ജെയ്ഡ് ചെടി ഭാഗ്യം കൊണ്ടുവരുമോ? വീട്ടിനുള്ളില്‍ എവിടെ വെക്കണം?
നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണിത്. വീടിനകത്ത് വെക്കുകയാണെങ്കില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും നല്ല സൂര്യപ്രകാശം കിട്ടുന്ന ഭാഗത്തേക്ക് മാറ്റണം. ഇങ്ങനെയൊക്കെയാണെങ്കിലും അല്‍പം തണലുള്ള സ്ഥലത്തും അതിജീവിക്കും.
വീടിനുള്ളില്‍ പച്ചപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജെയ്ഡ് ചെടി നല്ലൊരു സഹായിയാണ്. ചെറിയ ചെറിയ ഇലകളായി മനോഹരമായി കാണപ്പെടുന്ന ഈ ചെടി സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവാണ്. ഇതിന് ചില കാരണങ്ങളുണ്ട്. ജെയ്ഡ് ചെടി ഭാഗ്യം കൊണ്ടുവരുമെന്ന് കരുതി വളര്‍ത്തുന്നവരാണ് ഏറിയപങ്കും. ചെടികളെയും പൂക്കളെയും സ്‌നേഹിക്കുന്നവരുടെ മനംകവര്‍ന്ന ഈ ചെടിയെപ്പറ്റി അല്‍പം കാര്യം.
ക്രാഷുല ഒവാറ്റ എന്നറിയപ്പെടുന്ന ജെയ്ഡില്‍ ചെറിയ പിങ്ക് നിറത്തിലുള്ളതും വെള്ള നിറത്തിലുള്ളതുമായ പൂക്കള്‍ ഉണ്ടാകുന്നു. സൗത്ത് ആഫ്രിക്കയിലും മൊസാംബിക്കിലുമായി കാണപ്പെട്ട ഈ ചെടി ഇന്ത്യയില്‍ നല്ല പ്രചാരം നേടിക്കഴിഞ്ഞു. നിത്യഹരിതമായി വളരുന്ന കുറ്റിച്ചെടിയുടെ ഇനത്തില്‍പ്പെട്ട സസ്യമാണിത്. 2.5 മീറ്റര്‍ വരെ ഉയരത്തിലെത്തും.
ഫെങ്ഷുയി പ്രകാരം ലക്കി പ്ലാന്റ്, മണി പ്ലാന്റ് ഫ്രണ്ട്ഷിപ്പ് പ്ലാന്റ് എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നുണ്ട്. സാമ്പത്തികമായ ഉയര്‍ച്ചയ്ക്ക് ഈ ചെടി വീട്ടില്‍ വളര്‍ത്തുന്നത് നല്ലതാണെന്ന് പലരും വിശ്വസിക്കുന്നു.
വീട്ടിലും ഓഫീസിലും
നമ്മുടെ വീട്ടിലും ഓഫീസിലും ഇന്‍ഡോര്‍ പ്ലാന്റ് ആയി വളര്‍ത്താന്‍ പറ്റിയ ചെടിയാണിത്. ചെറിയ സെറാമിക് പോട്ടുകളില്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജെയ്ഡ് ലഭ്യമാണ്.
റെസ്‌റ്റോറന്റുകളുടെയും ഷോപ്പുകളുടെയും പ്രധാന കവാടത്തില്‍ പലരും ഈ ചെടി വളര്‍ത്തുന്നു. തെക്ക്കിഴക്ക് ഭാഗത്തായി വെച്ചാല്‍ ഉയര്‍ച്ചയും വിജയവും ലഭിക്കുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഈ ചെടിയുടെ പച്ച ഇലകള്‍ ഊര്‍ജ്ജത്തെയും സൗഹൃദത്തെയുമാണ് പ്രതീകാത്മകമായി സൂചിപ്പിക്കുന്നതെന്ന് ഫെങ്ഷുയി പ്രകാരം പറയുന്നു. ഇതിന്റെ പൂക്കള്‍ മഹത്തായ സൗഹൃദത്തിന്റെ വാഹകരാണെന്നതാണ് വിശ്വാസം.
ജെയ്ഡ് ചെടി എവിടെയാണ് വെക്കുന്നത്?
ഈ ചെടി വെക്കേണ്ടിടത്ത് വെച്ചാലേ സാമ്പത്തിക ഉയര്‍ച്ചയും ഭാഗ്യവുമൊക്കെ വീട്ടിലേക്ക് കടന്നുവരികയുള്ളുവെന്നാണത്രെ വിശ്വാസം. വീട്ടിന് പുറത്തും ചട്ടികളില്‍ വളര്‍ത്താം. ഓഫീസിനകത്ത് വെച്ചാല്‍ ബിസിനസില്‍ ഉയര്‍ച്ച ഉണ്ടാകുമെന്ന് പറയപ്പെടുന്നു. തെക്ക് കിഴക്കേ ഭാഗത്ത് വെച്ചാല്‍ വരുമാനം വര്‍ധിക്കുമെന്നതാണ് ഫെങ്ഷുയി പ്രകാരം സൂചിപ്പിക്കുന്നത്. കുടുംബപരമായ ഐക്യമാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ കിഴക്ക് വശത്താണ് ചെടി വെക്കേണ്ടതെന്നും പറയുന്നു. ആരോഗ്യവും ബുദ്ധിപരമായ ഉയര്‍ച്ചയുടെയും കേന്ദ്രം ഈ ഭാഗം തന്നെ.
പടിഞ്ഞാറ് ഭാഗത്താണ് വെക്കുന്നതെങ്കില്‍ കുട്ടികളിലെ സര്‍ഗാത്മകത വര്‍ധിക്കാനും ഭാഗ്യം കടന്നുവരാനം സഹായിക്കുമെന്ന് കരുതുന്നു. വടക്ക് പടിഞ്ഞാറന്‍ ഭാഗത്തായി വെക്കുന്നത് അധ്യാപകര്‍ക്കും ഉപദേശകര്‍ക്കുമൊക്കെ ഗുണം ചെയ്യുമെന്നാണ് ഫെങ്ഷുയി പറയുന്നത്.
ബെഡ്‌റൂമിലും ബാത്ത്‌റൂമിലും ജെയ്ഡ് ചെടി വെക്കരുതെന്ന് ഫെങ്ഷുയി ഓര്‍മിപ്പിക്കുന്നു. ഏതായാലും ഇതെല്ലാം വിശ്വസിക്കുന്നവരുടെ കാര്യമാണ്. അല്ലാത്തപക്ഷം നല്ലൊരു ഇൻഡോർ പ്ലാന്റാണ് ജെയ്ഡ്.
എങ്ങനെ പരിപാലിക്കണം?
വെള്ളം ശേഖരിച്ചുവെക്കുന്ന സ്വഭാവമുള്ള ഇലകളാണ് ജെയ്ഡ് ചെടിക്കുള്ളത്. കാര്യമായ പരിചരണമൊന്നും ആവശ്യമില്ലാതെ തന്നെ വളരും.
വെളിച്ചം
നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണിത്. വീടിനകത്ത് വെക്കുകയാണെങ്കില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും നല്ല സൂര്യപ്രകാശം കിട്ടുന്ന ഭാഗത്തേക്ക് മാറ്റണം. ഇങ്ങനെയൊക്കെയാണെങ്കിലും അല്‍പം തണലുള്ള സ്ഥലത്തും അതിജീവിക്കും.
വെള്ളം
വെള്ളം അമിതമായി ആവശ്യമില്ല. മണ്ണിന്റെ ഉപരിതലം തൊട്ടുനോക്കിയാല്‍ ഈര്‍പ്പം ഇല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ മാത്രം അല്‍പം നനച്ചുകൊടുക്കാം. ഇത്തരം ചെടികള്‍ അമിതമായി വെള്ളം വലിച്ചെടുത്താല്‍ ഇലകള്‍ മഞ്ഞനിറമാകുകയും കൊഴിഞ്ഞുപോകുകയും ചെയ്യും. ഇലകള്‍ കൊഴിയുകയോ ഇലകളില്‍ പുള്ളിക്കുത്തുകള്‍ കാണപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അമിതമായ നന കാരണമാണ് സംഭവിച്ചതെന്ന് വേണം മനസിലാക്കാന്‍.
മണ്ണ്
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ജെയ്ഡ് ചെടിക്ക് ആവശ്യം. ചെറിയ പാത്രങ്ങളില്‍ നടുമ്പോള്‍ നീര്‍വാര്‍ച്ചയുള്ള മണല്‍ ഉപയോഗിക്കാം. ആവശ്യത്തിന് വെള്ളം കിട്ടിയില്ലെങ്കിലും ചെടി നശിക്കും. ബോണ്‍സായ് മോഡലില്‍ വളര്‍ത്താവുന്ന ചെടിയാണിത്. കൃത്യമായി പ്രൂണിങ്ങ് ചെയ്താല്‍ മനോഹരമായി നിലനിര്‍ത്താം.
നല്ല തടിച്ച ഇലകളില്‍ നിന്ന് വേര് മുളപ്പിച്ച് പുതിയ ചെടികള്‍ ഉണ്ടാക്കാം. തണ്ടില്‍ നിന്ന് മാറ്റിയ ഇലകളില്‍ നാല് ആഴ്ചകള്‍ക്ക് ശേഷം വേരുകള്‍ മുളയ്ക്കും. തണ്ടുകളില്‍ നിന്ന് പുതിയ ചെടികള്‍ ഉണ്ടാക്കുന്നതാണ് മറ്റൊരു പ്രജനന രീതി. ഒരു ചെടിയുടെ കാണ്ഡത്തില്‍ നിന്ന് ആ ചെടിയുടെ അതേ സ്വാഭാവമുള്ള പുതിയ ചെടി ഉണ്ടാകും.