രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്
- എന്റെ പുസ്തകം.
- അബ്ബാസ് ഒ എം എഴുതുന്നു
ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.
കുറച്ചു ദിവസം മുന്നേ ഒരു ദിവസം ഉച്ചക്ക് ഫേസ് ബുക്കില്‍ നിന്നും ലോഗ് ഔട്ട് ചെയ്ത് ഉറക്കത്തിലേക്ക് ലോഗ് ഇന്‍ ചെയ്ത ഉടനെ കാലിലൊരു നോട്ടിഫിക്കേഷന്‍ വന്നു തോണ്ടി വിളിച്ചു.
'അബ്ബാസ് ഭായ് ആഗ് ആഗയാ. ആഗ് ആഗയാ..'
'ക്യാ ? ക്യാ..'
'ഫയര്‍ .. ഫയര്‍'
ഉറക്കം എങ്ങോട്ടോ ഓടിപ്പോയി. ഇലക്ട്രിക് റൂമിലെ ഉപകരണങ്ങളെല്ലാം കത്തി പോയതാണ്. വേറെ കുഴപ്പമൊന്നുമില്ല.
ഇന്നും നാളേം ഇനി കറന്റ്് ഉണ്ടാവില്ല. ഫാക്ടറിയും ഓഫീസും ക്ലോസ് ചെയ്തു. സ്‌റ്റോര്‍ സാധാരണ സമയത്ത് തന്നെയാണ് അടച്ചത്. വൈകിട്ട് കുറച്ചു ആളുകളൊക്കെ അവരുടെ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ ഒക്കെ അടുത്തേക്ക് പോയി. കുറച്ചു പേര്‍ തൊട്ടപ്പുറത്തുള്ള സ്ട്രീറ്റില്‍ കമ്പനിയുടെ തന്നെ ജോലിക്കാര്‍ താമസിക്കുന്ന മറ്റൊരു കെട്ടിടത്തിലേക്ക് പോയി.
എനിക്കെങ്ങും പോവാന്‍ തോന്നിയില്ല. ഒരുപാട് നാളായില്ലേ ഇരുട്ട് കണ്ടിട്ട്.
ഏസി ഇല്ലാത്തതാണ് ഏക പ്രശ്‌നം. ഞാന്‍ പോകുന്നില്ലെന്ന് കണ്ടപ്പോള്‍ റൂംമേറ്റും പോകുന്നില്ലെന്ന് പറഞ്ഞു.
മഗരിബ് നമസ്‌കരിക്കാന്‍ ഞങ്ങള്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ.. ഭാഗ്യം ടാങ്കില്‍ വെള്ളം ആവശ്യത്തിനുണ്ട്. എങ്കിലും രണ്ടു ബക്കറ്റ് വെള്ളം പിടിച്ചു റൂമില്‍ വെച്ചു. കടയില്‍ പോയി ഭക്ഷണം കഴിച്ചു വന്നപ്പോള്‍ രണ്ടു മെഴുകുതിരിയും വാങ്ങി..
ഇരുട്ടിനും, നിശ്ശബ്ദതയ്ക്കും ഇത്രയും ഭംഗിയുണ്ടായിരുന്നോ? ഹാ.. എത്ര നാളായി ഞാനിതൊക്കെ ആസ്വദിച്ചിട്ട്. പുറത്തെ പടികെട്ടിലിരുന്നു മൊബൈലില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ചാര്‍ജും തീര്‍ന്നു.
സത്യത്തില്‍ കരണ്ടും വെള്ളവും ഇല്ലാത്തതിനേക്കാള്‍ വിഷമമാണ് മൊബൈല്‍ ചാര്‍ജ് തീര്‍ന്നാലെന്ന് അപ്പോഴാണ് മനസ്സിലായത് . ഇനി എന്ത് ചെയ്യും ?
അപ്പോഴാണ് അടുത്ത് സുഹൃത്ത് തന്ന 'ഖസാക്കിന്റെ ഇതിഹാസം' അലമാരയിലിരിക്കുന്നത് ഓര്‍മ വന്നത്. ഇരുപതു വര്‍ഷം മുന്നേ മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്നു വായിച്ച ആ ഇതിഹാസ നോവല്‍ ഒരിക്കല്‍ കൂടി മെഴുകുതിരിയുടെ വെട്ടത്തിലിരുന്നു വായിക്കാനുള്ള അവസരം..
ജനല്‍ തുറന്നു വെച്ച് ഞാനൊരു മെഴുകുതിരി കത്തിച്ചു വെച്ചു.
രവി, കൂമന്‍ കാവില്‍ ബസ്സിറങ്ങിയപ്പോള്‍ പിറകിലെ ഡോറിലൂടെ ഞാനും അവിടെ ഇറങ്ങി. ഖസാക്കിന്റെ കാഴ്ചകള്‍ കാണണമെങ്കില്‍ രവിയുടെ കൂടെ തന്നെ നമ്മളും സഞ്ചരിക്കേണ്ടതുണ്ട് എന്നത് പണ്ടത്തെ വായനയില്‍ തന്നെ എനിക്ക് ബോധ്യം വന്നതാണ്.
കൂമന്‍ കാവിലെ ചെറിയ സര്‍ബത്ത് പീടികക്കാരന്‍ രവിയോട് സര്‍ബത്ത് വേണോന്നു ചോദിച്ചപ്പോള്‍ ഞാനാണ് വേണമെന്ന് പറഞ്ഞത്. കാരണം നല്ല ചൂടുണ്ട് റൂമില്‍.. വിയര്‍ത്തു തുടങ്ങുന്നു... ബെഡ്ഡില്‍ കിടക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി. ഞാന്‍ ജനലിനു നേരെ താഴെ കാര്‍പെറ്റില്‍ ഒരു ബെഡ് ഷീറ്റ് വിരിച്ച് അതിലേക്കു കിടന്നു. ഒരു പ്ലാസ്റ്റിക് കപ്പ് കമഴ്ത്തി വെച്ച് മെഴുകുതിരി അതില്‍ കത്തിച്ചു വെച്ചു...
ഷര്‍ട്ട് ഇടാത്തോണ്ട് ആരെങ്കിലും റൂമിലേക്ക് വന്നാല്‍ ഖസാക്കിലെ ഒരു കരിമ്പന മറിഞ്ഞു വീണു കിടക്കാണെന്നേ തോന്നൂ.. അള്ളാപിച്ച മൊല്ലാക്ക കുട്ടികള്‍ക്ക് ഷെയ്ഖ് തങ്ങളുടെ കഥ പറഞ്ഞു കൊടുക്കുകയാണ്. ഞാന്‍ ഇരുട്ടിലേക്ക് ചെവി കൂര്‍പ്പിച്ചു.. തങ്ങളുപ്പൂപ്പാന്റെ ചടച്ചു കിഴവനായ പാണ്ടന്‍ കുതിരയുടെ കുളമ്പടി ശബ്ദം എനിക്കിപ്പോള്‍ ശരിക്ക് കേള്‍ക്കാം..
മൈമൂന നട്ടുച്ചക്ക് അറബി കുളത്തില്‍ കുളിക്കുകയാണ്. കുളി കഴിഞ്ഞവള്‍ നൈസാമലി താമസിക്കുന്ന രാജാവിന്റെ പള്ളിയിലേക്ക് കയറിപ്പോയി. ഞാനൊരു ദീര്‍ഘനിശ്വാസം വിട്ടത് അല്‍്പം ദീര്‍ഘം കൂടി പോയി എന്ന് തോന്നുന്നു. മെഴുകുതിരി കെട്ടു.. എന്തായാലും മുങ്ങാംകോഴി ചക്രു റാവുത്തര്‍ മൈമൂനയെ കല്ല്യാണം കഴിച്ചപ്പോഴാണ് നൈസാമലിയോടുള്ള അസൂയ മാറിയത്.
മതസ്പര്‍ധയും ജാതി വ്യവസ്ഥയുമൊക്കെ അതിന്റെ ഏറ്റവും ഭയാനകമായ രീതിയില്‍ തന്നെ നിലനിന്നിരുന്നെങ്കിലും കരുണ എന്നൊരു വികാരം എല്ലാ കഥാപാത്രങ്ങള്‍ക്കും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അപ്പുക്കിളിയും മറ്റനേകം കഥാപാത്രങ്ങളും ഖസാക്കില്‍ സന്തോഷത്തോടെ കഴിഞ്ഞു പോന്നത്.
ഖസാക്കുകാരുടെ വിശ്വാസപ്രകാരം പുളി മരം കയറുന്ന ആളുടെ ഭാര്യ പതിവ്രതയാണെങ്കില്‍ പാമ്പെറുമ്പുകള്‍ ഉപദ്രവിക്കില്ല.
സ്‌കൂള്‍ അടിച്ചു വൃത്തിയാക്കാനുള്ള അഞ്ചു രൂപയുടെ ജോലി സ്‌കൂളില്‍ കുട്ടികള്‍ വരുന്നതിനെ ആദ്യം മുതലേ മുടക്കാന്‍ ശ്രമിച്ചിരുന്ന അള്ളാപിച്ച മൊല്ലാക്കാക്ക് തന്നെ രവി കൊടുത്തതും ആ കാരുണ്യം എന്ന ഒരൊറ്റ വികാരം കൊണ്ട് തന്നെയാണ്.
കരിമ്പനകളില്‍ തണുത്ത കാറ്റാഞ്ഞു വീശിയത് എന്റെ അരികിലുമെത്തിയെന്നു തോന്നുന്നു. മെഴുകുതിരി കെട്ടു പോയി. ലൈറ്റര്‍ തെളിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് മെഴുകുതിരി കത്തി കത്തി അത് കത്തിച്ചു വെച്ച കപ്പിന് ഒരു ദ്വാരമുണ്ടാക്കി കെട്ടു പോയതാണ്.
ഞാന്‍ കുറച്ചു നേരം കണ്ണടച്ചു കിടന്നു. ഇരുട്ടില്‍ മൈമൂനയുടെ കയ്യിലെ നീല ഞരമ്പുകള്‍ കണ്‍ മുന്നില്‍. പെട്ടെന്ന് അടുത്ത മെഴുകുതിരി കത്തിച്ചു വെച്ചു.
ചാന്തുമ്മയാണ് എന്നെ ഏറെ വിഷമിപ്പിച്ചത്. പുളിംകൊമ്പത്തെ പോതി കുടി പാര്‍ക്കുന്ന പുളിമരത്തില്‍ പുളി പറിക്കാന്‍ കയറിയ അവരുടെ റാവുത്തരെ പുളി മരത്തില്‍ താമസമാക്കിയ ഉഗ്രവിഷമുള്ള പാമ്പെറുമ്പുകള്‍ അക്രമിച്ചു താഴെ തള്ളിയിട്ടു കൊന്നു . ഖസാക്കുകാരുടെ വിശ്വാസപ്രകാരം പുളി മരം കയറുന്ന ആളുടെ ഭാര്യ പതിവ്രതയാണെങ്കില്‍ പാമ്പെറുമ്പുകള്‍ ഉപദ്രവിക്കില്ല.
പോതിയുടെ പുളിയില്‍ നിന്ന് വീണു ചത്തവന്റെ പെണ്ണ്. ചാന്തുമ്മയും മക്കളായ കുഞ്ഞു നൂറും, ചാന്തു മുത്തുവും നാട്ടില്‍ ഒറ്റപെട്ടു. തെക്കന്‍ ബല്‍താവട്ടെന്നും (ചെക്കന്‍ വലുതാവട്ടെ ) പറഞ്ഞു തനിക്കു കിട്ടുന്നതും കൂടി കൊടുത്ത് അവളും ചാന്തു മുത്തുവും കൂടി വളര്‍ത്തിയ കുഞ്ഞു നൂറിനെയും പിന്നീട് ചാന്തു മുത്തുവിനെയും വസൂരി എന്ന മഹാമാരി കൊണ്ട് പോയത് ഹൃദയം പിളരുന്ന വേദനയോടെയല്ലാതെ വായിക്കാന്‍ കഴിയില്ല.
ഖസാക്കിന്റെ ഇതിഹാസം വായിച്ചു തീര്‍ന്നപ്പോഴേക്കും ശരിക്ക് വിയര്‍ത്തിരുന്നു. ഞാന്‍ സഹമുറിയനെ വിളിച്ചു ബെഡും തലയിണയുമെടുത്തു പുറത്തിറങ്ങി.
പുറത്തു പൈപ്പുകള്‍ അടുക്കി വെച്ചതിനു മുകളില്‍ ബെഡ് വിരിച്ചു.. നല്ല കാറ്റുണ്ട് ആ ഭാഗത്ത്. ചെതലിയുടെ താഴ് വരയിലടിക്കുന്നത് പോലത്തെ കാറ്റ്. ആകാശം നോക്കി കിടക്കാന്‍ നല്ല രസം. നക്ഷത്രങ്ങളില്ല. നിലാവുണ്ട് പക്ഷെ അമ്പിളിമാമനെ കാണാനില്ല. പുറത്തു റോഡിലൂടെ വല്ലപ്പോഴും പോവുന്ന വാഹനങ്ങളുടെ ശബ്ദം ഒഴിച്ചു നിര്‍ത്തിയാല്‍ പരിപൂര്‍ണ നിശ്ശബ്ദത.
കണ്ണടച്ചാല്‍ അള്ളാപിച്ച മൊല്ലാക്കയുടെ കാലിലെ വട്ടത്തിലുള്ള വ്രണവും, കാളിയാര്‍ ഖബറുകളില്‍ കത്തിച്ചു വെച്ച മെഴുകു തിരിയും, തുമ്പി പിടിക്കുന്ന അപ്പുകിളിയും, അലിയാരുടെ ചായ കടയുമെല്ലാം കണ്‍മുന്നില്‍ തെളിയുന്നു. കൂടെ ഒരു ഏകാദ്ധ്യാപക സര്‍ക്കാര്‍ വിദ്യാലയവും അത് നടത്തി കൊണ്ട് പോവാന്‍ കഷ്ടപെടുന്ന രവിയും മാധവന്‍ നായരും..
ഇത്രയും മനോഹരമായ ഒരു രാത്രി അടുത്തൊന്നും ആസ്വദിച്ചിട്ടില്ല. പക്ഷെ പ്രഭാതം ചതിച്ചു. സാധാരണ അഞ്ചേ മുപ്പതിനെ റൂമില്‍ നേരം വെളുക്കൂ. ഇതിപ്പോള്‍ നാല് മണി ആയപ്പോഴേക്കും വെളിച്ചം വെച്ചു. അലാറത്തിന് പകരം സൂര്യന്‍ തന്നെ നേരിട്ട് വന്നു വിളിച്ചുണര്‍ത്തി.
കവര്‍ ചിത്രം: ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത ഖസാക്കിന്റെ ഇതിഹാസം നാടകത്തില്‍നിന്നുള്ള ദൃശ്യം
അവരുടെ പുസ്തകങ്ങള്‍:
അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍