Asianet News MalayalamAsianet News Malayalam

സത്യം ജയിക്കും, പോരാട്ടം തുടരുമെന്ന് പ്രബീര്‍ പുരകായസ്‌ത, സുപ്രീം കോടതി വിധിക്ക് പിന്നാലെ ജയിൽ മോചിതനായി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും നിരന്തര വിമര്‍ശകരായിരുന്നു ന്യൂസ് ക്ലിക്ക് എഡിറ്ററായിരുന്ന പ്രബീര്‍ പുരകായസ്തയെ യുഎപിഎക്കൊപ്പം ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് 2023 ഒക്ടോബര്‍ മൂന്നിന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്

News Click founder and editor Prabir Purkayastha was released from jail
Author
First Published May 16, 2024, 2:09 PM IST

ദില്ലി: ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീര്‍ പുരകായസ്‌ത ജയിൽ മോചിതനായി. യുഎപിഎ ചുമത്തി പുരകായസ്തയെ അറസ്റ്റ് ചെയ്തത് നിയമനടപടികൾ പാലിക്കാതെയാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. രോഹിണി ജയിൽ നിന്ന് മോചിതനായ പ്രബീറിനെ സുഹൃത്തുക്കൾ അടക്കം ചേർന്ന് സ്വീകരിച്ചു. സത്യം ജയിക്കുമെന്നും പോരാട്ടം തുടരുമെന്നും ജയിൽ മോചിതനായ പ്രബീര്‍ പ്രതികരിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും നിരന്തര വിമര്‍ശകരായിരുന്നു ന്യൂസ് ക്ലിക്ക് എഡിറ്ററായിരുന്ന പ്രബീര്‍ പുരകായസ്തയെ യുഎപിഎക്കൊപ്പം ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് 2023 ഒക്ടോബര്‍ മൂന്നിന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലേക്കെത്തിയെന്നാണ്  ഇഡിയും, ദില്ലി പൊലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ആരോപിച്ചത്. വിദേശ സംഭാവന സ്വീകരിച്ചതില്‍ ചട്ടലംഘനം നടന്നെന്നാണ് ആരോപണം. ചൈനീസ് അനുകൂല പ്രചാരണത്തിന്  അമേരിക്കന്‍ വ്യവസായി നെവില്‍റോയ് സിംഘാം 38 കോടിയോളം രൂപ  ഫണ്ടിംഗ് നടത്തിയെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍, ദില്ലി പൊലീസിന്‍റെ തന്നെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്, സിബിഐ എന്നീ ഏജന്‍സികള്‍ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ ഇഡിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സിബിഐയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കര്‍ഷകസമരം, പൗരത്വ പ്രതിഷേധം തുടങ്ങിയ സംഭവങ്ങളിലെ ന്യൂസ് ക്ലിക്കിന്‍റെ കടുത്ത നിലപാട് ചൈനീസ് അജണ്ടയുടെ ഭാഗമായിരുന്നോയെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര ഏജൻസികളുടെ അന്വേഷണം. ന്യൂസ്ക്ലിക്കിലേക്കെത്തിയ ഫണ്ടില്‍ നിന്ന്  ടീസ്ത സെതല്‍വാദ്, സിപിഎം ഐടി സെല്ലിലെ ബപാദിത്യ സിന്‍ഹ തുടങ്ങിയവര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയതായും ഇഡി കണ്ടെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios