Asianet News MalayalamAsianet News Malayalam

ലോക്ക് പൊളിക്കാൻ വിദഗ്ദൻ 15 കാരൻ, കൂട്ടിന് 3 പേർ; രണ്ട് ആക്ടീവ പൊക്കി നമ്പർ പ്ലേറ്റില്ലാതെ കറക്കം, അറസ്റ്റ്

നൂറനാട് പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ നമ്പർ പ്ലേറ്റില്ലാതെ ഒരു ആക്ടീവ സ്ക്കൂട്ടർ എത്തി. പൊലീസ് കൈ കാണിച്ചിട്ടും സ്കൂട്ടറിലുണ്ടായിരുന്ന രണ്ടുപേർ  നിർത്താതെ കടന്നു കളയാൻ ശ്രമിച്ചു.

three minor among four arrested for scooter robbery in alappuzha
Author
First Published May 7, 2024, 9:39 PM IST

ചാരുംമൂട്: ആലപ്പുഴയിൽ സ്കൂട്ടറുകൾ മോഷ്ടിച്ച ശേഷം നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി കറങ്ങുന്ന സംഘം വലയിൽ. 19 കാരനായ യുവാവിനൊപ്പം സംഘത്തിലുള്ള 15 വയസ്സ് മാത്രം പ്രായമുള്ള  3 കുട്ടികളും പൊലീസിന്‍റെ പിടിയിലായി. നൂറനാട് ചെറുമുമ ഐരാണിക്കുടി മേലേ അറ്റത്തേതിൽ ആദർശ് (നന്ദു - 19) നെയാണ് നൂറനാട് പൊലീസ് ബൈക്ക് മോഷണക്കേസിൽ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് ചാരുംമൂട് ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തവേയാണ് മോഷണ സംഘം പിടിയിലാകുന്നത്.

നൂറനാട് പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ നമ്പർ പ്ലേറ്റില്ലാതെ ഒരു ആക്ടീവ സ്ക്കൂട്ടർ എത്തി. പൊലീസ് കൈ കാണിച്ചിട്ടും സ്കൂട്ടറിലുണ്ടായിരുന്ന രണ്ടുപേർ  നിർത്താതെ കടന്നു കളയാൻ ശ്രമിച്ചു. ഇവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് വാഹനം മോഷ്ടിച്ചതാണെന്ന സംശയം ബലപ്പെട്ടത്.  തുടർന്ന് നൂറനാട് സി.ഐ  ഷൈജു ഇബ്രാഹിമിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്കൂട്ടർ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. സംഘത്തിലെ പ്രധാനിയാണ് ആദർശ്.  ഇയാളെ കൂടുതൽചെയ്തതിൽ നിന്നും സംഘം ചിങ്ങവനം, മാങ്കാംകുഴി എന്നീ സ്ഥലങ്ങളിൽ നിന്നും മോഷ്ടിച്ച 2 ആക്ടീവ സ്കൂട്ടറുകൾ കണ്ടെടുത്തു. 

ആദർശിനൊപ്പം മോഷണം നടത്തി വന്നത് 15 വയസുള്ള 3 കുട്ടികളായിരുന്നുവെന്നും കണ്ടെത്തി. കഴിഞ്ഞ മാസം 21 ന്  വെളുപ്പിന് മാങ്കാംകുഴി ഭാഗത്ത് ഒരു വീടിന്‍റെ പോർച്ചിലിരുന്ന ആക്ടിവ സ്കൂട്ടറാണ് ആദ്യം മോഷ്ടിച്ചത്. ശനിയാഴ്ച രാത്രി സംഘം പന്തളത്തു നിന്നും ബസ് കയറി കോട്ടയം ബസ് സ്റ്റാൻഡിൽ ഇറങ്ങി ചിങ്ങവനം വരെ നടന്നു.  പള്ളം ബോർമ കവല ഭാഗത്തുള്ള പാർക്കിംഗ് സ്ഥലത്തു നിന്നാണ് മറ്റൊരു സ്കൂട്ടർ മോഷ്ടിച്ചത്. കൂട്ടത്തിലുള്ള 15 കാരനാണ് ലോക്ക് പൊട്ടിച്ചു സ്കൂട്ടർ സ്റ്റാർട്ടാക്കുന്നതിൽ വിദഗ്ധൻ. മോഷ്ടിച്ച സ്കൂട്ടറുകൾ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി ഓരോരുത്തർ എടുത്ത് ഉപയോഗിച്ചു വരികയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 

കോട്ടയം ജില്ലയിലെ മറ്റു സ്ഥലങ്ങളിൽ നിന്നും, വള്ളികുന്നം ഭാഗത്ത് നിന്നും മറ്റും ഈ സംഘം വാഹന മോഷണം നടത്തിയതായി വിവരം ലഭിച്ചിട്ടുള്ളതിനാൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി കെ.എൻ. രാജേഷിന്‍റെ നേതൃത്വത്തിൽ  പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.  മാവേലിക്കര കോടതിയിൽ ഹാജരാക്കിയ ആദർശിനെ റിമാന്‍റ് ചെയ്തു.  പ്രായ പൂർത്തിയാകാത്ത കൂട്ടാളികളെ ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും. നൂറനാട് പൊലീസ് ഇൻസ്പെക്ടർ ഷൈജു ഇബ്രാഹിമിനൊപ്പം എസ്.ഐ അരുൺ കുമാർ, റ്റി. ആർ.ഗോപാലകൃഷ്ണൻ, കെ.ബാബുക്കുട്ടൻ, എ.എസ്.ഐ ബി.രാജേന്ദ്രൻ, എസ്.സി.പി.ഒ മാരായ സിനു വർഗീസ്, പി.പ്രവീൺ, എ.ശരത്ത്, ജംഷാദ് എന്നിവർ പ്രതികളെ അറസ്റ്റു ചെയ്ത  സംഘത്തിലുണ്ടായിരുന്നു.

Read More :  'ഇതിവിടെ നടപ്പില്ല സലീമേ', നാട്ടുകാർ പലതവണ പറഞ്ഞിട്ടും കേട്ടില്ല; പാതിരാ വരെ 'ഹാൻസും കൂളും' വിൽപ്പന, അറസ്റ്റ്

 

Latest Videos
Follow Us:
Download App:
  • android
  • ios