സുവര്‍ണമയൂരം നേടി 'പാര്‍ട്ടിക്കിള്‍സ്', സെയു ഹോഹെ നടന്‍, ഉഷ ജാദവ് നടി
ബ്ലെയ്‌സ് ഹാരിസണ്‍ എന്ന നവാഗത സംവിധായകന്റെ ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ കാമറ ഡി ഓര്‍ പുരസ്‌കാരത്തിന് നോമിനേഷന്‍ ലഭിച്ചിരുന്നു.
ഗോവയില്‍ നടന്ന ഇന്ത്യയുടെ അന്‍പതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ മയൂരം നേടി ഫ്രഞ്ച്-സ്വിസ് ചിത്രം 'പാര്‍ട്ടിക്കിള്‍സ്'. ബ്ലെയ്‌സ് ഹാരിസണ്‍ എന്ന നവാഗത സംവിധായകന്റെ ചിത്രത്തിന് കാന്‍ ചലച്ചിത്രമേളയില്‍ കാമറ ഡി ഓര്‍ പുരസ്‌കാരത്തിന് നോമിനേഷന്‍ ലഭിച്ചിരുന്നു. ബ്രസീലിയന്‍ നടന്‍ സെയു ഹോഹെയാണ് മികച്ച നടന്‍ (ചിത്രം മാരിഗെല്ല). മികച്ച നടി ഉഷ ജാദവ് (ചിത്രം മായ് ഘട്ട്: ക്രൈം നമ്പര്‍ 103/2005).
രാഷ്ട്രീയ പ്രവര്‍ത്തകനും ഗറില്ല സമര പോരാളിയുമായിരുന്ന കാര്‍ലോസ് മാരിഗെല്ലയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രമാണ് മാരിഗെല്ല. കഥാനായകനായിത്തന്നെയാണ് സെയു ഹോഹെ എത്തിയത്. സംഗീതജ്ഞന്‍ കൂടിയായ ഹോഹെ 'സിറ്റി ഓഫ് ഗോഡ്' ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഉരുട്ടിക്കൊലയ്ക്ക് വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഉഷ ജാദവിന് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്ത മായ് ഘട്ട്. ലിജോ ജോസ് പെല്ലിശ്ശേരി തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നവാഗത സംവിധാനത്തിനുള്ള പുരസ്‌കാരം രണ്ട് സംവിധായകര്‍ പങ്കുവച്ചു. റൊമേനിയന്‍ ചിത്രം 'മോണ്‍സ്‌റ്റേഴ്‌സി'ന്റെ സംവിധായകന്‍ മരിയസ് ഓള്‍ടിന്യൂ, യുഎസ് ചിത്രം എബൗ ലെയ്‌ല സംവിധാനം ചെയ്ത അമിന്‍ സിദി ബുമെഡിന്‍ എന്നിവര്‍.