വിട്ടുപിരിയാത്തൊരു പുസ്തകം
- എന്റെ പുസ്തകം
- ജെ. ബിന്ദുരാജ് എഴുതുന്നു
- കുട്ടികളും കളിത്തോഴരും-ഓള്‍ഗ പിറോവ്സ്‌കയ-പ്രോഗ്രസ് പബ്ലിഷേഴ്സ്
മോസ്‌കോ
ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.
ചേന്ദമംഗലത്ത് പാലിയം സര്‍ക്കാര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചറായ അലികുഞ്ഞ് സാര്‍ ഏതു സ്ഥലത്തേക്ക് വിനോദയാത്ര പോകാനാണ് താല്‍പര്യമെന്ന് ഞങ്ങള്‍ കുട്ടികളോട് ആരാഞ്ഞു. ഓരോരുത്തരും നാട്ടിലെ ഓരോരോ ഇടങ്ങള്‍ പറയുമ്പോള്‍ എന്റെ മനസ്സിൽ ആപ്പിള്‍ തോട്ടങ്ങളുള്ള ഒരു മലഞ്ചെരിവും കാടുകളുമാണ് നിറഞ്ഞു നിന്നിരുന്നത്. ധാരാളം പുല്‍മേടുകളും കാട്ടരുവികളും നാട്ടുചന്തയുമൊക്കെയുള്ള ഒരിടം. അവിടത്തെ ആ മലമ്പാതകളിലൂടെ ഞാനത്രയോ നടന്നിരിക്കുന്നു. തുകല്‍ക്കുപ്പായത്തിലുള്ള മഞ്ഞ് എത്രയോ തവണ തട്ടിക്കളഞ്ഞിരിക്കുന്നു. പൈന്‍മരങ്ങള്‍ക്കിടയിലൂടെ പ്രഭാതത്തില്‍ എത്തിനോക്കുന്ന സൂര്യനെ എത്രയോ തവണ കണ്ടിരിക്കുന്നു. അവിടത്തെ ഒറ്റക്കുതിര വണ്ടിയില്‍ ഞാനത്രയോ ദൂരം താണ്ടിയിരിക്കുന്നു. മലമുകളിലെ കാടുകള്‍ക്കിടയിലുള്ള ഭംഗിയുള്ള അവിടത്തെ ആ കുടിലില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. ദിയാന്‍ക എന്നും തോംചിക്ക് എന്നും പേരുള്ള ചെന്നായക്കുട്ടികളും മീഷ്‌ക എന്ന മാന്‍കുട്ടിയും ഈഷ്‌കയെന്നും മീല്‍ക്കയെന്നും പേരുള്ള കഴുതക്കുട്ടികളും വാസ്‌കയെന്ന കടുവക്കുട്ടിയും ഫ്രാന്തിക് എന്ന കുറുക്കനും ചുബാറിയെന്ന കുതിരയും സോന്യ, നതാഷ, യൂലിയ എന്നൊക്കെ പേരുകളുള്ള സുഹൃത്തുക്കളും എനിക്കുണ്ടായിരുന്നു...
ക്ലാസില്‍ എന്റെ ഊഴമെത്തി. ഞാനെഴുന്നേറ്റു. 'സര്‍, നമുക്ക് അല്‍മ-അത്തായിലേക്ക് പോകാം.'
സാറിന്റെ മുഖത്ത് അമ്പരപ്പ്. 'അതെവിടെയാ?'
'സോവിയറ്റ് യൂണിയനിലെ കസാക്കിസ്ഥാനില്‍. കസാക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമാണ്, സര്‍'
കേരളത്തില്‍ കഷ്ടി തിരുവനന്തപുരത്തിനപ്പുറം പോയിട്ടില്ലാത്ത സാര്‍ എന്നെ രൂക്ഷമായി നോക്കി. 'ഇരിയടാ അവിടെ!'
ഞാനെഴുന്നേറ്റു. 'സര്‍, നമുക്ക് അല്‍മ-അത്തായിലേക്ക് പോകാം.'
എന്റെ ഹൃദയം നൊന്തു. വിറയലോടെ ഞാന്‍ ബെഞ്ചിലേക്കമര്‍ന്നു. മൂന്നാം ക്ലാസ്സു മുതല്‍ പോകാന്‍ മോഹിക്കുന്ന ഇടമാണ്. ഭൂമിയിലെ സ്വര്‍ഗമായി ഞാന്‍ കാണുന്നയിടം. ഓള്‍ഗ പിറോവ്സ്‌കയയുടെ 'കുട്ടികളും കളിത്തോഴരും' എന്ന പുസ്തകം കൈയില്‍ കിട്ടിയ നാള്‍മുതല്‍ ഇന്നു വരെ അതെന്ന വിട്ടുപിരിഞ്ഞിട്ടില്ല. ഒരായിരം തവണയെങ്കിലും ഞാനത് വായിച്ചിട്ടുണ്ടാകും. റഷ്യനില്‍ നിന്നും ഓമന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി, മോസ്‌കോയിലെ പ്രോഗ്രസ് പബ്ലിഷേഴ്സ് 1979-ല്‍ പ്രസിദ്ധപ്പെടുത്തി പ്രഭാത് ബുക് ഹൗസ് വിതരണം ചെയ്തിരുന്ന ആ പുസ്തകം ഇന്നും എന്റെ കിടപ്പറയില്‍ അലമാരയില്‍ തന്നെയുണ്ട്.
കുട്ടിക്കാലത്ത് ഉറങ്ങുമ്പോള്‍ തലയണയ്ക്കടിയിലോ എന്റെ മുഖത്തോ ആയിരുന്നു അതിന് സ്ഥാനം. മുഖത്തു നിന്നും ആ പുസ്തകമെടുത്ത് മാറ്റുന്നത് അമ്മയുടെ ജോലിയായിരുന്നു. മലയുടെ താഴ്വാരത്തിലുള്ള റസിഡൻഷ്യൽ സ്‌കൂളിലേക്ക് പറിച്ചുനട്ടപ്പോള്‍ അവിടേയും ആ പുസ്തകം ഭദ്രമായി ഒരു കറുത്ത ഇരുമ്പുപെട്ടിയില്‍ എന്നോടൊപ്പമുണ്ടായിരുന്നു. പിന്നീട് കോളെജുകാലത്തും യൂണിവേഴ്സിറ്റിയിലുമൊക്കെ പഠിക്കുമ്പോള്‍ ഹോസ്റ്റല്‍ മുറിയിലും ആ പുസ്തകം പിന്തുടര്‍ന്നു. ജോലി കിട്ടിയപ്പോള്‍ ചെന്നൈയിലേക്കും തിരിച്ച് കാലങ്ങള്‍ക്കുശേഷം കേരളത്തിലേക്കും അത് സഞ്ചരിച്ചു. ഇപ്പോഴും അതെനിക്കൊപ്പം തന്നെയുണ്ട്. ഇടയ്ക്കിടെ ഞാന്‍ ആ പുസ്തകമെടുത്ത് വായിച്ചുകൊണ്ടേയിരിക്കുന്നു. ഓള്‍ഗ പിറോവ്സ്‌കയാ എന്ന എഴുത്തുകാരിയോട് എനിക്ക് നിസ്സീമമായ നന്ദിയുണ്ട്. ദസ്തേവ്സ്‌കിക്കും നിക്കോളാസ് കസാന്ദ്സാക്കീസിനും വിക്ടര്‍ ഹ്യൂഗോയ്ക്കുമൊപ്പം സഞ്ചരിക്കാന്‍ കുഞ്ഞായിരുന്ന എന്നെ പില്‍ക്കാലത്ത് പ്രേരിപ്പിച്ചത് ഓള്‍ഗയായിരുന്നു. പരിസ്ഥിതിയെ മലിനീകരിക്കുന്ന മാഫിയകള്‍ക്കെതിരെ നിലകൊള്ളാന്‍ ഊര്‍ജം തന്നതും ജീവജാലങ്ങളെ അതിരറ്റ് സ്നേഹിക്കാന്‍ ഹൃദയത്തെ പഠിപ്പിച്ചതും അവരുടെ ആ പുസ്തകമായിരുന്നു.
കുട്ടികളും കളിത്തോഴരും' എന്ന കൃതി എനിക്കൊരു ബാലസാഹിത്യകൃതിയല്ല.
കസാക്ക് റിപ്പബ്ലിക്കിലെ അല്‍മ- അത്ത അഥവാ ആപ്പിളുകളുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന ആ പട്ടണം ഇന്ന് അല്‍മാട്ടിയെന്നാണ് അറിയപ്പെടുന്നത്. അല്‍മ-അത്തയില്‍ എഴുത്തുകാരി തന്റെ സഹോദരിമാര്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം ചെലവഴിച്ച സുന്ദരമായ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളും അവര്‍ താലോലിച്ചു വളര്‍ത്തിയ ജീവികളുമായുള്ള അടുപ്പത്തിന്റെ സ്നേഹമസൃണമായ, കഥാരൂപത്തിലുള്ള ഓര്‍മ്മക്കുറിപ്പുകളാണ് ഓള്‍ഗയുടെ ആ കൃതി. സ്വര്‍ഗത്തിലാണ് അതെഴുതപ്പെട്ടത്. അതിലെ വരികളില്‍ ആത്മാവിന്റെ തണുപ്പും സാന്ത്വനവുമുണ്ടായിരുന്നു. 'വലിയൊരു കായ്കനിത്തോട്ടമുള്ള ചെറിയ ഒരു വീട്ടിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. അവിടെ ധാരാളം ആപ്പിള്‍ മരങ്ങള്‍ വളര്‍ന്നിരുന്നു. ഞങ്ങള്‍ക്ക് അനേകം വളര്‍ത്തുമൃഗങ്ങളുണ്ടായിരുന്നു. അവ ഞങ്ങളോടൊപ്പം വളര്‍ന്നു. ചിലത് വീട്ടുമൃഗങ്ങളും ചിലത് കാട്ടുജന്തുക്കളുമായിരുന്നു. അച്ഛന്‍ വേട്ടയ്ക്കു പോയിട്ട് വരുമ്പോഴെല്ലാം ജീവനുള്ള മൃഗശിശുക്കളെ കൊണ്ടുവരിക പതിവായിരുന്നു. കുട്ടികളായ ഞങ്ങള്‍ തന്നെയാണ് അവയെ തീറ്റിപ്പോറ്റി വളര്‍ത്തിയിരുന്നത്...' ഓള്‍ഗ എഴുതുന്നു.
ഈ പുസ്തകമെഴുതുന്ന സമയമായപ്പോഴക്കും അല്‍മ അത്ത ഒരു ആധുനിക പട്ടണമായി മാറിത്തുടങ്ങിയിരുന്നു. ഓള്‍ഗയുടെ 'കുട്ടികളും കളിത്തോഴരും' സ്നേഹസമ്പന്നമായ ഒരു കുട്ടിക്കാലത്തിന്റെ നിര്‍മ്മലമായ ലോകമാണ് എന്റെ കുട്ടിക്കാലത്ത് എനിക്കു മുന്നില്‍ തുറന്നിട്ടത്. ഈ ലോകം മനുഷ്യന്റേതു മാത്രമല്ല സര്‍വ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ ആദ്യമായുറപ്പിച്ചത് ഓള്‍ഗയുടെ വിങ്ങലുകളും സ്നേഹവും നിറഞ്ഞ വരികളായിരുന്നു.
കുട്ടിക്കാലത്ത് ഉറങ്ങുമ്പോള്‍ തലയണയ്ക്കടിയിലോ എന്റെ മുഖത്തോ ആയിരുന്നു അതിന് സ്ഥാനം
നമുക്കു മുന്നിലെത്തുന്ന ഏതൊരു കാഴ്ചയും കൂടുതല്‍ തെളിമയോടെ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് പലപ്പോഴും പ്രകൃതിയെ വൈകാരികതയോടെ ആഴത്തില്‍ അറിയാന്‍ ശ്രമിക്കുന്ന പുസ്തകങ്ങളാണ്. ഓള്‍ഗയിലെ എഴുത്തുകാരി പ്രകൃതി പ്രണയിനിയായിരുന്നു. വസന്തവും ശിശിരവും ഹേമന്തവുമൊക്കെ കൊണ്ടുവരുന്ന മാറ്റങ്ങള്‍, തണലും വെയിലും മഴയുമൊക്കെ കൊണ്ടു വരുന്ന ആനന്ദം, പ്രകൃതിയോടിണങ്ങി മൃഗങ്ങള്‍ ജീവിക്കുന്നതിന്റെ രഹസ്യങ്ങള്‍, മനുഷ്യനോട് മൃഗങ്ങള്‍ ഇണങ്ങുന്നതിന്റെ രസതന്ത്രം, എല്ലാ ജീവജാലങ്ങളിലുമുള്ള ജന്മവാസനകളും സ്നേഹം, വിശ്വാസം, സാഹോദര്യം പോലുള്ള വികാരങ്ങള്‍...എല്ലാറ്റിനെക്കുറിച്ചും ഓള്‍ഗ കണ്ണുനിറയ്ക്കുകയും ആനന്ദിപ്പിക്കുകയും ചെയ്ത ചിത്രണങ്ങളിലൂടെ എഴുതി. പ്രകൃതിയിലൂടെയുള്ള ഒരു നടത്തമായിരുന്നു വാസ്തവത്തില്‍ ആ കൃതി. പ്രകൃതിയിലൂടെയുള്ള നടത്തങ്ങളില്‍ നാം തേടുന്നതിനേക്കാള്‍ കൂടുതല്‍ എപ്പോഴും നമുക്ക് ലഭിക്കാറുണ്ടല്ലോ. ഒരു ചെറുപൂവിന്റെ പുഞ്ചിരി മുതല്‍ ഒരു തളിരിലയുടെ നൈര്‍മല്യം വരെ നമ്മെ എത്രത്തോളം ആഴത്തിലാണ് സ്വാധീനിക്കാറുള്ളത്. മുറിവേറ്റ ഒരു മൃഗത്തില്‍, മുറിച്ചിട്ട ഒരു മരത്തില്‍, വേദനിക്കുന്ന ഒരു മനുഷ്യനില്‍ എന്റെ മനസ്സും ഇന്നും നോവുന്നുണ്ടെങ്കില്‍ ആ നോവുകള്‍ക്ക് ഞാന്‍ നന്ദി പറയുന്നത് ഓള്‍ഗയുടെ ആ ഓര്‍മ്മക്കുറിപ്പുകള്‍ക്കാണ്.
ചുബാറി എന്ന തങ്ങളുടെ പ്രിയപ്പെട്ട കുതിരയുടെ അസുഖം ഭേദമാക്കാന്‍ ഡോക്ടറെ വിളിക്കുന്നതിനായി മഞ്ഞോ തണുപ്പോ വകവയ്ക്കാതെ കിലോമീറ്ററുകള്‍ അപ്പുറത്തുള്ള പട്ടണത്തിലേക്ക് അതിരാവിലെ വീട്ടില്‍ നിന്നും യാത്ര പുറപ്പെടുന്ന ഓള്‍ഗയും സോന്യയും എപ്പോഴും എന്റെ മനസ്സിലുണ്ട്. ഡോക്ടര്‍ വൈകുന്നേരം വീട്ടിലെത്താമെന്ന് പറയുമ്പോള്‍ 'ഇപ്പോള്‍ തന്നെ വരില്ലേ എന്നു ചോദിച്ച് ' ഹൃദയം മുറിഞ്ഞ് വീണ കണ്ണീര്‍ത്തുള്ളി 'ഇവിടം മുഴുവന്‍ ഈച്ചയാണ്' എന്നു പറഞ്ഞുകൊണ്ട്, ഡോക്ടര്‍ കാണാതെ തുടയ്ക്കുന്ന സോന്യ എന്നെ ജീവിതാവസാനം വരെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും. അവളുടെ ഹൃദയ നൈര്‍മല്യം പുഞ്ചിരിയോടെ തിരിച്ചറിഞ്ഞ് അവര്‍ക്കൊപ്പം വീട്ടിലേക്ക് പോകാന്‍ തയാറാകുന്ന ആ ഡോക്ടര്‍ എനിക്ക് എക്കാലത്തേയും വലിയ ആനന്ദമാണ്. മനുഷ്യനിലുള്ള വിശ്വാസം നഷ്ടപ്പെട്ടുപോകുന്ന വേളയിലൊക്കെ, ജീവിതത്തെ സ്നേഹിക്കാന്‍ ഇന്നും പ്രേരിപ്പിക്കുന്നത് ആ കഥാപാത്രങ്ങളാണ്...ചുബാറിയുടെ വേദന ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കാന്‍ കൈത്തോക്ക് എടുക്കുന്ന ഓള്‍ഗയുടെ അച്ഛന്‍ ഒരേ സമയം എനിക്ക് ഇന്നും ഞെട്ടലും വേദനയുമാണ്. ആ രാത്രി ചുബാറിയുടെ ശൂന്യമായ ലായത്തില്‍ നിന്നും നിറമിഴികളുമായി നിശ്ശബ്ദം പുറത്തേക്ക് വരുന്ന ആ കുഞ്ഞുങ്ങള്‍ എനിക്ക് എല്ലാ കാലത്തും അനാഥത്വത്തിന്റെ തേങ്ങലാണ്....
ആ പുസ്തകം ഇന്നും എന്റെ കിടപ്പറയില്‍ അലമാരയില്‍ തന്നെയുണ്ട്.
'കുട്ടികളും കളിത്തോഴരും' എന്ന കൃതി എനിക്കൊരു ബാലസാഹിത്യകൃതിയല്ല. ദസ്തേവ്സ്‌കിയുടെ കരമസോവ് സഹോദരന്മാര്‍ക്കും ഇഡിയറ്റിനും കുറ്റവും ശിക്ഷയ്ക്കും നിക്കോളാസ് കസാന്ദ്സാക്കീസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനത്തിനുമൊപ്പം തന്നെയാണ് ഞാന്‍ ആ കൃതിയെ കാണുന്നത്. ഒരുപക്ഷേ, ജീവിതം എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ച കൃതിയായിരുന്നു അത്. അതങ്ങനെ തന്നെ തുടരുകയും ചെയ്യും.
(ജെ ബിന്ദുരാജ്. മാധ്യമ പ്രവര്‍ത്തകന്‍. ദീര്‍ഘകാലം ഇന്ത്യാടുഡേയില്‍. ഇപ്പോള്‍ സ്മാര്‍ട്ട് ഡ്രൈവ് മാഗസിനില്‍ എഡിറ്റര്‍.)
.....................................................
അവരുടെ പുസ്തകങ്ങള്‍:
അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍
അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്
രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!
അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍
വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍
സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!