മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

  • ദേശാന്തരത്തില്‍ ഷിബിന്‍ സിയാദ് ടി
Deshantharam Shibin Siyad T

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Deshantharam Shibin Siyad T
 

സമയം ഏകദേശം പത്ത് മണി ആയിക്കാണും, എ. സി യുടെ തണുപ്പില്‍ ചൂട് സുലൈമാനിയും കുടിച്ച് ഓഫീസില്‍ ഇരിക്കുന്നതിനിടക്കാണ് എഞ്ചിനീയറുടെ കോള്‍ വന്നത്.
  
ഫോര്‍മാന്‍മാരെല്ലാം തിരക്കിലായത് കൊണ്ട്, നൂറ്റി ഇരുപതാം നമ്പര്‍ പ്രോജക്ടിന്റെ കീ എടുത്ത് സൈറ്റില്‍ ചെല്ലാന്‍ പറഞ്ഞ് അവര്‍ ഫോണ്‍ വെച്ചു. ഒരു അറബിക്ക് വേണ്ടി ഉണ്ടാക്കുന്ന അവരുടെ ഔട്ട് ഹൗസിന്റെ പ്രോജക്ട്  ആണിത്. പണിയെല്ലാം തീര്‍ന്നിട്ടും ഹാന്‍ഡോവര്‍ ചെയ്യാനായി മുനിസിപ്പാലിറ്റിയുടെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കാത്ത് നില്‍ക്കുകയാണ് അത്.

സൈറ്റില്‍ ഇത് വരെ പോയിട്ടില്ലാത്തത് കൊണ്ട് റൂട്ട് അറിയില്ലെന്ന് പറയാന്‍ വേണ്ടി തിരിച്ച് വിളിക്കാന്‍ ഫോണെടുത്തപ്പോഴേക്കും  എഞ്ചിനീയറുടെ വാട്ട്‌സ്ആപ്പ് മെസേജ് വന്നു. ൂഗിള്‍ മാപ്പില്‍ കറക്ട് ലൊക്കേഷന്‍ അടക്കമുള്ള മുഴുവന്‍ വിവരങ്ങളും അതില്‍ തന്നെ ഉണ്ടായിരുന്നു... 
    
ഇറങ്ങുന്നതിന് മുമ്പ് ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷന്‍ ഒന്നൂടെ ചെക്ക് ചെയ്തു. ണ്ണ് മഞ്ഞളിച്ച് പോയി. ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷനടുത്ത് ഒരു റോഡ് പോലും കാണിക്കുന്നില്ല. കെ ഒരു ഇളം മഞ്ഞക്കളര്‍. പര് പോലുമില്ലാത്ത ഒരു സ്ഥലം. മരുഭൂമിയുടെ ഏതോ ഒരു അറ്റത്ത്. യു.എ.ഇ യിലെ റാസല്‍ ഖൈമയില്‍ ഇങ്ങനേയും ചില സ്ഥലങ്ങളുണ്ടെന്ന് അപ്പോഴാണ് അറിയുന്നത്. എന്തായാലും പോകാനുറച്ച് കാറില്‍ കയറിയപ്പോള്‍ എഞ്ചിനീയറുടെ അടുത്ത മെസേജ്.

'It's dangerous way. Go slowly & take care'

'വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ ചെങ്ങായ്' എന്ന് മനസ്സില്‍ പറഞ്ഞ് കാറെടുത്ത് യാത്ര തുടങ്ങി...
    
പരിചിത സ്ഥലങ്ങളെല്ലാം കഴിഞ്ഞ് വിജനമായ മരുഭൂമിയിലൂടെയായിരുന്നു പിന്നീടുള്ള യാത്ര. ആളനക്കമൊന്നുമില്ലെങ്കിലും നല്ല റോഡ്. മരുഭൂമിക്ക് നടുവിലൂടെ ഒരു നേര്‍ രേഖ വരച്ച പോലെ റോഡങ്ങനെ നീണ്ട് നിവര്‍ന്ന് കിടക്കുന്നു.. ഇതായിരുന്നോ എഞ്ചിനീയര്‍ പറഞ്ഞ അപകടം പിടിച്ച വഴി എന്നാലോചിച്ച് മുമ്പോട്ട് പോകുന്നതിനിടയിലാണ്, ആ റോഡില്‍ നിന്നും വലത്തോട്ട് തിരിയാനുള്ള അടയാളം ഗൂഗിള്‍ മാപ്പില്‍ തെളിഞ്ഞത്. പക്ഷേ, അവിടെ വലത് ഭാഗത്ത് റോഡ് പോയിട്ട് 'ഒരിടവഴി' പോലുമില്ല. പല ഭാഗങ്ങളിലായി  ടയറിന്റെ പാടുകള്‍ മണലില്‍ പതിഞ്ഞ് കിടപ്പുണ്ട്.വഴി തെറ്റിയെന്നുറപ്പിച്ച് ഫോണെടുത്ത് എഞ്ചിനീയറെ വിളിച്ചു. 

'വഴിയൊന്നും തെറ്റിയിട്ടില്ല. അത് തന്നെയാണ് സ്ഥലം. ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്ന അതേ ദിശയില്‍ പോയാല്‍ മതി. ഏകദേശം ഒരു ഇരുപത് മിനിറ്റ് മുമ്പോട്ട് പോയാല്‍ കുറേ കുറ്റിച്ചെടികള്‍ കാണാം. വിടെ നിന്ന് നോക്കിയാല്‍ കാണുന്ന ഇലക്ട്രിക് ടവറിന്റെ അടുത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് കുറച്ച് ദൂരം മുമ്പോട്ട് പോകുമ്പോള്‍ കാണുന്ന മണല്‍ക്കൂനയുടെ അപ്പുറത്താണ് പ്രോജക്ട് സൈറ്റ്. നീ പോകുന്ന വഴിയില്‍ കൃത്യമായ റോഡില്ല, സൂക്ഷിച്ച് പോകണം.. അവിടേക്കുള്ള ശരിയായ റോഡിലൂടെയാണ് പോകുന്നതെങ്കില്‍ പത്ത് കിലോമീറ്ററിലധികം ചുറ്റണം'.

വിജനമായ മരുഭൂമിയിലൂടെയായിരുന്നു പിന്നീടുള്ള യാത്ര.

മനസ്സിലൊരു തീക്കനല്‍ കോരിയിട്ട് എഞ്ചിനീയര്‍ ഫോണ്‍ വെച്ചു.. അപ്പോഴാണ് അദ്ദേഹം സൂക്ഷിച്ച് പോകാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായത്. കുറ്റിച്ചെടികളും മണല്‍ക്കൂനയുമൊക്കെ അടയാളമാക്കിയുള്ള എന്റെ ജീവിതത്തിലെ ആദ്യ യാത്രയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ പോലും പുറം ലോകമറിയില്ല. മെല്ലെ കണ്ണ്  ഒന്നടച്ചപ്പോള്‍ തെളിഞ്ഞ് വന്നത് ബെന്യാമിന്റെ 'ആട് ജീവിതത്തിലെ' നജീബിന്റെ കോലമാണ്. ആ രൂപത്തിന് എന്റെ മുഖ സാദൃശ്യമുള്ളതായി തോന്നി... ഞാനെങ്ങാനും അങ്ങനെ ഒരവസ്ഥയില്‍ എത്തിയാല്‍... ഹോ.. ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല..

നമ്മള്‍ പേടിക്കുന്ന സമയത്ത് നമ്മുടെ മനസ്സ് നമ്മെ വീണ്ടും വീണ്ടും പേടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ആരോ പറഞ്ഞത് അപ്പോഴാണ് ഓര്‍മ്മ വന്നത്. പടച്ചോന്റെ ഓരോ കളികള്‍! വെറുതെ മനുഷ്യനെ പേടിപ്പിച്ച് കൊല്ലാന്‍....!

നല്ല ഉറച്ച മണലാണ് അവിടെ എന്നത് കൊണ്ട്  കാറിന്റെ ടയറിലെ കാറ്റ് കുറയ്‌ക്കേണ്ടെന്ന് എഞ്ചിനീയര്‍ ആദ്യമേ പറഞ്ഞിരുന്നു.വീട്ടിലുള്ളവരെയെല്ലാം മനസ്സില്‍ കരുതി കാര്‍ മെല്ലെ റോഡില്‍ നിന്നും മണലിലേക്കിറക്കി. ഒന്ന്-രണ്ട് തവണ മാത്രമേ ഡെസേര്‍ട് ഡ്രൈവിങ് ചെയ്ത് പരിചയമുള്ളൂ. അത് കൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് മുമ്പോട്ട് പോയത്.. 

മണല്‍ക്കൂനകളും കുഴികളും ഓരോന്നായി കയറിയിറങ്ങി കാര്‍ മുമ്പോട്ട് പോയിക്കൊണ്ടിരുന്നു. കാറിന്റെ ഡാഷ് ബോര്‍ഡിലുള്ള സ്‌ക്രീനില്‍ തെളിഞ്ഞ ചൂട് കണ്ട് ഞാന്‍ അമ്പരന്ന് പോയി. 48° സെല്‍ഷ്യസ്. ഇത്രയും ചൂടുള്ള സ്ഥലത്ത് നിന്നാണല്ലോ പടച്ചോനെ ആ പണിക്കാര്‍ ഇത്രയും ദിവസം ജോലി ചെയ്തത് എന്നാലോചിച്ചപ്പോള്‍ അവരോടൊക്കെ ഒരു ബഹുമാനം തോന്നി... 

കുറച്ചധികം മുമ്പോട്ട് പോയപ്പോള്‍ തന്നെ മരുപ്പച്ച എനിക്ക് മുന്നില്‍ തെളിഞ്ഞ് വന്നു. കുറേ കുറ്റിച്ചെടികള്‍ അങ്ങിങ്ങായി പരന്ന് കിടക്കുന്നുണ്ട്. അതിനടുത്തായി തന്നെ ഒരു ഇലക്ര്ട്രിക്ക് ടവറുമുണ്ട്. എഞ്ചിനീയര്‍ പറഞ്ഞ സ്ഥലമെത്തിയെന്ന് മനസ്സിലായി. വഴി തെറ്റിയിട്ടില്ലെന്ന ആശ്വാസത്തോടെ കാര്‍ വീണ്ടും മുമ്പോട്ടെടുത്തു.. അപ്പോഴേക്കും ഫോണ്‍ ശബ്ദിച്ചു. എഞ്ചിനീയറുടെ കോള്‍ ആയിരുന്നു അത്.

'നീ തിരിച്ച് പോന്നേക്ക്. ഓണറുടെ കൈവശമുള്ള കീ കാണാനില്ലെന്ന് പറഞ്ഞ് അയാള്‍ വിളിച്ചതായിരുന്നു.പിന്നെ അത് കിട്ടിയെന്ന് പറഞ്ഞ് എന്നെ ഇപ്പോള്‍ വിളിച്ചു'.  സൂക്ഷിച്ച് പോര് എന്ന് വീണ്ടും ഓര്‍മ്മിപ്പിച്ച് അദ്ദേഹം ഫോണ്‍ വെച്ചു.

മനുഷ്യനെ ഇത്രയും ടെന്‍ഷനടിപ്പിച്ച അറബിയെ മനസ്സില്‍ പ്രാകി വണ്ടി വീണ്ടും തിരിച്ച് വിട്ടു.. ഒരു മണല്‍ക്കൂന കയറിയിറങ്ങുമ്പോഴാണ് ആ കാഴ്ച ഞാന്‍ കാണുന്നത്...

വെളുത്ത നിറത്തില്‍ എന്തോ ഒന്ന് മണല്‍ക്കൂനയിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ കിടക്കുന്നു. ആദ്യം അത്ര ശ്രദ്ധിച്ചില്ലെങ്കിലും അടുത്തെത്തിയപ്പോഴേക്കും അതൊരു മനുഷ്യ രൂപമാണെന്ന് എനിക്ക് മനസ്സിലായി. കാര്‍ അടുത്തേക്ക് വരുന്നത് കണ്ടിട്ടാകണം അദ്ദേഹം അവിടെ നിന്നും എണീക്കാന്‍ ശ്രമിച്ചു...

അടുത്തെത്തിയപ്പോഴാണ് ഞാന്‍ ആ സത്യം മനസ്സിലാക്കിയത്. അയാള്‍ ധരിച്ചിരിക്കുന്നത് നീല നിറത്തിലുള്ളൊരു പൈജാമയാണ്. വെയില്‍ കൊണ്ട് നര കേറി വെളുത്തതാണത്. ഒരു അമ്പത് വയസ് തോന്നിക്കുന്ന മധ്യവയസ്‌ക്കന്‍. തിങ്ങി നിറഞ്ഞ് കിടക്കുന്ന താടിയില്‍ മണല്‍ത്തരികള്‍ പറ്റിപ്പിടിച്ച് കിടക്കുന്നു. തലയിലൂടെ ചുറ്റിയ തുണിയുടെ അറ്റം കൊണ്ട് കഴുത്ത്  മറച്ചിട്ടുണ്ട്. വെയിലിന്റെ കാഠിന്യം കൊണ്ടാകാം കണ്ണ് തുറക്കാന്‍ അയാള്‍ നന്നേ പാട് പെടുന്നുണ്ട്. നര കേറിത്തുടങ്ങിയ താടിയില്‍ തടവിക്കൊണ്ടയാള്‍ കാറിനരികിലേക്ക് വന്നു. ആദ്യം ആ രൂപം കണ്ടപ്പോള്‍ കാറില്‍ നിന്നിറങ്ങാന്‍ മടിച്ചെങ്കിലും കയ്യിലെ വലിയ വടിയും ദൂരെ ആടുകളെയും കണ്ടപ്പോള്‍ അയാളൊരു ആട്ടിടയനാണെന്ന് മനസ്സിലായി... 

മനസ്സിലൊരു തീക്കനല്‍ കോരിയിട്ട് എഞ്ചിനീയര്‍ ഫോണ്‍ വെച്ചു..

കഥകളില്‍ മാത്രം വായിച്ചറിഞ്ഞിട്ടുള്ളതാണ് ആട്ടിടയന്മാരുടെ ജീവിതം. കഷ്ടതകള്‍ മാത്രം കൂടെയുള്ള അവരുടെ ജീവിതം ഒരു നേര്‍ക്കാഴ്ചയായി മുന്നില്‍ തെളിയുന്നത് ഇത് ആദ്യമായാണ്. പക്ഷേ, ഇയാളുടെ കഥയെങ്കിലും അത്തരത്തിലുള്ള ഒന്നാകാരുതേയെന്ന് മനസ്സിലൊന്നാഗ്രഹിച്ചു... 

സലാം ചൊല്ലി ഞാന്‍ കാറില്‍ നിന്നിറങ്ങി, കാറിന്റെ മുമ്പില്‍ നില്‍ക്കുകയായിരുന്ന അയാളുടെ അടുത്തേക്ക് ചെന്നു.. ഒറ്റനോട്ടത്തില്‍ തന്നെ ആളൊരു പാകിസ്ഥാനി ആണെന്ന് മനസ്സിലായി.. വെയിലേറ്റ് വാടിയ ആ മുഖത്ത് നിന്നും ചിരി വിടരുന്നുണ്ടെന്ന് വരുത്തി അയാള്‍ സലാം മടക്കി.. 

'കൈസേ ഹേ ബാബാ..' എന്ന ചോദ്യത്തിന് അയാളും 'അല്‍ഹംദുലില്ലാഹ് ഖൈര്‍' എന്ന് മറുപടി തന്നു. അതോടെ ഞാനൊരു തിരിച്ചറിവിലെത്തി. നമ്മള്‍ മലയാളികള്‍ മാത്രമേ 'സുഖമല്ലേ ' എന്ന ചോദ്യത്തിന് 'അങ്ങനെ പോകുന്നു' എന്ന ഒഴുക്കന്‍ മട്ടിലുള്ള ഉത്തരം നല്‍കുകയുള്ളൂ... 

മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഞാനൊരു കാര്യം മനസ്സിലാക്കി. ഇനി ഞാന്‍ അവിടെ നിന്ന് സംസാരിച്ചാല്‍ പിന്നെ, തളര്‍ന്ന് വീണ എന്നെ അയാള്‍ പൊക്കിയെടുക്കാന്‍ നില്‍ക്കേണ്ടി വരും. അത്രയ്ക്കും ചൂടാണ് അവിടെ.
       
ഞാനയാളോട് കാറില്‍ കയറാന്‍ പറഞ്ഞെങ്കിലും ശരീരത്തില്‍ മുഴുവന്‍ അഴുക്കാണെന്ന് പറഞ്ഞ് അയാളാദ്യം കയറാന്‍ കൂട്ടാക്കിയില്ല. അവസാനം ഞാന്‍ നിര്‍ബ്ബന്ധിച്ച് അയാളെ കാറില്‍ കയറ്റി. എന്റെ കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പി അയാള്‍ക്ക് നേരെ നീട്ടി. ആര്‍ത്തിയോടെ അയാള്‍ അത് വാങ്ങി കുടിച്ചു.. എന്നിട്ടയാള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഇത്രയും ആത്മാര്‍ഥയോടെയുള്ള ഒരു ചിരി ഞാനെന്റെ ജീവിതത്തില്‍ അന്നേ വരേയ്ക്കും കണ്ടിട്ടില്ലായിരുന്നു. 

സംസാരങ്ങള്‍ പിന്നേയും തുടര്‍ന്നു. മടിച്ച് മടിച്ചാണെങ്കിലും ചോദ്യങ്ങള്‍ക്കയാള്‍ മറുപടി തന്നു.

പേര്, ഖുലാന്‍ ജാവേദ്. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നും അകലെ ഏതോ ഒരു ഗ്രാമത്തിലാണ് വീട്. വീട്ടില്‍ ഉമ്മയും ഭാര്യയും മൂന്ന് കുട്ടികളും. എന്നും രാവിലെ അറബിയുടെ ഡ്രൈവര്‍ അയാളുടെ പിക്കപ്പില്‍, ഈ ചുട്ടുപൊള്ളുന്ന മണലില്‍ അയാളെയും ആടുകളെയും കൊണ്ട് വിടും. വൈകുന്നേരം ദൂരെയെവിടെയോ ഉള്ള അവരുടെ ഫാമിലേക്ക് തിരിച്ച് കൊണ്ട് പോവുകയും ചെയ്യും. കയ്യിലാകെ ഭക്ഷണമായിട്ടുണ്ടാകുന്നത് രണ്ട് ഖുബ്ബൂസും ഒരു തൈരിന്റെ പായ്ക്കറ്റും ഒരു വെള്ളത്തിന്റെ ബോട്ടിലും. ആയിരം ദിര്‍ഹംസ് ആണ് സാലറി. നാട്ടിലേക്ക് കാശ് അയക്കുന്നതും മൊബൈല്‍ റീചാര്‍ജ്ജ് ചെയ്ത് കൊടുക്കുന്നതും അറബിയുടെ ഡ്രൈവറായ ഒരു മലയാളിയാണ്. 

ഞാനും ഒരു മലയാളിയാണെന്ന് പറയുമ്പോള്‍ അയാളെന്റെ തലയില്‍ കൈ വെച്ച് കൊണ്ടെന്നോട് പറഞ്ഞു.. 'ആപ് ലോഗ് ബഹുത് അച്ചാഹേ ഭേട്ടാ'. ഒരന്യ രാജ്യക്കാരന്റെ നാവില്‍ (അതും ഒരു പാക്കിസ്ഥാനിയുടെ) നിന്നും ഇങ്ങനെയൊരു വാക്ക് കേള്‍ക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്... 

വിശേഷങ്ങളോരോന്നും പറയുമ്പോഴും അയാള്‍ തന്റെ പുറം, കാറിന്റെ സീറ്റില്‍ തട്ടാതെ ശ്രദ്ധിക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.. വിയര്‍പ്പിലൊട്ടി നില്‍ക്കുന്ന അയാളുടെ വസ്ത്രത്തില്‍ മുഴുവന്‍ മണല്‍ പറ്റിപ്പിടിച്ചിട്ടുണ്ട്. അത് സീറ്റില്‍ ആകും എന്ന് വിചാരിച്ചായിരിക്കും അയാളങ്ങനെ ഇരിക്കുന്നതെന്നെനിക്ക് തോന്നി... 

'ആദ്യം ജോലി ചെയ്തത് എവിടെയായിരുന്നു' എന്ന എന്റെ ചോദ്യത്തിനുള്ള മറുപടി കേട്ട്  ആശ്ചര്യത്തോടെ ഞാനയാളെ നോക്കിയിരുന്നു. ഈ കാണുന്നതെല്ലാം സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തൊരു അവസ്ഥ. ഞാന്‍ കേട്ടത് തെറ്റിയതാണോ എന്നറിയാന്‍ വേണ്ടി ഒരിക്കല്‍ക്കൂടി ചോദിച്ചു.. 

' മേം ഏക് ഫര്‍ണീച്ചര്‍ ഷോപ്പ് മേം അക്കൗണ്ടന്റ് ധാ ഭേട്ടാ' അത്ഭുതത്തോടെ ഇരിക്കുന്ന എന്നെ നോക്കി അയാള്‍ ചെറുതായൊന്ന് പുഞ്ചിരിച്ചു. എവിടെയോ വെച്ച് സ്വന്തത്തെ നഷ്ടപ്പെട്ട ഒരു പാമരന്റെ ചിരി. പ്രതീക്ഷകളും സ്വപനങ്ങളും കൈ മോശം വന്ന ഒരു യഥാര്‍ത്ഥ മനുഷ്യന്റെ ചിരി. കുഴിഞ്ഞിരിക്കുന്ന കണ്‍ കോണില്‍ മിഴിനീര്‍ മുത്തുകള്‍ പൊടിയുന്നത് ഞാന്‍ കണ്ടു. ഞാനറിയാതെ അയാളുടെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ചു...

 കൂടുതല്‍ സാലറിയുള്ള ജോലി വാഗ്ദാനം ചെയ്ത് ആരോ പറ്റിച്ചതായിരുന്നു ആ പാവത്തിനെ. അവസാനം എങ്ങനെയൊക്കെയോ ഈ അറബിയുടെ കൈയ്യില്‍ വന്ന് പെട്ടു. പിന്നെ, ഡിഗ്രികളുടെ ഭാണ്ഡക്കെട്ടിറക്കിവെച്ച് അയാള്‍ ജീവിക്കാന്‍ തുടങ്ങി.  'സ്റ്റാറ്റ ഉള്ള ജോലിയേക്കാളേറെ വീട്ടിലുള്ളവരുടെ വിശപ്പല്ലേ മോനെ വലുത്' എന്ന അയാളുടെ ചോദ്യത്തിന് മുമ്പില്‍ കണ്ണില്‍ വെള്ളം നിറച്ച് നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ... 

നവംബര്‍ പകുതിയോടെ വിസ കാലാവധി തീരുമെന്നും അത് കഴിഞ്ഞാല്‍ നാട്ടില്‍ വിടാമെന്ന് അറബി പറഞ്ഞിട്ടുണ്ടെന്നും പറയുമ്പോള്‍ അയാളുടെ കണ്ണിലൊരു പ്രത്യേക തിളക്കം ഞാന്‍ കണ്ടു.. പ്രതീക്ഷകള്‍ അസ്തമിച്ചവന്റെ മുമ്പില്‍ ഒരു കച്ചിത്തുരുമ്പ് തെളിയുമ്പോഴുണ്ടാകുന്ന അതേ നിര്‍വൃതിയായിരുന്നു അയാളുടെ മുഖത്ത്.

നമ്മള്‍ക്കെല്ലാവര്‍ക്കും ഒരു പാഠമാണ് ആ മനുഷ്യന്റെ ജീവിതം.

 ഏറെ നേരത്തെ സംസാരത്തിനൊടുവില്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അയാളൊരു ചോദ്യം ചോദിച്ചു.  'മോന് ഫോട്ടോ എടുക്കേണ്ടേ?'  സംശയത്തോടെയുള്ള എന്റെ നോട്ടം കണ്ടത് കൊണ്ടാകണം, ഞാന്‍ അങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് തന്നെ അയാള്‍ അതിനുള്ള ഉത്തരം നല്‍കി... 

'പല ആളുകളും ഇതിലൂടെ പോകുമ്പോള്‍ വണ്ടി നിര്‍ത്തി ഭക്ഷണവും വെള്ളവുമെല്ലാം തരും. എന്നിട്ട് കൂടെ നിര്‍ത്തി ഫോട്ടോയെടുക്കും. എന്തിനാണെന്ന് ചോദിച്ചാല്‍ ഫെയ്‌സ്ബുക്കിലിടാനാണെന്ന് പറയും'.  

ആ വാക്കുകള്‍ക്ക് മറുപടിയായി എന്റെ കയ്യിലുണ്ടായിരുന്നത് ഒരു ചമ്മിയ ചിരി മാത്രമായിരുന്നു. കാരണം, സമയവും സന്ദര്‍ഭവും നോക്കാതെ ഓരോരുത്തരുടേയും ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കിലും മറ്റും പോസ്റ്റുമ്പോള്‍, ഞാനടക്കമുള്ള നമ്മളാരും അവരുടെ അപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല എന്നതല്ലേ സത്യം..

 യാത്ര പറഞ്ഞ് തിരിക്കുമ്പോള്‍, 'ശുക്രിയാ ഭേട്ടാ.. ഖുദാ ഹാഫിസ്'എന്ന് പറഞ്ഞയാള്‍ എന്റെ തലയില്‍ കൈ വെച്ചു.. മനസ്സറിഞ്ഞുള്ള അനുഗ്രഹങ്ങള്‍ നമ്മുടെ മനസ്സില്‍ കൊള്ളുമെന്ന് എനിക്കപ്പോള്‍ മനസ്സിലായി.

സുഖ സൗകര്യങ്ങളെല്ലാമുണ്ടായിട്ടും പിന്നേയും ഇല്ലായ്മകള്‍ പറഞ്ഞ് നടക്കുന്ന നമ്മള്‍ക്കെല്ലാവര്‍ക്കും ഒരു പാഠമാണ് ആ മനുഷ്യന്റെ ജീവിതം. വിധിയുടെ കോമാളിത്തരത്തില്‍ നിറം മങ്ങിപ്പോയ ഒരു മാണിക്യം തന്നെയാണവര്‍. മരുഭൂമിയിലെ മാണിക്യം. വിദ്യാഭ്യാസമുണ്ടായിട്ടും കഷ്ടതയനുഭവിക്കാന്‍ വിധിച്ച അയാളുടെ ജീവിതമൊക്കെയാണ് നമ്മള്‍ കണ്ട് പഠിക്കേണ്ടത്. അവരോടൊത്ത് ചിലവഴിച്ച നിമിഷങ്ങളൊന്നും എന്റെ ജീവിതത്തിലെ പുതിയ പാഠങ്ങള്‍ പഠിക്കാനുള്ള വേദിയായി മാറുകയായിരുന്നു.           
         
അനുഭങ്ങളോരോന്നും ഓരോ  പാഠമായിത്തീരുമ്പോഴാണല്ലോ തിരിച്ചറിവുകള്‍ നമ്മിലേക്കെത്തുന്നത്. സൗകര്യങ്ങളോരോന്നും അഹങ്കാരമായി തീരുമ്പോള്‍ ദൈവം നമുക്ക് മുമ്പിലേക്ക് ഇത് പോലുള്ള ചില ജീവിതങ്ങള്‍ വെച്ച് നീട്ടും. ചിന്തിക്കുന്നവര്‍ക്ക് എവിടേയും ദൃഷ്ടാന്തമുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios