എന്‍ജിനീയര്‍മാരാണ്, പക്ഷേ നിര്‍മ്മിക്കുന്നത് മുളകള്‍ കൊണ്ടുള്ള ടിഷ്യു പേപ്പറും തൂവാലകളും ബാഗുകളും
മുളയില്‍ നിന്നുള്ള പള്‍പ്പ് ഉപയോഗിച്ചാണ് ഇവര്‍ ഉത്പന്നങ്ങളുണ്ടാക്കിയത്. ഉഷ്ണമേഖലാപ്രദേശത്ത് വളരുന്ന മുളകള്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുണ്ടാക്കാന്‍ ഏറ്റവും അനുയോജ്യമാണ്. മറ്റുള്ള തോട്ടങ്ങളെ അപേക്ഷിച്ച് മുളകള്‍ വളരെ വേഗത്തില്‍ വളരുന്നവയാണ്. വളരെ കുറച്ച് വെള്ളം മാത്രം മതി.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി ദിവസവും നാം കേള്‍ക്കാറുണ്ട്. ഏതാണ്ട് 25,940 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദിവസവും ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് 2017 -ല്‍ പബ്ലിഷ് ചെയ്‍ത റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ പകുതിയോളം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളാണ്. തുറസായ സ്ഥലത്ത് പ്ലാസ്റ്റിക് കത്തിക്കുന്നത് ഇന്ത്യയില്‍ സര്‍വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരം പ്ലാസ്റ്റിക്കുകള്‍ ബീച്ചുകളിലും കടലിലും കെട്ടിക്കിടന്ന് സംഭവിക്കുന്ന അപകടങ്ങള്‍ മനസിലാക്കിയ നാല് എന്‍ജിനീയര്‍മാരാണ് മുംബൈയില്‍ 'ബെക്കോ' എന്ന സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്. മുളയില്‍ നിന്നാണ് ഇവര്‍ പ്ലാസ്റ്റിക്കിന് പകരക്കാരായ ബാഗുകളും അടുക്കളയില്‍ ഉപയോഗിക്കാവുന്ന തൂവാലകളും ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.
മുംബൈ സ്വദേശികളായ ആദിത്യ റൂയ, അനുജ് റൂയ, അക്ഷയ് വര്‍മ, പുനിത് ബത്ര എന്നിവരാണ് മുളയില്‍ നിന്ന് നമുക്ക് ആവശ്യമുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കാമെന്ന് തീരുമാനിച്ച് പരീക്ഷണത്തിനിറങ്ങിയത്. സഹോദരന്‍മാരായ അനുജും ആദിത്യയും മുംബൈയിലെ കടപ്പുറങ്ങള്‍ വൃത്തിയാക്കുന്ന പരിപാടികളില്‍ പങ്കാളികളാണ്. ബിറ്റ്‌സ് പിലാനിയില്‍ നിന്നുള്ള പരിചയമാണ് പുനിത് ബത്രയും ആദിത്യയും തമ്മില്‍. അക്ഷയ് വര്‍മയും ആദിത്യയും കുട്ടിക്കാലം മുതല്‍ ചങ്ങാതിമാരാണ്. ജൂഹുവിലെ കടല്‍ത്തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടപ്പോഴാണ് ഇവര്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചത്.
മോസോ എന്നറിയപ്പെടുന്ന മുളയുടെ ഇനത്തില്‍ നിന്നാണ് ഇവര്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ചത്. ഇപ്പോള്‍ ചൈനയിലും മഹാരാഷ്ട്രയിലും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലുമാണ് ഈ മുള വളരുന്നത്. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തുണികളാണ് മുളയില്‍ നിന്ന് ഇവര്‍ ഉത്പാദിപ്പിച്ചത്. നല്ല രീതിയില്‍ വെള്ളം തുടച്ചെടുക്കാന്‍ കഴിവുള്ളതാണ് ഇത്. അതുപോലെ നൂറ് ശതമാനം മണ്ണില്‍ ലയിച്ചുചേരുന്നതും.
വളരെ സാധാരണയായി കാണുന്നതും വൈവിധ്യമാര്‍ന്ന സവിശേഷതകള്‍ ഉള്ളതുമായ സസ്യമാണ് മുള. ഭക്ഷണമായും മരുന്ന് നിര്‍മിക്കാനും പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങള്‍, സംഗീതോപകരണങ്ങള്‍, തുണികള്‍, വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം നിര്‍മിക്കാനും മുള ഉപയോഗിക്കുന്നുണ്ട്. കൂടാതെ വീടുകളില്‍ നിലത്ത് സംരക്ഷണ കവചമായും സൈക്കിളിന്റെ ഫ്രെയിം ഉണ്ടാക്കാനും കന്നുകാലികളില്‍ പ്രത്യുല്‍പാദനശേഷി വര്‍ധിപ്പിക്കാനും ബീര്‍ നിര്‍മിക്കാനും മുള പ്രയോജനപ്പെടുത്തുന്നു. മുളകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പണിയുന്നതിലൂടെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കെതിരെ ഫലപ്രദമായി പ്രതികരിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഇങ്ങനെ നിരവധി സവിശേഷതകള്‍ മുളയ്ക്കുണ്ട്.
ഇവരുടെ സ്റ്റാര്‍ട്ടപ്പ് ആദ്യമായി ഉണ്ടാക്കാന്‍ തീരുമാനിച്ചത് ടിഷ്യു പേപ്പറും മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ബാഗുകളുമായിരുന്നു. പക്ഷേ, പിന്നീട് വിശദമായി ചര്‍ച്ചകള്‍ നടത്തിയശേഷം അടുക്കളയില്‍ ഉപയോഗിക്കാവുന്ന തൂവാലകളും ബാത്ത്‌റൂമില്‍ ഉപയോഗിക്കുന്ന റോളുകളും ടൂത്ത്പിക്കുകളും ഇവര്‍ ഉണ്ടാക്കാനാരംഭിച്ചു. ഉപയോഗശേഷം പ്രകൃതിയില്‍ ലയിച്ചുചേരുന്നവയാണ് മുളകളില്‍ നിന്നുള്ള ഇത്തരം ഉത്പന്നങ്ങള്‍. കൃഷിക്കാരുടെ വിപണിയിലും എക്‌സിബിഷനുകളിലും ഇവര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ആളുകളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍റനുസരിച്ച് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു.
മുളയില്‍ നിന്നുള്ള പള്‍പ്പ് ഉപയോഗിച്ചാണ് ഇവര്‍ ഉത്പന്നങ്ങളുണ്ടാക്കിയത്. ഉഷ്ണമേഖലാപ്രദേശത്ത് വളരുന്ന മുളകള്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുണ്ടാക്കാന്‍ ഏറ്റവും അനുയോജ്യമാണ്. മറ്റുള്ള തോട്ടങ്ങളെ അപേക്ഷിച്ച് മുളകള്‍ വളരെ വേഗത്തില്‍ വളരുന്നവയാണ്. വളരെ കുറച്ച് വെള്ളം മാത്രം മതി.
2018 -ലാണ് ബെക്കോ എന്ന സ്റ്റാര്‍ട്ടപ്പ് ഇവര്‍ രജിസ്റ്റര്‍ ചെയ്‍തത്. ഒരു വര്‍ഷത്തോളം ഇവര്‍ ഗവേഷണം നടത്തി പല കാര്യങ്ങളും മനസിലാക്കിയ ശേഷമാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടത്. മുളയില്‍ നിന്നുള്ള പോളിമര്‍ ഉപയോഗിച്ച് ടിഷ്യുപേപ്പര്‍ പോലുള്ള ഉപയോഗശേഷം കളയാന്‍ പറ്റുന്ന ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഒരേ ഒരു കമ്പനി തങ്ങളുടേതാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന ഉപകാരിയാണ് ഇത്.
വില്‍പ്പനയും വരുമാനവും
മുംബൈയില്‍ ഏകദേശം 1500 സ്‌റ്റോറുകളില്‍ കമ്പനി ഇവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നു. പൂനെ, രാജ്‌കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിലുള്ള 5000 മുതല്‍ 6000 വരെ സ്‌റ്റോറുകളില്‍ വില്‍പ്പന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്കുള്ള ഡയപ്പറുകളും സാനിറ്ററി നാപ്‍കിനുകളും മുളയില്‍ നിന്നുമുണ്ടാക്കാനുള്ള പദ്ധതിയിലാണ് ഇവര്‍. 120 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാനായി ഇവര്‍ മുളകൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മിച്ചു കഴിഞ്ഞു. 75 ശതമാനത്തോളം കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഉപഭോക്താക്കളാണ് മാറ്റം കൊണ്ടുവരേണ്ടതെന്ന് ഇവര്‍ പറയുന്നു.