വിവാഹം ഒഴിവാക്കാം; പക്ഷേ അതൊരു ഒളിച്ചോട്ടമാവരുത്!
പിതാ രക്ഷതി കൗമാരെ
ഭര്‍ത്താ രക്ഷതി യൗവനെ
പുത്രോ രക്ഷതി വാര്‍ദ്ധക്യ
ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി!
മനുസ്മൃതിയിലെ പ്രശസ്തമായ ഈ നാല് വരികളും ചേര്‍ത്ത് വായിച്ചാല്‍ അതിന്റെ യഥാര്‍ത്ഥ അര്‍ഥം നമുക്ക് മനസ്സിലാക്കാം. കൗമാരത്തില്‍ പിതാവിന്റെയും യൗവനത്തില്‍ ഭര്‍ത്താവിന്റെയും വാര്‍ധക്യത്തില്‍ പുത്രന്റെയും സംരക്ഷണത്തിലാണ് സ്ത്രീ. കൂടാതെ മറ്റൊന്നുകൂടി മനുസ്മൃതിയില്‍ പറയുന്നു.
സ്ത്രീ എപ്രകാരമുള്ള ഭര്‍ത്താവിനോട് വിവാഹംകൊണ്ടു യോജിപ്പിക്കപ്പെടുന്നുവോ അവളും സമുദ്രത്തോട് ചേരുന്ന പുഴപോലെ അതേ ഗുണമുള്ളവളായി തീരുന്നു. അതിനാല്‍ വരനെ തെരഞ്ഞെടുക്കുമ്പോള്‍ അവന്‍ സദ്ഗുണവാന്‍ ആയിരിക്കണമെന്ന് മനുവിന് നിര്‍ബന്ധമുണ്ടായിരുന്നു.
ഈ വരികളെല്ലാം ഓര്‍ത്തുകൊണ്ട് തന്നെ വിഷയത്തിലേക്കു വരാം. വിവാഹം കഴിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കും പുരുഷനുമുണ്ട്. വേണമെങ്കില്‍ കഴിക്കാം വേണ്ടെങ്കില്‍ കഴിക്കേണ്ട. എന്നാല്‍ ഞാന്‍ വിവാഹം കഴിക്കുന്നില്ല എന്നുപറയുമ്പോള്‍ ഇന്നത്തെ ചുറ്റുപാടുകളെക്കൂടി കണക്കിലെടുത്തുകൊണ്ട് അതൊരു ധീരമായ തീരുമാനമായിരിക്കണം അല്ലാതെ ഒരു ഒളിച്ചോട്ടമാവരുത് .
ഒരു പെണ്ണ് ഒരുപാട് സ്വപ്നങ്ങളുമായാണ് ഒരു വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്. അവളെ സംബന്ധിച്ച് ഒരു വലിയ പറിച്ചു നടീല്‍ തന്നെയാണ് അത്. ഇത്രയും നാള്‍ ഓടിച്ചാടി നടന്ന വീടും മാതാ പിതാക്കളെയും സഹോദരങ്ങളെയുമെല്ലാം വിട്ടു ജീവിത ശൈലിയിലും പെരുമാറ്റ രീതിയിലും വ്യത്യസ്തതയുള്ള മറ്റൊരു കുടുംബത്തിലേക്ക് ഒരംഗമായി കയറിച്ചെല്ലുക എന്ന് പറയുന്നത് ഒരു നിസ്സാര കാര്യമല്ല. അതിനുള്ള ക്ഷമയും സഹനശക്തിയും സ്ത്രീക്ക് മാത്രമേ ഉള്ളു.
സ്ത്രീകള്‍ പുറത്തുപോയി ജോലിചെയ്യുന്നത് തന്നെ കുടുംബത്തിന് മോശമാണെന്നു കരുതുന്ന ഒരു പഴയ കാലഘട്ടമുണ്ടായിരുന്നു നമുക്ക്. (ഇന്നും അങ്ങിനെ കരുതുന്നവരുണ്ട്). പിറന്നുവീണു മരണം വരെ വീടിനുള്ളില്‍ തന്നെ. വിവാഹം വരെ ജനിച്ച വീട്ടില്‍ പിന്നെ ഭര്‍ത്താവിന്റെ വീട്ടില്‍. പുറത്തുപോയാല്‍ അവള്‍ 'വഴിതെറ്റി' പോകുമത്രേ. ഇന്ന് കാലം മാറിയെങ്കിലും സ്ത്രീകളോടുള്ള നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വലിയൊരു മാറ്റം വന്നിട്ടുമില്ല. മാറ്റം വന്നിട്ടുള്ളത് സ്ത്രീകള്‍ ജോലിക്കു പോകുന്നു. സ്വന്തമായി സമ്പാദിക്കുന്നു . സ്വന്തമായി തീരുമാനങ്ങളുമെടുക്കുന്നു എന്ന് മാത്രമല്ലാതെ സമൂഹം അവരെ കാണുന്നത് ഏതാനും പടികള്‍ക്കു താഴെ തന്നെയാണ്. വിവാഹ ജീവിതത്തിലും ഉണ്ടാവുന്ന ഈ താഴ്ത്തികെട്ടലുകള്‍ അവളെ മാനസികമായി തകര്‍ക്കുന്നു .
താലികെട്ടി കൈപിടിച്ച പുരുഷനില്‍ നിന്നും അവളാഗ്രഹിച്ച സ്‌നേഹവും സുരക്ഷിതത്വവും ബഹുമാനവും കിട്ടാതെ വരുമ്പോള്‍ ഭര്‍ത്താവിനെ ഒരു കടലോളം സ്‌നേഹിക്കണമെന്ന മനസുള്ള ഏതൊരു സ്ത്രീയുടെയും മനസ്സില്‍ അന്നുവരെ ഉണ്ടായിരുന്ന നിറങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും മങ്ങലേല്‍ക്കും എന്നതില്‍ യാതൊരു സംശയവുമില്ല.
വരുന്ന പുരുഷന്‍ ഏതു സ്വഭാവക്കാരനാണെന്നു മുന്‍കൂട്ടി കാണാനുള്ള ഒരു മരുന്നും മന്ത്രവും നമുക്കില്ല. എന്നാല്‍ എല്ലാം അറിയാവുന്ന ഒരാളെ വിവാഹം ചെയ്താലും പ്രശ്‌നങ്ങള്‍ സംഭവിക്കുന്നുണ്ട്. വിവാഹം എന്ന് പറയുന്നത് രണ്ടു വ്യത്യസ്ത സ്വഭാവക്കാര്‍ തമ്മിലുള്ള കൂടിച്ചേരലാണ് അതുകൊണ്ട് തന്നെ ഒരു നല്ല കുടുംബ ജീവിതം ഉണ്ടാവണമെങ്കില്‍ ഇവര്‍ രണ്ടുപേരും ഒരു പോലെ വിചാരിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളു.
വിവാഹത്തോടെ തനിക്കു ഉണ്ടായിരുന്ന സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങു വീണു എന്നത് അംഗീകരിക്കുമ്പോള്‍ തന്നെ ആ സ്വാതന്ത്ര്യം കിട്ടിയവരില്‍ അത് എത്രത്തോളം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയവരുണ്ട് എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും വിവാഹം ഒരു കൂച്ചുവിലങ്ങു തന്നെയാണ് എന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ.
വസ്ത്രം മാറുന്ന ലാഘവത്തോടെ ഡിവോഴ്‌സുകള്‍ നടത്തുന്നവരുടെയും മറ്റുള്ളവരുടെ പിറകെ പായുന്നവരുടെയും എണ്ണം ഇന്ന് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ ഒരു സ്വയം വിലയിരുത്തലിന് ആരും തയ്യാറാവുന്നില്ല. സ്വപ്നമല്ല യാഥാര്‍ഥ്യം എന്ന് മനസ്സിലാക്കാനുള്ള ഒരു മനസ്സ് നമ്മള്‍ക്കോരോരുത്തര്‍ക്കുമുണ്ടാകേണ്ടതുണ്ട്. ഞാന്‍ എന്റേത് എനിക്ക് എന്ന സ്വാര്‍ത്ഥതയില്‍ നിന്നും നമ്മള്‍ നമ്മുടേത് നമുക്ക് എന്ന പങ്കുവെക്കലുകളുള്ള എത്ര സ്ത്രീയും പുരുഷനുമുണ്ട് നമുക്കിടയില്‍. ഈ പങ്കുവെക്കലുകള്‍ക്കു വിവാഹജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ട്. പങ്കാളിയുടെ കുറ്റവും കുറവും ക്ഷമിച്ചു താല്പര്യങ്ങള്‍ മനസ്സിലാക്കി പരസ്പര ബഹുമാനത്തോടെ പ്രണയം പങ്കുവെച്ചു മുന്നോട്ട് പോയാല്‍ സംതൃപ്തിയുള്ള ഒരു കുടുംബ ജീവിതം തന്നെയാവും ലഭിക്കുക. പ്രശ്‌നങ്ങള്‍ ഇല്ലാത്ത ജീവിതമുണ്ടാവില്ല. അത് ക്ഷമയോടെ പരിഹരിക്കുകയാണ് വേണ്ടത്.
എത്രകണ്ട് സ്‌നേഹിച്ചാലും ബഹുമാനിച്ചാലും താല്പര്യങ്ങള്‍ മനസ്സിലാക്കിയാലും മറ്റൊരുവന്റെ കൂടെ പോകുന്നവരുമുണ്ട്. സ്വന്തം ഭര്‍ത്താവില്‍ നിന്നും കിട്ടുന്ന സ്‌നേഹത്തേക്കാള്‍ പരിഗണനയെക്കാള്‍ കൂടുതല്‍ മറ്റൊരാളില്‍ കാണുന്നുമ്പോള്‍ അയാളുടെ കൂടെ ഓടിപോകുന്നവര്‍ ഓര്‍ക്കേണ്ടുന്ന ഒരുകാര്യം അക്കരപ്പച്ചകള്‍ തേടിയാണ് നിങ്ങള്‍ ഓടുന്നത്. നിങ്ങള്‍ തന്നെ പറയുന്നു നഷ്ടപെടാനുള്ളത് നിങ്ങള്‍ക്ക് മാത്രമാണെന്ന് പുരുഷനൊന്നുമില്ലായെന്നും!
എന്നാല്‍ ഒരല്പം പോലും സ്‌നേഹം ലഭിക്കാതെ നരകയാതന അനുഭവിക്കുന്ന പീഢനമനുഭവിക്കുന്ന എത്രയോ സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. മറ്റൊരു വഴിയുമില്ലാതെ എല്ലാം സഹിച്ചു കഴിയുന്നവരുമുണ്ട്. സഹികെട്ടു ജീവിതം തന്നെ അവസാനിപ്പിക്കുന്നവരുമുണ്ട്. സംരക്ഷണത്തിന് പകരം പിതാവില്‍ നിന്നും എത്രയോ പെണ്‍കുട്ടികള്‍ പീഢനമനുഭവിക്കുന്നു! ഭര്‍ത്താവില്‍ നിന്നുമുള്ള സംരക്ഷണം കിട്ടാതെ എത്രയോ സ്ത്രീകള്‍ മാനസികമായി തകര്‍ന്നു പോകുന്നു! പുത്രനില്‍ നിന്നും സംരക്ഷണം ലഭിക്കാതെ എത്രയോ മാതൃജന്മങ്ങള്‍ വഴിയാധാരമായി പോകുന്നു!
സ്ത്രീകള്‍ക്ക് മേലുള്ള ഈ കടന്നു കയറ്റത്തിന് പുരുഷസമൂഹത്തെ കുറ്റപെടുത്തിയിട്ടോ വിവാഹ ജീവിതത്തെ തള്ളിപ്പറഞ്ഞതുകൊണ്ടോ പരിഹാരമാവില്ല. (ഇവയൊക്കെ അനുഭവിക്കുന്ന പുരുഷന്മാരും നമുക്കിടയിലുണ്ട്). ഇത് ഓരോ വ്യക്തിയുടെയും സ്വഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്. അപ്പോള്‍ മാറ്റം സംഭവിക്കേണ്ടതു വ്യക്തിജീവിതത്തിലാണ്. സ്വന്തം കുടുംബമാണ് ഇതിന്റെ അടിത്തറ. അവിടെ നിന്നുമാണ് ഓരോ വ്യക്തിയും സമൂഹത്തിലേക്കിറങ്ങുന്നത്. ജനിച്ചത് പെണ്ണാണല്ലോ എന്നോര്‍ത്തു പരിതപിക്കാതെ സ്വന്തം മക്കളെ വളര്‍ത്തുമ്പോള്‍ തന്നെ ആണെന്നും പെണ്ണെന്നും ഉള്ള വേര്‍തിരിവില്ലാതെ ഒരാള്‍ക്ക് കൂടുതലും മറ്റേയാള്‍ക്കു കുറവും നല്‍കാതെ തുല്യതയോടെ വളര്‍ത്തികൊണ്ടുവരണം. പെണ്ണും ആണിനെപോലെ ഈ സമൂഹത്തിലെ ഒരു വ്യക്തിയാണെന്നോര്‍ക്കുക.
മാറ്റങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ നല്ലൊരു വിവാഹ ജീവിതം വേണമെന്നുണ്ടെങ്കില്‍ നല്ലൊരു കുടുംബം വേണമെന്നുണ്ടെങ്കില്‍ സ്വന്തം കുടുംബത്തിലേക്കൊന്നു തിരിഞ്ഞു നോക്കുക കുടംബത്തിലെ ഓരോ വ്യക്തികളിലേക്കും നോക്കുക...തുടച്ചു വൃത്തിയാക്കല്‍ അവിടുന്ന് തന്നെ തുടങ്ങട്ടെ.
(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)
മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?
നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!
ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!
ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!
മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!
നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും വിവാഹം എന്ന ഉത്തരവും!
ഹാഷിം പറമ്പില്‍ പീടിക: 'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍ കുരുപൊട്ടുന്നവര്‍'
അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍ ഒന്നുമല്ല; എങ്കിലും...
റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?
അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?
ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!
ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!
ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!
ദീപ സൈറ: എന്തുകൊണ്ട് അവര്‍ വിവാഹത്തെ ഭയപ്പെടുന്നു?
ഡിനുരാജ് വാമനപുരം: ആ ഒളിച്ചോട്ടങ്ങള്‍ സ്ത്രീകളുടെ അഹങ്കാരം!
ജയാ രവീന്ദ്രന്‍: ആണ്‍കുട്ടികള്‍ക്കുമില്ലേ വിവാഹപ്പേടി?
ഇന്ദു: സ്വപ്നങ്ങളുടെ ചൂളയില്‍ അവള്‍ ഇനിയെത്ര എരിയണം?
അനു കാലിക്കറ്റ്: വീടകങ്ങളില്‍ കാറ്റും വെളിച്ചവും നിറയട്ടെ!
നിഷ സൈനു : അതിലും നല്ലത് ഒറ്റയ്ക്കുള്ള ജീവിതമാണ്!
അമൃത അരുണ്‍ സാകേതം: പെണ്‍കുട്ടികള്‍ പിന്നെങ്ങനെ വിവാഹത്തെ ഭയക്കാതിരിക്കും?ഷില്‍ബ ജോസ്: വിവാഹം കഴിക്കുന്നില്ല എന്നൊരു പെണ്‍കുട്ടി തുറന്നു പറഞ്ഞാല്‍...