ജൈവരീതിയില്‍ ബ്ലൂബെറി വളര്‍ത്താം; ഈ സൂപ്പര്‍ ഫുഡ്ഡിന് ഗുണങ്ങളേറെ...
വേനല്‍ക്കാലം പകുതിയാകുമ്പോള്‍ പഴങ്ങള്‍ പഴുക്കും. തണുപ്പിനെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. പൂന്തോട്ടത്തിന്റെ അതിര്‍ത്തിയില്‍ വെച്ചുപിടിപ്പിക്കാവുന്നതാണ്.
വീട്ടിലെ തോട്ടത്തില്‍ വളര്‍ത്താവുന്ന പോഷകഗുണമുള്ള പഴമാണ് ബ്ലൂബെറി. പാത്രങ്ങളിലാക്കി പൂന്തോട്ടത്തില്‍ വളര്‍ത്തിയാല്‍ ധാരാളം സ്ഥലം ആവശ്യമില്ലാതെ തന്നെ നന്നായി പരിചരിക്കാന്‍ കഴിയും. കലോറി കുറഞ്ഞതും ആരോഗ്യത്തിന് ഗുണകരവുമാണ് ഈ പഴം. സൂപ്പര്‍ ഫുഡ് എന്ന വിളിക്കുന്ന ബ്ലൂബെറിപ്പഴത്തിന്റെ വിശേഷങ്ങള്‍ അറിയാം.
എങ്ങനെ വളര്‍ത്തണം?
നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളിലാണ് നന്നായി പഴങ്ങള്‍ വിളവെടുക്കാന്‍ കഴിയുന്നത്. പകുതി തണലത്തും വളര്‍ത്താം. മണ്ണ് കൂമ്പാരമായി ഉയര്‍ത്തി ഇത് വളര്‍ത്താവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയുള്ളതും അമ്ല ഗുണമുള്ളതും ഈര്‍പ്പമുള്ളതുമായ മണ്ണില്‍ ബ്ലൂബെറി വളരും. പീറ്റ് മോസ് അഥവാ പന്നല്‍ മണ്ണില്‍ ചേര്‍ത്താല്‍ നല്ലതാണ്.
പാത്രത്തില്‍ വളര്‍ത്തിയ രീതിയിലുള്ള ചെടികള്‍ വാങ്ങാന്‍ കിട്ടുന്നതാണ്. വസന്തകാലത്തിന് മുമ്പാണ് നടാന്‍ യോജിച്ച സമയം. ഏത് പാത്രത്തിലാണോ വളര്‍ത്തിയത്, അതേ ആഴത്തില്‍ തന്നെ പറിച്ചുമാറ്റി നടണം. ഏകദേശം 18 ഇഞ്ച് ആഴമുള്ള പാത്രത്തിലായിരിക്കണം വളര്‍ത്തേണ്ടത്.
മുകുളങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങുമ്പോള്‍ വളപ്രയോഗം നടത്തണം. അതുപോലെ പഴങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങുന്ന സമയത്തും വളം നല്‍കണം. ജൈവ കമ്പോസ്റ്റ്, മത്സ്യവളം എന്നിവ നല്‍കാം. എല്ലാ ആഴ്ചയും നന്നായി നനയ്ക്കണം. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനായി പുതയിടണം.
സാധാരണയായി അമിതമായ കീടാക്രമണം ഉണ്ടാകാത്ത വിളയാണ്. പക്ഷികളാണ് പഴങ്ങള്‍ ഭക്ഷണമാക്കുന്നത്. വല ഉപയോഗിച്ച് മൂടി വെച്ചോ അലുമിനിയം പ്ലേറ്റുകള്‍ കൊണ്ട് ശബ്ദമുണ്ടാക്കിയോ പക്ഷികളെ അകറ്റി നിര്‍ത്താം.
രണ്ടു തരത്തിലുള്ള ബ്ലൂബെറിയാണുള്ളത്. ലോ ബുഷ്, ഹൈ ബുഷ് എന്നിവയാണവ. പേര് സൂചിപ്പിക്കുന്നതുപോലെ ഉയരം കുറഞ്ഞതും കുറ്റിച്ചെടി രൂപത്തിലുള്ളതുമാണ് ലോ ബുഷ്. ഏകദേശം രണ്ട് അടി വരെ വ്യാപിക്കുകയും നാല് മുതല്‍ 24 ഇഞ്ച് വരെ ഉയരത്തില്‍ വളരുകയും ചെയ്യും.
വേനല്‍ക്കാലം പകുതിയാകുമ്പോള്‍ പഴങ്ങള്‍ പഴുക്കും. തണുപ്പിനെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. പൂന്തോട്ടത്തിന്റെ അതിര്‍ത്തിയില്‍ വെച്ചുപിടിപ്പിക്കാവുന്നതാണ്.
ഹൈ ബുഷ് മൂന്ന് മുതല്‍ അഞ്ച് അടി വരെ ഉയരത്തില്‍ വളരും. ഇതില്‍ത്തന്നെ പ്രധാനപ്പെട്ട രണ്ടിനങ്ങളാണ് ഡ്വാര്‍ഫ് നോര്‍ത്ത് ബ്ലൂ, പാഷ്യോ ബ്ലൂബെറി എന്നിവ.
പോഷകഗുണങ്ങള്‍
വേനല്‍ക്കാലത്ത് ബ്ലൂബെറി വിപണിയില്‍ ലഭ്യമാണ്. പഴമായി കഴിക്കുന്നതുകൂടാതെ സ്‍മൂത്തി ഉണ്ടാക്കിയും കഴിക്കാം. ശരിയായ ദഹനം നടക്കാന്‍ സഹായിക്കുന്നു. വയര്‍ സംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു.
പ്രായമാകുന്നതുമൂലമുള്ള ചുളിവും പാടുകളും എല്ലാം മാറ്റി ചര്‍മം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നുവെന്ന് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നു. ആന്റി ഓക്‌സിഡന്റ് ആണ് പ്രായാധിക്യം തടയുന്നത്.
മുഖക്കുരു ഒഴിവാക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു പഴമാണിത്. വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്. ബ്ലൂബെറിയില്‍ മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ബയോട്ടിന്‍ അടങ്ങിയിരിക്കുന്നു. മുടിക്ക് കരുത്ത് തരാനും താരന്‍ ഒഴിവാക്കാനും ബ്ലൂബെറി സഹായിക്കുമെന്ന് ചില പഠനങ്ങളും സൂചിപ്പിക്കുന്നു.