Asianet News MalayalamAsianet News Malayalam

കേരള തീരത്തെ റെഡ് അലർട്ടിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; ഇന്ന് അതീവ ജാഗ്രത, 'നാളെ രാത്രി വരെ അതി തീവ്ര തിരമാല'

ഇന്ന് രാവിലെ 05.30 മുതൽ 05-05-2024 രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത

Today may 4 Red alert in Kerala coast all details here Sea attack chance in Kerala coast live updates 
Author
First Published May 4, 2024, 12:23 AM IST

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് രാവിലെ 05.30 മുതൽ 05-05-2024 രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന്  സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കടലേറ്റത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിന് പുറമേ, തെക്കൻ തമിഴ്‌നാട് തീരത്തും മുന്നറിയിപ്പ് നിലനിൽക്കുകയാണ്.

ഇക്കുറി ഇതാദ്യം, വേനൽ മഴയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു!

റെഡ് അലർട്ട് ഇപ്രകാരം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് (04-05-2024) രാവിലെ 05.30 മുതൽ 05-05-2024 രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന്  സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
4. വെള്ളിയാഴ്ച രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം.
5. ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ കേരള തീരത്തോട് ചേർന്ന് വള്ളങ്ങളിലും ചെറിയ യാനങ്ങളിലും മത്സ്യബന്ധനം നടത്താൻ പാടുള്ളതല്ല.
6. കേരള തീരത്തോട് ചേർന്ന് പൊഴികളിൽ നിന്നും അഴിമുഖങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളിൽ  കടലിലേക്ക് പുറപ്പെടാൻ പാടുള്ളതല്ല. കടൽ പ്രക്ഷുബ്‌ധമായിരിക്കും.

അടിയന്തരസാഹചര്യമുണ്ടായാൽ നേരിടാൻ സജ്ജമാകണമെന്ന് സംസ്ഥാന പോലീസ് മേധാവി

കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് കടലാക്രമണ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ അടിയന്തരസാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശം നൽകി. ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ വകുപ്പ്, കടലോര ജാഗ്രത സമിതി എന്നിവയുമായി ചേർന്ന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനാണ് കോസ്റ്റൽ പോലീസ് വിഭാഗം ഐജി, എഐജി എന്നിവരോട് ആവശ്യപ്പെട്ടത്. ജാഗ്രതാനിർദ്ദേശങ്ങൾ തീരദേശത്തെ ജനങ്ങളിൽ എത്തിക്കുന്നതിനും പോലീസ് നടപടി സ്വീകരിക്കും. തീരദേശ ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാർക്കും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios