Asianet News MalayalamAsianet News Malayalam

പ്രസവത്തെ തുടർന്ന് യുവതിയുടെ മരണം; മെഡിക്കല്‍ കോളേജ് സൂപ്രണ്ടിൻെറ മറുപടി തൃപ്തികരമല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ

കൂടുതൽ വിശദമായ റിപ്പോർട്ട് അടുത്ത സിറ്റിങ്ങിന് മുമ്പ് നൽകണമെന്നും കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ്  നിർദ്ദേശം നൽകി

Death of young woman after childbirth in Alappuzha medical college; minority commission said that the reply of the medical college superintendent was not satisfactory
Author
First Published May 7, 2024, 5:02 PM IST

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശേഷം ചികിത്സയിലിരിക്കെ ഷിബിന എന്ന യുവതി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് സമർപ്പിച്ച മറുപടി തൃപ്തികരമല്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. ഇക്കാര്യം ചൂണ്ടികാട്ടി റിപ്പോര്‍ട്ട് കമ്മീഷൻ തള്ളി. കൂടുതൽ വിശദമായ റിപ്പോർട്ട് അടുത്ത സിറ്റിങ്ങിന് മുമ്പ് നൽകണമെന്നും കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ്  നിർദ്ദേശം നൽകി . ഇക്കാര്യത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്ത്  റിപ്പോര്ട്ട ആവശ്യപ്പെടുകയായിരുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ശരിയായ ഫോറമാറ്റിൽ പോലും നൽകിയിട്ടില്ലെന്നും  കമ്മീഷൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാസം അവസാനമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. ഇതിനിടെയാണ് സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്ത് റിപ്പോര്‍ട്ട് തേടിയത്.

പ്രസവത്തെ തുടർന്ന് അണുബാധയേറ്റാണ് ആലപ്പുഴയിൽ യുവതി മരിച്ചത്. അമ്പലപ്പുഴ സ്വദേശി ഷിബിനയായിരുന്നു മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ തുടർന്നായിരുന്നു അണുബാധ. ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. 

അന്ന് മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ്  ഐസിയുവിൽ ചികിത്സയിലായിരുന്നു ഷിബിന. ഏപ്രില്‍ 28ന് ഉച്ചയോടെയായിരുന്നു മരണം. മരണ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. ആശുപത്രിയിൽ ഇവരുടെ പ്രതിഷേധം പൊലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.

അതേസമയം യുവതിയുടെ മരണം ഹൃദയഘാതം മൂലമെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പ്രസവത്തിന് മൂന്ന് ദിവസം മുൻപ് യുവതിക്ക് യൂറിനൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം അണുബാധ വർധിച്ചുവെന്നും അവർ പറഞ്ഞു. 

ഈ അണുബാധയാണ് ആന്തരിക അവയവങ്ങളെയും ബാധിച്ചത്. നേരത്തെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്നു വാർഡിലേക്ക് മാറ്റിയെങ്കിലും രണ്ടു ദിവസം മുൻപ് ആദ്യ ഹൃദയാഘാതം വന്നു. ഇന്നുച്ചയ്ക്ക് വീണ്ടും ഹൃദയാഘാതം സംഭവിച്ചുവെന്നും ഇതോടെയാണ് മരണം ഉണ്ടായതെന്നുമാണ് ആശുപത്രി നൽകിയ വിശദീകരണം.

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

 

Latest Videos
Follow Us:
Download App:
  • android
  • ios