കീടനിയന്ത്രണത്തിന് പുതിയ തരം ബയോ ഓയില്‍ -പൊന്നീം
കീടങ്ങളെ അകറ്റുന്ന ഒരുതരം കുഴമ്പുരൂപത്തിലുള്ള പദാര്‍ഥം ഈ കീടനാശിനിയിലുണ്ട്. അതുകാരണം കീടങ്ങള്‍ക്ക് വിളകള്‍ തിന്നുനശിപ്പിക്കാനും മുട്ടകളിട്ട് പെരുകാനും കഴിയില്ല. വേപ്പെണ്ണയുടെയും പുങ്കം ഓയില്‍ അഥവാ കനുഗ ഓയില്‍ എന്നറിയപ്പെടുന്ന ഒരുതരം എണ്ണയുടെയും മിശ്രിതമാണ് ഈ കീടനാശിനി.
കൃഷിയിടത്തിലെ കീടനിയന്ത്രണത്തിനായി പുതിയ ഒരുതരം എണ്ണ വികസിപ്പിച്ചിരിക്കുകയാണ് ലൊയോള കോളേജിലെ എന്റമോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നീ ജില്ലകളിലെ കൃഷിഭൂമിയില്‍ പരീക്ഷിച്ച് വിജയിച്ചതാണ് സസ്യങ്ങളില്‍ നിന്ന് നിര്‍മിച്ചെടുക്കുന്ന ഈ പുതിയ ബയോ ഓയില്‍.
'പൊന്നീം' (PONNEEM) എന്ന് പേരിട്ടിരിക്കുന്ന ഈ ഓയില്‍ തമിഴ്‌നാട്ടിലെ 180 പ്രധാനപ്പെട്ട വിളകളെ ബാധിക്കുന്ന കീടങ്ങള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാനാണ് വികസിപ്പിച്ചെടുത്തത്.
രാസകീടനാശിനികള്‍ സ്ഥിരമായി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ചര്‍മത്തിലെ പോറലുകളും മുറിവുകളും ഒഴിവാക്കാന്‍ ഈ പുതിയ കീടനിയന്ത്രണ ഓയില്‍ ഉപയോഗിക്കുന്നതുവഴി കഴിയുന്നുവെന്ന് നിര്‍മാതാക്കള്‍ പറയുന്നു. അതുപോലെ രാസവസ്‍തുക്കളുടെ സാന്നിധ്യം പച്ചക്കറികളിലും മറ്റു വിളകളിലുമുണ്ടാകുകയുമില്ലെന്നതും ഇത്തരം കീടനിയന്ത്രണമാര്‍ഗങ്ങളുടെ മേന്മയാണ്.
കീടങ്ങളെ അകറ്റുന്ന ഒരുതരം കുഴമ്പുരൂപത്തിലുള്ള പദാര്‍ഥം ഈ കീടനാശിനിയിലുണ്ട്. അതുകാരണം കീടങ്ങള്‍ക്ക് വിളകള്‍ തിന്നുനശിപ്പിക്കാനും മുട്ടകളിട്ട് പെരുകാനും കഴിയില്ല. വേപ്പെണ്ണയുടെയും പുങ്കം ഓയില്‍ അഥവാ കനുഗ ഓയില്‍ എന്നറിയപ്പെടുന്ന ഒരുതരം എണ്ണയുടെയും മിശ്രിതമാണ് ഈ കീടനാശിനി.
മില്ലെറ്റിയ പിന്നേറ്റ എന്ന മരത്തിന്റെ വിത്തുകളില്‍ നിന്നുണ്ടാക്കുന്ന ഓയിലാണ് പുങ്കം ഓയില്‍ അഥവാ പൊങ്കാമിയ ഓയില്‍. മഞ്ഞകലര്‍ന്ന ഓറഞ്ചു നിറത്തിലോ ബ്രൗണ്‍ നിറത്തിലോ കാണുന്ന ഓയിലാണ് ഇത്. ഇത് വിഷവസ്‍തുവാണ്. അതിനാല്‍ത്തന്നെ ശരീരത്തില്‍ എത്തിയാല്‍ ഛര്‍ദി അനുഭവപ്പെടും. ഇതില്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടുതലാണ്. അതുപോലെ കടുത്ത ഫ്‌ളവനോയിഡ് അടങ്ങിയിട്ടുള്ളതിനാല്‍ കയ്പ്പുരസം കൂടുതലുമാണ്.
കേരളത്തിലെ സംയോജിത കീടനിയന്ത്രണ മാര്‍ഗങ്ങള്‍
രാസവസ്‍തുക്കള്‍ ചേര്‍ത്ത കീടനാശിനികള്‍ ഉപയോഗിച്ചപ്പോള്‍ കീടങ്ങളെ തുരത്താന്‍ കഴിഞ്ഞെങ്കിലും പരിസ്ഥിതി മലിനീകരണത്തിന് കാരണമായിത്തീര്‍ന്നതോടെ കൂടുതല്‍ സുരക്ഷിതമായ മാര്‍ഗം കണ്ടെത്താനുള്ള ശ്രമമായിരുന്നു. ഇവിടെയാണ് സംയോജിത കീടനിയന്ത്രണ മാര്‍ഗം കണ്ടെത്തിയത്. കര്‍ഷകന്‍ തന്റെ കൃഷിയിടത്തിലെ ശത്രുകീടങ്ങളെയും മിത്രകീടങ്ങളെയും മനസിലാക്കി കീടങ്ങളെ തുരത്തുന്ന രീതിയാണിത്.
കേരളത്തില്‍ കൂടുതലും സംയോജിത കീടനിയന്ത്രണ മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. ഓരോ പ്രദേശത്തെയും പ്രധാന കീടങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള വിത്തുകള്‍ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുകയെന്ന മാര്‍ഗവും കേരളത്തില്‍ പരീക്ഷിക്കുന്നുണ്ട്.