നമ്മുടെ ഉള്ളിലെ വംശീയത  അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

  • എനിക്കും ചിലത് പറയാനുണ്ട്-
  • ​റഹ്മ സുല്‍ത്താന എഴുതുന്നു
26 moments which exposes racism within us Rahma Sultana

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.


26 moments which exposes racism within us Rahma Sultana

ഒരു മലയാളിയുടെ നിറങ്ങളെ കുറിച്ചുള്ള ബോധത്തിന്റെ വിവിധ ഘട്ടങ്ങള്‍:

തലച്ചോറ് വികസിക്കും മുമ്പേ /ഗര്‍ഭാവസ്ഥയില്‍ കേള്‍ക്കുന്നത്

1. കുഞ്ഞിന് നല്ല നിറം കിട്ടണേല്‍ പാലില്‍ കുങ്കുമം ചേര്‍ത്ത് കഴിച്ചാല്‍ മതി മോളെ...
2. കട്ടന്‍ ചായയും കാപ്പിയും ഒഴിവാക്കിയേക്ക്. കുഞ്ഞ് കറുത്ത് പോവും.

(വെളുത്ത കുഞ്ഞിനെ ലഭിക്കാന്‍ ഒരു പ്രത്യേക ഡയറ്റ് പ്ലാന്‍ തന്നെയുണ്ട്. കുടുംബത്തിലെ സവര്‍ണരോടോ,മക്കള്‍ കറുത്തുപോയതില്‍ മനം നൊന്ത് കഴിയുന്ന ബന്ധുക്കളോടോ, പ്രായം ചെന്ന സവര്‍ണ ബോധമുള്ളവരോടോ ബന്ധപ്പെടുക)

ശൈശവം
3. ലേശം നെറം കുറവാണ്. ഓന്റെ വാപ്പേം അങ്ങനെ തന്നെ അല്ലേ. സാരല്ല്യ 
(ഡയലോഗിനൊപ്പം സഹതാപ പുഞ്ചിരി ഫ്രീയാണ്. പോരെങ്കില്‍ കരിമണീ, കറുത്ത മുത്തേന്നൊക്കെ കൊഞ്ചിക്കലും ഉണ്ടാവും.)

4. 'ഹാ..ലക്ഷണം വെച്ച് വലുതാവുമ്പോ കുട്ടി നല്ലോണം വെളുക്കും. ഇപ്പൊ ഒള്ള നിറമൊന്നും നോക്കണ്ടാ'
(ഇത് പറയുമ്പോള്‍ കുട്ടിയുടെ അച്ഛന്റെയോ അമ്മയുടെയോ തോളില്‍ ഒരു തട്ട് ഫ്രീയാണ് )

5. ബേബി ക്രീമും പൗഡറും കുറച്ചധികം വാങ്ങിക്കൊണ്ടു വരുന്ന അമ്മാവന്‍/അപ്പൂപ്പന്‍.

6. വെളുത്ത കുട്ടിയെ പറ്റി 'നല്ല വെളുത്ത് തുടുത്ത സുന്ദരി വാവയാ അവന്‍േറത് എന്ന് വര്‍ണിക്കുന്ന ബന്ധുക്കള്‍.

ബാല്യം മുതല്‍ കൗമാരം വരെ
7. അധികം വെയിലു കൊണ്ടാല്‍ കറുത്ത് ദേ അപ്പുറത്തെ വീട്ടിലെ ചെക്കനെ പോലാവും.

8.  'ചോറുതിന്നില്ലെങ്കില്‍ കള്ളന്‍ പിടിച്ചോണ്ട് പോവും..'
    'കള്ളന്‍ എങ്ങനെയാ അമ്മേ? '
    'കറുത്തു തടിച്ച് കരിമ്പൂതം പോലെ'

9. അതെങ്ങനാ, 24 മണിക്കൂറും ഗ്രൗണ്ടില്‍ തീപ്പൊരി വെയിലിലല്ലേ കളി.. അണ്ണാച്ചീനെ പോലെയായി കോലം.

10. നിന്റെ മകള്‍ ചെറുപ്പത്തില്‍ ബല്ലാത്ത മൊഞ്ച് ആയിരുന്നു. എന്തൊരു നിറമുള്ള കൊച്ചായിരുന്നു. ഇപ്പൊ എന്താ പറ്റിയെ?

11. കടും നിറമുള്ള ഡ്രസ്സ് വേണ്ട.. അവന്‍/അവള്‍ നിറം കൊറവാണ്. 

12. കൊച്ച് നല്ല നെറോള്ളതോണ്ട് ഏത് കളറും പറ്റും.

13. അയ്യേ..നീ കറുത്തിട്ടാ വൃത്തിയില്ല എന്നൊക്കെ എന്ന് എന്റെ വീട്ടില്‍ നിന്ന് പറയുന്ന കേട്ടു എന്ന് കളിയാക്കിയ സുഹൃത്ത്.

14. വെളുത്ത പേരക്കുട്ടിയോട് ഒരല്‍പ്പം സ്‌നേഹക്കൂടുതല്‍ കാണിക്കുന്ന അമ്മൂമ്മ

യുവത്വം

15. ഞാനില്ല..കറുത്തതോണ്ട് അവരെന്നെ കളിയാക്കും.

16. നിനക്ക് നിറത്തിന് ചേരുന്ന കളര്‍ ഡ്രസ്സ് ഇടാന്‍ പാടില്ലേ?

17. ഒരാഴ്ച നീങ്ങളിത് പരീക്ഷിക്കൂ. പാലു പോലെ വെളുക്കും എന്നും പറഞ്ഞുള്ള എല്ലാ ലിങ്കും തുറന്ന് നോക്കുന്നവര്‍

18. നിറം വര്‍ദ്ധിപ്പിക്കാനുള്ള ടിപ്‌സ് കാണിച്ച് തളര്‍ന്ന് കിടക്കുന്ന യൂട്യൂബ്

19. നിങ്ങളുടെ നിറമാണ് വിഷയമെന്ന് സദാ പറയുന്ന നമ്മുടെ ടിവി, പത്ര പരസ്യങ്ങളും സിനിമയും.

20. കറുമ്പന്‍/കറുമ്പി എന്ന് വട്ടപ്പേരുള്ള മിനിമം ഒരു സുഹൃത്ത്

21. കല്ലാണപ്പെണ്ണ് ലേശം നിറം കുറവാണ് വേറേ കൊഴപ്പോന്നൂല്ലാന്ന് അടക്കം പറയുന്ന വകയിലെ അമ്മായിമാര്‍

22. മകന് വെളുത്ത പെണ്‍കുട്ടിയെ തന്നെ കിട്ടണേയെന്ന് അഞ്ചുനേരം നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കള്‍

23. കറുത്തവന്‍ വെളുത്തവളെ കെട്ടിയപ്പോള്‍ കരിവിളക്കും നിലവിളക്കും എന്ന് ചിരിക്കുന്ന നാട്ടുകാര്‍

24. വെയിലും മഴയും മഞ്ഞും മാറി മാറി വരുമ്പോഴൊക്കെയും ഞാനാകെ കറുത്തുപോയോന്ന് പേടിക്കുന്നവര്‍.

25. കുട്ടി കറുത്തിട്ടാ..അതോണ്ട് കല്ല്യാണം വൈകിയെന്ന് പരിഭവപ്പെടുന്ന വീട്ടുകാര്‍

26. നെറം കൊറവായതോണ്ട് തന്നെക്കൊണ്ട് കഴിയാവുന്നതിലും കൂടൂതല്‍ പൊന്നും പണവും കൊടുത്ത് കെട്ടിച്ച മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് കുങ്കുമവും പാലും ഏത്തപ്പഴവും വാങ്ങി പോവുന്ന അച്ഛനമ്മമാര്‍

(ഇനിയങ്ങോട്ട് എന്തെന്നറിയാന്‍ പോസ്റ്റിന്റെ തുടക്കം മുതല്‍ ഒന്നൂടെ വായിക്കുക. ഈ ഘട്ടം വരെയാണ് മനുഷ്യരുടെ നിറങ്ങളെ കുറിച്ചുള്ള ബോധം വളരുന്നത്. അതൊരു വൃത്തമായി തലമുറകളില്‍നിന്ന് തലമുറകളിലേക്ക് ബോധപൂര്‍വം കൈമാറ്റം ചെയ്യപ്പെടുന്നു. പിന്നീടങ്ങോട്ട് അതിന്റെ പ്രയോഗസാദ്ധ്യതകള്‍ ആണ്. അതിനെ പറ്റി ഞാനൊരക്ഷരം പറയുന്നില്ല)

 

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍  കേരളം എന്ന് പഠിക്കും?​

Latest Videos
Follow Us:
Download App:
  • android
  • ios