ശരീരത്തെ ഭയക്കാത്ത പുസ്തകങ്ങള്‍
- എന്റെ പുസ്തകം
- മാനസി പി.കെ എഴുതുന്നു
ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.
അങ്ങനെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ എല്ലാ പെണ്‍കുട്ടികളുടെ ജീവിതത്തിലും ഉണ്ടാകുന്ന ആ 'അത്യാഹിതം' എനിക്കും സംഭവിച്ചു. ഞാന്‍ വയസ്സറിയിച്ചു. പതിനാല് വര്‍ഷങ്ങള്‍ പെണ്‍കുട്ടി മാത്രമായിരുന്ന ഞാന്‍ അന്ന് മുതല്‍ മുതിര്‍ന്ന പെണ്ണാണെന്നറിയിച്ചു കൊണ്ട് ചുവപ്പ് വരകള്‍ കാലിനിടയില്‍ കൂടി ഇഴഞ്ഞിറങ്ങി. സത്യം പറഞ്ഞാല്‍ എന്റെ കുട്ടിത്തത്തിന്റെ, കുറുമ്പുകളുടെ, കുഞ്ഞുകുഞ്ഞ് സ്വപ്നങ്ങളുടെ അടിവേരുകള്‍ പിഴുതെറിയുവാനാണ് ആ വരകള്‍ പൊട്ടിയൊലിച്ചതെന്ന് ദിവസങ്ങള്‍ കൊണ്ടെനിക്ക് മനസ്സിലായി. എന്റെ കളിയിടങ്ങളും, കൂട്ടുകാരും, എന്റെ പ്രിയപ്പെട്ട യാത്രകളുമൊക്കെ പതിയെ നഷ്ടപ്പട്ടികയില്‍ പെട്ടപ്പോള്‍ സഹിക്കാന്‍ പറ്റാതിരുന്നത് നാട്ടിലെ ക്ലബ്ബിലെ വായനശാലയിലേക്കുള്ള യാത്രകള്‍ മുടങ്ങിയപ്പോഴാണ്.
ചെറുപ്പത്തിലേ നിഷേധത്തരം കൂടപ്പിറപ്പായത് കൊണ്ടും, കുട്ടിക്കാലത്തെ ചില ഭീകരാനുഭവങ്ങള്‍ ഉറക്കം നഷ്ടപ്പെടുത്തുന്നത് കൊണ്ടും അവയെ മറികടക്കാന്‍ ഞാന്‍ കണ്ടു പിടിച്ച മാര്‍ഗ്ഗമായിരുന്നു ഒറ്റയ്ക്കിരുന്ന് വായിക്കുക എന്നത്. സ്‌കൂളില്‍ പോയി തുടങ്ങിയതോടേയാണ് വായനയുടെ ലോകത്തെത്തിയതെങ്കിലും പുസ്തകങ്ങള്‍ എന്നും കിട്ടാക്കനിയായിരുന്നു. മലയാളം അദ്ധ്യാപകനായ രാജീവന്‍ മാസ്റ്റര്‍ വികസിപ്പിച്ച സ്‌കൂള്‍ ലൈബ്രറിയിലേക്ക് വ്യാഴാഴ്ച മാത്രമായിരുന്നു പ്രവേശനം. അന്ന് ഒന്നില്‍ കൂടുതല്‍ പുസ്തകങ്ങള്‍ എടുക്കുവാന്‍ അനുവാദമില്ലാത്തത് കൊണ്ട് ഓരോ ആഴചയും എടുക്കുന്ന പുസ്തകങ്ങള്‍ രണ്ടോ, മൂന്നോ തവണ വായിച്ചിരിക്കാറുണ്ടായിരുന്നു. പക്ഷെ എന്റെ ചിന്തകളേയോ വായനയേയോ എഴുത്തിനേയോ സ്വാധീനിക്കാനോ, തൃപ്തിപ്പെടുത്താനോ മാത്രം പാകത്തിലുള്ള കൂടുതല്‍ പുസ്തകങ്ങളൊന്നും അന്ന് കിട്ടിയതായി ഓര്‍മ്മയിലില്ല.
ഏറെയും വായിച്ചിരുന്നത് ബഷീറിന്റെ പുസ്തകങ്ങളായിരുന്നു. എളുപ്പമുള്ള ഭാഷയായത് കൊണ്ടും, ഹാസ്യ രൂപേണ എഴുതുന്നത് കൊണ്ടും ബഷീറിന്റെ പുസ്തകങ്ങള്‍ വായിച്ചിരിക്കാന്‍ ഇഷ്ടമായിരുന്നു. വായനയുടെ ഇടയില്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയും, ചിന്തിച്ചിരിക്കുകയും ചെയ്യുന്നത് കൊണ്ട് തന്നെ 'ഓള്‍ക്ക് പുസ്തകം കിട്ടിയാല്‍ പിരാന്താണ്, തിന്നാനും കുടിക്കാനും വരെ ബലാല് എണീറ്റു വരൂല' എന്ന് ഉമ്മച്ചി പിറുപിറുത്തു കൊണ്ടിരിക്കും. വായനകളില്‍ അങ്ങനെ രസം പിടിച്ചിരിക്കുന്ന കൗമാര പ്രായത്തില്‍ സ്‌കൂളിലെ സമപ്രായക്കാരായ പെണ്‍കുട്ടികളുടെ ഇടയില്‍ ഒരു ചര്‍ച്ച ഉടലെടുത്തു.
.......................................................................................................................................
അന്ന് അണ്ഢകടാഹത്തെ വിറ കൊള്ളിച്ച അശ്ലീല പദം മുലയായിരുന്നു എന്ന് ബഷീര്‍ പറഞ്ഞിട്ടുണ്ട്.
.......................................................................................................................................
വളര്‍ന്നു വരുന്ന മുലകളായിരുന്നു ഞങ്ങളുടെ ആ സമയത്തെ ചര്‍ച്ചാ വിഷയം. പക്ഷെ സുന്ദരമായ'മുല' എന്ന വാക്കിനെ മാറെന്നും, നെഞ്ചെന്നും, മാറാപ്പെന്നുമൊക്കെ പതിഞ്ഞ സ്വരത്തില്‍ എന്റെ കൂട്ടുകാരികള്‍ പറയുമ്പോള്‍ മുലയെന്ന് പറഞ്ഞ് ചര്‍ച്ച കൊഴുപ്പിച്ചിരുന്ന എന്നെ അവര്‍ കൂട്ടത്തില്‍ നിന്നു പുറത്താക്കി. മുലകള്‍ വളരാത്തതിലുള്ള അമര്‍ഷം കൊണ്ട് ഞാന്‍ തോന്ന്യാസം പറഞ്ഞു നടക്കുന്നു എന്ന് വരെ അവര്‍ പറഞ്ഞ് കളഞ്ഞു. പക്ഷെ ആ സമയത്തൊക്കെ നമ്മടെ സ്വന്തം ബഷീര്‍ക്ക പുസ്തകങ്ങളായ പുസ്തകങ്ങളിലൊക്കെ മുലയെന്ന വാക്ക് നാണക്കേടില്ലാതെ എഴുതിയത് കണ്ടപ്പോള്‍ ഞാന്‍ പറയുന്നതിലും തെറ്റില്ലെന്ന് എനിക്ക് തോന്നി. തുറന്നെഴുത്തുകളെ അന്നേ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ ബഷീര്‍ക്കയെ സ്വന്തം എഴുത്തുകാരനായി പൂവിട്ട് വാഴിച്ചു.ബഷീര്‍ എഴുതിയ മതിലുകള്‍ എന്ന നോവല്‍ സിനിമയായപ്പോള്‍ അതൊരു അശ്ലീല പടമാണെന്ന് പറഞ്ഞ് പലരും ബഷീറിന് കത്തെഴുതിയിരുന്നു എന്ന് ഞാന്‍ എവിടെയോ വായിച്ചു. അന്ന് അണ്ഢകടാഹത്തെ വിറ കൊള്ളിച്ച അശ്ലീല പദം മുലയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അപ്പോള്‍ പറഞ്ഞ് വരുന്നതെന്തെന്ന് വെച്ചാല്‍, ഈ വായനയും തെണ്ടലുമൊക്കെ നടക്കുന്നതിനിടയിലാണല്ലോ എനിക്ക് ആ 'അത്യാഹിതം' സംഭവിച്ചത്. അതോടു കൂടി വിത്തുകള്‍ മുളയ്ക്കാന്‍ പാകത്തിലുള്ള മണ്ണ് കണക്കേ എന്റെ ഗര്‍ഭപാത്രം തയ്യാറായെന്നും, മൊത്തമായി വാങ്ങുന്നവന്‍ മാത്രമാണ് ഈ നിലത്തിന്റെയും, ഉടലിന്റെയും അവകാശിയെന്നും അയാള്‍ വരും വരെ ഭദ്രമായി കെട്ടിപ്പൊതിഞ്ഞിരിക്കേണ്ട സ്വത്താണ് ഞാനെന്നും വിട്ടുകാരും, കുടുംബക്കാരുമൊക്കെ ആദ്യമങ്ങ് തീരുമാനിച്ചു. ആദ്യപടിയായി വായനശാലയിലേക്കുള്ള എന്റെ യാത്ര അവസാനിപ്പിച്ചപ്പോള്‍ കൂട്ടില്‍ അകപ്പെട്ട വെരുകിനെ പോലെ ഞാന്‍ എന്റെ റൂമില്‍ കിടന്ന് വിയര്‍ത്തു. എന്റെ മത വിശ്വാസം കുറയുന്നതിന്റെയും, നിഷേധത്വരം കൂടുന്നതിന്‍േറയും കാരണം പുസ്ത വായനയാണെന്ന് കുടുംബത്തിലെ ഒരാള്‍ ഊഹാപോഹവും കൂടി പറഞ്ഞതോടെ എന്റെ പുസ്തകങ്ങള്‍ അടുപ്പില്‍ കത്തിയമര്‍ന്നു. പക്ഷെ വായന ആരുമറിയാതെ ഏറ്റവും തീവ്രമായി എന്നിലേക്ക് കുടിയേറിയതും അതേ കാലയളവിലായിരുന്നു.
നാട്ടിലെ വായനശാലയിലേക്കുള്ള യാത്ര മുടങ്ങിയ സമയത്താണ് സ്‌കൂളിനടുത്ത് ഒരു വലിയ വായനശാല തുടങ്ങിയത്. മെമ്പര്‍ഷിപ്പ് എടുക്കാനുള്ള നൂറ് രൂപയെ കുറിച്ച് ആലോചിച്ചു നില്‍ക്കുമ്പോള്‍ എല്ലാ വികൃതിത്തരങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്ന കൂട്ടുകാരി അവളുടെ മെമ്പര്‍ഷിപ്പില്‍ എനിക്ക് പുസ്തകങ്ങള്‍ നല്‍കണമെന്ന് അവിടെ പറഞ്ഞേല്‍പ്പിച്ചു. എന്നും കൂടെ വന്നിരുന്ന അവള്‍ വായനശാലയിലെ ജനലോരത്ത് നിന്ന് പ്രണയം പറഞ്ഞവനെ അവന്‍ കാണാതെ നോക്കിയിരുന്ന് സ്വപ്നം കാണുന്ന സമയത്ത് ഞാന്‍ പുസ്തകക്കൂമ്പാരങ്ങളില്‍ പരതി നടന്നു. അത് വരേയുള്ള വായനയില്‍ നിന്ന് തകഴിയേയും, മുട്ടത്ത് വര്‍ക്കിയേയും, മലയാറ്റൂരിനേയും ബഷീറിനേയുമൊക്കെ അറിഞ്ഞ് പത്മരാജനിലേക്കും, മാധവിക്കുട്ടിയിലേക്കുമൊക്കെ എത്തി നില്‍ക്കുന്ന സമയമായിരുന്നു അത്.
വിരലിലെണ്ണാവുന്ന സാഹിത്യകാരന്മാരെ മാത്രം അറിയാവുന്ന കാലം. കൂടുതല്‍ വായനയിലേക്ക് എത്തിപ്പെടുമെന്ന് കരുതി അവിടെ എത്തിയ അന്നത്തെ പതിനാലുകാരിക്ക് ആ വായനശാലയിലും പല പുസ്തകങ്ങളും നിഷേധിക്കപ്പെട്ടു. പത്മരാജനെ വായിക്കാന്‍ മാത്രമുള്ള പ്രായം മോള്‍ക്കായില്ലെന്ന് ലൈബ്രേറിയന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു. പക്ഷെ നിഷേധിക്കപ്പെടുന്നതിനെ ശക്തമായി നേരിടുന്ന സ്വഭാവമുള്ളത് കൊണ്ട് ഞാന്‍ അവയൊക്കെ പലയിടങ്ങളില്‍ നിന്നായി പിന്നീട് തിരഞ്ഞ് പിടിച്ച് വായിച്ചു.
ശരീരത്തെ കാട്ടി ഭയപ്പെടുത്തി എന്റെ പുസ്തകങ്ങളെ പലരും അകറ്റി മാറ്റാന്‍ തുടങ്ങിയപ്പോള്‍ ശരീരം ആയുധമാക്കി അറുപത്തിനാല് പുരുഷന്മാരുടെ കൂടെ ശരീരം പങ്കിട്ട താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം ഞാന്‍ വായിച്ചിരുന്നു. കാഫിറിച്ചിയെന്ന് ഫത്‌വ കെട്ടി നാട് കടത്തിയ ബംഗ്ലാദേശുകാരി തസ്ലീമ നസ്രീന്റെ പുസ്തകങ്ങള്‍ തിരഞ്ഞ് പിടിച്ച് വായിച്ചു. മാധവിക്കുട്ടിയെ എന്റെ പ്രിയപ്പെട്ടവളാക്കി. പമ്മന്റെ ഭ്രാന്തും, പത്മരാജന്റെ രതിനിര്‍വ്വേദവും ഞാന്‍ വായിച്ചു കൊണ്ടേയിരുന്നു. ലൈംഗികതയുടെ അതിപ്രസരമെന്ന് പറഞ്ഞ് ഓരോരുത്തരും മാറ്റി വെച്ച പുസ്തകങ്ങളില്‍ ഞാന്‍ പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളെ കണ്ടു.
.......................................................................................................................................
പ്രിന്‍സിപ്പാള്‍ പകരം വീട്ടിയത് ഞാന്‍ അശ്ലീല പുസ്തകങ്ങള്‍ വായിക്കുന്നു എന്ന് രക്ഷിതാക്കളെ വിളിച്ചറിയിച്ചിട്ടായിരുന്നു. .......................................................................................................................................
പത്മരാജന്റെ മൂവന്തി വായിച്ചപ്പോള്‍ ഏഴാം വയസ്സില്‍ ഉടഞ്ഞു പോയ, ശരീരത്തേയും മനസ്സിനേയും ഓര്‍ത്തോര്‍ത്തു വിതുമ്പി. പതിനഞ്ച് വയസ്സുകാരായ മൂന്ന് പേരെ അറപ്പോടും, വെറുപ്പോടും ഓര്‍ത്തു. അദ്ദേഹം എഴുതിയ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ സിനിമായപ്പോള്‍ പെണ്ണിന്റെ ചാരിത്ര്യത്തേക്കാള്‍ വലുതാണ് അവളുടെ മനസ്സെന്ന് തിരിച്ചറിഞ്ഞ് എന്റെ പ്രിയപ്പെട്ട രാജി ചേച്ചിയേയും കൊണ്ട് നാട് വിട്ട വിശ്വേട്ടനെ ഓര്‍ത്തു. എം ടിയുടെ മഞ്ഞും, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളുമൊക്കെ ഒറ്റയിരുപ്പില്‍ കാര്‍ന്ന് തിന്നുകയും ഒളിച്ചു വായിക്കുകയും ചെയ്തു. ശരീരത്തെ ഭയക്കാതെ, പൊള്ളത്തരങ്ങളെ ഭയക്കാതെ എഴുതിയിരുന്ന മാധവിക്കുട്ടിയെ പോലുള്ളവരെ ഞാന്‍ മറയില്ലാതെ വായിച്ചു. ഒരു വിധത്തില്‍ അതൊരു സമര മുറയായിരുന്നു. ശരീരം ഭയക്കേണ്ട ഒന്നാണെന്ന് പഠിപ്പിച്ചവരുടെ ഇടയില്‍ ശരീരത്തെ ഭയക്കാത്തവരും, സമൂഹത്തെ ഭയക്കാത്തവരും ഉണ്ടെന്ന് കാണിച്ചു കൊടുക്കുവാനുള്ള ഒരു സമര മാര്‍ഗ്ഗം.
പ്ലസ് വണ്ണില്‍ വെച്ച് പെണ്‍കുട്ടികള്‍ക്ക് ടോയിലറ്റ് വേണമെന്ന് സമരം ചെയ്ത് അധ്യാപകരുടെ കണ്ണിലെ കരടായപ്പോള്‍ പ്രിന്‍സിപ്പാള്‍ പകരം വീട്ടിയത് ഞാന്‍ അശ്ലീല പുസ്തകങ്ങള്‍ വായിക്കുന്നു എന്ന് രക്ഷിതാക്കളെ വിളിച്ചറിയിച്ചിട്ടായിരുന്നു. ഉദാഹരണമായി അവര്‍ പറഞ്ഞത് മാധവിക്കുട്ടിയുടെ 'എന്റെ കഥ' എന്ന പുസ്തകമായിരുന്നു. ഇന്ന് അതോര്‍ത്ത് ചിരി വരുന്നുണ്ടെങ്കിലും അന്ന് അനുഭവിച്ച മനസ്സിന്റെ നീറ്റല്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.
അയ്യപ്പനേയും, ചുള്ളിക്കാടിനേയും, ഇഷ്ട കവികളായി കൊണ്ട് നടന്നിരുന്ന കാലത്ത് ആദ്യ പ്രണയം നഷ്ടപ്പെട്ട് ജീവിതത്തിന്റെ കയ്പ്പുനീര് കുടിച്ചിരുന്ന സമയം മുഴുവനും നന്ദിതയുടെയും, രാജലക്ഷ്മിയുടെയും, ഷൈനയുടേയും, സില്‍വിയാ പ്ലാത്തിന്റെയുമൊക്കെ മരണം മണക്കുന്ന എഴുത്തുകളില്‍ ഞാന്‍ വിവശയായി കിടന്നിട്ടുണ്ട്. കാലം മാറുമ്പോള്‍ മനുഷ്യരും മാറുമെന്ന പോലെ ഞാന്‍ വീണ്ടും മാറിത്തുടങ്ങി. സൗഹൃദങ്ങളുടെ കരുത്തില്‍ വീണ്ടും ജീവിതത്തിലേക്ക് വന്നപ്പോള്‍ വായന മറ്റൊരു തലത്തിലേക്ക് മാറ്റപ്പെട്ടു. റിയാലിറ്റിയില്‍ നിന്ന് ഫിക്ഷനുകളിലേക്കും അവിടെ നിന്ന് ഭ്രമാത്മകമായ മറ്റ് പല തലങ്ങളിലേക്കും വായന ഒഴുകി കൊണ്ടേയിരുന്നു.
പൗലോ കൗലയുടെ ലവന്‍ മിനുടസ് വായിച്ചപ്പോള്‍ ശരീരത്തിന്റെ സാധ്യതകളെ കുറിച്ച് ചിന്തിച്ചിരുന്ന് പോയിട്ടുണ്ട്. മീരസാധുവിലെ മീരയെ പോലെ സ്‌നേഹിച്ച്, സ്‌നേഹിച്ച് ഇല്ലാതായി തീരുവാന്‍ ആഗ്രഹിച്ചിട്ടുണ്ട്. കരിനീലയിലെ സന്യാസിയെ പോലെ ഒരാളെ കാത്തിരിക്കുകയും അയാളുടെ വിഷ ദംശനമേറ്റ് നീലിച്ച് കിടക്കുവാനും കൊതിച്ചിട്ടുണ്ട്. അങ്ങനെ എത്രയെത്ര കൊതികള്‍ ഉണ്ടായിട്ടുണ്ട്.
.......................................................................................................................................
എന്ത് കൊണ്ട് ശരീരത്തെ, പ്രണയത്തെ, രതിയെ ഇത്രമേല്‍ പറഞ്ഞു കൊണ്ടിരിക്കുന്നു എന്ന് ആരും ചോദിക്കേണ്ട
.......................................................................................................................................
ഒരു മനുഷ്യന് ജീവിക്കാന്‍ വായുവും, വെള്ളവും, ഭക്ഷണവും, പാര്‍പ്പിടവും വേണമെന്നുള്ളത് പോലെ സ്‌നേഹവും,പ്രണയവും, രതിയും കൂടി അതിനോട് കൂട്ടി പറയണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്ത് കൊണ്ട് ശരീരത്തെ, പ്രണയത്തെ, രതിയെ ഇത്രമേല്‍ പറഞ്ഞു കൊണ്ടിരിക്കുന്നു എന്ന് ആരും ചോദിക്കേണ്ട. ഇന്നോളം അനുഭവിച്ചറിഞ്ഞ ജീവിതത്തില്‍, ഓരോരുത്തരും അത്രമേല്‍ അധികാരത്തോടെ ഓരോ ഇടങ്ങളില്‍ മാറ്റി നിര്‍ത്തിട്ടുള്ളത്, ഈ കാരണങ്ങള്‍ കൊണ്ട് മാത്രമാണ്. ഇവയിലൊക്കെ അടിമപ്പെട്ടു പോകാന്‍ മാത്രമേ നമ്മുടെ ശരീരത്തിന് കഴിയൂ എന്ന് അവര്‍ ചിന്തിച്ചിരുന്നതിന്റെ ഭാഗമായുള്ള മാറ്റി നിര്‍ത്തപ്പെടലുകളായിരുന്നു അത്. വായിക്കാന്‍ തിരഞ്ഞെടുത്ത ഒരു പുസ്തകത്തില്‍ പോലും അതുണ്ടായിരുന്നു എന്നതാണ് സത്യം.
എന്തിനാണ് ഓരോരുത്തരും ശരീരത്തെ ഇത്രമേല്‍ ഭയക്കുന്നതെന്ന് ഓര്‍മ്മ വെച്ച കാലം മുതലേ ഉള്ള ചോദ്യമാണ്. തന്റെ ശരീരം തന്റെ മാത്രം സ്വാതന്ത്ര്യമാണെന്ന് ഓരോ പെണ്ണും തിരിച്ചറിയുമോ എന്നുള്ള ഭയം, അനുഭവസ്ഥരും, സ്വപ്നജീവികളും അത് തുറന്നു പറയുമ്പോഴും, എഴുതുമ്പോഴും എന്ത് കാട്ടി ഭയപ്പെടുത്തിയിരുന്നോ അതിനെ അവള്‍ നിരാകരിക്കുമോ എന്നുള്ള ഭയം.
പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം വായനയും, എഴുത്തും കൊണ്ട് പോകുമ്പോഴും അക്ഷരങ്ങളെ ഭയക്കുന്നവരെ പല രൂപത്തിലും, ഭാവത്തിലും ഇന്നും കാണാന്‍ കഴിയുന്നുണ്ട്. വാക്കിന്‍ മുന കൊണ്ടും, തോക്കിന്‍ മുന കൊണ്ടും പേനയുടേയും, വാക്കുകളുടേയും മുനയൊടിക്കാന്‍ അവര്‍ ഇന്നും വെപ്രാളപ്പെട്ട് നടക്കുന്നുമുണ്ട്. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇതിന്റെ ഇരകളാകുന്നവര്‍ കൂടുതലും പെണ്ണുങ്ങളാണെന്നുള്ളതാണ് സത്യം. പക്ഷെ പുസ്തകങ്ങളെ ഒളിച്ചു കടത്തിയും, രാത്രിയിലെ മങ്ങിയ വെളിച്ചത്തില്‍ കണ്ണിമ ചിമ്മാതെ വായിച്ചും, എഴുതിയും എന്നെ പോലേയുള്ള കുറേ പെണ്ണുങ്ങള്‍ എവിടെക്കെയോ ജീവിച്ചിരുന്നു എന്നും, ഇന്നും അവര്‍ സമരം ചെയ്ത് ഇവിടെയൊക്കെ ജീവിക്കുന്നുമുണ്ടെന്നുമറിയുമ്പോള്‍ വല്ലാത്തൊരു സന്തോഷം തോന്നുന്നുണ്ട്.
അതി സങ്കീര്‍ണ്ണമായ വായനകള്‍ ഉണ്ടായിട്ടില്ലെങ്കിലും സ്വന്തം വ്യക്തിത്വം രൂപപ്പെടാന്‍ എന്റെ ജീവിതത്തെ സ്വാധീനിച്ചതില്‍ പുസ്തകങ്ങള്‍ക്കുള്ള പങ്ക് ഏറെയുള്ളത് കൊണ്ട് ഞാനിന്നും പുസ്തകങ്ങളുടെ ഇടയില്‍ തന്നെയാണ്. അല്ലെങ്കിലും എന്നും ദു:ഖത്തിലും, സന്തോഷത്തിലും, ഉന്മാദത്തിലും പുസ്തകങ്ങള്‍ കൂട്ടിരുന്നത് പോലെ മറ്റാരാണ് എന്റെ കൂടെ കൂട്ടിരുന്നിട്ടുള്ളത്. അത് കൊണ്ട് തന്നെ ഇഴഞ്ഞ് പോകുന്ന ജീവിതത്തിന്റെ അവസാന ശ്വാസം വരെ വായിച്ചും, എഴുതിയും ഞാനിങ്ങനെ ജീവിച്ചു പോകുമെന്നെനിക്കുറപ്പുണ്ട്.
ബഷീറിന്റെ പുസ്തകങ്ങളില്‍ കൈ വെച്ച് തുടങ്ങിയ വായന പല വഴികള്‍ കടന്ന് ഇന്നെവിടെയൊക്കെയോ എത്തി നില്‍ക്കുന്നുണ്ട്. ടി.ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയും, സുഗന്ധി എന്ന ആണ്ടാള്‍ നായകിയുമൊക്കെ ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ ഇടയില്‍ കയറി ഇരിക്കുമ്പോള്‍ വായിക്കപ്പെടാത്ത പുസ്തകങ്ങളേയും, അറിവില്‍ വന്നെത്തപ്പെടാത്ത എഴുത്തുകാരേയും ഞാന്‍ തിരഞ്ഞു കൊണ്ടേയിരിക്കുന്നു.
(മാനസി പി.കെ. മലയാളം ഓണ്‍ലൈന്‍ എഴുത്തില്‍ സജീവസാന്നിധ്യം)
.......................................................
അവരുടെ പുസ്തകങ്ങള്‍:
അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍
അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്
രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!
അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍
വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍
സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!
ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം
ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!
വിനീത പ്രഭാകര്‍: പേജ് മറിയുന്തോറും നാമൊരത്ഭുതം പ്രതീക്ഷിക്കും!