മമ്മൂക്കയുടെ ഡിസിപ്ലിനാണ് എന്നെ ആകര്‍ഷിച്ചത്: ഷാംദത്ത്
സി.വി. സിനിയ
മാസ്റ്റര്‍പീസിന്റെ ഗംഭീര വിജയത്തിന് ശേഷം മമ്മൂട്ടി ആക്ഷന്‍ ഗെറ്റപ്പില്‍ വീണ്ടുമെത്തുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ടീസര്‍ വരെ വളരെ ആവേശത്തിലും ആകാംക്ഷയിലുമാണ് ആരാധകര്‍ ഇതിനെ സ്വീകരിച്ചത്. മാത്രമല്ല ചിത്രത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള ചര്‍ച്ചകളും അനുമാനങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. പലതരത്തിലുളള അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചിത്രത്തെ കുറിച്ച് സംവിധായകന്‍ ഷാംദത്ത് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമുമായി സംസാരിക്കുന്നു.
സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന സിനിമയെ കുറിച്ച്
തികച്ചും ഒരു എന്റര്‍ടൈനയ്‌നര്‍ ത്രില്ലറാണ് 'സ്ട്രീറ്റ് ലൈറ്റ്‌സ്'. രണ്ട് ഭാഷകളിലായി 36 ദിവസം കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ചിത്രത്തെ കുറിച്ച് നല്ല പ്രതീക്ഷയുണ്ട്. സാധാരണ നമ്മള്‍ കാണുന്ന സിനിമയില്‍ നിന്ന് വ്യത്യസ്തമായാണ് സ്ട്രീറ്റ് ലൈറ്റ് ഒരുക്കിയിരിക്കുന്നത്. ആളുകളുടെ യഥാര്‍ത്ഥ ജീവിതം കാണിക്കാന്‍ ഈ സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകരെ ആസ്വദിപ്പിക്കാന്‍ വേണ്ടിയാണ് നമ്മള്‍ സിനിമ ചെയ്യുന്നത്, അത്തരത്തിലൊരു സിനിമയാണിത്. അതില്‍ സന്തോഷമുണ്ട്.
കൊച്ചി, പൊള്ളാച്ചി, ചെന്നൈയിലുമായിരുന്നു ലൊക്കേഷന്‍. ചിത്രത്തിന്റെ കഥ മമ്മൂക്കയോട് പറഞ്ഞപ്പോള്‍ തന്നെ തമിഴിലും ചെയ്യാന്‍ സാധിക്കുന്ന ഒന്നാണെന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നു. പിന്നീട് റീമേക്ക് ചെയ്യാമെന്നാണ് കരുതിയത്. എന്നാല്‍ റീമേക്ക് ചെയ്യണ്ട അവരുടെതായ രീതിയില്‍ തന്നെ സിനിമ എടുക്കണമെന്ന് മമ്മൂക്ക തന്നെയാണ് പറഞ്ഞത്. അങ്ങനെയാണ് തമിഴിലും സിനിമ ചിത്രീകരിക്കുന്നത്. തമിഴ് താരങ്ങളെ തന്നെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവരുടെ ജീവിത രീതിക്കനുസരിച്ച് തമിഴിന്റെ സംഭാഷണം ഞാന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. ഇനിയെല്ലാം പ്രേക്ഷകര്‍ പറയട്ടേ.
മമ്മൂട്ടിയെന്ന നടനൊടൊപ്പമുള്ള അനുഭവം?
മമ്മൂക്ക എന്ന വലിയ നടനെ എനിക്ക് വളരെ ചെറുപ്പം മുതല്‍ അറിയാവുന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'തനിയാവര്‍ത്തനം' എന്ന സിനിമയില്‍ അച്ഛന്‍ അഭിനയിക്കുന്ന സമയം മുതല്‍ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ക്യാമറമാന്‍ ആകുകയും അദ്ദേഹത്തിന്റേത് തന്നെ രണ്ട് സിനിമകള്‍ക്ക് ക്യാമറ ചെയ്യാനും സാധിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന് വേണ്ടി ഒരു സിനിമ സംവിധാനം ചെയ്യാന്‍ കഴിഞ്ഞത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ഇത് ഒരു മാജിക് പോലെയാണ് എനിക്ക് തോന്നുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്നു ഭാഷകളിലായാണ് സ്ട്രീറ്റ് ലൈറ്റ്‌സ് പുറത്തിറങ്ങുന്നത്. എല്ലാത്തിലും അദ്ദേഹം തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. .
ചിത്രത്തിന്റെ തുടക്കം മുതല്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍,
ടെന്‍ഷനുണ്ടോ?
സിനിമ ഓരോരുത്തരും അവരരവരുടേതായ രീതിയില്‍ കഥ പറയാന്‍ ശ്രമിക്കും. ആ കഥകള്‍ പ്രേക്ഷകര്‍ സ്വീകരിക്കാം സ്വീകരിക്കാതിരിക്കാം. നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ സംവിധായകന് സംതൃപ്തി ഉണ്ടാകുകയെന്നതാണ്. ആ സംതൃപ്തി എനിക്കുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ടെന്‍ഷനൊന്നുമില്ല. ഈ സിനിമ ചിത്രീകരണവും മറ്റും കണ്ട ആളുകളും സംതൃപ്തരാണ്.
ചിത്രീകരണത്തിനിടെ മറക്കാനാവാത്ത അനുഭവം?
സിനിമയുടെ രണ്ടാം ഷെഡ്യൂളില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വിഷ്ണു ഉണ്ണികൃഷ്ണന് വലിയ അപകടം സംഭവിച്ചു. വിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയില്‍ വിഷ്ണു വേദനയില്‍ പിടയുന്ന സമയത്തും എന്നോട് പറഞ്ഞു ഒരുപാട് പേര്‍ ചേര്‍ന്ന് വര്‍ക്ക് ചെയ്യുന്ന സിനിമയുടെ ഹെഡ്ഡ് അല്ലേ? ഞാന്‍ കാരണം സിനിമ നിന്നുപോയല്ലോ വേറെ ആരെങ്കിലും കാസ്റ്റ് ചെയ്യേണ്ടേയെന്നൊക്കെയാണ്. ആ സമയത്ത് മമ്മൂക്ക വിളിച്ച് ചോദിച്ചു നീ എന്താ അവനെ ചെയ്തത് എന്ന്. ഞാന്‍ അദ്ദേഹത്തിന് അതിന്റെ വീഡിയോ അയച്ചുകൊടുത്തു. ആക്ഷന്‍ രംഗത്ത് വിഷ്ണു ഓടി വന്നപ്പോള്‍ പെട്ടെന്ന് വഴുതി വീണ് പോസ്റ്റിലടിച്ചാണ് കൈ മൂന്നായി പൊട്ടിയത്. അന്ന് അപകടം ഉണ്ടായത് എല്ലാവരെയും സങ്കടപ്പെടുത്തിയ ഒരു രംഗമായിന്നു.
സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന കഥയിലേക്ക് എത്തുന്നത്?
രണ്ടുവര്‍ഷം മുന്‍പ് സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച സമയത്ത് ഒരുപാട് ഷോര്‍ട്ട് ഫിലിമുകള്‍ കാണുകയുണ്ടായി. ആ സമയത്താണ് ഫവാസ് ചെയ്ത ഷോര്‍ട്ട് ഫിലിം കാണാനിടയായത്. അങ്ങനെ അദ്ദേഹവുമായി ബന്ധപ്പെട്ടു. സിനിമയുടെ കഥ പറഞ്ഞു. ഞാന്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള കാര്യം പറഞ്ഞു. അത് ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം ഒരു കഥയാക്കി കൊണ്ടുവന്നു. പിന്നീട് അത് തിരക്കഥയാക്കി മാറ്റി.
പുതിയ തിരക്കഥാകൃത്ത് വേണമെന്ന് നിര്‍ബന്ധമായിരുന്നോ?
ഷോര്‍ട്ട് ഫിലിം കണ്ടിട്ടാണ് തിരക്കഥാകൃത്തിനെ കണ്ടുപിടിച്ചതെങ്കിലും ഒരുപാട് പേര്‍ സിനിമാ മോഹവുമായി നമുക്ക് ചുറ്റിലുമുണ്ട്. ഞാന്‍ മുന്‍പരിചയമുള്ള ഒരാളുടെ അടുത്താണ് പോകുന്നതെങ്കില്‍ അവരൊക്കെ തിരക്കിലായിരിക്കും. അവര്‍ക്ക് അവരുടേതായ സമയമൊക്കെയുണ്ട്. നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അത് മറ്റുള്ളവര്‍ക്കൂടി ഉപകാരം ഉണ്ടായിരിക്കണം. അതുകൊണ്ട് തന്നെ എനിക്ക് പുതിയ ഒരു തിരക്കഥാകൃത്തിനെ നിങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ കഴിയുന്നു. ഇതിലെ ക്യാമറമാനും, മ്യൂസിക്ക് ഡയരക്ടറും എല്ലാവരും പുതിയ ആളുകള്‍ തന്നെയാണ്. അതിന് വേണ്ടി നല്ലൊരു ടീമിനെ ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം ചെയ്തത്.
മറ്റ് കഥാപാത്രങ്ങള്‍?
വിഷ്ണു ഉണ്ണികൃഷ്ണന് പരിക്ക് പറ്റിയപ്പോള്‍ പകരമായി ധര്‍മ്മജന്‍ വന്നു. ഹരീഷ് കണാരന്‍, സൗബിന്‍, ലിജോ മോള്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നായിക സങ്കല്‍പ്പമില്ലാത്ത സിനിമയാണിത്. അങ്ങനെയും സിനിമ ചെയ്യാമല്ലോ. ജനുവരി 26 നാണ് സിനിമ പുറത്തിറങ്ങുന്നത്. തമിഴില്‍ അടുത്ത മാസമായിരിക്കും സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്. പ്ലേ ഹൗസ് മോഷന്‍ പിക്ചര്‍ ലിമിറ്റഡിന്റെ പേരില്‍ മമ്മൂക്ക തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അവര്‍ തന്നെയാണ് വിതരണവും.
എപ്പോഴാണ് സിനിമാ മോഹം ഉണ്ടായത്?
ആക്ടിംഗ് സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. എന്നാല്‍ അഭിനയിച്ചിട്ടില്ല. അഭിനയത്തില്‍ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ക്യാമറാമാനാട്ടായിരുന്നു തുടക്കം 30 സിനിമകളിലോളം ക്യാമറമാന്‍ ആയിട്ടുണ്ട്. സിനിമയില്‍ എല്ലാ ജോലിയും ചെയ്യാറുണ്ട്. എനിക്ക് പറയാന്‍ കഴിയുന്ന കഥ വന്നപ്പോഴാണ് ഞാന്‍ സിനിയെടുത്തത്. ഫിലിം മേക്കിംഗ് ആണ് എനിക്ക് താല്‍പര്യം.
ക്യാമറിയിലാണാ സംവിധാന രംഗത്താണോ ഇനി സജീവം?
ക്യാമറയില്‍ തന്നെ സജീവമാകാനാണ് താല്‍പര്യം. അതു തന്നെയാണ് എളുപ്പം. സംവിധായകന്‍ എന്ന് പറയുമ്പോള്‍ അത് അനുഭവിക്കുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുന്നത്. ഒരു കഥ ആര്‍ട്ടിസ്റ്റുകള്‍ക്ക് പറഞ്ഞുകൊടുക്കണം അവര്‍ക്ക് മനസ്സിലാക്കി കൊടുക്കണം. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ സംവിധായകന്‍ കൂടെ ഉണ്ടായിരിക്കണം. ഒട്ടേറെ തവണ നാം സിനിമ കാണണം. ബുദ്ധിമുട്ടും ഒരുപാട് ഉത്തരവാദിത്തമുള്ള ജോലിയാണ് സംവിധാനം. മാത്രമല്ല ഞാന്‍ സംവിധായകനാകുമ്പോള്‍ എന്റെ കാഴ്ചപ്പാടിലുള്ള കഥകളാണ് പറയുന്നത്. മറ്റ് സംവിധായകരോട് ജോലി ചെയ്യുമ്പോള്‍ അവരുടെ ഇഷ്ടവും താല്‍പര്യവും മനസ്സിലാക്കി സഞ്ചരിക്കാന്‍ കഴിയും.
സിനിമയുമായി ബന്ധപ്പെട്ട സ്വപ്നം?
നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. നിലവാരമുള്ള രീതിയില്‍ നല്ല സിനിമകള്‍ ചെയ്യണം. കഥ പറയാനും ഇഷ്ടമാണ്. അത് ക്യാമറകൊണ്ടും അല്ലാതെയും ചെയ്യാം. ഇനിയൊരു തിരക്കഥയും പ്രതീക്ഷിക്കാവുന്നതാണ്. ഇനി സംവിധാനം ചെയ്യണോയെന്നത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.