Asianet News MalayalamAsianet News Malayalam

ലേസർ ലൈറ്റ് ഷോകൾക്ക് നിരോധനം; വിലക്ക് സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിന് സമീപം 8 പൊലീസ് സ്റ്റേഷൻ പരിധിയിൽ

ലേസർ ബീമുകളും ലൈറ്റുകളും കാരണം കാഴ്ച മങ്ങുന്നു എന്ന പൈലറ്റുകളുടെ പരാതിയെ തുടർന്നാണ് നടപടി.

laser light shows ban in eight police station areas around Netaji Subhas Chandra Bose airport in kolkata
Author
First Published May 3, 2024, 11:17 AM IST

കൊൽക്കത്ത: കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള സ്ഥലങ്ങളിൽ ലേസർ ലൈറ്റ് ഷോകൾക്ക് വിലക്കേർപ്പെടുത്തി കൊൽക്കത്ത പൊലീസ്. ലേസർ ബീമുകളും ലൈറ്റുകളും കാരണം കാഴ്ച മങ്ങുന്നു എന്ന പൈലറ്റുമാരുടെ പരാതിയെ തുടർന്നാണ് നടപടി. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊലീസ് അറിയിച്ചു.

എട്ട് പോലീസ് സ്റ്റേഷൻ പരിധികളിലാണ് ലേസർ ലൈറ്റുകള്‍‌ക്ക് നിരോധനമുള്ളത്.  എയർപോർട്ട്, നാരായൺപൂർ, ബാഗുയാതി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും ഇക്കോ പാർക്ക്, ബിധാൻനഗർ സൗത്ത്, ബിധാൻനഗർ ഈസ്റ്റ്, ന്യൂ ടൗൺ, രാജർഹട്ട് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലെ ചില ഭാഗങ്ങളിലുമാണ് നിരോധനം. ഏപ്രിൽ 30 ന് പൊലീസ് കമ്മീഷണർ ഗൗരവ് ശർമ്മയാണ് ലേസർ ലൈറ്റ് നിരോധനം സംബന്ധിച്ച ഉത്തരവിറക്കിയത്. 

നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും പരിസര പ്രദേശങ്ങളിലെയും ഫ്രീ ഫ്ലൈറ്റ് സോണിൽ ലേസർ ബീമുകൾ ഉപയോഗിക്കുന്നതിനാണ് നിരോധനം. വിമാനത്താവള ഡിവിഷനിലെ പൊലീസ് കമ്മീഷണറുടെയും വിമാനത്താവള ഡയറക്ടറുടെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. റൺവേകളുടെ സമീപത്തും ലാൻഡിംഗ് ദിശയിലുമുള്ള ലേസർ ലൈറ്റുകള്‍ക്കാണ് നിയന്ത്രണം. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും പൊലീസ് അറിയിച്ചു.

കൊൽക്കത്ത വിമാനത്താവളത്തിന് ചുറ്റുമുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, വിവാഹ ഓഡിറ്റോറിയങ്ങള്‍, ഹൗസിംഗ് സൊസൈറ്റികൾ എന്നിവയിലെ ലേസർ ലൈറ്റുകൾ പൈലറ്റുമാർക്ക് പ്രശ്നങ്ങള്‍  സൃഷ്ടിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷണർ ആവശ്യപ്പെട്ടു. അടുത്ത 60 ദിവസത്തേക്കാണ് ഉത്തരവ്. ഉത്തരവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പൊലീസ് തീരുമാനിച്ചു.

ഫെബ്രുവരി 25 നും മാർച്ച് 16 നും പട്‌നയിൽ നിന്ന് വന്ന ഇൻഡിഗോ വിമാനത്തിലെ പൈലറ്റുമാരുടെ കാഴ്ചയെ ലാൻഡിങ്ങിനിടെ ലേസർ ലൈറ്റുകള്‍ ബാധിച്ചിരുന്നു. സംഭവത്തിൽ വിമാനത്താവള അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് നടപടി. 

2.8 കിലോമീറ്റർ നീളം, 60 മീറ്റർ പൊക്കത്തിൽ അഞ്ച് ടവറുകൾ; ശബരിമലയിൽ റോപ്‍വേ നിർമാണത്തിന് സർവേ തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios