Asianet News MalayalamAsianet News Malayalam

'ജനങ്ങളുടെ പോരാട്ടത്തിന് ജനങ്ങളുടെ പിന്തുണ വേണം'; പ്രചാരണത്തിന് ക്രൗഡ്‌ഫണ്ടിംഗുമായി കനയ്യ കുമാര്‍

ദില്ലിയില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി ആംആദ്‌മി പാര്‍ട്ടിക്കൊപ്പമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്

Lok Sabha Elections 2024 Kanhaiya Kumar launches crowdfunding in North East Delhi constituency
Author
First Published May 16, 2024, 9:31 AM IST

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ പ്രചാരണത്തിന് ക്രൗഡ്‌ഫണ്ടിംഗുമായി ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥി കനയ്യ കുമാര്‍. ഇന്ത്യാ സഖ്യത്തിനായി നോര്‍ത്ത് ഈസ്റ്റ് ദില്ലി മണ്ഡലത്തിലാണ് കനയ്യ മത്സരിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനായി ഇത് ജനങ്ങളുടെ പോരാട്ടമാണെന്നും അതിനാല്‍ ആളുകളുടെ പിന്തുണ അനിവാര്യമാണെന്നും കനയ്യ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. 

'ഈ ഇലക്ഷന്‍ നമുക്ക് സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും നീതിയുടെയും തെര‌ഞ്ഞെടുപ്പാണ്. ഏകാധിപത്യത്തിനെതിരെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. 18 വയസ് പൂര്‍ത്തിയായ എല്ലാവരോടു ഈ ജനവിധിയുടെ ഭാഗവാക്കാകാന്‍ ആവശ്യപ്പെടുകയാണ്. എല്ലാവരും പ്രചാരണത്തിന്‍റെ ഭാഗവാക്കാകുക. നിങ്ങള്‍ക്കും പിന്തുണകള്‍ നല്‍കാം. ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കുന്നത് ക്രൗഡ്‌ഫണ്ടിംഗ് വഴിയാണ്. ജനങ്ങള്‍ക്കായുള്ള ഈ പോരാട്ടത്തില്‍ ജനങ്ങളുടെ സഹായം ആവശ്യമാണ്' എന്നും വീഡിയോയില്‍ കനയ്യ പറഞ്ഞു. 

ജെഎന്‍യു സ്റ്റുഡന്‍റ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റും ഇപ്പോള്‍ എന്‍എസ്‌യുഐ ദേശീയ നേതാവുമാണ് കനയ്യ കുമാര്‍. 2019ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസാരായില്‍ നിന്ന് സിപിഐ സ്ഥാനാര്‍ഥിയായി കനയ്യ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ബിജെപി നേതാവ് ഗിരിരാജ് സിംഗിനോട് 422,217 വോട്ടുകൾക്കായിരുന്നു പരാജയം. 2021 സെപ്റ്റംബറിലായിരുന്നു കനയ്യ കുമാര്‍ സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്നത്. സിപിഐയിൽ ചേർന്ന് അഞ്ച് വർഷത്തിന് ശേഷമാണ് അദേഹം പാർട്ടി വിട്ടത്. സിപിഐയുടെ ദേശീയ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗമായിരുന്നു.

ദില്ലിയില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി ആംആദ്‌മി പാര്‍ട്ടിക്കൊപ്പമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ദില്ലി നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍ ബിജെപിയുടെ സിറ്റിംഗ് എംപി മനോജ് തിവാരിയാണ് കനയ്യയുടെ പ്രധാന എതിര്‍ സ്ഥാനാര്‍ഥി. 2019ലെ തെരഞ്ഞെടുപ്പില്‍ തിവാരി 3,66,102 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. ദില്ലിയിലെ ഏഴ് ലോക്സഭ സീറ്റുകളിലേക്കും മെയ് 25നാണ് തെരഞ്ഞെടുപ്പ് നടക്കുക. 

Read more: 'സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കും'; നിലപാട് വ്യക്തമാക്കി മമത ബാനര്‍ജി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios