ക്രോട്ടണ്‍ചെടികള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഹാനികരമായേക്കാം; ശ്രദ്ധിക്കാന്‍ അല്‍പം കാര്യങ്ങള്‍
തണ്ടുകളില്‍ നിന്നും ഇലകളില്‍ നിന്നും പുറത്തുവരുന്ന നീര് പോലുള്ള ദ്രാവകം ചര്‍മത്തില്‍ ചൊറിച്ചിലും അസ്വസ്ഥതയുമുണ്ടാക്കാം. ഏതെങ്കിലും കാരണവശാല്‍ ഇലയുടെ അംശം ശരീരത്തിലെത്തിയാല്‍ ദഹനവ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടാക്കും.
ക്രോട്ടണ്‍ചെടികള്‍ ധാരാളമായി വീടുകളില്‍ വളര്‍ത്താറുണ്ട്. സര്‍വസാധാരണമായി കണ്ടുവരുന്ന ചെടിയാണിത്. വളരെ ആകര്‍ഷകമായ ഇലകള്‍ക്ക് ചുവപ്പും ഓറഞ്ചുമഞ്ഞയും പര്‍പ്പിളും പച്ചയും നിറങ്ങളുണ്ടാകും. ഇലകളില്‍ അടങ്ങിയിരിക്കുന്ന ആന്തോസയാനിന്‍ എന്ന ഘടകമാണ് മനോഹരമായ രീതിയില്‍ ഉദ്യാനത്തില്‍ ഈ ചെടിയെ അണിയിച്ചൊരുക്കി നിര്‍ത്തുന്നത്. വീടിനകത്തും അലങ്കാരച്ചെടികളായി വളര്‍ത്തുന്ന ക്രോട്ടണ്‍ അല്‍പം ഹാനികരമായ ഫലം തരുന്ന സസ്യങ്ങളുടെ ഇനത്തില്‍പ്പെടുന്നതാണ്.
മറ്റുള്ള ഹാനികരമായ സസ്യങ്ങളെ അപേക്ഷിച്ച് വിഷാംശം വളരെ കുറവാണെങ്കിലും വീട്ടിനുള്ളില്‍ വളര്‍ത്തുമ്പോള്‍ അല്‍പം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. പട്ടികള്‍ക്കും പൂച്ചകള്‍ക്കും ചിലപ്പോള്‍ മനുഷ്യര്‍ക്കും ഹാനികരമായേക്കാവുന്ന ഘടകങ്ങള്‍ ഈ ചെടിയിലുണ്ട്. നല്ല സൂര്യപ്രകാശമുള്ള വീടിന് പുറത്തുള്ള ഏതെങ്കിലും സ്ഥലത്ത് ചെടികള്‍ വളര്‍ത്തുന്നതാണ് നല്ലത്. കുട്ടികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നും മാറി സുരക്ഷിതമായി ചെടി വളര്‍ത്തിയാല്‍ മതിയല്ലോ.
തണ്ടുകളില്‍ നിന്നും ഇലകളില്‍ നിന്നും പുറത്തുവരുന്ന നീര് പോലുള്ള ദ്രാവകം ചര്‍മത്തില്‍ ചൊറിച്ചിലും അസ്വസ്ഥതയുമുണ്ടാക്കാം. ഏതെങ്കിലും കാരണവശാല്‍ ഇലയുടെ അംശം ശരീരത്തിലെത്തിയാല്‍ ദഹനവ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടാക്കും. അതുപോലെ തന്നെ വളര്‍ത്തുമൃഗങ്ങള്‍ക്കും വയറിനുള്ളില്‍ അസ്വസ്ഥതയുണ്ടാക്കും.
ഈ ചെടിയുടെ തണ്ടും ഇലകളും വേരുകളും പൂക്കളുമെല്ലാം അല്‍പം ഹാനികരം തന്നെയാണ്. വെളുത്ത നിറത്തിലുള്ള ദ്രാവകത്തില്‍ സ്പര്‍ശിക്കാതിരിക്കുകയെന്നതാണ് ചെയ്യേണ്ടത്. ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും വായയ്ക്കുള്ളില്‍ പൊള്ളല്‍ പോലുള്ള അസ്വസ്ഥത തോന്നിയേക്കാം. പട്ടികളിലും പൂച്ചകളിലും ഈ അസ്വസ്ഥത മറ്റെന്തെങ്കിലും പദാര്‍ഥം കടിച്ചുതിന്നാല്‍ മാറിയേക്കാം. പക്ഷേ, വലിയ അളവില്‍ വയറ്റിലെത്തിയാല്‍ വയറുവേദന, ഛര്‍ദി, വയറിളക്കം എന്നിവയെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചര്‍മത്തില്‍ വേദനാജനകമായ ഡെര്‍മറ്റൈറ്റിസ് എന്ന അസുഖവും ഉണ്ടായേക്കാം.
ഈ ചെടി പരിപാലിക്കുന്നവര്‍ ഗ്ലൗസുകള്‍ ധരിച്ചാല്‍ വെളുത്ത ദ്രാവകം കൈയിലാകാതെ സൂക്ഷിക്കാം. ഏതെങ്കിലും കാരണവശാല്‍ ചര്‍മത്തില്‍ തെറിച്ചുവീണാല്‍ സോപ്പ് വെള്ളം കൊണ്ട് നന്നായി കഴുകണം. മൃഗങ്ങളില്‍ എന്തെങ്കിലും അസ്വസ്ഥതയുണ്ടായാല്‍ വെറ്ററിനറി ഡോക്ടറെ നിര്‍ബന്ധമായും സമീപിക്കണം.