Asianet News MalayalamAsianet News Malayalam

അമ്മത്തൊട്ടിലിൽ നിന്ന് അച്ഛനമ്മമാരുടെ സ്നേഹത്തണലിലേക്ക് 8 കുരുന്നുകൾ കൂടി; രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിലേക്ക്

പോറ്റമ്മമാരെ പിരിഞ്ഞ് അച്ഛനമ്മമാരുടെ ഒക്കത്തിൽ എത്തിയ കുരുന്നുകളുടെ കണ്ണുകളിൽ നക്ഷത്രത്തിളക്കം. ചിലർ ചിണുങ്ങി. ഒപ്പം കാത്തിരിപ്പിനൊടുവിൽ സന്താന സൗഭാഗ്യം ലഭിച്ച അച്ഛനമ്മമാരുടെ കണ്ണുകൾ ഈറനണിഞ്ഞു.

scene filled with emotions as eight abandoned children from Thiruvananthapuram CWC got adopted
Author
First Published May 4, 2024, 9:04 AM IST

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കരുതലിൽ നിന്ന് മാതാപിതാക്കളുടെ സ്നേഹ ഭവനങ്ങളിലേക്ക് എട്ടു കുരുന്നുകൾ കൂടി. പൊക്കിൾക്കൊടിയോടൊപ്പം ആരൊക്കെയോ മുറിച്ചുമാറ്റിയ പിഞ്ചോമനകളെ  ജീവിത യാത്രയിൽ കൂടെ കൂട്ടാൻ എട്ടു ദമ്പതികളാണ് കുടുംബ സമേതം കഴിഞ്ഞ ദിവസം ശിശു ക്ഷേമ സമിതിയിലെത്തിയത്. സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലാണ് വെള്ളിയാഴ്ച ഈ അപൂർവ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. 

ഒരു ദിവസം ഇത്രയധികം കുട്ടികളെ ദത്തു നൽകുന്നത് ശിശുക്ഷേമ സമിതിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ്. അമ്മക്കിളികൾ അനാഥരാക്കി പിരിഞ്ഞപ്പോൾ അവരെ ഏറ്റെടുത്ത് അമ്മത്തൊട്ടിലിൻറെ സ്നേഹച്ചിറകിലൊതുക്കി വളർത്തിയ നർഗീസ്, വൈഷ്ണവ്, ശില്പ, ശ്രദ്ധ, ജോനാഥൻ, ലക്ഷ്യ, വികാസ്  എന്നീ കുരുന്നുകളെയാണ് ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച്  സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി രക്ഷകർത്താക്കൾക്ക് കൈമാറിയത്. പോറ്റമ്മമാരെ പിരിഞ്ഞ് അച്ഛനമ്മമാരുടെ ഒക്കത്തിൽ എത്തിയ കുരുന്നുകളുടെ കണ്ണുകളിൽ നക്ഷത്രത്തിളക്കം. ചിലർ ചിണുങ്ങി. ഒപ്പം കാത്തിരിപ്പിനൊടുവിൽ സന്താന സൗഭാഗ്യം ലഭിച്ച അച്ഛനമ്മമാരുടെ കണ്ണുകൾ ഈറനണിഞ്ഞു.

ഒരാൾ മഹാരാഷ്ട്രയിലേക്കും മറ്റൊരാൾ തമിഴ് നാട്ടിലേക്കും പറക്കും. ബാക്കി  ആറു പേർ കേരളത്തിൽ തന്നെയാണ് ചേക്കേറുന്നതും പിച്ചവച്ചു വളരുന്നതും. തിരുവനന്തപുരം1, ആലപ്പുഴ 2, കോട്ടയം 2, കോഴിക്കോട് 1 എന്നിവിടങ്ങളിലാണ് കേരളത്തിലെ അച്ഛനമ്മമാരുടെ സ്നേഹവീടുകൾ. ഡോക്ടർ, അസിസ്റ്റൻറ് ഡയറക്ടർ, യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ, പോലീസ്, സ്വന്തമായി ബിസിനസ് നടത്തുന്നവർ തുടങ്ങി വിവിധ മേഖലകളിൽ ജോലി നോക്കുന്നവരാണ് മാതാപിതാക്കൾ. 

ശിശുക്ഷേമ സമിതിയിൽ പുതിയ ഭരണസമിതി  അധികാരത്തിൽ വന്നശേഷം  14 മാസത്തിനിടയിൽ 76 കുട്ടികളെയാണ് ഇതുവരെ ദത്തു നൽകിയതെന്ന് അധികൃതർ അറിയിച്ചു. ഇതിൽ 12 പേർ വിദേശത്തേക്ക് പറന്നു. ബാക്കിയുള്ളവർ സ്വദേശത്തു തന്നെ. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (കാര)യുടെ ഓൺലൈൻ സൈറ്റിൽ കൂടി ഇന്ത്യയിലെ വിവിധ അഡോപ്ഷൻ ഏജൻസികളിൽ രജിസ്റ്റർ ചെയ്ത അർഹതപ്പെട്ട ദമ്പതികൾക്ക് മുൻഗണന പ്രകാരമാണ് ശിശുക്ഷേമ സമിതിയിൽ നിന്നും ക്ലിയറൻസ് ലഭിച്ച ഇത്രയധികം കുട്ടികളെ ഒരുമിച്ചു ദത്തു നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios