പക്ഷിപ്പനി: മനുഷ്യരിലേക്ക് രോഗം പകരുമോ? എങ്ങനെ?
ഇന്‍ഫ്‌ളുന്‍സ വൈറസുകള്‍ പക്ഷികളുടെ കാഷ്ഠത്തിലൂടെയും സ്രവങ്ങളിലൂടെയും, തീറ്റ, കുടിവെള്ളം എന്നിവയിലൂടെയുമാണ് പ്രധാനമായും പടരുന്നതെന്ന് ഹരികൃഷ്‍ണന്‍ ഓര്‍മപ്പെടുത്തുന്നു.
പക്ഷിപ്പനി ഭീതി കാരണം ഇറച്ചിക്കോഴിയുടെ വില കുത്തനെ ഇടിഞ്ഞതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കോഴിക്കോടും മലപ്പുറത്തുമാണ് പക്ഷിപ്പനി ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളുമായി ബന്ധമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ 3760 പക്ഷികളെ കോഴിക്കോട് ജില്ലയില്‍ കൊന്നൊടുക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മലപ്പുറത്ത് ഏകദേശം നാലായിരത്തോളം പക്ഷികളെയായിരിക്കും പക്ഷിപ്പനി കാരണം കൊല്ലേണ്ടി വരുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം മനുഷ്യരിലേക്ക് പകരാവുന്നതാണ് പക്ഷിപ്പനി. ഇറച്ചിയും മുട്ടയും കഴിച്ചാല്‍ നമുക്കും അസുഖം ബാധിക്കുമോ?
വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.എസ്. ഹരികൃഷ്‍ണന്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ അറിയേണ്ട വിവരങ്ങള്‍ പങ്കുവെക്കുകയാണ്. മുന്‍കരുതല്‍ സ്വീകരിക്കാനും അനാവശ്യമായ ആശങ്കകള്‍ ഒഴിവാക്കാനുമാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്.
'ഇന്‍ഫ്‌ളുവന്‍സ എ' വിഭാഗം വൈറസുകളുടെ പ്രത്യേകത
'ഓര്‍ത്തോമിക്‌സോ വൈറസ് കുടുംബത്തിലെ 'ഇന്‍ഫ്‌ളുവന്‍സ എ' വിഭാഗം വൈറസ് ബാധ മൂലമുണ്ടാകുന്ന പക്ഷിപ്പനി, പക്ഷികളെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ്. കോഴി, താറാവ്, കാട, ടര്‍ക്കി എന്നുതുടങ്ങി എല്ലായിനം വളര്‍ത്തുപക്ഷികളെയും രോഗം ബാധിക്കാം. രണ്ടു രീതിയിലാണ് ഈ രോഗം പക്ഷികളില്‍ കാണപ്പെടുന്നത്. വീര്യം കുറഞ്ഞ രോഗാണു (എല്‍പിഎഐ) മൂലമുണ്ടാകുന്ന രോഗബാധ വലിയ രോഗ ലക്ഷണങ്ങളോ, മരണമോ ഉണ്ടാക്കുന്നില്ല. എന്നാല്‍, തീവ്ര സ്വഭാവത്തിലുള്ളവയായ (എച്ച് പി എ ഐ) വിഭാഗം രോഗാണു, പെട്ടെന്നുള്ള കൂട്ട മരണത്തിനും, വലിയ മരണ നിരക്കിനും കാരണമായേക്കാവുന്നവയാണ്. സാധാരണ ഗതിയില്‍ പക്ഷിപ്പനി പെട്ടെന്ന് മനുഷ്യരിലേക്ക് പടരില്ലെങ്കിലും, ഇന്‍ഫ്‌ളുവന്‍സ എ വിഭാഗം വൈറസുകള്‍ പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് പടരാന്‍ കെല്‍പ്പുള്ള ഒരു രോഗാണുവാണ്. പ്രത്യേകിച്ച് നിലവില്‍ സംസ്ഥാനത്തു സ്ഥിരീകരിച്ചിരിക്കുന്ന H5N1, മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ള വൈറസ് ടൈപ്പുകളാണെന്നു കണ്ടെത്തിയിട്ടുണ്ട്.' ഹരികൃഷ്ണന്‍ സൂചിപ്പിക്കുന്നത് പക്ഷിപ്പനിയെക്കുറിച്ചുള്ള ചില പ്രധാന അറിവുകളാണ്.
ഇന്‍ഫ്‌ളുന്‍സ വൈറസുകള്‍ പക്ഷികളുടെ കാഷ്ഠത്തിലൂടെയും സ്രവങ്ങളിലൂടെയും, തീറ്റ, കുടിവെള്ളം എന്നിവയിലൂടെയുമാണ് പ്രധാനമായും പടരുന്നതെന്ന് ഹരികൃഷ്‍ണന്‍ ഓര്‍മപ്പെടുത്തുന്നു.
കുറഞ്ഞ അന്തരീക്ഷ ഊഷ്‍മാവായ 4 ഡിഗ്രിയില്‍ 35 ദിവസം വരെയും ഉയര്‍ന്ന ഊഷ്‍മാവായ 37 ഡിഗ്രിയില്‍ 6 ദിവസം വരെയും നിലനില്‍ക്കാന്‍ കെല്‍പുള്ളവയാണ് പ്രസ്‍തുത വൈറസുകള്‍. പൊതുവില്‍ ശ്വസന, ദഹനേന്ദ്രിയങ്ങളെ ബാധിക്കുന്ന ഇവ, തീവ്രത കൂടുന്നതിനനുസരിച്ച് മുഴുവന്‍ ശരീര കോശങ്ങളെയും ബാധിക്കും. അതിനാല്‍ തന്നെ ഈ വൈറസുകള്‍ ഇറച്ചിയിലും പച്ചമുട്ടയിലും കാണപ്പെടാം.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തില്‍ നിലവിലുള്ള പാചക രീതികളെ കവച്ചു വച്ച് ഈ വൈറസുകള്‍ക്ക് ഒരിക്കലും മനുഷ്യശരീരത്തില്‍ പ്രവേശിക്കാനാവില്ലെന്ന് ഡോ. ഹരികൃഷ്‍ണന്‍ പറയുന്നു.
70 ഡിഗ്രിക്ക് മുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ തന്നെ വൈറസ് സാന്നിധ്യം പൂര്‍ണമായും നിര്‍വീര്യമാക്കപ്പെടും. അതിനാല്‍ മുട്ട, ഇറച്ചി എന്നിവ നന്നായി പാകം ചെയ്‍ത് കഴിക്കുന്നതില്‍ ഒരു അപാകതയുമില്ലെന്ന് ഇദ്ദേഹം പറയുന്നു.
എന്നാല്‍, രോഗം ബാധിച്ച സ്ഥലങ്ങളില്‍ കോഴിയെ കശാപ്പ് ചെയ്യുന്നവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടു കൂടിയാണ് ഒരു മുന്‍കരുതലായി രോഗബാധയുള്ള പ്രദേശങ്ങളിലെ മുഴുവന്‍ കോഴിക്കടകളും പൂര്‍ണമായി അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുള്ളതെന്നും ഹരികൃഷ്‍ണന്‍ ഓര്‍മിപ്പിക്കുന്നു.
പച്ചമുട്ടയും പാതിവെന്ത മുട്ടയും ഒഴിവാക്കുക
പച്ചമുട്ടകളിലും വൈറസ് സാന്നിധ്യമുണ്ടായേക്കാമെന്നതിനാല്‍ പൂര്‍ണമായും ഒഴിവാക്കണം. പാതി വെന്ത (ഹാഫ് ബോയ്ല്‍ഡ്), 'ബുള്‍സ് ഐ' പോലുള്ള വിഭവങ്ങളും വേണ്ട.
സാല്‍മൊണെല്ല, ഇ- കൊളി എന്നീ രോഗാണുക്കള്‍ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധയ്ക്കും പച്ച മുട്ട ഉപയോഗം ഒരു കാരണമായേക്കാം.
മുട്ട കറിവയ്ക്കുകയോ പുഴുങ്ങുകയോ, ഓംലെറ്റ് ആക്കി ഉപയോഗിക്കുകയോ ചെയ്യാം.
യൂറോപ്യന്‍ ഫുഡ് സേഫ്റ്റി കമ്മീഷന്‍, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകള്‍ എല്ലാം തന്നെ നന്നായി പാകം ചെയ്‍തശേഷം മുട്ട, ഇറച്ചി എന്നിവയിലൂടെ പക്ഷിപ്പനി പകരില്ല എന്ന നിര്‍ദേശങ്ങള്‍ പലപ്പോഴായി പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുമുണ്ട്.