പഴക്കം 5500 വർഷം, പുരാതന നഗരത്തിന്റെ കവാടം കണ്ടെത്തി, ഒപ്പം കോട്ടയുടെ ഭാഗങ്ങളും
ടെൽ എറാനിയിലെ ഈ ഖനനം പ്രവേശന കവാടം മാത്രമല്ല വെളിപ്പെടുത്തിയത്. ഒപ്പം തന്നെ ഏകദേശം 3300 വർഷം പഴക്കം വരുന്ന വെങ്കലയുഗത്തിന്റെ തുടക്കത്തിൽ നിന്നുള്ള കോട്ടയുടെ ഭാഗങ്ങളും ഇവിടെ കണ്ടെത്തി.
ഇസ്രായേലിൽ സുപ്രധാനമായ ഒരു കണ്ടെത്തലുമായി ഗവേഷകർ. 5500 വർഷം പഴക്കമുള്ള ഒരു കവാടമാണ് ഇപ്പോൾ ഗവേഷകർ ഇവിടെ കണ്ടെത്തിയിരിക്കുന്നത്. പുരാതന നഗരമായ ടെൽ എറാനിയിലേക്കുള്ളതാണ് കല്ലും മണ്ണും കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ പാത എന്ന് ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റി ചൊവ്വാഴ്ച പറഞ്ഞു.
കിര്യത് ഗാട്ടിന്റെ വ്യാവസായിക മേഖലയ്ക്ക് സമീപം നടത്തിയ ഖനനത്തിനിടെയാണ് ഗവേഷകർ ഈ പ്രവേശനകവാടം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ സുപ്രധാനമായ കണ്ടെത്തൽ. ടെൽ എറാനിയിലെ ഈ ഖനനം പ്രവേശന കവാടം മാത്രമല്ല വെളിപ്പെടുത്തിയത്. ഒപ്പം തന്നെ ഏകദേശം 3300 വർഷം പഴക്കം വരുന്ന വെങ്കലയുഗത്തിന്റെ തുടക്കത്തിൽ നിന്നുള്ള കോട്ടയുടെ ഭാഗങ്ങളും ഇവിടെ കണ്ടെത്തി.
പുരാതന കാലത്തെ നഗര കേന്ദ്രങ്ങളും, അവയെങ്ങനെയാണ് പ്രതിരോധം തീർത്തിരുന്നത് എന്നും വെളിപ്പെടുത്തുന്നതാണ് ഈ പുതിയ കണ്ടെത്തൽ എന്നാണ് ആന്റിക്വിറ്റീസ് അതോറിറ്റി ഇതിനെ കുറിച്ച് പ്രതികരിച്ചത്.
ഇസ്രായേൽ ആൻറിക്വിറ്റീസ് അതോറിറ്റിക്ക് വേണ്ടി എക്സ്കവേഷൻ ഡയറക്ടർ എമിലി ബിഷോഫ് പറഞ്ഞത്, 'വെങ്കല യുഗത്തിന്റെ ആദ്യകാലത്ത് നിന്ന് ഇങ്ങനെ ഒരു കണ്ടെത്തൽ നടക്കുന്നത് ആദ്യമായിട്ടാണ്. ഗേറ്റ് നിർമ്മിക്കാനും കോട്ടയുടെ മതിലുകൾ നിർമ്മിക്കാനുമുള്ള കല്ലും മണ്ണും എല്ലാം ദൂരെ നിന്നുമാണ് കൊണ്ടുവന്നിട്ടുള്ളത്. കോട്ടയുടെ മതിലുകൾ നിർമ്മിച്ചെടുത്തിട്ടുള്ളവയാണ്. ഒന്നോ അല്ലെങ്കിൽ കുറച്ചോ ആളുകളെ കൊണ്ട് ഇത് സാധിക്കില്ല. ഈ കോട്ട നഗരവൽക്കരണത്തിന്റെ തുടക്കത്തിൽ ഉണ്ടായിട്ടുണ്ടായേക്കാവുന്ന സാമൂഹികമായ സംഘാടനത്തിന്റെ തെളിവാണ്' എന്നാണ്.
'ഇതുവഴി സഞ്ചരിച്ചിരുന്നവർ അത് വ്യാപാരികളായാലും ശത്രുക്കളായാലും ഈ ആകർഷകമായ കവാടം കടന്ന് തന്നെയാവണം പോയിട്ടുണ്ടാവുക' എന്ന് ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റി റിസർച്ചർ മാർട്ടിൻ ഡേവിഡ് പാസ്റ്റർനേക്ക് പറഞ്ഞു.