അവൊക്കാഡോ പഴങ്ങള്‍ വീട്ടുമുറ്റത്ത് കുന്നുകൂടുന്നു, വില്‍പ്പനയ്‌ക്കെത്തിക്കാന്‍ മാര്‍ഗമില്ലെന്ന് കര്‍ഷകര്‍

വയനാട് ജില്ലയിലെ വടുവഞ്ചാല്‍ സ്വദേശിയായ കര്‍ഷകന്‍ അരുണ്‍ലാല്‍ പറയുന്നത് അവൊക്കാഡോ പറിച്ചു കഴിഞ്ഞാല്‍ വെറും നാല് ദിവസം കൊണ്ട് പഴുക്കുമെന്നാണ്. ഈ സാഹചര്യത്തില്‍ വിളഞ്ഞ് പാകമായി നില്‍ക്കുന്ന ടണ്‍ കണക്കിന് പഴങ്ങള്‍ പഴുപ്പിച്ചാല്‍ വില്‍ക്കാന്‍ എങ്ങോട്ട് കൊണ്ടുപോകും?

Avocado farmers wayanad issues

ബട്ടര്‍ഫ്രൂട്ട് അഥവാ അവൊക്കാഡോ കൃഷി വയനാട്ടിലെ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗമാണ്. കേരളത്തില്‍ വളരെ കുറച്ച് മാത്രം സ്ഥലങ്ങളില്‍ വളരുന്ന അവൊക്കാഡോ കയറ്റുമതി സാധ്യതകള്‍ ഏറെയുള്ള പഴമാണ്. വയനാട്ടിലെ മിക്കവാറും എല്ലാ വീടുകളിലും രണ്ടോ മൂന്നോ മരങ്ങള്‍ കാണാന്‍ കഴിയും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിളഞ്ഞ് പാകമായി നില്‍ക്കുന്ന പഴങ്ങള്‍ കയറ്റുമതി ചെയ്യാന്‍ പറ്റാതെ നശിച്ചുകൊണ്ടിരിക്കുന്നു. ഒരുകിലോ പഴത്തിന് 200 രൂപ വിലയുള്ള അവൊക്കാഡോ പറമ്പില്‍ വീണ് നശിച്ചുപോകുമ്പോള്‍ കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. വരുമാനം നഷ്ടപ്പെടുന്ന ഇവര്‍ക്ക് കൈത്താങ്ങായി എന്ത് ചെയ്യാന്‍ കഴിയും?

വയനാട്ടില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, പുല്‍പ്പള്ളി, നൂല്‍പ്പുഴ, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് കര്‍ഷകരുടെ പറമ്പുകളില്‍ അവൊക്കാഡോ വിളവെടുപ്പിന് തയ്യാറാകുന്നു. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ അവൊക്കാഡോ കൃഷി ചെയ്യുന്ന വിനോദ് പറയുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഇടപെടല്‍ ഉണ്ടാകണമെന്നാണ്.

'ഫെബ്രുവരി മുതല്‍ അവൊക്കാഡോ വിളവെടുപ്പ് തുടങ്ങും. എല്ലാ വര്‍ഷവും വയനാട്ടില്‍ നിന്നാണ് തിരുവനന്തപുരം, എറണാകുളം, മൈസൂര്‍, ബാം​ഗ്ലൂർ എന്നിവിടങ്ങളിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹനങ്ങള്‍വഴി കയറ്റി അയക്കാനും വിപണി കണ്ടെത്താനും കഴിയുന്നില്ല. ഇവിടെ അമ്പലവയലിലാണ് ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്നത്. അവൊക്കാഡോ കര്‍ഷകര്‍ ശേഖരിക്കുന്ന പഴങ്ങള്‍ ഇവിടെ നിന്ന് മറ്റു ജില്ലകളിലേക്ക് ബസുകള്‍ വഴി അയക്കാറുണ്ട്. ഒരു മരത്തില്‍ നിന്ന് 200 മുതല്‍ 250 കായകള്‍ ലഭിക്കും. ഒരു കിലോയ്ക്ക് 200 രൂപ വിലയുണ്ടെങ്കില്‍ എത്രത്തോളം നഷ്ടമുണ്ടാകുന്നുവെന്ന് ആലോചിച്ചു നോക്കിയാല്‍ മനസിലാകും. ഇവിടെ 50 മുതല്‍ 100 മരം വരെയുള്ള കര്‍ഷകരുണ്ട്. വയനാട്ടില്‍ ഇപ്പോള്‍ത്തന്നെ ഏകദേശം 100 ടണ്ണോളം വില്‍പ്പനയ്ക്കായി വിളഞ്ഞ് നില്‍ക്കുന്നുണ്ട്. ഇതൊക്കെ നശിച്ചുപോകുകയാണ് ചെയ്യുന്നത്' വിനോദ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Avocado farmers wayanad issues

വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്താണ് അവൊക്കാഡോ നന്നായി വളരുന്നത്. തൈകള്‍ നട്ടാല്‍ ജൈവവളപ്രയോഗം നടത്തണം. നാല് വര്‍ഷമെത്തിയാല്‍ കായ്ക്കും. ഗ്രാഫ്റ്റിങ്ങ്, ബഡ്ഡിങ്ങ്, പതിവെക്കല്‍ എന്നീ മാര്‍ഗങ്ങളിലൂടെ അവൊക്കാഡോ കൃഷി ചെയ്യാം.

വയനാട് ജില്ലയിലെ വടുവഞ്ചാല്‍ സ്വദേശിയായ കര്‍ഷകന്‍ അരുണ്‍ലാല്‍ പറയുന്നത് അവൊക്കാഡോ പറിച്ചു കഴിഞ്ഞാല്‍ വെറും നാല് ദിവസം കൊണ്ട് പഴുക്കുമെന്നാണ്. ഈ സാഹചര്യത്തില്‍ വിളഞ്ഞ് പാകമായി നില്‍ക്കുന്ന ടണ്‍ കണക്കിന് പഴങ്ങള്‍ പഴുപ്പിച്ചാല്‍ വില്‍ക്കാന്‍ എങ്ങോട്ട് കൊണ്ടുപോകും?' അവൊക്കാഡോ ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സൗന്ദര്യവര്‍ധക വസ്തുവായും ഔഷധഗുണമുള്ള പഴമായും വളരെ പ്രാധാന്യമുള്ളതാണ് അവൊക്കാഡോ. കേരളത്തില്‍ ഇത് ഉപയോഗിച്ച് ഉത്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള സംവിധാനവുമില്ല. ഒരു മരത്തില്‍ നിന്ന് കര്‍ഷകന് ഏറ്റവും ചുരുങ്ങിയത് 5000 രൂപ വരുമാനം ലഭിക്കുന്നതായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ 10 മരങ്ങളുള്ള കര്‍ഷകന് നിലവില്‍ അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണ് നേരിടേണ്ടിവരുന്നത്. 15,000 -വും 20,000 -വും കായകള്‍ ലഭിക്കുന്ന മരങ്ങളും ഇവിടെയുണ്ട്. അമ്പലവയലിലെ ഓരോ പഞ്ചായത്തും അവൊക്കാഡോ കൃഷിക്കായി മാറ്റിവെച്ചതാണ്. ഇവിടെനിന്ന് പഴങ്ങള്‍ കയറ്റുമതി ചെയ്യുകയാണ് ഞാന്‍. പാഷന്‍ഫ്രൂട്ട്, റംബൂട്ടാന്‍, മാങ്കോസ്റ്റീന്‍ എന്നിവയും മറ്റ് ജില്ലകളില്‍ നിന്ന് ശേഖരിച്ച് ബാം​ഗ്ലൂർ, മൈസൂര്‍, വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഇത്തവണ ലോക്ക്ഡൗണ്‍ കര്‍ഷകര്‍ക്ക് നല്‍കിയത് കനത്ത തിരിച്ചടിയാണ്. കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ഇല്ലാതാകുന്നത്.' അരുണ്‍ ഓര്‍മിപ്പിക്കുന്നു.

Avocado farmers wayanad issues

 

അമ്പലവയലിലെ മറ്റൊരു അവൊക്കാഡോ കര്‍ഷകനായി സലീം പറയുന്നതും ഇതുതന്നെ. 'വയനാട്ടിലെ നിരവധി കര്‍ഷകരുടെ വരുമാനമാണ് ഇല്ലാതാകുന്നത്. പഴങ്ങള്‍ ചീഞ്ഞുപോകുകയാണ്. ഇവിടെയുള്ള വീടുകളില്‍ വളരുന്ന മരങ്ങളില്‍ നിന്നും പഴങ്ങള്‍ ഞങ്ങള്‍ ശേഖരിച്ച് മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. ഇത്തവണ അവൊക്കാഡോ പഴങ്ങള്‍ വീട്ടുമുറ്റത്ത് കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. വില്‍പ്പനയ്‌ക്കെത്തിക്കാന്‍ മാര്‍ഗമില്ല.' സലീം തന്റെ പ്രശ്‌നം വ്യക്തമാക്കുന്നു.

Avocado farmers wayanad issues

 

ധാരാളം നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുള്ള അവൊക്കാഡോ വയനാട്ടിലെ കര്‍ഷകര്‍ക്ക് വരുമാനം നേടിക്കൊടുക്കുന്ന പഴമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള ഈ പഴത്തിന്റെ ഗുണത്തെക്കുറിച്ച് പലരും മനസിലാക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പഴങ്ങള്‍ നശിച്ചുപോകാതെ ആവശ്യക്കാരിലെത്തിക്കാന്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ് വയനാട്ടിലെ കര്‍ഷകര്‍.

Latest Videos
Follow Us:
Download App:
  • android
  • ios