Asianet News MalayalamAsianet News Malayalam

ചൂട് സഹിക്കാൻ പറ്റുന്നില്ലേ? പരിഹാരവുമായി സോണി, കഴുത്തിന് പിറകിൽ ഇതങ്ങ് ഘടിപ്പിച്ചാൽ മതി, എവിടെയും പോകാം

തിരക്കേറിയ തീവണ്ടിയാത്രയ്ക്കിടെയും, ബസ് യാത്രയ്ക്കിടെയും പോലും ഇത് ഉപയോഗിക്കാം. വിമാനയാത്രയ്ക്കിടെ തണുപ്പുകൂടുതൽ അനുഭവപ്പെടുന്നുണ്ടെങ്കിലും ചൂട് കിട്ടാനായി ഇത് ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്.

If you can not bear with this soaring heat just wear this thing behind your neck and leave the rest to it
Author
First Published May 2, 2024, 6:59 AM IST

കടുത്ത ചൂടിൽ പൊറുതിമുട്ടുന്നവരാണ് നാം. ചൂട് കാരണം പകൽ സമയം പുറത്തിറങ്ങാനോ രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാനോ പോലും ബുദ്ധിമുട്ടുന്ന അവസ്ഥ. ഈ സമയത്ത് ശരീരത്തിൽ ഘടിപ്പിക്കാൻ ഒരു എയർകണ്ടീഷണർ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടില്ലേ. എന്നാൽ പിന്നെ ആ ആഗ്രഹമങ്ങ് സാധിച്ചു തന്നിരിക്കുകയാണ് സോണി.

'റിയോൺ പോക്കറ്റ് 5' എന്നാണ് ഇതിന്റെ പേര്. ഈ ഉപകരണത്തെ 'സ്മാർട് വെയറബിൾ തെർമോ ഡിവൈസ് കിറ്റ്' എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ മാസം 23 നാണ് കമ്പനി ഇത് അവതരിപ്പിച്ചത്. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളുമുള്ള ഇത് കഴുത്തിന് പിറകിലാണ് ധരിക്കുക. ചൂട് കാലം, തണുപ്പുകാലം എന്നീ വ്യത്യാസങ്ങളില്ലാതെ ഇത് പ്രയോജനപ്പെടുത്താം.  തിരക്കേറിയ തീവണ്ടിയാത്രയ്ക്കിടെയും, ബസ് യാത്രയ്ക്കിടെയും പോലും ഇത് ഉപയോഗിക്കാം. വിമാനയാത്രയ്ക്കിടെ തണുപ്പുകൂടുതൽ അനുഭവപ്പെടുന്നുണ്ടെങ്കിലും ചൂട് കിട്ടാനായി ഇത് ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്.

റിയോൺ പോക്കറ്റ് ടാഗ് എന്നൊരു ഉപകരണവും ഇതിനൊപ്പമുണ്ട്. ഈ ഉപകരണമാണ് ചുറ്റുപാടുമുള്ള സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് വിവരങ്ങൾ കഴുത്തിൽ ധരിച്ച ഉപകരണത്തിലേക്ക് കൈമാറുകയും താപനില ക്രമീകരിക്കുകയും ചെയ്യുന്നത്. ശരീരത്തിന്റേയും ചുറ്റുപാടിന്റെയും താപനില സെൻസറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് ഈ ഉപകരണം സ്വയം പ്രവർത്തിക്കും. മാന്വലായും ഇത് ക്രമീകരിക്കാനാകും. റിയോൺ പോക്കറ്റ് ആപ്പിന്റെ സഹായത്തോടെയാണ് ഇത് മാന്വലായി ക്രമീകരിക്കുന്നത്. 

ആഗോള വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ ഉപകരണത്തിന് ഏകദേശം ഇന്ത്യൻ രൂപ 14500 രൂപയോളം വില വരും. റിയോൺ പോക്കറ്റ് 5 നിലവിൽ യുകെ വിപണിയിൽ ലഭ്യമാണ്. ഇന്ത്യയിൽ എത്തിയിട്ടില്ല.  ഏകദേശം 17 മണിക്കൂർ വരെ ചാർജ് നിൽക്കും. ആദ്യമായി സോണി റിയോൺ പോക്കറ്റ് ഉപകരണം അവതരിപ്പിക്കുന്നത് 2019 ലാണ്. അന്ന് ഏഷ്യൻ വിപണികൾ ഇരുകൈയ്യും നീട്ടിയാണ് ഈ ഉല്പന്നത്തെ സ്വീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios