Asianet News MalayalamAsianet News Malayalam

'കുഴല്‍നാടന്‍ ഒരു വക്കീല്‍ ഗുമസ്ഥനൊപ്പമെങ്കിലും പ്രാക്ടീസ് ചെയ്യണം'; ഭാവിയില്‍ ഗുണം ചെയ്‌തേക്കുമെന്ന് മന്ത്രി

രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഹര്‍ജിയുടെ പിന്നിലുണ്ടെന്ന പരാമര്‍ശം പോലും വിധിയുടെ ഭാഗമായി വന്നിട്ടുണ്ടെന്നത് ഏറെ ഗൗരവത്തോടെ കാണണമെന്ന് മന്ത്രി വാസവൻ.

Vigilance court verdict vn vasavan against mathew kuzhalnadan
Author
First Published May 7, 2024, 6:11 PM IST

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ ഒരു വക്കീല്‍ ഗുമസ്ഥനൊപ്പമെങ്കിലും കുറച്ചുകാലം പ്രാക്ടീസ് ചെയ്യുന്നത് ഭാവിയില്‍ ഗുണം ചെയ്‌തേക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. മാത്യു നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ ആരോപണം ഉന്നയിച്ച എല്ലാവരും കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും വാസവന്‍ ആവശ്യപ്പെട്ടു. 

'രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഹര്‍ജിയുടെ പിന്നിലുണ്ടെന്ന പരാമര്‍ശം പോലും വിധിയുടെ ഭാഗമായി വന്നിട്ടുണ്ടെന്നത് ഏറെ ഗൗരവത്തോടെ കാണണം. പൊതു സമുഹത്തിനു മുന്നില്‍ പുകമറ സൃഷ്ടിച്ച് ചര്‍ച്ച കൊഴുപ്പിക്കലും രാഷ്ട്രീയ മുതലെടുപ്പ് നടത്തലും മാത്രമായിരുന്നു ലക്ഷ്യം.' ഭൂമി ഇടപാടും മറ്റുമായി ബന്ധപ്പെട്ട് കുഴല്‍നാടനെതിരെ വന്നിരിക്കുന്ന അന്വേഷണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും പകല്‍ പോലെ തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

വിഎന്‍ വാസവന്‍ പറഞ്ഞത്: മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതോടെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചനയാണ് തുറന്ന് കാട്ടപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയ വിരോധം മൂലം മുഖ്യമന്ത്രിയേയും കുടുംബത്തേയും വിവാദങ്ങളിലേക്കും കേസുകളിലേക്കും വ്യാജവാര്‍ത്തകളിലേക്കും വലിച്ചിഴക്കുന്നത് ഇതാദ്യമല്ല. യാഥാര്‍ത്ഥ്യം തെളിഞ്ഞ സാഹചര്യത്തില്‍ ആരോപണ മുന്നയിച്ച എല്ലാവരും കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണം.

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ തിരക്കഥകളാണ് തകര്‍ന്നത്. സര്‍ക്കാരിനും സിപിഐഎമ്മിനും എതിരെ മറ്റൊന്നും പറയാനില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ ഇത്തരം ഒരു കഥ മെനയുകയും അതിന്റെ പിന്നാലെ വാര്‍ത്തകളും ഹര്‍ജികളും കൊണ്ടുവരികയും ചെയ്തത്. രണ്ടു കമ്പനികള്‍ നിയമപ്രകാരം ഏര്‍പ്പെട്ട കരാര്‍ എന്നതിലപ്പുറം മറ്റൊന്നും ഇക്കാര്യത്തില്‍ കണ്ടെത്താന്‍ ആര്‍ക്കുമായിട്ടില്ല. സര്‍ക്കാര്‍ എന്തെങ്കിലും വഴിവിട്ട സഹായം സിഎംആര്‍എല്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും ചെയ്തുകൊടുത്തതായിട്ടും തെളിയിക്കാനായില്ല. തെളിവിന്റെ കണിക പോലുമില്ലാതെയാണ് ഹര്‍ജിയുമായി കുഴല്‍നാടന്‍ സമീപിച്ചതെന്ന് കോടതി വ്യക്തമാക്കി. 

രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഹര്‍ജിയുടെ പിന്നിലുണ്ടെന്ന പരാമള്‍ശം പോലും വിധിയുടെ ഭാഗമായി വന്നിട്ടുണ്ടെന്നത് ഏറെ ഗൗരവത്തോടെ കാണണം. പൊതു സമുഹത്തിനു മുന്നില്‍ പുകമറ സൃഷ്ടിച്ച് ചര്‍ച്ച കൊഴുപ്പിക്കലും രാഷ്ട്രീയ മുതലെടുപ്പ് നടത്തലും മാത്രമായിരുന്നു ലക്ഷ്യം. ഭൂമി ഇടപാടും മറ്റുമായി ബന്ധപ്പെട്ട് കുഴല്‍നാടനെതിരെ വന്നിരിക്കുന്ന അന്വേഷണങ്ങളില്‍ നിന്ന് പൊതുജന മാധ്യമ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും പകല്‍ പോലെ തെളിഞ്ഞിരിക്കുകയാണ്. ഒരു സംഘം മാധ്യമങ്ങളെയും പിആര്‍ സംഘങ്ങളെയും ഇറക്കി ഇമേജ് ബില്‍ഡിങ്ങിനുള്ള കളിയായിരുന്നു കുഴല്‍നാടന്‍ നടത്തിവന്നിരുന്നത്. കെട്ടിപ്പൊക്കിയതൊക്കെ കളവായിരുന്നു എന്ന് ഇന്നലെ കോടതിയില്‍ തെളിഞ്ഞു കഴിഞ്ഞു. കഴിയുമെങ്കില്‍ ഒരു വക്കീല്‍ ഗുമസ്ഥനൊപ്പമെങ്കിലും കുറച്ചുകാലം പ്രാക്ടീസ് ചെയ്യുന്നത് ഭാവിയില്‍  ഗുണം ചെയ്‌തേക്കും.

'ഗുരുതരമല്ല, എങ്കിലും ജാഗ്രത പാലിക്കണം'; എന്താണ് വെസ്റ്റ് നൈല്‍ പനി? 

 

Latest Videos
Follow Us:
Download App:
  • android
  • ios