ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!
കാനഡയിലെ ടൊറോന്റോയില്‍നിന്ന് രണ്ട് മണിക്കൂര്‍ യാത്രാദൂരമുണ്ട് സെന്‍ട്രല്‍ ഒണ്ടാറിയോയിലെ മുസ്‌ക്കോക്കയിലേക്ക്. ഇവിടത്തെ നാലായിരം ഏക്കറോളം വരുന്ന ഇരുണ്ട ആകാശ സംരക്ഷിതപ്രദേശം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഇരുണ്ട ആകാശവും നക്ഷത്രങ്ങളും നിറഞ്ഞ രാവനുഭവം. ഫാത്തിമ മുബീന്‍ എഴുതുന്നു.
'രാത്രിയില്‍ നക്ഷത്രങ്ങളുമായി ചങ്ങാത്തം കൂടി നിളയുടെ തീരത്തിരിക്കണം, അവരെ കണ്ട് കണ്ട് പുഴയുടെ താരാട്ട് കേട്ടുറങ്ങണം...' സ്വപ്നബക്കറ്റില്‍ കിടന്ന് വീര്‍പ്പുമുട്ടിയിട്ടാവണം നിലവിളിച്ചുകൊണ്ട് ഇതെങ്ങിനെയോ മുകളിലെത്തി. പണ്ടൊരിക്കല്‍ ഇതുപോലെ നിലവിളിച്ചപ്പോള്‍ കില്ലര്‍നേ പാര്‍ക്കില്‍ രാപാര്‍ക്കലിന് പോയി നക്ഷത്രങ്ങളെ നോക്കി നിന്ന് സമാധാനിപ്പിച്ചതായിരുന്നു. അന്ന് കൂടെയുണ്ടായിരുന്ന മകന്റെ കണ്ണിലും ആകാശപ്പരപ്പിലെ നക്ഷത്രങ്ങളുടെ കുസൃതിത്തിളക്കം പ്രതിഫലിച്ചിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന നഗരവെളിച്ചത്തില്‍ വളര്‍ന്ന കുട്ടികള്‍ക്ക് ഇരുണ്ട ആകാശവും അതില്‍ പരക്കുന്ന വിസ്മയകാഴ്ചകളൊക്കെ വെറും കഥകള്‍ മാത്രമാണ്.
ടൊറോന്റോയില്‍നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് വാഹനമോടിച്ചെത്താവുന്ന സെന്‍ട്രല്‍ ഒണ്ടാറിയോയിലെ മുസ്‌ക്കോക്കയില്‍ നാലായിരം ഏക്കറോളം വരുന്ന ഒരു ശാദ്വലഭൂമിയുണ്ട്. 1997 മുതല്‍ 'ഇരുണ്ട ആകാശ സംരക്ഷിതപ്രദേശ'മായി സര്‍ക്കാര്‍ പരിപാലിക്കുന്ന സ്ഥലമാണ്. 2.5 ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപപ്പെട്ടതെങ്കിലും, അവസാനഹിമയുഗത്തിനു ശേഷം മണ്ണൊക്കെ ഒലിച്ചു പോയി പാറകളും ചെറിയ കുന്നുകളും, അരുവികളും ചതുപ്പുകളുമൊക്കെയായി മാറിയ പ്രദേശമാണിത്. മരങ്ങള്‍ കുറവാണ്, ഏറെയും പൈനും, ഓക്കും, ചുവന്ന മേപ്പിളുമാണ്. ചതുപ്പുകളില്‍ ഉഭയജീവികള്‍ ധാരാളമുണ്ട്. കാനഡയില്‍ വളരെ അപൂര്‍വ്വമായി കാണാറുള്ള പാമ്പുകളെ (Rattle Snake, Hognose Snake) ഇവിടെ കണ്ടിട്ടുണ്ടെന്ന് പറയുന്നു. ഇതൊന്നുമല്ല അവിടെ കാണാനുള്ളത്. Torrance Barrens Dark Sky Preserveന്റെ പ്രധാന ആകര്‍ഷണം ആകാശമാണ്. നീലാകാശമല്ല. ഇരുണ്ടാകാശം!
വഴി വിളക്കുകളോ, കണ്ണില്‍ തറക്കുന്ന മറ്റു കൃത്രിമ പ്രകാശങ്ങളോ നമുക്ക് വഴികാട്ടില്ല
കൃത്രിമ വെളിച്ചങ്ങളേ വിട
മനുഷ്യനിര്‍മ്മിതമായ വെളിച്ചങ്ങള്‍ പാടെ മാറ്റി നിര്‍ത്തിയിരിക്കുകയാണ് ടോറന്‍സില്‍. വഴി വിളക്കുകളോ, കണ്ണില്‍ തറക്കുന്ന മറ്റു കൃത്രിമ പ്രകാശങ്ങളോ നമുക്ക് വഴികാട്ടില്ല. പകരം പതിന്മടങ്ങായി പ്രകൃതിയുടെ വെളിച്ചമുണ്ട്. ഇരുട്ടില്‍ തപ്പിത്തടയുമ്പോള്‍ നക്ഷത്രക്കുഞ്ഞുങ്ങളുടെ വെള്ളി വെളിച്ചത്തില്‍ മുങ്ങി നിവരാം. കുറച്ചു സമയമെടുത്താലും കണ്ണുകള്‍ അതിനോട് പൊരുത്തപ്പെടും പിന്നെ മറ്റെല്ലാം നിഷ്പ്രഭമാകും. ബെറികളുടെ തലസ്ഥാനമായ മുസ്‌ക്കോക്കയിലെ ബാലയുടെ അടുത്താണ് ടോറന്‍സ്. സംരക്ഷിതപ്രദേശമായതിനാല്‍ അടുത്തൊന്നും വീടുകളില്ല. അത് കൊണ്ട് വീടുകളിലെ പ്രകാശവും ആ പ്രദേശത്തില്ല. എന്തെല്ലാം കൃത്രിമപ്രകാശങ്ങളുമായാണ് മനുഷ്യര്‍ അന്തരീക്ഷത്തെ മലിനപ്പെടുത്തിയിരിക്കുന്നത്? ഇത്രയേറെ വെളിച്ചങ്ങള്‍ നമുക്ക് വേണ്ടി പ്രകാശം പരത്തുന്നതിനാലാണോ നമ്മുടെ ഉള്ളിലെ വെളിച്ചമൊക്കെ കെട്ടുപോയത്?
കാര്‍മേഘങ്ങളില്ലാത്ത സെപ്റ്റംബറിലെ ഒരു തെളിഞ്ഞ രാത്രിയിലാണ് ഞങ്ങള്‍ നക്ഷത്രങ്ങളെ കാണാന്‍ പോയത്. നഗരത്തില്‍ നിന്ന് ടോറന്‍സിലേക്ക് കടക്കുന്നതിന് കുറച്ചകലെവെച്ച് തന്നെ വഴിവിളക്കുകളുടെയും, വീടുകളുടെയും അഭാവം ശ്രദ്ധിച്ചു. സംരക്ഷിതപ്രദേശത്തിലേക്കാണ് കടക്കുന്നതെന്ന വ്യക്തമായ അടയാളപ്പെടുത്തലുകളൊന്നുമില്ലെങ്കിലും തികച്ചും ശാന്തമായ ഒരിടത്തേക്കാണ് എത്തുകയെന്ന അവ്യക്തമായ സൂചനകള്‍ പ്രകൃതിതന്നെ നല്‍കുന്നുണ്ട്. വല്ലപ്പോഴും കടന്നു പോകുന്ന ചില വാഹനങ്ങളുടെ ശബ്ദഘോഷങ്ങളൊഴിച്ചാല്‍ പിന്നെ നിശബ്ദതയാണ്. ഒരായുസ്സിന്റെ സൗന്ദര്യം മുഴുവന്‍ ഇലകളിലേക്ക് പകര്‍ന്നു നില്‍ക്കുന്ന മേപ്പിള്‍ വൃക്ഷങ്ങളുടെയും, ഓക്കിന്റെയും പ്രണയമര്‍മ്മരങ്ങള്‍ മാത്രമാണ് ആ നിശ്ശബ്ദതയെ ഭേദിക്കുന്നത്.
പ്രകൃതി ഉണര്‍ന്നിരിക്കുന്ന നേരം
ചുവന്ന ബോര്‍ഡിനരികിലെ സ്ഥലത്ത് ഞങ്ങള്‍ കാറ് നിര്‍ത്തി. ആളുകള്‍ നടന്നു പോകുന്ന ഒരു ചെറിയ വഴിയുണ്ട്. അതിലൂടെ പോയാല്‍ ചെന്നു കയറുന്നത് ഗ്രാനൈറ്റ് പാറകളുടെ പ്രതലത്തിലേക്കാണ്. അതിനു താഴെ പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്ന ചതുപ്പു പ്രദേശമാണ്. അതിനപ്പുറത്തൊരു കുഞ്ഞു തടാകമുണ്ട്. കുട്ടികളെയും കൊണ്ട് മീന്‍ പിടിക്കാന്‍ വന്നവര്‍ തടാകത്തിനരികില്‍ തമ്പടിച്ചിരിക്കുന്നു. മറ്റു ചിലരാകട്ടെ കൂടാരം കെട്ടിയുറപ്പിച്ച് നടക്കാന്‍ പോകാനുള്ള തന്ത്രപ്പാടിലാണ്. കയറി ചെല്ലുന്നിടത്തെ തിരക്കില്‍ നിന്ന് ഒഴിഞ്ഞുമാറി ഞങ്ങള്‍ മുന്നോട്ട് നടന്നു. രാത്രിയുടെ വിരുന്നാസ്വദിക്കാന്‍ പാകത്തിനൊരു ചെറിയ പാറക്കെട്ട് കണ്ടപ്പോള്‍ അവകാശം സ്ഥാപിക്കാനെന്ന പോലെ ക്യാമറയുടെ കാലുകളവിടെ നാട്ടി. പാറയില്‍ നിന്നിറങ്ങി നടന്നാല്‍ തടാകത്തിനരികിലെത്താം.
മരങ്ങള്‍ക്കിടയിലൂടെ ആളുകള്‍ ചുള്ളിക്കമ്പുകള്‍ ശേഖരിക്കാന്‍ പോകുന്നുണ്ട്. ഓരോ തവണ ഞങ്ങളെ കടന്നു പോകുമ്പോഴും ക്ഷമ ചോദിക്കും. ഞങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി അവര്‍ക്ക് തോന്നുന്നത് കൊണ്ടായിരുന്നു ഈ ക്ഷമ ചോദിക്കല്‍ ചടങ്ങ്. നമുക്കിതൊന്നും ശീലമില്ലാത്തതിനാല്‍ ഞാനിത് കേട്ട് അക്ഷമയായി കവിത കേള്‍ക്കാനിരുന്നു. ഇവിടുത്തെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലൊരു വിശ്വാസമുണ്ട്. അവരിലെ മുതിര്‍ന്നവര്‍ വേനല്‍ക്കാലത്ത് കഥകള്‍ പറയില്ലത്രെ. പ്രത്യേകിച്ച് പ്രകൃതിയുമായി ബന്ധപ്പെട്ട കഥകള്‍. അതിനൊരു കാരണമുണ്ട്. പ്രകൃതിയിലെ സര്‍വ്വചരാചരങ്ങളും ഉണര്‍ന്നിരിക്കുന്ന സമയമാണത്രെ വേനല്‍ക്കാലം. അപ്പോള്‍ അവയ്ക്ക് അനിഷ്ടമാകുന്ന തരത്തിലൊന്നും നാവില്‍ നിന്ന് വീഴാതിരിക്കാനാണീ കരുതല്‍. ശൈത്യകാല രാത്രികളിലാണ് മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കുന്നത്.
ഞാന്‍ കഥ വല്ലതും പറയുന്നുണ്ടോന്ന് നോക്കാനെന്ന പോലെയാണ് സൂര്യന്റെ നില്‍പ്പ്. രാത്രി 8.00 മണിയായിട്ടും പോകാനുള്ള തയ്യാറെടുപ്പ് പോലുമായിട്ടില്ല. സമയാസമയത്ത് പോയാലല്ലേ ചന്ദ്രികക്ക് കുട്ടികളെയും കൂട്ടി വിരുന്നിനെത്താന്‍ പറ്റൂ. അവിടെയവരൊക്കെ ഒരുങ്ങിയിരിക്കുകയാണെന്ന് ഓര്‍ക്കാതെ ഇവിടെയെന്റെ കൂടെ കവിത കേള്‍ക്കാനിരിക്കുകയാണ്. പത്ത് മണിയോടെയാണ് പകല്‍ വെളിച്ചമൊന്നു മങ്ങി തുടങ്ങിയത്. 'ശൈത്യകാലത്തിന് അധിക ദിവസല്ല്യ, അപ്പോള്‍ കാണിച്ചു തരാട്ടോന്നൊക്കെ മുറുമുറുത്തും, കൈവശമുള്ള കടുംനിറങ്ങളെല്ലാം ആകാശമുറ്റത്ത് തൂവിയരിശം തീര്‍ത്തുമൊക്കെയാണ് പോകുന്നത്. ഇളം തണുപ്പില്‍ പാറപ്പുറത്ത് കിടന്നൊന്ന് മയങ്ങിയോ?
മറക്കാനാവില്ല ഈ രാത്രി
വെളുപ്പിനേ കത്തിച്ച വിളക്കൂതി കെടുത്തി സൂര്യന്‍ യാത്രയാകുന്നതും നോക്കി കിടന്നതാണ്. അറിയാതെ മയങ്ങി പോയി. കണ്ണ് തുറന്നപ്പോള്‍ കണ്ടത് വിണ്ണിലെ ജാലകതിരശീല വകഞ്ഞുമാറ്റി കണ്ണിറുക്കി കാണിക്കുന്നവരെയാണ്. നോക്കിയിരിക്കെ തിരശീലക്ക് പിന്നില്‍ ഒളിഞ്ഞുനിന്നവരൊക്കെ പുറത്തെത്തി. കറുത്ത മുറ്റത്ത് നക്ഷത്രപന്തലൊരുങ്ങുകയാണ്...
ഒന്ന്, രണ്ട്, മൂന്ന്...കണ്ണ് ഇരുട്ടിനോട് സമാരസപ്പെടുമ്പോഴേക്കും അവിടെ എണ്ണം ലക്ഷോപലക്ഷമായിരിക്കുന്നു. ഇടയ്ക്കിടെ വലിയ പന്തലിലൂടെ പായുന്ന കൊള്ളിമീനുകള്‍. പ്രകൃതിയുടെ ഇന്ദ്രജാലമാരംഭിച്ചു കഴിഞ്ഞു. അതാ... ആരൊക്കെയാണ് ഞാന്‍ കാണുന്നത്? നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, അങ്ങിനെ വിണ്ണിനപ്പുറമുള്ളവരെല്ലാമെത്തിയിട്ടുണ്ട്. നഗരത്തിലെ കൃത്രിമപ്രകാശങ്ങളോട് മല്ലിട്ട് തോറ്റ വിണ്ണിന്റെ തേജസ്സാണ് എനിക്ക് ചുറ്റും... എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും ഒരേ കാഴ്ചയാണ്. നിറചൈതന്യമായി പ്രകൃതിയും, ആ വിസ്മയത്തിന് മുന്നില്‍ വിനീതരായി നില്‍ക്കുന്ന കുറെ മനുഷ്യരും മാത്രമാണ് അവിടെ.
360 ഡിഗ്രിയില്‍ കെട്ടിടങ്ങളുടെയോ, നാട്ടുവിളക്കുകളുടെയോ തടസ്സങ്ങളില്ലാതെ പുലരുവോളം ആകാശകാഴ്ചകള്‍ കണ്ടാസ്വദിക്കാം. ടോര്‍ച്ചിന്റെ കുഞ്ഞു വെളിച്ചം പോലും പ്രകൃതിയെ അലസോരപ്പെടുത്തുന്ന സ്ഥലമാണിത്. രാത്രിയില്‍ ആകാശത്തില്‍ നിന്ന് പെയ്തിറങ്ങുന്ന വെളിച്ചത്തിന് മാത്രമായി കാത്തിരിക്കുന്ന ഭൂമിയിലെ അവകാശികള്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയാണ്. ഇവിടെ മനുഷ്യനോ, മനുഷ്യനിര്‍മിതമായതിനോ സ്ഥാനമില്ല. പ്രകൃതിയുടെ അനുഗ്രഹത്താല്‍ ആ ഭാഷയും, വര്‍ത്തമാനവും കേട്ട് കുറച്ചു സമയം അതിലലിയാം. 'A place where people may frequent, but do not remain...'
ഇരുട്ടിനു വേണ്ടി ഇത്തിരിയിടം
ലോകത്തിലാദ്യമായി പ്രകൃതിക്ക് വേണ്ടി ഇരുട്ടിനെ സംരക്ഷിക്കാന്‍ തുടങ്ങിയതിവിടെയാണ്. ഭൂമിയുടെ സന്തുലിതമായ അവസ്ഥക്ക് രാത്രിയിലെ ഇരുട്ട് ആവശ്യമാണെന്നും അതിനായി ഇത്തിരി സ്ഥലമെങ്കിലും ബാക്കി വെക്കണമെന്നും പലര്‍ക്കും തോന്നി തുടങ്ങിയിട്ടുണ്ട്. നഗരത്തില്‍ നിന്ന് വിളിപ്പാടകലെയുള്ള ടോറന്‍സ് ശാസ്ത്രജ്ഞരുടെ പ്രിയപ്പെട്ടയിടമാണ്.
മഞ്ഞും മഴയും വകവെക്കാതെ ഇവിടെ വന്ന് ആകാശവിസ്മയങ്ങള്‍ ഇമപൂട്ടാതെ നോക്കിയിരിക്കുന്നവരുമുണ്ട്. രാത്രിയെ ഭീതിയോടെ അകറ്റിനിര്‍ത്താനാണ് ചെറുപ്പം മുതലേ നമ്മള്‍ ശീലിക്കുന്നത്. അതേ ശീലം അടുത്ത തലമുറയിലേക്കും പകര്‍ന്നു നല്‍കുന്നു. പേടിക്ക് ആക്കംകൂട്ടാനായി ഉയര്‍ന്ന ചാലകശക്തിയിലുള്ള വിളക്കുകളും ഏണ്ണത്തില്‍ കൂടുതലായി നമുക്കുണ്ട്... എന്നിട്ടും ടോറന്‍സില്‍ കണ്ട പ്രകാശത്തോളം വരില്ല അതിനൊന്നും. ഒറ്റ രാത്രി കൊണ്ട് ടോറന്‍സ് നല്‍കിയത് മറക്കാനാവാത്ത അനുഭവമാണ്. ഇരുട്ടില്‍ വിണ്ണും മണ്ണും കൈകോര്‍ക്കും, പ്രണയിക്കും, പാട്ടുകള്‍ പാടും, നക്ഷത്ര കുഞ്ഞുങ്ങള്‍ ചിരിയുടെ മത്താപ്പുകള്‍ വിരിയിക്കും... ഇതിനു സാക്ഷിയാകാന്‍ വീണ്ടും വീണ്ടുമിവിടെ മനുഷ്യരെത്തും, കാരണം അവര്‍ക്കാണല്ലോ നഷ്ടങ്ങളും, നഷ്ടപ്പെടുത്തലുകളുടെ ഭാരവും!
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
.....................
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും
പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!
ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?
മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!
പൊള്ളുന്ന ചൂടില്‍, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍
കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക?
സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്‌നവുമാണ്!'
ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!
മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !
ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!
പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല
നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍
പ്രവാസികളുടെ കണ്ണീര് വീണ ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും
വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!
ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത് മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു
ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?
സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!
സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...
പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്