പ്രണയത്തെ മനസ്സിലാക്കാന്‍ കേരളം എന്ന് പഠിക്കും?
- എനിക്കും ചിലത് പറയാനുണ്ട്-
- ആരതി പി നായര്‍ എഴുതുന്നു
എനിക്കും ചിലത് പറയാനുണ്ട്-പുതിയ പരമ്പര ആരംഭിക്കുന്നു
................
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
പ്രണയത്തിന്റെ കടുംചുവപ്പുമേന്തി ഒരുഭാഗത്ത് ഗുല്‍മോഹര്‍ പൂത്തു നില്‍ക്കുന്നു. താഴെ ഒരു കരിങ്കല്ലില്‍ ഗുരുദേവ ലിഖിതം: 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്. ഒരു ചെറിയ ബസ് യാത്രയിലായിരുന്നു. ഗുല്‍മോഹറിന്റെ ചുവപ്പും ഗുരുവചനമുള്ള ശിലാലിഖിതവും മുന്നില്‍ നില്‍ക്കെ മൊബൈല്‍ ഒന്നു മൂളി. പുതിയതായി സബ്‌സ്‌ക്രൈബ് ചെയ്ത വാര്‍ത്താ ചാനലിന്റെ നോട്ടിഫിക്കേഷന്‍.
വാര്‍ത്ത വേറൊന്നുമായിരുന്നില്ല. കേരളത്തിലെ ദുരഭിമാനക്കൊലയെ പറ്റി തന്നെയായിരുന്നു. നീനുവിനെയും കെവിനെയും കുറിച്ചുള്ള വാര്‍ത്ത. അവരുടെ ദുര്‍വിധിക്ക് കാരണമായി പറയുന്നത് പ്രണയമാണ്. ഇഷ്ടപ്പെട്ടവര്‍ ഒന്നായി ജീവിച്ചാല്‍, ആകാശം ഇടിഞ്ഞു വീഴുമെന്നതു പോലെ കൊല കൊണ്ട് പ്രണയത്തെ നേരിടുന്ന നാട്. ഇതെന്തൊരു സമൂഹമാണ്? ഇതാണോ നിങ്ങളീ പറയുന്ന സംസ്‌കാരം?
പ്രണയത്തെ മനസ്സിലാക്കാനുള്ള മൂപ്പ് ഇനിയും കേരളത്തിനെത്തിയില്ല. ഇപ്പോള്‍ ചിന്തിക്കുമ്പോളെല്ലാം പ്രണയം കുറ്റകൃത്യമാണെന്ന് തോന്നി പോകും. കൊല്ലപ്പെടാനുള്ള കാരണം. ജീവിച്ചിരിക്കാതിരിക്കാനുള്ള കാരണം. അത്രയ്ക്ക് പ്രണയത്തെ പേടിയുള്ള മറ്റൊരു സമൂഹം എങ്ങുമുണ്ടാവാന്‍ വകയില്ല.
അച്ഛന്റെയും അമ്മയുടെയും ആത്മഹത്യാ ഭീഷണിയും സമൂഹത്തിന്റെ ചീഞ്ഞ വര്‍ത്തമാനവും കേട്ട്, പ്രണയത്തെ കൊന്ന് കൊലവിളിച്ച് മറ്റൊരുവന്റെ മുന്നില്‍ അടിയറവു പറയുമ്പോള്‍ പെണ്ണനുഭവിക്കുന്ന സങ്കടം ആരുമറിയാറില്ല. കത്തുന്ന പ്രണയം ഉള്ളു പൊള്ളിക്കുമ്പോള്‍ പലപ്പോഴും അവന്‍ പോലും നല്ലൊരു പേര് അവള്‍ക്ക് ചാര്‍ത്തി കൊടുക്കു. തേപ്പുകാരി. സമൂഹത്തിന്റെ മൂപ്പെത്താത്ത കണ്ണുകളും എല്ലില്ലാത്ത നാക്കിന്റെ മൂര്‍ച്ചയും കാണുമ്പോള്‍ അവളെടുത്ത തീരുമാനമാകാം അത്. ഒടുവില്‍ കെട്ടിയാലും മനസില്‍ കടന്നു വരുന്ന പ്രണയത്തിനു മുമ്പില്‍ താലിച്ചരട് അറുത്ത് പുറത്ത് വന്നാലും വഞ്ചിച്ചവളെന്ന വിളിപ്പേര്. പകരം പ്രണയിച്ചവനു വേണ്ടി ഇറങ്ങി വന്നാല്‍. കശാപ്പുശാലയിലെ ആടുമാടുകളെ പോലെ കുരുതി കൊടുക്കേണ്ടി വരുന്നത് അവന്റെ ശരീരം.
നഷ്ടബോധമില്ലാത്ത ഒരു ദിവസമുണ്ടാകുമോ അവള്‍ക്കിനി?
ചോദ്യം ഇതാണ്.
നിങ്ങള്‍ പ്രണയത്തിനെ എന്തിനാണ് ഭയക്കുന്നത്?
ഇഷ്ടപ്പെട്ട രണ്ടു മനുഷ്യര്‍ ഒന്നിച്ചു ജീവിക്കുക എന്നത് അവരവരുടെ ജീവിതത്തിന്റെ അര്‍ത്ഥം തിരിച്ചറിയാനാവുക എന്നത് തന്നെയാണ്. നിങ്ങളുടെ മക്കള്‍ക്ക ലോകത്തുള്ള മറ്റാരേക്കാളും സന്തോഷത്തോടെ ജീവിക്കാനുള്ള അവസ്ഥയാണത്. അവരുടെ ജീവിതം മാത്രമല്ല. കുടുംബങ്ങളുടെയും സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താനുള്ള ഉപാധി. പ്രണയമില്ലാത്ത ദാമ്പത്യം പോലൊരു നരകമില്ലെന്ന് തിരിച്ചറിയുന്നവര്‍ പോലും സ്വന്തം മക്കള്‍ പ്രണയിക്കുമ്പോള്‍ ഇങ്ങനെ ഭയക്കുന്നതും കുടുംബ മഹിമയെയും അഭിമാനത്തെയും ചൊല്ലി പുളകിതരാവുന്നതും എന്തിനാണെന്ന് മനസ്സിലാവുന്നേയില്ല.
കെവിനെ കൊന്നൊടുക്കിയപ്പോള്‍ നിങ്ങള്‍ എന്താണ് നേടിയത്? ജയിലോ? തടവു ശിക്ഷയോ? അതോ അഭിമാനമോ? എന്ത് അഭിമാനം കൊണ്ടാണ് നിങ്ങള്‍ സ്വന്തം മകളുടെ കണ്ണീരു തുടയ്ക്കുക. ഒരു കുടുംബത്തെ മുഴുവന്‍ ദുരന്തത്തിന് ഇരയാക്കിയിട്ട് നിങ്ങള്‍ എന്ത് അഭിമാനമാണ് കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നത്? അവളുടെ പ്രണയത്തിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തപ്പോള്‍ നിങ്ങളെന്ത് നേടി? നഷ്ടബോധമില്ലാത്ത ഒരു ദിവസമുണ്ടാകുമോ അവള്‍ക്കിനി?
ഏറ്റവും ജൈവികമായ, സ്വാഭാവികമായ ഒരു വികാരമാണ് മനുഷ്യരെ, പ്രണയം. ഇഷ്ടമുള്ളവര്‍ തമ്മിലുള്ള ജീവിതം പോലെ ഏറ്റവും മനോഹരമായ ഒന്ന്. ഏറ്റവും സുരക്ഷിതവും ഏറ്റവും സമാധാനവും തരുന്ന ഒന്ന്. ആണും പെണ്ണും പരസ്പരം ഇഷ്ടപ്പെടാനുള്ളവരാണ്. അവര്‍ അങ്ങനെ ഇഷ്ടപ്പെടട്ടെ. ഒരുമിച്ച് ജീവിക്കട്ടെ. അതു കൊണ്ട് ഒരാകാശവും ഇടിഞ്ഞു വീഴില്ല. പണവും ദുരഭിമാനവുമെല്ലാം ചേര്‍ന്ന് നിങ്ങളെ മനുഷ്യരല്ലാതാക്കി മാറ്റുകയാണ് ഇതിലൂടെ എന്ന് ഇനിയെങ്കിലും തിരിച്ചറിയുമോ?
കേരളത്തിന് എന്നെങ്കിലും പ്രണയത്തെ മനസ്സിലാക്കാനുള്ള പാകത കൈവരുമോ?
അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?