10 കൊല്ലം ജർമ്മനിയിൽ താമസിച്ചശേഷം ഗോവയിലേക്ക്, തരിശുഭൂമി പച്ചപ്പിന്റെ പറുദീസയാക്കി
പരമ്പരാഗതരീതിയിലായിരുന്നു കൃഷി. പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയ്‌ക്ക് പുറമേ തെങ്ങ്, കശുവണ്ടി, കുരുമുളക്, തുടങ്ങിയവയും നട്ടുപിടിപ്പിച്ചിരുന്നു. 25 ഏക്കർ മാത്രമാണ് കൃഷിയിറക്കിയത്; ബാക്കിയുള്ളവ വനമായി വളരാൻ വിട്ടുകൊടുത്തിരിക്കയായിരുന്നു.
പലതരത്തിലുള്ള ജീവിതം ജീവിക്കാനാഗ്രഹിക്കുന്ന മനുഷ്യരുണ്ട് നമുക്ക് ചുറ്റിലും. എന്നാല്‍, അജിത് മൽകർണേക്കറും ഭാര്യ ഡോറിസും പ്രകൃതിയോട് ചേർന്ന് ലളിതമായ ജീവിതം നയിക്കാൻ ആഗ്രഹിച്ചവരാണ്. അങ്ങനെ ജർമ്മനിയിൽ ഏകദേശം ഒരു ദശാബ്ദം ചെലവഴിച്ച ശേഷം, 1984 -ലാണ് അവർ ഗോവയിൽ തിരികെയെത്തിയത്. അജിത് ജനിച്ച ഗോവയിലെ മോളെം നാഷണൽ പാർക്കിൽ 50 ഏക്കർ തരിശുഭൂമി അവർ വാങ്ങി. അവിടെ വൈദ്യുതിയോ, വെള്ളമോ ഇല്ലായിരുന്നു. പിന്നെ അതിനുവേണ്ടിയുള്ള ശ്രമങ്ങളായി ഇരുവരും ചേർന്ന്.
'ദൂദ്സാഗർ പ്ലാന്റേഷൻസ്' എന്ന ഇന്ന് അവിടെ കാണുന്ന ഫാം സ്റ്റേയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങളാരംഭിക്കുന്നത് അവിടെനിന്നുമാണ്. അതിനായി, ബാബ ആംതെയുടെ ആനന്ദ്വാനിൽ പ്രവർത്തിച്ചിരുന്ന കാലത്തെ അനുഭവങ്ങൾ അവരെ തുണച്ചു. അജിത്തും ഡോറിസും കണ്ടുമുട്ടിയതും പ്രണയത്തിലായതും പോലും അവിടെ വച്ചാണ്.
അങ്ങനെ 50 ഏക്കറിൽ ഫാം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അതിനായി വൈദ്യുതിക്കും വെള്ളത്തിനും വേണ്ടിയുള്ള ഓട്ടം തുടങ്ങി. അന്നവർക്ക് വാഹനമോ പൊതുഗതാഗത സൗകര്യങ്ങളോ ഇല്ലാത്തതിനാൽ തന്നെ പല യാത്രകളും കാൽനടയായിട്ടായിരുന്നു.
പിന്നീട്, കിണർ കുഴിച്ചു. ഒരു ആൽമരം മാത്രമുണ്ടായിരുന്നിടത്തുനിന്നും മറ്റ് മരങ്ങളും ചെടികളും നടാനുള്ള യാത്രയായിരുന്നു പിന്നീട്. അവിടെ പയ്യെപ്പയ്യെ മറ്റ് മരങ്ങൾ നട്ടുപിടിപ്പിച്ചു. മണ്ണിന്റെ ബണ്ടുകൾ നിർമ്മിച്ചു, പുതയിട്ടു, ബയോഗ്യാസ് പ്ലാന്റും നിർമ്മിച്ചു. ഇപ്പോൾ തോട്ടം നോക്കുന്നത് അജിത്തിന്റെയും ഡോറിസിന്റെയും മകനായ അശോക് മൽകർണേക്കർ ആണ്.
പരമ്പരാഗതരീതിയിലായിരുന്നു കൃഷി. പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയ്‌ക്ക് പുറമേ തെങ്ങ്, കശുമാവ്, കുരുമുളക്, തുടങ്ങിയവയും നട്ടുപിടിപ്പിച്ചിരുന്നു. 25 ഏക്കർ മാത്രമാണ് കൃഷിയിറക്കിയത്, ബാക്കിയുള്ളവ വനമായി വളരാൻ വിട്ടുകൊടുത്തിരിക്കയായിരുന്നു. അവിടം തോന്നിയപോലെ വളര്‍ന്ന് കാടായി മാറി.
1985 -ൽ ഇവിടെ ഒരു കോട്ടേജ് പണിതു. പിന്നീട് 2014 -ൽ വീണ്ടും നാല് കോട്ടേജുകൾ കൂടി പണിത് ഫാം സ്റ്റേ സൗകര്യങ്ങൾ നൽകി. ഇന്ന് ദൂത്സാഗർ പ്ലാന്റേഷനിൽ അതിഥികൾക്ക് അഞ്ചിൽ ഏത് കോട്ടേജിലും താമസിക്കാം. അവിടെ താമസിക്കാനും പ്രകൃതിയെ അറിയാനും ആളുകളെത്തുന്നുണ്ട്.