വീട്ടിലെ മൂന്ന് കര്‍ഷകരുടെ ആത്മഹത്യ, സ്ത്രീകള്‍ കൃഷി ചെയ്യരുതെന്ന് സമൂഹം; കൃഷിയേറ്റെടുത്ത് വിജയിപ്പിച്ച ജ്യോതി

സ്ത്രീകള്‍ കൃഷിക്കിറങ്ങാറില്ല, അതുകൊണ്ട് ഞാനും കൃഷി ചെയ്യരുത് എന്നാണ് നാട്ടുകാരെന്നോട് പറഞ്ഞത്. അവരെന്നോട് സ്ഥലം വില്‍ക്കാനും വീട്ടിലിരിക്കാനും ആവശ്യപ്പെട്ടു. ദേശ്‍മുഖ് കുടുംബത്തിലെ സ്ത്രീകള്‍ കൃഷി ചെയ്യാറില്ല എന്നും പലരും പറഞ്ഞു. ഒരുപാടാളുകള്‍ എന്നെ കളിയാക്കിയിട്ടുണ്ട്. പലതും പറഞ്ഞിട്ടുണ്ട്. 

after the suicide of three men in family Jyoti Deshmukh took over family land

കര്‍ഷക ആത്മഹത്യകള്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും തുടര്‍ക്കഥകളാണ്. മഹാരാഷ്ട്രയിലെ ജ്യോതി ദേശ്‍മുഖിന്‍റെ വീട്ടിലും ഇത് തന്നെയായിരുന്നു അവസ്ഥ. അവരുടെ വീട്ടിലെ മൂന്ന് പുരുഷന്മാരാണ്, കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകരായ അവളുടെ ഭര്‍ത്താവ്, അമ്മായിഅച്ഛന്‍, ഭര്‍ത്താവിന്‍റെ സഹോദരന്‍ എന്നിവരാണ് കടത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കുടുംബത്തിന്‍റെ പേരിലുള്ള 29 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത് ജീവിക്കുകയായിരുന്നു അവര്‍. അതില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നായിരുന്നു അവരുടെ കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍, ലോക്ക്ഡൗണ്‍ സമയത്തെ സാമ്പത്തികമായ പ്രയാസങ്ങളെയും കൃഷിയില്‍ നിന്നുള്ള നഷ്ടത്തെയും തുടര്‍ന്ന് അവര്‍ മൂന്നുപേരും ആത്മഹത്യ ചെയ്യുകയായിരുന്നു. 

ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച് അവരുടെ മരണശേഷം ശേഷിച്ച കുടുംബാംഗങ്ങളും നാട്ടുകാരുമെല്ലാം ജ്യോതിയോട് സ്ഥലം വില്‍ക്കാനാവശ്യപ്പെട്ടു. എന്നാല്‍, ജ്യോതി അപ്പോഴും പ്രതീക്ഷ കൈവിട്ടില്ല. അവള്‍ ആ കുടുംബത്തെ താങ്ങിനിര്‍ത്താനും പിന്തുണക്കാനും ആഗ്രഹിച്ചു. അങ്ങനെ, ആ ഭൂമിയില്‍ സ്വയം കൃഷി ചെയ്യാന്‍ തന്നെ അവര്‍ തീരുമാനിച്ചു. 

ആദ്യദിവസങ്ങളില്‍ ജ്യോതി ഗ്രാമത്തിലെ മറ്റുള്ളവരോട് തന്‍റെ സ്ഥലത്ത് ജോലി ചെയ്യാന്‍ അവരുടെ കയ്യിലുള്ള ട്രാക്ടര്‍ തന്ന് സഹായിക്കുമോ എന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, ഒരാളും അവരെ സഹായിച്ചില്ല. അങ്ങനെയാണ് സ്വന്തമായി ഒരു ട്രാക്ടര്‍ ജ്യോതി വാങ്ങുന്നത്. അത് മാത്രമല്ല, വിജയകരമായി കൃഷി ചെയ്യുകയും വീട് പുതുക്കിപ്പണിയുകയും കൂടി ചെയ്തു അവര്‍. സ്ത്രീകള്‍ കുടുംബത്തിന്‍റെ പേരിലുള്ള സ്ഥലത്ത് കൃഷിക്കിറങ്ങുകയും കൃഷി ചെയ്യുന്നതുമൊന്നും അവിടെയുള്ള സമൂഹം അംഗീകരിച്ചിരുന്നില്ല. 

''സ്ത്രീകള്‍ കൃഷിക്കിറങ്ങാറില്ല, അതുകൊണ്ട് ഞാനും കൃഷി ചെയ്യരുത് എന്നാണ് നാട്ടുകാരെന്നോട് പറഞ്ഞത്. അവരെന്നോട് സ്ഥലം വില്‍ക്കാനും വീട്ടിലിരിക്കാനും ആവശ്യപ്പെട്ടു. ദേശ്‍മുഖ് കുടുംബത്തിലെ സ്ത്രീകള്‍ കൃഷി ചെയ്യാറില്ല എന്നും പലരും പറഞ്ഞു. ഒരുപാടാളുകള്‍ എന്നെ കളിയാക്കിയിട്ടുണ്ട്. പലതും പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഞാനതിനൊന്നും ചെവി കൊടുത്തില്ല.'' -ജ്യോതി ദേശ്‍മുഖ് പറയുന്നു. 

after the suicide of three men in family Jyoti Deshmukh took over family land

ആരുടെയും സഹായമില്ലാതെ തനിയെയാണ് ജ്യോതി കൃഷി പഠിച്ചെടുത്തത്. ഒരു സ്ത്രീക്ക് കൃഷി വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് അവര്‍ പ്രവര്‍ത്തിച്ച് കാണിച്ച് തരികയും ചെയ്തു. ഇപ്പോള്‍ അവര്‍ ഗ്രാമങ്ങളിലെ മറ്റ് സ്ത്രീകളോട് പറയുന്നതും അതാണ്. 'നിങ്ങള്‍ക്ക് താല്‍പര്യമുള്ളതെല്ലാം നിങ്ങള്‍ ചെയ്യണം, മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്നത് കേള്‍ക്കാനേ നില്‍ക്കേണ്ടതില്ല' എന്ന്. 

''നമ്മള്‍ സ്ത്രീകളെന്ത് ചെയ്താലും എങ്ങനെ ജീവിച്ചാലും സമൂഹത്തിന് എപ്പോഴും അതിലെന്തെങ്കിലും തെറ്റ് പറയാനുണ്ടാവും. അങ്ങനെയുള്ളവര്‍ക്ക് ശ്രദ്ധകൊടുക്കാതെ നമ്മുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതി'' -ജ്യോതി പറയുന്നു. 

കൃഷി തന്നെ എത്രമാത്രം ധീരയാക്കി എന്നും ജ്യോതി പറയുന്നുണ്ട്. നേരത്തെ അവര്‍ക്ക് എല്ലാത്തിനെയും എല്ലാത്തിനോടും ഭയമായിരുന്നു. എന്നാല്‍, കൃഷി ചെയ്‍തു തുടങ്ങിയതോടെ ആ ഭയങ്ങളില്ലാതെയായി എന്നവര്‍ പറയുന്നു. ഏതായാലും, അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞ് സ്ത്രീകളെ നിയന്ത്രിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ജ്യോതിയുടെ ജീവിതം. 

(കടപ്പാട്:ബിബിസി)

Latest Videos
Follow Us:
Download App:
  • android
  • ios