പുളിപ്പും മധുരവും കലര്‍ന്ന മര്‍ഡോക് കാബേജ്
മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനായി പുതയിടല്‍ നടത്തണം. കളകള്‍ പറിച്ചുകളയണം. നേര്‍ത്ത വേരുകള്‍ കാരണം അടുത്തടുത്തായി കാബേജ് വളര്‍ത്തിയാല്‍ കളകള്‍ പറിക്കുമ്പോള്‍ വേരുകള്‍ പൊട്ടിപ്പോവാനിടയുണ്ട്.
സാധാരണ കാബേജിനേക്കാള്‍ അല്‍പം വലുപ്പമുള്ള ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട മര്‍ഡോക് കാബേജ് രുചിയിലും വ്യത്യസ്തമാണ്. അടിവശം പരന്ന് അറ്റം കൂര്‍ത്ത രീതിയിലുള്ള കോണ്‍ ആകൃതിയാണ് മര്‍ഡോക് കാബേജിന്. സാധാരണ വൃത്താകൃതിയിലുള്ള കാബേജില്‍ നിന്ന് വ്യത്യസ്തമായി അല്‍പം മധുരരസത്തോടുകൂടിയതാണ് ഈ കോണ്‍ ആകൃതിയുള്ള ഭാഗം. മര്‍ഡോക് കാബേജിനെക്കുറിച്ച് ചില കാര്യങ്ങള്‍.
കാബേജിന്റെ ഹെഡ് ഭാഗത്തിന് ഹൃദയാകൃതിയും കട്ടിയില്ലാത്ത ഇലകളുമാണ്. അല്‍പ്പം പുളിപ്പും മധുരവുമുള്ള ഈ കാബേജ് ജര്‍മനിയിലെ ബവേറിയന്‍ നിവാസികള്‍ മധുരമുള്ള വിഭവങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. അതുപോലെ തന്നെ പുളിപ്പിച്ച കാബേജ് വിഭവങ്ങളുണ്ടാക്കാനും പേരുകേട്ടതാണിത്.
കാബേജ് പറിച്ചെടുക്കാന്‍ പാകമായാല്‍ ഏറ്റവും പുറത്തുള്ള ഇലകള്‍ പുറകിലേക്ക് ചുരുണ്ട് വരാന്‍ തുടങ്ങും. മഞ്ഞുകാലത്തിന് മുമ്പ് വിളവെടുത്താല്‍ കൂടുതല്‍ കാലം സൂക്ഷിച്ചുവെക്കാമെന്നതാണ് പ്രത്യേകത. 60 മുതല്‍ 80 ദിവസങ്ങള്‍ കൊണ്ടാണ് ഈ കാബേജ് പൂര്‍ണവളര്‍ച്ചയെത്തുന്നത്.
മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനായി പുതയിടല്‍ നടത്തണം. കളകള്‍ പറിച്ചുകളയണം. നേര്‍ത്ത വേരുകള്‍ കാരണം അടുത്തടുത്തായി കാബേജ് വളര്‍ത്തിയാല്‍ കളകള്‍ പറിക്കുമ്പോള്‍ വേരുകള്‍ പൊട്ടിപ്പോവാനിടയുണ്ട്.
മറ്റുള്ള കാബേജ് പോലെ മര്‍ഡോക് നന്നായി വളപ്രയോഗം ആവശ്യമുള്ള വിളയാണ്. നൈട്രജന്‍ അടങ്ങിയ വളങ്ങള്‍ നല്‍കണം. കാബേജിന്റെ തല (ഹെഡ്) ഭാഗം വിണ്ടുകീറിയ പോലെ ആകുന്ന പ്രശ്‌നം മഴക്കാലത്താണ് കാണുന്നത്. പ്രത്യേകിച്ച് വലിയൊരു വേനല്‍ക്കാലത്തിന് ശേഷമുള്ള മഴയെത്തുടര്‍ന്നാണ് ഇത് സംഭവിക്കുന്നത്. വേരുകള്‍ ആവശ്യത്തില്‍ കൂടുതല്‍ ഈര്‍പ്പം വലിച്ചെടുക്കുമ്പോള്‍ ആന്തരികവളര്‍ച്ച കാരണമുള്ള മര്‍ദ്ദമാണ് കാബേജിന്റെ ഹെഡ് (തല ഭാഗം) പൊട്ടിപ്പോകാന്‍ കാരണമാകുന്നത്. ഈ ഭാഗം വളര്‍ച്ചയെത്തി ഉറച്ചുകഴിഞ്ഞാല്‍ വളപ്രയോഗം നടത്തുന്നത് ഒഴിവാക്കണം. അതുപോലെ വേനല്‍ക്കാലത്തിന് മുമ്പായി വിളവെടുക്കാന്‍ പാകത്തില്‍ കാബേജ് നട്ടാല്‍ വിണ്ടുകീറല്‍ ഇല്ലാതെ വിളവെടുക്കാം. കൃത്യമായ അളവില്‍ വെളളം നല്‍കേണ്ടതും അത്യാവശ്യമാണ്.
ഓണ്‍ലൈന്‍ വിത്ത് വില്‍പ്പനക്കാരില്‍ നിന്നും ഈ കാബേജ് വിത്ത് ലഭിക്കും. വിത്തുകള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വിത്തുകള്‍ പ്രയോജനപ്പെടുത്താം. മണലും ചുവന്ന മണ്ണും കമ്പോസ്റ്റും തുല്യ അളവിലെടുത്ത് വിത്ത് നടാവുന്നതാണ്. നടുന്നതിന് മുമ്പ് കുമിള്‍നാശിനി ഒഴിച്ച് തടം നന്നായി കുതിര്‍ക്കണം. ഒരാഴ്ച കഴിഞ്ഞ് വിത്ത് പാകാം. ഒരു സെ.മീ ആഴത്തില്‍ മാത്രം വിത്തുകള്‍ നടണം. ആഴം കൂടിയാല്‍ വിത്ത് മുളയ്ക്കാന്‍ പ്രയാസം നേരിടും. 30 ദിവസം പ്രായമായ തൈകള്‍ മാറ്റി നടാം.
സാധാരണ കാബേജിനെ ആക്രമിക്കുന്ന എല്ലാ കീടങ്ങളും തന്നെയാണ് മര്‍ഡോകിനെയും ബാധിക്കുന്നത്. കടചീയല്‍ എന്ന കുമിള്‍ രോഗം ആക്രമിക്കാം. വിത്ത് പാകുന്നതിന് മുമ്പ് സ്യൂഡോമോണാസ് ഉപയോഗിച്ചാല്‍ ഇത് തടയാം. രോഗലക്ഷണമുണ്ടായാല്‍ നനയ്ക്കുന്നത് കുറയ്ക്കണം.
ഇലതീനിപ്പുഴുക്കള്‍ കാബേജിനെ ആക്രമിക്കാം. ഗോമൂത്രം-കാന്താരി മുളക് ലായനി ഇതിനെതിരെ ഉപയോഗിക്കാം. വേപ്പധിഷ്ഠിത കീടനാശിനകളും ഉപയോഗിക്കാം.