ഒറ്റമാവില്‍ തന്നെ ഉണ്ടാക്കിയെടുത്തത് 300 ഇനം മാമ്പഴങ്ങള്‍, ഇത് ഇന്ത്യയുടെ 'മാംഗോ മാന്‍'

ഗ്രാഫ്റ്റ് ചെയ്യുന്നതിന് പുറമെ പുതിയം ഇനം മാമ്പഴങ്ങള്‍ വികസിപ്പിച്ചെടുക്കാറുമുണ്ട്. അവയ്ക്ക് പുതിയ പേരുകളും നല്‍കുന്നു. നരേന്ദ്ര മോദി, ഐശ്വര്യ റായ് ബച്ചന്‍ എന്നൊക്കെയാണ് പേര് നല്‍കുന്നത്.

300 mango varieties in one tree

കലിമുള്ള ഖാന്‍ അറിയപ്പെടുന്നത് ഇന്ത്യയുടെ മാംഗോ മാന്‍ എന്നാണ്. ഗ്രാഫ്റ്റിംഗ് വഴി ഒറ്റ മാവില്‍ തന്നെ 300 ഇനം മാമ്പഴങ്ങളാണ് ലഖ്‍നൗവിലുള്ള കലിമുള്ള ഖാന്‍ വളര്‍ത്തിയെടുത്തിരിക്കുന്നത്. പല വലിപ്പത്തിലും പല രൂപത്തിലും ഒക്കെയുള്ള മാങ്ങകള്‍ അദ്ദേഹത്തിന്‍റെ ഈ ഒറ്റ മരത്തില്‍ തന്നെ നമുക്ക് കാണാം. മാലിഹാബാദിലാണ് ഖാന്റെ മാമ്പഴ ഫാം സ്ഥിതിചെയ്യുന്നത്. ലോകത്ത് ഏറ്റവും അധികം മാമ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യമായി തുടരുന്നത് നമ്മുടെ ഇന്ത്യയാണ്. മാമ്പഴത്തിന്‍റെ ആഗോള ഉൽപാദനത്തിന്റെ 40 ശതമാനത്തിലധികവും ഇന്ത്യയിലാണ്.

300 mango varieties in one tree

1900 -കളുടെ തുടക്കത്തിൽ തന്റെ മുത്തച്ഛൻ കൃഷി ചെയ്ത 22 ഏക്കർ കൃഷിസ്ഥലത്താണ് മകന്റെ സഹായത്തോടെ ഖാൻ കൃഷി ചെയ്യുന്നത്. കൃഷി പിന്തുടരാൻ ഖാൻ ഹൈസ്കൂളിൽ വച്ച് പഠനം നിര്‍ത്തി. അദ്ദേഹത്തിന്റെ കുടുംബം അടുത്തുള്ള ഫാമുകളിലേത് പോലെ തന്നെ കുറച്ച് പ്രാദേശികമായ ഇനങ്ങൾ മാത്രമേ സ്വന്തം തോട്ടത്തിലും ആദ്യം ഉൽ‌പാദിപ്പിച്ചിരുന്നുള്ളൂ. ഖാന് 15 വയസ്സുള്ളപ്പോൾ, ഒരു സുഹൃത്തിന്റെ വീട്ടുമുറ്റത്ത് ക്രോസ് ബ്രെഡ് റോസാപ്പൂക്കൾ കണ്ടു. ഒരു റോസ് ചെടി വിവിധ നിറങ്ങളിൽ പൂക്കൾ ഉൽ‌പാദിപ്പിക്കുന്നു. അത് ഖാനെ ആകെ അത്ഭുതപ്പെടുത്തി. മാത്രവുമല്ല, ആ കാഴ്ച അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിക്കുകയും ചെയ്തു. എന്തുകൊണ്ട് മാമ്പഴത്തിന്‍റെ കാര്യത്തിലും ഇങ്ങനെ ചെയ്തുകൂടാ എന്ന് ഖാന്‍ ചിന്തിച്ചു. ഒരേ മരത്തിൽ നിന്ന് വ്യത്യസ്ത തരം പഴങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയുമോ എന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.

ഏതായാലും, ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 17 വയസ്സുള്ളപ്പോൾ, ഏഴ് വ്യത്യസ്ത മാമ്പഴ ഇനങ്ങൾ ഒരൊറ്റ മരത്തിൽ ചേര്‍ത്തു ഖാന്‍. പിന്നീട് ഗ്രാഫ്റ്റിംഗിനെ കുറിച്ച് കൂടുതല്‍ മനസിലാക്കി. 1987 -ൽ 100 ​​വർഷം പഴക്കമുള്ള മാവില്‍ വിവിധ ഇനം പരീക്ഷിച്ചു. അസാധാരണമായ ഇനങ്ങൾക്കായി അദ്ദേഹം ലോകമെമ്പാടും നിന്ന് സാമ്പിളുകൾ ശേഖരിച്ചു. ഇന്ന് മുന്നൂറോളം വ്യത്യസ്‍ത മാമ്പഴ ഇനങ്ങൾ ഈ ഒരൊറ്റ വൃക്ഷം ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ഖാൻ പറയുന്നു. എങ്ങനെയാണ് ഇവ പക്ഷികളില്‍ നിന്നും മറ്റും സംരക്ഷിച്ച് നിര്‍ത്തുന്നത് എന്ന് ചോദിച്ചാല്‍ ഖാന്‍ പറയും താന്‍ അവയെ അകറ്റി നിര്‍ത്താറില്ല. ഈ പ്രകൃതി എല്ലാവര്‍ക്കും കൂടി ഉള്ളതാണ് എന്ന്. വിളവെടുപ്പ് സമയത്ത് ഖാനും മകനും ചേര്‍ന്ന് മാമ്പഴമെല്ലാം മാര്‍ക്കറ്റുകളിലും കയറ്റുമതിക്കായും നല്‍കുന്നു. എന്നാല്‍, തോട്ടം കാണാനെത്തുന്ന സഞ്ചാരികള്‍ക്കായി പണമൊന്നും വാങ്ങാതെ തന്നെ മാമ്പഴം നല്‍കാറുണ്ട്. 

300 mango varieties in one tree

ഗ്രാഫ്റ്റ് ചെയ്യുന്നതിന് പുറമെ പുതിയം ഇനം മാമ്പഴങ്ങള്‍ വികസിപ്പിച്ചെടുക്കാറുമുണ്ട്. അവയ്ക്ക് പുതിയ പേരുകളും നല്‍കുന്നു. നരേന്ദ്ര മോദി, ഐശ്വര്യ റായ് ബച്ചന്‍ എന്നൊക്കെയാണ് പേര് നല്‍കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന് നേരത്തെ പേര് നല്‍കിയിരുന്നു മാമ്പഴത്തിന്. അന്ന് സച്ചിന്‍ നേരിട്ട് വിളിച്ചിരുന്നു എന്നും ഖാന്‍ പറയുന്നു. പത്മശ്രീ അടക്കം പല ബഹുമതികളും ഖാന് ലഭിക്കുകയുണ്ടായി. ദുബായ്, ഇറാന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും ഗ്രാഫ്റ്റിംഗിനെ കുറിച്ച് സംസാരിക്കുകയും ചെയ്‍തു 1999 -ല്‍. താനിവിടെ ഇല്ലാതെ ആയാലും ആ മാമ്പഴങ്ങളിലൂടെ ഓര്‍മ്മിക്കപ്പെടുമെന്ന് ഖാന്‍ പറയുന്നു. അതാണ് പ്രകൃതിയുടെ മഹത്വം എന്നും. 

Latest Videos
Follow Us:
Download App:
  • android
  • ios