100 -ലധികം ചെടികൾ, പച്ചക്കറികളും പഴങ്ങളും പുറത്തുനിന്നും വാങ്ങണ്ട, ടെറസ് ഗാർഡൻ, ചെലവ് മാസത്തിൽ 500 രൂപ
ഭാവിയിൽ, ഈ സംഘം കൂടുതൽ ആളുകൾക്ക് അവരുടെ വീടുകളിൽ ജൈവകൃഷി ചെയ്യാൻ പ്രചോദനം നൽകുമെന്ന് മണി പ്രതീക്ഷിക്കുന്നു.
2017 -ൽ മച്ചിലിപട്ടണം സ്വദേശിയായ അണ്ണ മണിരത്നം (27) കുടുംബത്തോടൊപ്പം പുതുതായി നിർമ്മിച്ച വീട്ടിലേക്ക് താമസം മാറി. അവിടെ വച്ചാണ് കുട്ടിക്കാലം മുതലുള്ള ടെറസ് ഗാർഡനിംഗ് എന്ന സ്വപ്നം അവന്‍ പൊടിതട്ടിയെടുക്കുന്നത്. "ഞങ്ങളുടെ ആദ്യത്തെ വീട്ടിൽ, പച്ചക്കറികളോ ഫലവൃക്ഷങ്ങളോ വളർത്താൻ ഞങ്ങൾക്ക് കൂടുതൽ സ്ഥലമില്ലായിരുന്നു. എന്നിരുന്നാലും, ഇവിടെ ഞങ്ങൾക്ക് 675 ചതുരശ്ര അടി ടെറസുണ്ട്, അതിൽ ഒരു മിനി ഫുഡ് ഫോറസ്റ്റ് വളർത്താൻ ഞാൻ തീരുമാനിച്ചു” മണി ദി ബെറ്റർ ഇന്ത്യയോട് പറയുന്നു.
മൂന്ന് വർഷത്തിന് ശേഷം, മണിയുടെ ടെറസിൽ തക്കാളി, വഴുതന തുടങ്ങിയ പച്ചക്കറികളും പേരയും കസ്റ്റാർഡ് ആപ്പിളും പോലുള്ള പഴങ്ങളും പച്ചമരുന്നുകളും ഉൾപ്പെടെ നൂറിലധികം ചെടികൾ ഉണ്ട്. തന്റെ തോട്ടം പരിപാലിക്കാൻ മണി പ്രതിമാസം 500 രൂപ മാത്രമാണ് ചെലവഴിക്കുന്നത്, കൂടാതെ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇത് എങ്ങനെ ചെയ്യാമെന്നതിനുള്ള നുറുങ്ങുകളും തന്ത്രങ്ങളും പങ്കിടുന്നു. മണി തന്റെ ടെറസിൽ തുളസി ചെടികൾ വളർത്തിക്കൊണ്ട് ആരംഭിച്ചു. തുടർന്ന് മുല്ലപ്പൂ പോലുള്ള പൂച്ചെടികൾക്കും തക്കാളി പോലുള്ള പച്ചക്കറികൾക്കും വിത്തുകൾ വാങ്ങി.
"ഞങ്ങളുടെ ദൈനംദിന ഉപഭോഗത്തിനായി ടെറസ് ഗാർഡനിൽ നിന്നുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കാൻ ഞാൻ ആഗ്രഹിച്ചു, അതിനാൽ അത് ജൈവരീതിയിൽ വളർത്തി. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കുന്നതിനുപകരം, അടുക്കളയിലെ മാലിന്യങ്ങൾ കമ്പോസ്റ്റായി ഉപയോഗിക്കാനും ജീവാമൃത്, പഞ്ചകാവ്യം തുടങ്ങിയ ജൈവവളങ്ങൾ ഉണ്ടാക്കാനും ഞാൻ തീരുമാനിച്ചു” മണി പറയുന്നു.
ഈ ജൈവ വളങ്ങൾ എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് കൂടുതലറിയാൻ ഗുണ്ടൂരിൽ രണ്ടാഴ്ചത്തെ വർക്ക് ഷോപ്പിൽ പങ്കെടുത്തു. ഇവിടെ, അവ പഠിക്കുകയും വീട്ടിൽ നടപ്പിലാക്കാൻ തുടങ്ങുകയും ചെയ്തു. ചെലവ് കുറവായിരിക്കാൻ, വീടിനടുത്തുള്ള ഒരു ഡയറി ഫാമിലെത്തി ചാണകം ശേഖരിച്ചു. ഉടമകള്‍ സൌജന്യമായി അത് നല്‍കിയിരുന്നു.
താമസിയാതെ, ടെറസിൽ ഫലവൃക്ഷങ്ങളും, ഔഷധ ചെടികളും, അഡീനിയം പോലുള്ള പൂച്ചെടികളും, ബോൺസായികളും മറ്റും നട്ടുപിടിപ്പിച്ച് തന്റെ തോട്ടം വിപുലീകരിക്കാൻ തുടങ്ങി. പ്ലാസ്റ്റിക് ബക്കറ്റുകൾ അല്ലെങ്കിൽ സ്റ്റീൽ ബക്കറ്റുകൾ പോലുള്ള റീസൈക്കിൾ ചെയ്ത പാത്രങ്ങളിലാണ് ഇവ നട്ടത്.
2019 -ന്റെ തുടക്കത്തിൽ, തന്റെ ചെടികൾ വളര്‍ന്ന് തുടങ്ങിയപ്പോള്‍ കടകളിൽ നിന്ന് ഒന്നും വാങ്ങേണ്ടതില്ലെന്ന് മണി മനസ്സിലാക്കി. ഇത് പ്രതിമാസം 500 രൂപയ്‌ക്കോ ചിലപ്പോൾ 600 രൂപയ്‌ക്കോ ഉള്ളിൽ ചെലവ് നിലനിർത്തുന്നുവെന്ന് ഉറപ്പാക്കി. ഇതിനുപുറമെ, തന്റെ വീട്ടിൽ മാലിന്യങ്ങൾ കുറവാണ് എന്നതും മണി ശ്രദ്ധിച്ചു.
"നനഞ്ഞ മാലിന്യങ്ങളെല്ലാം കമ്പോസ്റ്റാക്കി മാറ്റുകയും കുപ്പികളും ബോക്സുകളും ഉൾപ്പെടെയുള്ള ഉണങ്ങിയ മാലിന്യങ്ങൾ പൂന്തോട്ടത്തിനായി പുനരുപയോഗം ചെയ്യുകയും ചെയ്തു" മണി പറഞ്ഞു, ഈ അറിവ് തന്റെ അയൽപക്കത്തുള്ള മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും സുസ്ഥിരമായ ഒരു ജീവിതശൈലി പിന്തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് മണി ആഗ്രഹിക്കുന്നു.
വർക്ക്‌ഷോപ്പിൽ പരിചയപ്പെട്ട സുഹൃത്ത് ഗൗരി കാവ്യയോടൊപ്പം, കമ്പോസ്റ്റിംഗ്, ജൈവ വളം, കീടനാശിനി നിർമ്മാണം, വിളവെടുപ്പ് എന്നിവയെക്കുറിച്ചുള്ള നുറുങ്ങുകൾ പങ്കിടാൻ Bandar Brundavanam എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് ആരംഭിച്ചു. "ഞാൻ 3-5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന അംഗങ്ങളുമായി പൂന്തോട്ടപരിപാലനത്തിനുള്ള വഴികളും വിത്തുകളും വളങ്ങളും വീഡിയോകളും പോസ്റ്റുകളും പങ്കിട്ടു. പകരമായി, അവർ അവരുടെ തോട്ടത്തിൽ നിന്നുള്ള എന്തെങ്കിലും നല്‍കും” മണി പറയുന്നു.
മിക്ക കൊടുക്കല്‍ വാങ്ങലുകളും സൗജന്യമായാണ് നടത്തിയത്, മണി പറയുന്നത് ഗ്രൂപ്പിൽ ചേരാന്‍ ആയിരത്തിലധികം ആളുകളെ പ്രോത്സാഹിപ്പിച്ചെന്നാണ്. "ഗ്രൂപ്പിലെ ഒരു പ്രായമായ അംഗം മരിച്ചപ്പോൾ, അവരുടെ മകൾ ഗ്രൂപ്പിലെത്തി, അവരുടെ അവസാന ആഗ്രഹം പോലെ, അമ്മയുടെ ചെടികൾ മറ്റുള്ളവർ സ്വീകരിക്കാമോ എന്ന് അഭ്യർത്ഥിച്ചു. 10 -ലധികം അംഗങ്ങൾ മുന്നോട്ടു വരികയും പലതരം ചെടികൾ എടുക്കുകയും അവ സ്വന്തമായി വളർത്തുകയും ചെയ്യുന്നു” മണി പറയുന്നു.
ഭാവിയിൽ, ഈ സംഘം കൂടുതൽ ആളുകൾക്ക് അവരുടെ വീടുകളിൽ ജൈവകൃഷി ചെയ്യാൻ പ്രചോദനം നൽകുമെന്ന് മണി പ്രതീക്ഷിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും മാലിന്യങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.
(വിവരങ്ങള്‍ക്ക് കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)