Asianet News MalayalamAsianet News Malayalam

നെല്ലിയമ്പം ഇരട്ടക്കൊലപാതകം; 2 വർഷത്തെ വിചാരണ, 74 സാക്ഷികൾ, ഒടുവിൽ അർജുൻ കുടുങ്ങി, ശിക്ഷാവിധിക്ക് ഇനി 4 നാൾ

പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെ വാഷ്‌റൂമിലേക്ക് എന്ന് പറഞ്ഞ് പോയ അര്‍ജുനെ അവശനിലയില്‍ കണ്ടെത്തി. എലിവിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചു.

wayanad panamaram nelliyambam double murder case court find accused arjun as gulity
Author
First Published Apr 25, 2024, 12:05 AM IST

കല്‍പ്പറ്റ: പനമരത്തിനടുത്ത താഴെ നെല്ലിയമ്പം കാവടത്ത് വൃദ്ധ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഏകപ്രതി കൊലപാതകം നടന്ന വീടിന് സമീപത്തെ കുറുമകോളനിയിലെ അര്‍ജുന്‍ (24) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധിക്ക് ഇനി നാലു നാൾ മാത്രം. കൊലപാതകം, ഭവനഭേദനം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളില്‍ ആണ് പ്രതി കുറ്റക്കാരനെന്ന് വയനാട് ജില്ല സെഷന്‍സ് അഡ്‌ഹോക് കോടതി ജഡ്ജി എസ് കെ അനില്‍കുമാര്‍ കണ്ടെത്തിയിരിക്കുന്നത്. ശിക്ഷ ഈ മാസം 29ന് പ്രഖ്യാപിക്കും. 

ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ 74 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 2021 ജൂണ്‍ പത്തിന് രാത്രിയിലായിരുന്നു നെല്ലിയമ്പം ഗ്രാമത്തെ നടുക്കിയ കൊലപാതകം നാടറിഞ്ഞത്. റിട്ട. അദ്ധ്യപകന്‍ പത്മാലയത്തില്‍ കേശവന്‍ (72) ഭാര്യ പത്മാവതി (68) എന്നിവര്‍ കുത്തേറ്റു മരിക്കുകയായിരുന്നു. കേസെടുത്ത പൊലീസ് മാനന്തവാടി ഡി.വൈ.എസ്.പി. എ.പി.ചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. പ്രദേശത്തെ നിരവധിയാളുകളെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സെപ്തംബര്‍ പത്തിന് അര്‍ജ്ജുനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

 എന്നാല്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെ വാഷ്‌റൂമിലേക്ക് എന്ന് പറഞ്ഞ് പോയ അര്‍ജുനെ അവശനിലയില്‍ കണ്ടെത്തി. എലിവിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യുന്നതിനിടെ യുവാവ് കൈയ്യില്‍ കരുതിയിരുന്ന എലിവിഷം കഴിക്കുകയായിരുന്നു. പ്രദേശത്തെ ചിലരെ ചോദ്യം ചെയ്തതിന് ശേഷമാണ്  അര്‍ജ്ജുനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. മാതാപിതാക്കള്‍ മരിച്ച അര്‍ജുന്‍ സഹോദരനോടൊപ്പം കോളനിയിലെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു. അവിവാഹിതനാണ്. 

കൊലപാതകം നടന്ന ആദ്യ ദിനങ്ങളിലൊന്നും ഒരു തരത്തിലുള്ള സൂചനയും പ്രതിയെക്കുറിച്ച് ലഭിച്ചിരുന്നില്ല. രാത്രി ഒമ്പത് മണിക്കുള്ളില്‍ നടന്ന സംഭവമായിരുന്നിട്ടും പ്രതി രക്ഷപ്പെട്ടതിന്റെ ഒരു തരത്തിലുള്ള തെളിവും അന്വേഷണ സംഘത്തിനോ നാട്ടുകാര്‍ക്കോ ലഭിച്ചിരുന്നില്ല. എന്നാല്‍ കൃത്യം നടന്ന വീടിന് പിറക് വശത്തുള്ള വയലിലൂടെ സഞ്ചരിച്ചില്‍ പ്രതി അര്‍ജ്ജുന്റെ വീട്ടിലേക്ക് എളുപ്പത്തിലെത്താമെന്നതും മറ്റു ചില സൂചനകളും കണ്ടെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. രണ്ട് വര്‍ഷത്തിലധികം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് ഇപ്പോള്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.

Read More : രണ്ട് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടി മഴ, അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ മഴയെത്തും; അറിയിപ്പ്   

Follow Us:
Download App:
  • android
  • ios