കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

  • എനിക്കും ചിലത് പറയാനുണ്ട്-
  • അനു അശ്വിന്‍ എഴുതുന്നു
speak up Anu Aswin

എനിക്കും ചിലത് പറയാനുണ്ട്-പുതിയ പരമ്പര ആരംഭിക്കുന്നു
................
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.


speak up Anu Aswin
ഒരൊറ്റ നോട്ടം കൊണ്ട് തന്നെ ജീവിതത്തിലുടനീളം ചേര്‍ത്തു പിടിക്കാന്‍ കൊതിപ്പിക്കുന്നവരും അതിലേറെ മുഖം പിടിച്ചു റോഡില്‍ ഉരക്കുവാന്‍ തോന്നിപ്പിക്കുന്നവരുമുളള സമൂഹത്തിലാണ് ജീവിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങളാകും ഓരോ പെണ്ണിനും അവള്‍ക്ക് നെരെ ആഴ്ന്നിറങ്ങുന്ന നോട്ടങ്ങളെ പറ്റി പറയാനുണ്ടാവുക. കുസൃതി കാണിക്കുമ്പോള്‍ അമ്മ നോക്കുന്ന, വികൃതിയില്‍ അച്ഛനില്‍ നിന്നും വരുന്ന, കരുതലായി ഏട്ടന്‍ നല്‍കുന്ന നോട്ടമല്ല ഇത്. പിന്നെയോ, പരിചയക്കാരെ കാണുമ്പോഴുള്ള സന്തോഷമുളള നോട്ടമാണോ? അതോ ആദ്യമായി ഒരാളെ കാണുമ്പോഴുള്ള അടിമുടി നോട്ടമോ? ക്ലാസിലിരുന്ന് സംസാരിക്കുമ്പോള്‍ അധ്യാപകര്‍ നോക്കുന്ന നോട്ടമാണോ? ജീവിതപങ്കാളിയെ കാണുമ്പോഴുള്ള പ്രണയം നിറഞ്ഞ നോട്ടമാണോ? അല്ല. ഇതൊന്നുമല്ല. ഞാന്‍ നിന്നെ ഒന്നാകെ അങ്ങ് കടിച്ചു തിന്നുമെന്ന് തോന്നിക്കുന്ന നോട്ടം! അതേ, അത് തന്നെ. 

ഒരു ബന്ധവും, അറിവുമില്ലാത്ത ഒരാളുടെ നോട്ടം. എത്ര ദുഷ്‌കരമാണെന്നോ അത്. നമ്മുടെ കയ്യും കാലും ഒക്കെ വിറക്കാന്‍ തുടങ്ങും, കയ്യിലെ കുട കൊണ്ടോ കോമ്പസ് കൊണ്ടോ കണ്ണ് കുത്തി പൊട്ടിക്കാന്‍ തോന്നും. കൂര്‍പ്പിച്ചു വെച്ച ചുണ്ടുകള്‍ അരിഞ്ഞു കളയാന്‍ തോന്നും. അറപ്പും വെറുപ്പും നിറഞ്ഞ് സ്വയമൊന്ന് പൊട്ടിക്കരയാന്‍ പോലും തോന്നും! 

ജീവിതം തന്നെ മടുപ്പിക്കുന്ന തരത്തില്‍ എന്തിനാണ് നോക്കി നില്‍ക്കുന്നത് ? 

ഓരോ ദിവസവും ഓരോ അനുഭവങ്ങളാണ്. പുറത്തിറങ്ങി നടക്കുന്നവരാണെങ്കില്‍ ദിവസാന്ത്യം ജീവിതമേ മടുത്തിട്ടാകും വീട്ടില്‍ കയറി വരുന്നത്. ഒരാളെ നിരീക്ഷിക്കുന്നതില്‍ തെറ്റുകളൊന്നും തന്നെയില്ല. ഞാനും നോക്കാറുണ്ട്, എന്നെപ്പോലെ മിക്കവരും നോക്കാറുണ്ട്. ഭംഗിയുള്ളത് കണ്ടാല്‍, ഇഷ്ടമുള്ളത് കണ്ടാല്‍, ചിലരുടെ സംസാരം കേട്ടാല്‍, രൂപഭംഗി കൊണ്ട്, എല്ലാം നോക്കാറുണ്ട്. പക്ഷെ 'അമിതമായാല്‍ അമൃതും വിഷം' എന്ന് പറയുന്നത് പോലെ എല്ലാം ഒരു പാകത്തിന്. പുതുമ കണ്ടാല്‍ വെറുതെ ഒരു നോട്ടം. അത്ര മാത്രം. അതിലൊതുങ്ങും എല്ലാം. അല്ലാതെ അവരുടെ ജീവിതം തന്നെ മടുപ്പിക്കുന്ന തരത്തില്‍ എന്തിനാണ് നോക്കി നില്‍ക്കുന്നത് ? 

അച്ഛന് വയ്യാതായി ഡോക്ടറെ കാണിക്കുവാന്‍ ടോക്കണ്‍ എടുത്തു കാത്തിരിക്കുന്ന നേരം. ശരീരം കൊണ്ടും മനസ്സ് കൊണ്ടും തീരെ വയ്യ. വേദന സഹിച്ച് അച്ഛനും, മരുന്നുകളുമായി അമ്മയും കൂടെയുണ്ട്. തലേ ദിവസം നഷ്ടപ്പെട്ട ഉറക്കത്തിന്റെ ക്ഷീണത്തില്‍ തലക്ക് കയ്യും കൊടുത്തിരിക്കുമ്പോള്‍ ഉറങ്ങി വീണ് പെട്ടെന്ന് ഞെട്ടി ഉണര്‍ന്ന നിമിഷം, അമ്മയിരുന്ന് അസ്വസ്ഥയാകുന്നതാണ് കണ്ടത്. അച്ഛന്‍ കുറച്ചപ്പുറത്ത് ആരോടോ എന്തോ സംസാരിക്കുകയാണ്. തലയുയര്‍ത്തി നോക്കിയപ്പോള്‍ അതാ ഒരു മാന്യന്‍ ഞങ്ങളെ കണ്ണെടുക്കാതെ നോക്കിയും പുരികം കൊണ്ട് ഓരോ വികൃതത്തരങ്ങള്‍ കാണിക്കുകയുമാണ്. അമ്മയെ പോലെ ഞാനുമത് സഹിച്ച് ഒന്നും മിണ്ടാതിരിക്കുമെന്ന് കരുതി, ഞാന്‍ കണ്ടെന്ന് അറിഞ്ഞിട്ടും അവനില്‍ ഒരു മാറ്റവും ഉണ്ടായില്ല. 

'എന്താ ഇത്ര നോക്കാനുള്ളത്?'

അത്രയും ആളുകളുടെ മുന്നില്‍ വെച്ചു ഞാന്‍ ചോദിച്ചു. എന്നിട്ടും അവന്റെ മുഖത്ത് ഒരു ഭാവമാറ്റവും ഇല്ല.

'ഞാന്‍ ഇതില് ഗെയിം കളിക്കാ'

ഓഫായി കിടക്കുന്ന ഫോണ്‍ എനിക്ക് നേരെ കാണിച്ചു. 

'ഈ ഗെയിം വീട്ടില്‍ ഇരുന്നു കളിച്ചാല്‍ മതി, ഇവിടെ വേണ്ട'

അത് കൊള്ളേണ്ട ഇടത്തു തന്നെ കൊണ്ടു. പിന്നെ ആള് ഡീസന്റായി. ആദ്യമായി ഫോണ്‍ കയ്യില്‍ കിട്ടിയ പോലെ അതും നോക്കി ഇരുന്നു. എന്റെ ശബ്ദം കേട്ട് അച്ഛന്‍ വന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. ഇവറ്റകളോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മറുപടി കിട്ടി. ശരിയാണ്, ഇവറ്റകളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇങ്ങനെ പറയാന്‍ നിന്നാല്‍ എത്ര ആളുകളോട് പറയണം, എന്തൊക്കെ പറയണം. പിന്നെ അതിനെ നേരം കാണൂ. പക്ഷെ പറയാതിരുന്നാല്‍ ഒരിക്കലും അവര്‍ കണ്ണുകള്‍ പിന്‍വലിക്കില്ല. അതുറപ്പ്. 

പെണ്ണായി പിറന്ന എല്ലാവരും ഇത് അനുഭവിക്കുന്നുണ്ട്.

വസ്ത്രധാരണം നന്നായാല്‍ ആരും നോക്കാന്‍ വരില്ലെന്ന് പറയുന്നവരോട് ഒന്ന് ചോദിക്കട്ടെ, ചുരിദാറേ ഞാന്‍ ഇടാറുള്ളു, ഷാള്‍ കുത്താറുണ്ട്. ലെഗിന്‍സ്, ജീന്‍സ്, ബനിയന്‍ ക്ലോത്ത് തുടങ്ങി ഇറുങ്ങിയ വസ്ത്രങ്ങളൊന്നും ഉപയോഗിക്കാറില്ല. കണ്ണെഴുതി ഒരു പൊട്ടിടും എന്നല്ലാതെ കൂടുതല്‍ അണിഞ്ഞൊരുങ്ങാറില്ല. പിന്നെ എന്ത് കൊണ്ടാണ് ഇത്തരം അനുഭവങ്ങള്‍ പെണ്ണെന്ന നിലയില്‍ ദിലസവും എനിക്കുണ്ടാകുന്നു ? 

ഉത്തരമിതാണ്, എനിക്ക് മാത്രമല്ല. പെണ്ണായി പിറന്ന എല്ലാവരും ഇത് അനുഭവിക്കുന്നുണ്ട്. അവിടെ വസ്ത്രമൊന്നും വിഷയമല്ല. വീട്ടില്‍ നിന്നും രാവിലെ ഇറങ്ങിയാല്‍ ബസ് സ്‌റ്റോപ്പില്‍ ( അവിടെയാണ് കൂടുതല്‍ നോട്ടങ്ങള്‍. വന്നുപോകുന്ന ബസ്സിലും ഉണ്ടാകും, സ്‌റ്റോപ്പിലും ഉണ്ടാകും ) , ബസ്സില്‍, പഠിക്കുന്നിടത്ത് / ജോലി സ്ഥലത്ത്, നടു റോഡില്‍ പോലും അവളെ വെറുതെ വിടുന്നില്ല. എന്ത് മനസ്സുഖമാണ് ഇത് കൊണ്ടവര്‍ക്ക് കിട്ടുന്നത്? ഇത് കേവലം ഒന്നോ രണ്ടൊ ആളുകള്‍ അല്ല, യുവാവോ വയസ്സനോ എന്നില്ലാതെ ഇങ്ങനെ എത്രയോ ആളുകളെ ദിവസവും കാണുന്നു. 

ഇനി ഇത് ചിലരോട് പരാതിപ്പെട്ടാല്‍ അവര്‍ ചോദിക്കുന്ന ഒരു മറുചോദ്യം ഉണ്ട്, 'നീ നോക്കിയത് കൊണ്ടല്ലേ അവന്‍ നോക്കുന്നത് നീ കണ്ടത് നിനക്ക് നിന്റെ കാര്യം നോക്കിയാല്‍ പോരെ' എന്ന്. ശരിയാണ്, ഞാന്‍ നോക്കിയത് കൊണ്ട് തന്നെയാണ് അവന്‍ എന്നെ നോക്കുന്ന കാര്യം ഞാന്‍ അറിഞ്ഞത്. പക്ഷെ, എന്നെ ആരോ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി ഞാന്‍ തിരിഞ്ഞു നോക്കുമ്പോഴെല്ലാം മണിക്കൂറുകളായി ഒരു മാറ്റവുമില്ലാതെ ഒരേ നോട്ടം നോക്കുന്ന അവനെക്കാള്‍ തെറ്റ് ചെയ്തത് ഞാനാകുന്നു. അതുകൊണ്ട് നമ്മുടെ അസ്വസ്ഥത നമ്മള്‍ തന്നെ പരിഹരിക്കണം. അവരോടു ചൂടായോ, ഒന്ന് പൊട്ടിച്ചോ ദേഷ്യം മാറ്റാം. പക്ഷെ തല്ലാനല്ല, അവരുടെ അടുത്ത് പോകാന്‍ തന്നെ അറപ്പാകും എന്നത് മറ്റൊരു സത്യം. 

ഇപ്പൊ പിന്നെ ഫോണ്‍ ഉള്ളത് കൊണ്ട് നോട്ടങ്ങള്‍ക്ക് പുതിയ പുതിയ രീതികള്‍, ഭാവങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. എങ്കിലും ആ ദഹിപ്പിക്കുന്ന നോട്ടത്തിനു മാറ്റമൊന്നുമില്ല. അവരോട് രണ്ട് വര്‍ത്താനം പറഞ്ഞിട്ടേ കാര്യമുള്ളുവെന്ന് കരുതിയിരിക്കുമ്പോള്‍ രണ്ടു ചെവികളിലും ഉപദേശം നിറയും, 

'നീ പെണ്‍കുട്ടിയാണ്. നീ എന്ത് പറഞ്ഞാലും നിന്നെയേ ആളുകള്‍ മോശം കരുതൂ, ചില ആണുങ്ങള്‍ ഒക്കെ ഇങ്ങനെ ആണ്, ഇവരോട് ഒന്നും പറയാന്‍ പോയിട്ട് കാര്യം ഇല്ല, നിനക്കല്ലേ ചീത്തപ്പേര്, ഇതൊക്കെ പണ്ട് മുതലേ പെണ്ണായി പിറന്ന എല്ലാവരും സഹിക്കുന്നതാണ്, കണ്ടില്ലാന്നു വെക്കാന്‍ കഴിയണം.... Etc. '

ചിലപ്പോള്‍ തോന്നും ഇതൊക്കെയാണ് ശരിയെന്ന്, ചിലപ്പോള്‍ എന്തിനിങ്ങനെ സഹിച്ചു ജീവിക്കണം എന്ന്. കാരണം, ഇതിന്റെ ബുദ്ധിമുട്ട് എങ്ങനെ ഇത്തരം ആളുകളെ പറഞ്ഞു മനസിലാക്കി കൊടുക്കുമെന്ന് അറിയില്ല. ഒരു നോട്ടം കൊണ്ട് ഒരു പെണ്ണിനും ഒന്നും നഷ്ടപ്പെടാന്‍ ഇല്ല. പക്ഷെ, അവള്‍ക്ക് അവളോട് തന്നെ വെറുപ്പ് അനുഭവപ്പെടുന്നു, ദേഷ്യം തോന്നുന്നു, അറപ്പാകുന്നു. ഉള്ളില്‍ നെഗറ്റീവ് എനര്‍ജി നിറയുന്നു. സ്വയം വേദനിക്കുന്നു. എത്രയോ നിസ്സാരമെന്ന് കരുതി തള്ളുന്ന ഓരോ കാര്യവും അത്രയേറെ ഭീകരമാണെന്ന് എന്നാണ് സമൂഹം മനസിലാക്കുക?
 

Latest Videos
Follow Us:
Download App:
  • android
  • ios