Asianet News MalayalamAsianet News Malayalam

നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി. ഇന്ന് ​തന്നെ ​ഗോത്രത്തലവൻമാരുമായുള്ള ചർച്ച നടക്കും.

premakumari meet nimishapriya at prison sanaa yemen
Author
First Published Apr 24, 2024, 7:01 PM IST

യെമൻ: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ സൻആ ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ നേരിട്ടു കണ്ടത്. പ്രേമകുമാരിക്കൊപ്പം പോയ സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാൻ അനുമതി ലഭിച്ചത്. 12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും നേരിൽ കാണുന്നത്. ഏറെക്കാലത്തിന് ശേഷം മകളെ കണ്ടതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് അമ്മ പ്രേമകുമാരി. 

12 വർഷത്തിന് ശേഷം വികാരനിർഭരമായ കൂടിക്കാഴ്ച്ചയാണ് ഇന്ന് യെമനിലെ സന്‍ആയിലെ ജയിലിൽ നടന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിമിഷയുടെ അമ്മ പ്രേമകുമാരിയും ഒപ്പമുള്ള സാമുവേൽ ജെറോമും ഇന്ത്യൻ എംബസി അധികൃതരും ജയിലിൽ എത്തിയത്. നിമിഷയെ കാണാൻ അമ്മയ്ക്ക് മാത്രമാണ് അനുവാദം നൽകിയത്. ജയിലിൽ ഫോൺ അനുവദിച്ചിരുന്നില്ല.

പ്രത്യേക മുറിയിലാണ് അമ്മയ്ക്ക് നിമിഷപ്രിയ കാണാൻ ജയിൽ അധികൃതർ സൌകര്യം ഒരുക്കിയത്. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്ക് ജയിൽ അധികൃതർ അനുമതി നൽകിയിരുന്നു. നിമിഷക്കൊപ്പമാണ് പ്രേമകുമാരി ഉച്ചഭക്ഷണം കഴിച്ചത്. കൂടിക്കാഴ്ച അതിവൈകാരികമായിരുന്നുവെന്ന് ഇവർക്കൊപ്പം ഉള്ള  സാമുവൽ ജെറോം പറഞ്ഞു.

ഇനി മോചനം സംബന്ധിച്ചുള്ള ചർച്ചകൾ ഊർജ്ജിതമാക്കാനാണ് ശ്രമം. ഉടൻ തന്നെ കൊല്ലപ്പെട്ട യമൻ പൗരന് കുടുംബവുമായും ഗോത്രവർഗ നേതാക്കളും കൂടിക്കാഴ്ച്ചയ്ക്കാണ് ശ്രമം.  യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios