ഒറ്റമരത്തിൽ തന്നെ 40 വ്യത്യസ്തതരം പഴങ്ങൾ, ഇത് 'ട്രീ ഓഫ് 40'
2008 -ന് മുമ്പ്, ഈ പൂന്തോട്ടം ന്യൂയോർക്ക് സ്റ്റേറ്റ് അഗ്രികൾച്ചറൽ ലബോറട്ടറിയായിരുന്നു. അതിൽ അപൂർവയിനം പഴങ്ങളും 200 ഓളം ചെടികളുണ്ടായിരുന്നു. എന്നിരുന്നാലും, പണമില്ലാത്തതിനാൽ തോട്ടം പൂട്ടാൻ പോവുകയായിരുന്നു.
ആപ്പിൾ മരത്തിൽ ഓറഞ്ചുണ്ടാകില്ലെന്നും, മാവിൽ ചക്ക കായ്ക്കില്ലെന്നും നമുക്കറിയാം. എന്നാൽ, ശാസ്ത്രം പുരോഗമിക്കുകയാണ്. ഒരു മരത്തിൽ തന്നെ ചക്കയും, മാങ്ങയും, ആപ്പിളും ഒക്കെ ഉണ്ടാകുന്ന കാലം വിദൂരമല്ല. വിശ്വാസം വരുന്നില്ല, അല്ലെ? ഒരൊറ്റ മരത്തിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പഴങ്ങൾ എല്ലാം വളർത്താൻ കഴിയുമെന്ന് തെളിയിച്ചിരികയാണ് ഒരാൾ. സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ വിഷ്വൽ ആർട്സ് അസോസിയേറ്റ് പ്രൊഫസറും കർഷകനുമായ സാം വാൻ അകെൻ തന്റെ കൃഷിയിടത്തിലെ മരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ വിളയിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കയാണ്.
മരത്തിന്റെ പേര് തന്നെ 'ട്രീ ഓഫ് 40' എന്നാണ്. മരത്തിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാണ്. മരത്തിൽ പ്ലം, പീച്ച്, ആപ്രിക്കോട്ട്, ചെറി തുടങ്ങി വിവിധ തരം പഴങ്ങൾ വളരുന്നു. ഗ്രാഫ്റ്റിംഗിലൂടെയാണ് ഈ അവിശ്വസനീയമായ നേട്ടം പ്രൊഫ. സാം കൈവരിച്ചത്. ദൈനിക് ഭാസ്കറിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ മരം പൂക്കാൻ ഏകദേശം ഒമ്പത് വർഷമെടുത്തു. ഇതിനായി, മരം ഒരു പ്രത്യേക രീതിയിലാണ് നടുന്നത്. മുകുളത്തോടൊപ്പം മരത്തിന്റെ ഒരു ശാഖയും മുറിച്ചെടുക്കുന്നു. പിന്നീട് ശൈത്യകാലത്ത് പ്രധാന വൃക്ഷം തുളച്ച് ഈ ശാഖ നടുകയും ചെയ്യുന്നു. 2008 മുതലാണ് പ്രൊഫസർ സാം തന്റെ പദ്ധതിയായ 'ട്രീ ഓഫ് 40' -യിൽ പ്രവർത്തിക്കാൻ തുടങ്ങിയത്.
2008 -ന് മുമ്പ്, ഈ പൂന്തോട്ടം ന്യൂയോർക്ക് സ്റ്റേറ്റ് അഗ്രികൾച്ചറൽ ലബോറട്ടറിയായിരുന്നു. അതിൽ അപൂർവയിനം പഴങ്ങളും 200 ഓളം ചെടികളുണ്ടായിരുന്നു. എന്നിരുന്നാലും, പണമില്ലാത്തതിനാൽ തോട്ടം പൂട്ടാൻ പോവുകയായിരുന്നു. പ്രൊഫസർ സാം ഇത് അറിയുകയും, ആ ഫാം ഏറ്റെടുക്കുകയും ചെയ്തു. കുട്ടിക്കാലത്ത് ഒരു ഫാമിൽ വളർന്ന അദ്ദേഹത്തിന് എല്ലായ്പ്പോഴും കൃഷിയിൽ താൽപ്പര്യമുണ്ടായിരുന്നു. അതിനാൽ അദ്ദേഹം ആ തോട്ടം പാട്ടത്തിനെടുത്ത് ഗ്രാഫ്റ്റിംഗിലൂടെ മരം വളർത്താൻ തുടങ്ങി. ആ പരീക്ഷണം വൻ വിജയമായി. ഓരോ ഇനവും വിളയുന്നത് വ്യത്യസ്ത സമയങ്ങളിലാണ് എന്ന് മാത്രം. വിളയിലും ലാഭത്തിലും മാത്രം ഊന്നൽ നൽകുന്ന ഏകവിള സമ്പ്രദായത്തിന്റെ പേരിൽ പല ഇനങ്ങളും അവഗണിക്കപ്പെടുന്നു. അത് കൊണ്ട് തന്നെയാണ് അദ്ദേഹം അത്തരം അകറ്റിനിർത്തുന്ന ഇനങ്ങളിൽ പരീക്ഷണം നടത്തിയത്. ഒരു ശാസ്ത്രീയ പരീക്ഷണത്തേക്കാൾ ഒരു ആർട്ട് പ്രൊജക്റ്റാണ് തന്റെ സൃഷ്ടിയെന്ന് അദ്ദേഹം പറയുന്നു.