സോളാര്‍ കുരുക്കില്‍ ഉമ്മന്‍ ചാണ്ടി

Important points of solar commission report

തിരുവനന്തപുരം: പ്രമാദമായ സോളാര്‍ തട്ടിപ്പില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. ഇന്ന് നടന്ന പ്രത്യേക നിമയസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയുടെ മേശപ്പുറത്തു വച്ച കേരളരാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കും മുന്‍മുഖ്യമന്ത്രിയുടെ ഓഫീസിനും മന്ത്രിമാര്‍ക്കുമെതിരെ ഗുരുതര കണ്ടെത്തലുകളാണുള്ളത്. ഉപഭോക്താക്കളെ വഞ്ചിക്കാൻ ഉമ്മൻചാണ്ടിയും പേഴ്സണൽ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചെന്ന് വ്യക്തമാക്കുന്ന കമ്മീഷൻ റിപ്പോട്ടിലെ ചില പ്രധാന കണ്ടെത്തലുകള്‍ ഇതാ.

ഉമ്മൻചാണ്ടിക്ക് കിട്ടിയത് 32 ലക്ഷം
മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി സരിതയിൽനിന്ന് 32 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കമ്മീഷന്‍റെ സുപ്രധാന കണ്ടെത്തല്‍. പരാതിക്കാരനായ മല്ലേലിൽ ശ്രീധരൻനായരിൽ നിന്ന് വാങ്ങിയ 40 ലക്ഷം രൂപയില്‍ നിന്നും 32 ലക്ഷം രൂപ ഉമ്മന്‍ ചാണ്ടിക്ക് സരിത കോഴയായി നൽകുകയായിരുന്നു.

വഞ്ചനക്ക് മുഖ്യമന്ത്രിയുടെ കൈയ്യൊപ്പ്
ഉപഭോക്താക്കളെ വഞ്ചിക്കാൻ ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിയുടെ ഓഫീസും പേഴ്സണൽ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചു . മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്ര ബിന്ദു. ഉപഭോക്താക്കളെ വഞ്ചിക്കാനാകും വിധം ടീം സോളാറിന് അവസരമൊരുക്കിയത് ഉമ്മൻചാണ്ടിയും ഓഫീസും. ഇതിനൊക്കെ  പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്. കേസെടുത്ത് അന്വേഷിക്കണം.

ഉമ്മന്‍ ചാണ്ടി പറഞ്ഞ കള്ളം
സരിതയെ പരിചയമില്ല എന്ന് ഉമ്മൻചാണ്ടി പറഞ്ഞിരുന്നു. ഇത് തെറ്റായിരുന്നു. ടീം സോളാർ കമ്പനി ആരംഭിച്ച 2011 മുതൽ തന്നെ ലക്ഷ്മി നായർ എന്ന പേരിൽ ഉമ്മൻചാണ്ടിക്ക് സരിതയെ അറിയാമായിരുന്നു. ഉമ്മൻചാണ്ടിയും സരിതയും തമ്മിൽ അറിയില്ലെന്ന വാദം പൊളിക്കാൻ മൂന്നു സംഭാഷണങ്ങളും രണ്ട് സാഹചര്യ തെളിവുകളും സോളാർ കമീഷൻ മുന്നോട്ടു വെക്കുന്നു.

ഇതാ തെളിവുകള്‍
ഉമ്മന്‍ ചാണ്ടിയും സരിതയും തമ്മിലുള്ള ബന്ധത്തിന് ഉമ്മൻചാണ്ടിയുടെ അനുയായി തോമസ് കൊണ്ടോട്ടിയുമായി സംസാരിക്കുന്നതിന്‍റെ ശബ്ദരേഖയും മറ്റ് അനുബന്ധ രേഖകളും തെളിവാണ്. ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമുള്ള തോമസ് കൊണ്ടോട്ടി സരിതയുമായി നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖ, പി. മാധവൻ എം.എൽ.എ സരിതയുമായി നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖ, മൗണ്ട് സിയോൻ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കളമണ്ണിൽ ഉമ്മൻചാണ്ടി സന്ദർശിച്ച് മടങ്ങിയ ശേഷം സരിതയുടെ ഡ്രൈവർ വേണുഗോപാലുമായി സംസാരിക്കുന്നതിന്‍റെ ഓഡിയോ, വിഡിയോ ദൃശ്യങ്ങൾ എന്നിവയാണ് പ്രധാന തെളിവായി റിപ്പോർട്ടിൽ പറയുന്നത്. ഇതുകൂടാതെ 2011ൽ മുഖ്യമന്ത്രിയുടെ പി.എ വിളിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാമെന്ന് സരിത അറിയിച്ചതും സോളാർ കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണൻ സ്വകാര്യമായി മുഖ്യമന്ത്രിയെ കണ്ടതും സാഹചര്യ തെളിവുകളാണെന്നും കമീഷൻ പറയുന്നു.

ലൈംഗികാരോപണം വാസ്തവം
സരിതയുടെ ലൈംഗികാരോപണത്തിൽ വാസ്തവമുണ്ട്.  അധികാരദുർവ്വിനിയോഗവും അഴിമതിയും ലൈംഗിക ചൂഷണവും കെട്ടുപിണഞ്ഞുകിടക്കുന്നു എന്നാണ് കമ്മീഷന്റെ നിഗമനം. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കണമെന്നാണ് കമ്മീഷന്‍ പറയുന്നത്. അധികാര ദുർവിനിയോഗത്തിനൊപ്പം  ലൈഗിംക ചൂഷണവും വിശദമായി പറയുന്നുണ്ട്  ജുഡീഷ്യൽ റിപ്പോർട്ട്. ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ പുറത്തുവിട്ട സരിത എസ് നായരുടെ കത്ത്, കമ്മീഷൻ റിപ്പോ‍ട്ടിൻറെ ഭാഗമാക്കിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയും ആര്യാടനുമടക്കം പത്ത് പേരാണ് ആരോപണവിധേയർ.

സരിത  2013 ജൂലൈ 19ന് എഴുതിയ കത്തിൽ നിന്നാണ് മുൻ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും നടത്തിയ ലൈംഗിക ചൂഷണത്തെ കുറിച്ചുള്ള നിഗമനത്തിലേക്ക് കമ്മീഷൻ എത്തുന്നത്. ലൈംഗിക ചൂഷണത്തിൻറെ തെളിവുകള്‍ പുറത്തുവിടാതിരിക്കാൻ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ ഇടപെടലിന്‍റെ ഡിജിറ്റൽ തെളിവുകളും കമ്മീഷൻ പരിശോധിച്ചു. സോളാർ പദ്ധതി നടപ്പാക്കാനും നയം സഹായകരമാക്കാനുമായാണ് മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും  കണ്ടതെന്നാണ് സരിതയുടെ മൊഴി. ഈ പരിചയത്തിലൂടെ പല കാര്യങ്ങള്‍ക്കും ഇടനിലക്കാരിയാക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്നും  കമ്മീഷൻ നിഗമനമുണ്ട്.

ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ്, എ.പി.അനിൽകുമാ‍ർ, അടൂർ പ്രകാശ്, കെ.സി.വേണുഗോപാൽ, മുൻ കേന്ദ്രമന്ത്രി പളനി മാണിക്യം,  കെപിസിസി ജനറൽ സെക്രട്ടറി എൻ.സുബ്രമണ്യൻ, ഹൈബി ഈഡൻ, എഡിജിപി പത്മകുമാ‍ർ എന്നിവർക്കെതിരെയാണ് ലൈംഗികാരോപണം. ഐജി അജിത്കുമാറും, പി.സി.വിഷ്ണുനാഥും ഫോണിൽ വിളിച്ച് ലൈഗിംക ചുവയോടെ സംസാരിച്ചുവെന്നും പറയുന്നു.

സോളാര്‍ നയം തന്നെ മാറ്റിയെഴുതി
സരിതയുടെ ടീം സോളാറിന് മെഗാ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന്‍റെ സോളാര്‍ നയം തന്നെ മാറ്റിയെഴുതി. ഇതിന് ഊര്‍ജ വകുപ്പിന്‍റെ ഫയൽ തെളിവ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരവും ലൈസന്‍സും കൊടുക്കാമെന്നും സരിതക്ക് ഉറപ്പു നല്‍കി .

ആര്യാടന്‍റെ വഴിവിട്ട സഹായങ്ങള്‍
വൈദ്യുത മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് ടീം സോളാറിനെ പരമാവധി സഹായിച്ചു. ടീം സോളാര്‍ കമ്പനിക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ അനുമതിയും ലൈസൻസും നേടിക്കൊടുക്കാമെന്ന് ഉറപ്പ് നൽകിയത് ഉമ്മൻചാണ്ടിയും ആര്യാടൻ മുഹമ്മദും. അനര്‍ട്ടിനെ ഉപയോഗിച്ച് 2013 ൽ ടീം സാളാറിന് അനുകൂലമായി സോളാര്‍ നയം തന്നെ രൂപപ്പെടുത്തി. കോട്ടയം കോടിമതയിലും ഔദ്യോഗിക വസതിയിലും വച്ചുമായി നാല്‍പതു ലക്ഷം രൂപ കൈമാറി . ആര്യാടനെതിരായ സരിതയുടെ ആരോപണത്തിൽ കഴമ്പുണ്ട് . കോട്ടയം കോടിമതയിലെ കെ.എസ്.ഇ.ബി എന്‍ജിനിയേഴ്സ് അസോസിയേഷന്‍ സമ്മളനത്തിലെ സി ഡി തെളിവായുണ്ട് . ടീം സോളാർ സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്തവരും അഴിമതിക്ക് കൂട്ടുനിന്നെന്നും കമ്മീഷന്‍ കണ്ടെത്തി. 

തിരുവഞ്ചൂരെന്ന രക്ഷകന്‍
സോളാര്‍ തട്ടിപ്പ് മായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഓഫീസിനും എതിരായ ആരോപണങ്ങൾ ഒഴിവാക്കാൻ നടന്നത് ബോധപൂര്‍വ്വമായ ശ്രമമാണെന്നാണ് സോളാര്‍ ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. ആഭ്യന്തരവും വിജിലൻസും കൈകാര്യം ചെയ്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പൊലീസ് സംവിധാനം ഉപയോഗിച്ച് ഉമ്മൻചാണ്ടിയെയും സംഘത്തെയും ക്രിമിനൽ ബാധ്യതയിൽ നിന്ന് ഒഴിവാക്കിയെന്ന് ഉറപ്പ് വരുത്തി. എന്നാല്‍ തിരുവഞ്ചൂരിനെതിരായ മറ്റ് ആരോപണങ്ങൾക്ക് തെളിവില്ല.

തോമസ് കുരുവിളക്ക് 25 ലക്ഷം
ഉമ്മന്‍ ചാണ്ടിയുടെ ഡല്ലിയിലെ സഹായി തോമസ് കുരുവിളക്ക് സരിത 25 ലക്ഷം കൈമാറിയെന്നത് സാഹചര്യത്തെളിവുകളുടെയും ഫോണ്‍ രേഖകളുടെയും   അടിസ്ഥാനത്തിൽ കഴമ്പുള്ളതാണ് . തോമസ് കുരുവിള ഇടപ്പഴഞ്ഞിയിലെ വീട്ടിലെത്തി 90 ലക്ഷം രൂപ കൈപ്പറ്റിയെന്നതും സോളാര്‍ തട്ടിപ്പിലെ അഴിമതി ആരോപണമാണ്.

ടെനി ജോപ്പന്‍ ഉപഹാരം വാങ്ങി
ടെനി ജോപ്പൻ സരിതയിൽ നിന്ന് പണവും ഉപഹാരവും കൈപ്പറ്റിയെന്നും തെളിഞ്ഞു

തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും ഇടപെട്ടു
മുഖ്യമന്ത്രിയെ കേസിൽ നിന്ന് ഒഴിവാക്കാൻ തമ്പാനൂര്‍ രവി സരിതയുമായി സംസാരിച്ചതിന് തെളിവുണ്ട്. കേസ് ഒതുക്കാൻ ബെന്നിബഹ്നാനും എബ്രഹാം കലമണും ഇടപെട്ടതിന്റെ ശബ്ദ ദൃശ്യതെളിവുകളുമുണ്ട്. ടീം സോളാർ കമ്പനിയുടെ സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്തവരും അഴിമതിക്ക് കൂട്ടുനിന്നു.

അന്വേഷണം അട്ടിമറിക്കാന്‍ പ്രത്യേക സംഘം
എ ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും അന്വേഷണം അട്ടിമറിച്ചു. പ്രത്യക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം തന്നെ സംശയാസ്പദമായിരുന്നു. മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയും നിയമസഭാംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ ഇടപെടലുകളെ കുറിച്ച് ഒരന്വേഷണവും നടത്തിയില്ല. കേസ് ഡയറിയും മൊഴികളും ഫോണ്‍ രേഖകളും ലഭ്യമായ ഡിജിറ്റൽ തെളിവുകളും വേണ്ടവിധം പരിശോധിച്ചില്ല. സരിത പറഞ്‍ കാര്യങ്ങളിലും ടീം സോളാര്‍ അഴിമതിക്കേസിലും കൃത്യമായ അന്വേഷണമുണ്ടായില്ല.

കത്തിൽ പേരുള്ളവർക്ക് സരിതയുമായി ബന്ധമുണ്ട്
സരിതയുടെ കത്തിൽ പേരുള്ളവർക്ക് സരിതയുമായും അഭിഭാഷകനുമായും ബന്ധമുണ്ട് . ഇത് ഫോൺരേഖകളിൽ നിന്ന് വ്യക്തമാണ്. ആരോപണ വിധേയർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios