Asianet News MalayalamAsianet News Malayalam

ഹജ്ജിന് വെച്ചതെല്ലാം സഹജീവികള്‍ക്കായി നല്‍കിയ കൂലിപ്പണിക്കാരന് ഒടുവില്‍ ഹജ്ജ്‌സൗഭാഗ്യം!

അപ്രതീക്ഷിതമായി എത്തിയ കൊവിഡ് സഹജീവികളുടെ അന്നം മുട്ടിച്ചപ്പോള്‍ സ്വപ്‌ന സാഫല്യത്തിനായി കരുതിവെച്ചതെല്ലാം അവര്‍ക്ക് ഭക്ഷണം നല്‍കാന്‍

tale of hajj and Covid 19 charity of Abdul Rahman a lower class worker from Mangalore
Author
First Published May 3, 2024, 6:34 PM IST

ഹജ്ജ് തീര്‍ത്ഥാടനം ചെയ്യുന്നതിന് മാറ്റിവെച്ച തുക മുഴുവന്‍ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് പാവങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ ഉപയോഗിച്ച മംഗലാപുരത്തെ കൂലിപ്പണിക്കാരന് ഒടുവില്‍ ഹജ്ജ് യാത്രയ്ക്ക് വഴിയൊരുങ്ങുന്നു. അപ്രതീക്ഷിതമായി എത്തിയ കൊവിഡ് സഹജീവികളുടെ അന്നം മുട്ടിച്ചപ്പോള്‍ സ്വപ്‌ന സാഫല്യത്തിനായി കരുതിവെച്ചതെല്ലാം അവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഉപയോഗിച്ച മംഗലാപുരം ബന്തവാല്‍ താലൂക്കിലെ കൂലിപ്പണിക്കാരണ്‍ അബ്ദുല്‍ റഹ്മാനാണ് ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഒരുങ്ങുന്നത്. പത്‌നി സുബൈദയുടെയും മകള്‍ ബാനുവിന്റെയും കൂടെയാണ് അബ്ദുല്‍ റഹ്മാന്‍ തീര്‍ത്ഥാടനത്തിന് പോവുന്നത്. അബ്ദുല്‍ റഹ്മാന്റെ സമാനതകളില്ലാത്ത സ്വപ്‌നത്തിന്റെ കഥയെക്കുറിച്ച് നാലു വര്‍ഷം മുമ്പ് ഫേസ്ബുക്കില്‍ എഴുതിയ മാധ്യമ പ്രവര്‍ത്തകന്‍ സവാദ് റഹ്മാനാണ് പുതിയ വിവരവും ഷെയര്‍ ചെയ്തത്. 

 

 

മംഗലാപുരം ബന്തവാല്‍ താലൂക്കിലെ കൂലിപ്പണിക്കാരനായ അബ്ദുള്‍ റഹ്മാന്റെ ഏറ്റവും വലിയ മോഹമായിരുന്നു ഹജ്ജ് തീര്‍ത്ഥാടനം. വലിയ തുക ആവശ്യമായി വരുന്ന ഹജ്ജ് കര്‍മ്മത്തിനായി കാലങ്ങളായി പണം സമ്പാദിച്ചു വരികയായിരുന്നു അദ്ദേഹം. ജീവിതച്ചെലവുകളില്‍നിന്ന് സ്വരുക്കൂട്ടിയ ഇത്തിരി  സമ്പാദ്യം കൂട്ടിവെച്ച് ഹജ്ജ് തീര്‍ത്ഥാനടത്തിന് ഊഴം കാത്തിരുന്ന അബ്ദുല്‍ റഹ്മാന്റെ നിയോഗം എന്നാല്‍ കൊവിഡ് മഹാമാരി മാറ്റി മറിക്കുകയായിരുന്നു. 

കൊവിഡ് ലോക്ക്ഡൗണില്‍ കടകളും സ്ഥാപനങ്ങളും എല്ലാം അടഞ്ഞതിനാല്‍ പരിചയക്കാരും സുഹൃത്തുക്കളുമെല്ലാം പട്ടിണിയില്‍ ആയി. അപ്പോഴാണ് അബ്ദുല്‍ റഹ്മാന്‍ ദൈവനാമത്തില്‍ ചെയ്ത തന്റെ വാഗ്ദാദം മാറ്റിവെച്ചത്. ഹജ്ജ് തീര്‍ത്ഥാടനത്തിന് മാറ്റിവെച്ച പണം മുഴുവന്‍ അദ്ദേഹം പട്ടിണിയിലായ പരിചയക്കാര്‍ക്കായി നല്‍കുകയായിരുന്നു. അസാധാരണമായ ഈ സംഭവം അന്ന് സവാദ് റഹ്മാന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത് വാര്‍ത്തയാവുകയും ചെയ്തു.  

Also Read: ഹജ്ജിന് വേണ്ടി ഉണ്ടാക്കിയ തുകയെടുത്ത് പട്ടിണി കിടക്കുന്നവര്‍ക്ക് അന്നവുമായി കൂലിപ്പണിക്കാരന്‍റെ നന്മ

 

 

അബ്ദുല്‍ റഹ്മാന്റെ കഥ പുറത്തുവന്നതിനുപിന്നാലെ സഹായവുമായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, സ്വന്തം അധ്വാന വിഹിതം ഉപയോഗിച്ച് ഹജ്ജിന് പോവാമെന്ന് പറഞ്ഞ് അദ്ദേഹം അവയൊക്കെ നിരസിച്ചതായി ഇക്കാര്യം ആദ്യം പുറത്തറിയിച്ച മാധ്യമപ്രവര്‍ത്തകന്‍ സവാദ് റഹ്മാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ''തുടര്‍ന്ന്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അബ്ദുല്‍ റഹ്മാനെ വിളിച്ചു. ഒരു പ്രവാസി  അബ്ദുൽ റഹ്മാന്  ഹജ്ജ് ചെയ്യാനുള്ള സഹായം ചെയ്യാമെന്ന് അറിയിച്ചതായി തങ്ങള്‍ അറിയിച്ചു. ഹജ്ജ് സഹായവുമായി ബന്ധപ്പെട്ട മതപരമായ ഉപദേശങ്ങള്‍ തങ്ങള്‍ നല്‍കി. മുനവ്വറലി തങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് അബ്ദുല്‍ റഹ്മാന്‍ ഇതിന് സമ്മതിച്ചു. എന്നാല്‍, കൊവിഡ് കാലമായതിനാല്‍ ആ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയത് തടസ്സമായി. അടുത്ത രണ്ടു വര്‍ഷവും അബ്ദുല്‍ റഹ്മാന്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും അവസരം കിട്ടിയില്ല. തുടര്‍ന്ന് ഈ വര്‍ഷം മുനവ്വറലി തങ്ങളുടെ മുന്‍കൈയില്‍ അബ്ദുല്‍ റഹ്മാനു വേണ്ടി അപേക്ഷ സമര്‍പ്പിച്ചു. ഇത്തവണ അവസരം കിട്ടുകയും ചെയ്തു.''-സവാദ് റഹ്മാന്‍ പറയുന്നു. 

 

tale of hajj and Covid 19 charity of Abdul Rahman a lower class worker from Mangalore

അബ്ദുല്‍ റഹ്മാന്‍, ഭാര്യ സുബൈദ, മകള്‍ ബാനു

 

അങ്ങനെ കടലുകള്‍ക്കപ്പുറം ജീവിക്കുന്ന, പ്രവാസികളുടെ കൈത്താങ്ങോടെ അബ്ദുല്‍ റഹ്മാന്‍ ഇത്തവണ പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുകയാണ്. ഒപ്പം ഭാര്യ സുബൈദയും മകള്‍ ബാനുവും ഉണ്ട്. ബ്രിട്ടീഷ് വ്യവസായി ബിലാൽ ചൗള ആണ് ഭാര്യയുടെ ചെലവ് വഹിക്കുന്നത്.   യാത്രയ്ക്ക് പ്രേരണയും താങ്ങുമായ മുനവറലി ശിഹാബ് തങ്ങളെ പാണക്കാട് ചെന്ന് സന്ദര്‍ശിച്ച ശേഷമാവും യാത്രയെന്ന് സവാദ് റഹ്മാന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios