നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്
തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് അഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കി. കേസില്‍ തന്നെ ഡി.ജി.പിയും എ.ഡി.ജി.പി സന്ധ്യയും കുടുക്കിയതാണെന്നും ദിലീപ് ആരോപിച്ചു. നടിയെ അക്രമിച്ച കേസില്‍ വ്യാജ തെളിവുകളുണ്ടാക്കി ഡി.ജി.പിയും അന്വേഷണ സംഘവും തന്നെ കുടിക്കിയെന്നാണ് 12 പേജുള്ള കത്തിലെ ദിലീപിന്റെ പ്രധാന ആരോപണം. തനിക്കെതിരെ ഭീഷണി ഉയര്‍ത്തി പള്‍സര്‍ സുനി നാദിര്‍ഷായെ വിളിച്ചപ്പോള്‍ തന്നെ അക്കാര്യം ഡി.ജി.പിയെ അറിയിച്ചു.
ബ്ലാക്ക് മെയില്‍ ഫോണ്‍ വിളികളുടെ ശബ്ദരേഖയും കൈമാറി. പക്ഷേ ഇതു പൊലീസ് പരിശോധിച്ചില്ല. പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. നീതികരിക്കാനാകാത്ത നിലപാടാണ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയും എ.ഡി.ജി.പി സന്ധ്യയും സ്വീകരിച്ചത്. അതിനാല്‍ സി.ബി.ഐ അന്വേഷണം വേണം. ഇല്ലെങ്കില്‍ ഇപ്പോഴത്തെ അന്വേഷണ സംഘത്തെ മാറ്റി നിര്‍ത്തി പുതിയ അന്വേഷണം നടത്തണം. പുതിയ സംഘത്തില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തണം.
ആലുവ എസ്.പി എ.വി ജോര്‍ജ് , ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശന്‍, ഡി.വൈ.എസ്.പി സോജന്‍ വര്‍ഗീസ്, സി.ഐ ബൈജു പൗലോസ് എന്നിവരെ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റണമെന്നാണ് കേസില്‍ പ്രതിയായ ദിലീപിന്റെ ആവശ്യം. കഴിഞ്ഞ മാസം പതിനെട്ടിനാണ് ദിലീപ് സര്‍ക്കാരിന് കത്തു നല്‍കിയത്. അതേ സമയം ഏതു തരം അന്വേഷണം വേണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാവില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അന്വേഷണ സംഘം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം.