഏക്കര്‍ ഭൂമിയില്‍ കഞ്ചാവ് കൃഷി ചെയ്യാന്‍ അനുവദിക്കണം. കൃഷി ചെയ്യാന്‍ അനുവദിക്കേണ്ടുന്ന തീയതിയെ കുറിച്ച് പോലും കര്‍ഷകന്‍ കൃത്യമായി സൂചിപ്പിച്ചിരുന്നു. ജില്ലാ ഭരണകൂടത്തോട് സപ്തംബര്‍ പതിനഞ്ചോടെ തന്‍റെ കൃഷിഭൂമിയില്‍ കഞ്ചാവ് നട്ടുവളര്‍ത്താനുള്ള അനുമതി തരണം എന്നാണ് ഇയാള്‍ അപേക്ഷിച്ചിരിക്കുന്നത്. ഇനിയഥവാ മറുപടിയൊന്നും അന്നേ ദിവസത്തേക്ക് ലഭിച്ചില്ലെങ്കില്‍ താന്‍ മൌനം സമ്മതമെന്ന് കരുതി സപ്തംബര്‍ പതിനാറിന് തന്നെ കൃഷി തുടങ്ങുമെന്നും ഇയാള്‍ പറയുന്നു. 

തന്റെ അപേക്ഷയിൽ ഇയാള്‍ മറ്റൊരു കാര്യം കൂടി വ്യക്തമാക്കി. കഞ്ചാവ് കൃഷിയുടെ പേരില്‍ തനിക്കെതിരെ എന്തെങ്കിലും കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ഭരണകൂടമായിരിക്കും അതിന് ഉത്തരവാദിയെന്നായിരുന്നു അത്. 

ഏതായാലും മൊഹോല്‍ പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍ അശോക് സൈക്കാര്‍ പറഞ്ഞത് ഈ അപേക്ഷ വെറും ശ്രദ്ധ ക്ഷണിക്കാനും പബ്ലിസ്റ്റിക്കും വേണ്ടിയുള്ള വേലയാണ് എന്നാണ്. ഇനിയെങ്ങാനും കഞ്ചാവ് നട്ടുവളര്‍ത്താനുള്ള പദ്ധതി അയാള്‍ക്കുണ്ട് എങ്കില്‍ അയാള്‍ക്കെതിരെ കേസെടുക്കുമെന്നും ഇന്‍സ്പെക്ടര്‍ പറയുന്നു.

കഞ്ചാവ് നട്ടുവളര്‍ത്തുന്നത് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സോക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം രാജ്യത്ത് നിരോധിതമാണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios