ഒന്നരക്കോടി കടക്കാരനിൽ നിന്ന് 45 ദിവസം കൊണ്ട് നാല് കോടിയുടെ അധിപൻ; തക്കാളി കൊണ്ടുവന്ന സൗഭാഗ്യത്തിൽ കർഷകൻ
തന്റെ കുടുംബത്തിന് പാരമ്പര്യമായി ലഭിച്ച 12 ഏക്കർ ഭൂമിയിലാണ് കൃഷി. പിന്നീട് 10 ഏക്കർ കൂടി വാങ്ങി കൃഷി വ്യാപിപ്പിച്ചു.
ഹൈദരാബാദ്: കുതിച്ചുയരുന്ന തക്കാളിവില സാഹചര്യം അനുകൂലമാക്കി കർഷകന്റെ വിജയഗാഥ. വെറും 45 ദിവസം കൊണ്ട് നാല് കോടി രൂപയുടെ തക്കാളി വിളവെടുത്ത് വിറ്റാണ് ആന്ധ്രയിലെ കർഷകൻ കോടിപതിയായത്. ടൈംസ് ഓഫ് ഇന്ത്യയാണ് കർഷകന്റെ വിജയകഥ റിപ്പോർട്ട് ചെയ്തത്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയായ മുരളി എന്ന കർഷകനാണ് തക്കാളികൃഷിയിലൂടെ കോടികൾ സമ്പാദിച്ചത്. വർഷങ്ങൾക്കുമുമ്പ് തക്കാളി വിറ്റ് ഇയാളുടെ പിതാവ് 50,000 രൂപ സമ്പാദിച്ച അന്നുമുതലാണ് മുരളിയും തക്കാളി കൃഷിയിലേക്ക് തിരിഞ്ഞത്. എന്നാൽ, ഇത്തരമൊരു ഭാഗ്യം തന്നെ തേടിയെത്തുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
കഴിഞ്ഞ എട്ട് വർഷമായി മുരളി തക്കാളി കൃഷി ചെയ്യുന്നു. നേരത്തെ, താൻ ഉൽപാദിപ്പിച്ച കാർഷികോൽപ്പന്നങ്ങൾ വിൽക്കാൻ 130 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട അവസ്ഥയുണ്ടായിരുന്നെന്ന് മുരളി പറയുന്നു. കാരകമണ്ഡല വില്ലേജിലെ തന്റെ കുടുംബത്തിന് പാരമ്പര്യമായി ലഭിച്ച 12 ഏക്കർ ഭൂമിയിലാണ് കൃഷി. പിന്നീട് 10 ഏക്കർ കൂടി വാങ്ങി കൃഷി വ്യാപിപ്പിച്ചു. എന്നാൽ, വിലയിടിവും അടിക്കടിയുള്ള പവർകട്ടും കാരണം 1.5 കോടി രൂപ കടത്തിലായി.
എന്നാൽ ഇക്കുറി നല്ല വിളയാണ് ലഭിച്ചത്. തന്റെ എല്ലാ കടങ്ങളും എങ്ങനെ തീർത്തുവെന്നും മുരളി സന്തോഷം പങ്കുവെച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഹോർട്ടികൾച്ചർ മേഖലയിൽ തന്നെ നിക്ഷേപിക്കാനാണ് മുരളിയുടെ പദ്ധതി. 20 ഏക്കർ കൂടി സ്വന്തമാക്കി കൂടുതൽ വ്യാപിപ്പിക്കാനാണ് മുരളിയുടെ തീരുമാനം.
Read More.... പച്ചക്കറി വില കുത്തനെ മേലേക്ക്, ഹോർട്ടികോർപ്പ് കേന്ദ്രങ്ങളിലും അവശ്യ സാധനങ്ങളില്ല, വലഞ്ഞ് ജനം
സഹോദരൻ ചന്ദ്രമൗലി, അമ്മ രാജമ്മ എന്നിവരുടെ സഹായത്തോടെയാണ് മുരളി വിളവിറക്കിയത്. ഓരോ 15 കിലോ പെട്ടിയും 1000-1500 രൂപക്കാണ് വിറ്റുപോയത്. 40000 പെട്ടി തക്കാളി ഇതുവരെ വിറ്റു. കർണാടകയിലെ കോലാർ മാർക്കറ്റിലാണ് ഇവർ വിൽപന നടത്തിയത്. എല്ലാ ചെലവും കഴിഞ്ഞ് 3 കോടി രൂപ ലാഭം കിട്ടിയതായും മുരളിയും സഹോദരനും പറയുന്നു. 15 ദിവസം കൊണ്ട് രണ്ട് കോടി രൂപ വരുമാനം നേടിയ മഹിപാൽ റെഡ്ഡി എന്ന കർഷകനും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.