"അങ്ങനെ ഭൂമിയെല്ലാം താഴെയായി, ഞങ്ങയെല്ലാം മേലെയും"- പാലക്കയം തട്ടിന്‍റെ കഥ
ഏകദേശം രണ്ടുമൂന്നു വര്‍ഷം മാത്രമേ ആയിരിക്കൂ, കണ്ണൂര്‍ ജില്ലയിലെ പാലക്കയം തട്ട് എന്ന ന്യൂജന്‍ ടൂറിസം സ്‌പോട്ടിനെക്കുറിച്ച് പതിവായി കേട്ടു തുടങ്ങിയിട്ട്. അപ്പോള്‍ മുതല്‍ എന്തോ ഒരു കൗതുകം ഒപ്പമുണ്ട്. തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന പാലക്കയം തട്ട് സെല്‍ഫികള്‍. കുറിപ്പുകള്‍. യാത്രാവിവരണങ്ങള്‍. വീഡിയോകള്‍. അവധി ദിവസങ്ങളില്‍ അങ്ങോട്ടു കുതിക്കുന്ന കുടുംബങ്ങള്‍. ഇതുവരെ പാലക്കയം കണ്ടില്ലേ എന്നുള്ള ചോദ്യങ്ങള്‍. കണ്ണൂരിന്‍റെ ഊട്ടി, മലബാറിന്റെ മൂന്നാര്‍ തുടങ്ങിയ വിശേഷണങ്ങള്‍.
പലപ്പോഴും ഇതൊക്കെ കൗതുകത്തോടെയാണ് ശ്രദ്ധിച്ചു കൊണ്ടിരുന്നത്. സ്വന്തം നാട്ടിലെ ഒരു പ്രദേശം നമ്മള്‍ നോക്കിനോക്കിയിരിക്കെ വളരുന്നു. നാട്ടിലെ വിഖ്യാതങ്ങളായ ടൂറിസം കേന്ദ്രങ്ങളൊക്കെ പിറന്നത് എങ്ങനെയാണെന്നൊരു ആകാംക്ഷ മുമ്പേ ഉള്ളിലുണ്ട്. നമ്മള്‍ കണ്ടുകണ്ടാണ് ഇക്കാണുന്ന കടലൊക്കെയും ഇത്രയും വലുതായതെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. അതിനാല്‍ നാട്ടിലെത്തുമ്പോഴൊക്കെ പാലക്കയം തട്ടില്‍ പോകണമെന്ന് കരുതും. പക്ഷേ പലപ്പോഴും അതിനു കഴിഞ്ഞില്ല. എങ്കിലും ആദ്യംപറഞ്ഞ ഈ കൗതുകവും ആകാംക്ഷയും ഇടക്കിടെ ഇങ്ങനെ മനസിനെ അലട്ടിക്കൊണ്ടിരുന്നു.
അങ്ങനെയാണ് നവംബറിന്റെ അവസാന വാരം നാട്ടിലെത്തിയപ്പോള്‍ പാലക്കയത്തേക്ക് തിരിക്കുന്നത്. വൈകുന്നേരങ്ങളാണ് പാലക്കയത്തെ ഏറ്റവും സുന്ദരമായ നിമിഷങ്ങളെന്ന് പുറപ്പെടും മുമ്പേ പലരും പറഞ്ഞിരുന്നു. എന്നാല്‍ ജീവിതക്കാഴ്ചകള്‍ കാണാന്‍ പ്രത്യേകിച്ച് നേരവും കാലവുമൊന്നും ഇല്ലെന്ന തോന്നലില്‍ ആരും പറയാത്ത കഥകളുമായി അവിടെ കാത്തുനില്‍ക്കുന്ന ആദിവാസി മൂപ്പനെത്തേടി അതിരാവിലെ തന്നെ പുറപ്പെട്ടു.
പെരുമ്പടവും ചപ്പാരപ്പടവും പിന്നിട്ട്, ജില്ലയുടെ കിഴക്കന്‍ മലഞ്ചെരിവിലൂടെയാണ് യാത്ര. നേര്‍മച്ചുനന്‍ ജബിക്കൊപ്പം ബുള്ളറ്റിലങ്ങനെ കുതിക്കുമ്പോഴാണ് മൂന്നുവര്‍ഷം പഴക്കമുള്ള ആ കൗതുകത്തിന്റെ ആദ്യഘട്ട ഉത്തരം ലഭിക്കുന്നത്. തളിപ്പറമ്പ മണക്കടവ് കൂര്‍ഗ് പാതയിലൂടെ ഒടുവള്ളിത്തട്ട് ലക്ഷ്യമാക്കി പായുകയാണ് ബുള്ളറ്റ്. അതിന്റെ ഫട് ഫട് ശബ്ദവും താളവും വെറുതെ ശ്രദ്ധിച്ചപ്പോള്‍ അടുത്തകാലത്ത് ഇരുചക്ര വാഹനലോകത്ത് നടന്ന ചില വിവാദങ്ങള്‍ ഓര്‍മ്മകളിലെത്തി.
വാഹനഭീമന്മാരുടെ പോരാട്ടം
ബുള്ളറ്റിനെ ട്രോളിക്കൊണ്ടുള്ള ബജാജ് ഡൊമിനറിന്റെ പരസ്യം. അതിന് ബുള്ളറ്റ് പ്രേമികളുടെ മറുപടി. പോര്‍വിളികളും ട്രോളുകളും. ഈ കോലാഹലങ്ങളുടെ ഇടയിലാണ് ഇക്കണോമിക് ടൈംസിലോ മറ്റോ ഒരു ലേഖനം വരുന്നത്. രാജ്യത്തെ വാഹനഭീമന്മാരുടെ ഈ പരസ്യ പോരിനെ വിശകലനം ചെയ്യുന്ന ആ ലേഖനത്തിലെ പ്രധാന പരാമര്‍ശം അനുദിനം വളരുന്ന രാജ്യത്തെ ആഭ്യന്തര ടൂറിസം മേഖലയെക്കുറിച്ചായിരുന്നു. ബൈക്കില്‍ ഊരു ചുറ്റുന്നതിലുള്ള പ്രവണത വര്‍ദ്ധിച്ചതാണ് ഈ വളര്‍ച്ചയുടെ ഒരു പ്രധാന കാരണമായി ലേഖനം ചൂണ്ടിക്കാട്ടിയതെന്ന് ഓര്‍ത്തു.
ഇതിനിടെ ബജാജും എന്‍ഫീല്‍ഡും തമ്മിലുള്ള പോരാട്ടം വെറുതെയല്ലെന്ന ലേഖനത്തിന്റെ സാരത്തെ ഓര്‍മ്മിപ്പിച്ച് രണ്ടു മൂന്നു ബൈക്കുകള്‍ ഞങ്ങളെക്കടന്ന് ചീറിപ്പാഞ്ഞു പോയി.
ഒടുവള്ളിയില്‍ നിന്നും നടുവില്‍ കുടിയാന്മല റൂട്ടിലേക്ക് വഴി വലതുതിരിഞ്ഞു. അതുവരെ ഓടിയെത്തിയ സുഖം പെട്ടെന്നു നഷ്ടമായതു പോലെ തോന്നി. മെക്കാഡം ടാറിങ്ങിലുള്ള തളിപ്പറമ്പ മണക്കടവ് കൂര്‍ഗ് പാതയുടെ സഞ്ചാര സൗകര്യം കൊതിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത് വീതി കുറഞ്ഞതും പൊളിഞ്ഞു തുടങ്ങിയതുമായ റോഡിലൂടെയാണ്. ജില്ലയിലെ പ്രധാനപ്പെട്ട ദേശസാല്‍കൃത റൂട്ടുകളിലൊന്നാണ് കുടിയാന്മല റൂട്ടെന്നു സൂചിപ്പിച്ചപ്പോള്‍, വെറുതെയല്ല റോഡ് നന്നാക്കാതെ കിടക്കുന്നത്, മോശമായാലും ആനവണ്ടിക്കാര്‍ പണിമുടക്കില്ലല്ലോ എന്ന് ജബിന്‍ തമാശ പറഞ്ഞു. എന്നാല്‍ കുറച്ചു ദൂരം കൂടി ഓടിയപ്പോള്‍ കണ്ടു, ഒരു വശത്തു നിന്നും റോഡ് പണി പുരോഗമിക്കുന്നു. പിന്നങ്ങോട്ടുള്ള പോക്കില്‍ മെയിന്‍ റോഡില്‍ മാത്ര മിക്ക പോക്കറ്റു റോഡുകളിലും നിര്‍മ്മാണം തകൃതിയായി പുരോഗമിക്കുന്ന കാഴ്ചകള്‍ ആവര്‍ത്തിച്ചു കണ്ടു.
വിളക്കന്നൂരും പിന്നിട്ട് നടുവിലേക്കു കടക്കുന്നതിനിടയില്‍ ഓര്‍മ്മകളിലെത്തിയത് ശിവന്റെ കാട്ടാള വേഷകാലത്തെ കഥകള്‍. അക്കാലത്ത് ശിവ പാര്‍വ്വതിമാര്‍ നടന്നു തീര്‍ത്ത പ്രദേശങ്ങളാണിത്. വടക്കന്‍ ഐതിഹ്യകഥകളും മിത്തുകളും ഉറങ്ങുന്ന ഇടങ്ങള്‍. കിരാതനായ ശിവനും പാശുപതാസ്ത്രം മോഹിച്ച് വനത്തില്‍ തപസിനെത്തിയ അര്‍ജ്ജുനനും തമ്മില്‍ പോരടിച്ച പ്രദേശങ്ങള്‍. ഒരു പന്നിയുടെ അവകാശത്തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പോരാട്ടം. കാട്ടാളനെതിരെ അര്‍ജ്ജുനന്‍ കുലച്ച വില്ലിന്റെ ഞാണ്‍ അഥവാ വള്ളിയുടെ അറ്റം കിടന്നിരുന്ന ഇടം ഒടുവള്ളി, വില്ലിന്റെ നടുഭാഗം നിന്ന ഇടം നടുവില്‍, തലഭാഗം നിന്ന ഇടം തലവില്‍, അലയൊലികള്‍ മുഴങ്ങിക്കേട്ട ഇടം അലവില്‍ എന്നൊക്കെയാണ് ചില കഥകള്‍.
എന്നാല്‍ മറ്റൊരു കഥയില്‍ ശിവന്റെ കോപം ശമിപ്പിക്കാനെത്തിയ ചുഴലി ഭഗവതി ആദ്യം കാല്‍ വച്ച ഇടമാണ് നടുവില്‍. ശിവനു വേണ്ടി വില്ലായി വളഞ്ഞുനിന്ന മലവേടന്റെ നടു വില്ലി (വളഞ്ഞ്) നിന്ന ഇടമാണ് നടുവിലെന്ന് വേറൊരു കഥ.
ഇതൊന്നുമല്ല, ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകളാണ് പേരിനു പിന്നിലെന്ന് ചില പ്രദേശവാസികള്‍. നാലു ചുറ്റും മലകളോടെ നടു അല്‍പ്പം ഉയര്‍ന്ന്, മുട്ടയപ്പം പോലെ കിടക്കുന്ന സ്ഥലമാണത്രെ നടുവില്‍. അതുകൊണ്ടു തന്നെ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ സമീപപ്രദേശങ്ങളെ കണ്ണീരിലാഴ്ത്തുമ്പോഴും നടുവിലിന് അതൊന്നും പരിചയമില്ല. അന്തമില്ലാത്ത കഥകള്‍ക്കിടയിലൂടെ ബുള്ളറ്റ് പുലിക്കുരുമ്പ ലക്ഷ്യമാക്കി പാഞ്ഞു.
87. 97 ചകിമീ വിസ്തീര്‍ണമുള്ള നടുവില്‍ ഗ്രാമപഞ്ചായത്തില്‍ 19 വാര്‍ഡുകളുണ്ട്. ഇതില്‍ 1, 6, 11 വാര്‍ഡുകളിലാണ് പാലക്കയം തട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍. ഈ മണ്ണിന്റെ ആദ്യാവകാശികള്‍ ആദിവാസി വിഭാഗമായ കരിമ്പാലരാണ്. കരിമ്പാലരെക്കുറിച്ച് ഓര്‍ത്തപ്പോള്‍ മലമുകളില്‍ കാത്തു നില്‍ക്കുന്ന സുകുമാരന്‍ എന്ന ഊരുമൂപ്പന്‍ പിന്നെയും ഓര്‍മ്മയിലെത്തി. പില്‍ക്കാല ചരിത്രത്തില്‍ നമ്പ്യാര്‍ സമുദായത്തിന്റെ സാനിധ്യമുണ്ടെന്നു പറഞ്ഞത് സുഹൃത്തും ദേശാഭിമാനി ലേഖനും പ്രദേശവാസിയുമായ നൗഷാദ് നടുവില്‍.
മടയന്‍ കേളപ്പന്‍ നമ്പ്യാര്‍ എന്ന ഊരാളനായിരുന്നു ഒരുകാലത്ത് ജന്മി. ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കപ്പുറം മുസ്ലീങ്ങള്‍ വന്നെത്തിയതാണ് ഇവിടങ്ങളിലെ ആദ്യകുടിയേറ്റം. പാപ്പിനിശേരിക്കടുത്ത മാങ്കടവില്‍ നിന്നും കല്യാശേരിയില്‍ നിന്നുമൊക്കെയായിരുന്നു മുസ്ലീങ്ങളുടെ വരവ്. ജന്മിക്ക് ചപ്പും തോലും വച്ച് ഭൂമി പാട്ടത്തിനെടുത്തതൊക്കെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ ആലിക്കുഞ്ഞി ഇന്നും ഓര്‍ക്കുന്നുണ്ട്. എന്നാല്‍ പൊന്നുവിളയുന്ന നിലയിലേക്ക് മണ്ണിന്റെ ചരിത്രം തിരുത്തിക്കുറിച്ച കുടിയേറ്റത്തിന് ചുരുങ്ങിയത് ഏഴ് പതിറ്റാണ്ട് പഴക്കമേയുള്ളൂ. മധ്യതിരുവിതാംകൂറില്‍ നിന്നും ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ളവരുടെ കടന്നുവരവായിരുന്നു അത്. ഇവിടങ്ങള്‍ ഒരുകാലത്ത് കൊടുങ്കാടായിരുന്നിരിക്കണം. ആ കാടൊന്നും ഇന്നില്ല. പരിസ്ഥിതി പ്രേമികള്‍ നെഞ്ചത്തടിച്ചേക്കാം.
എന്നാല്‍ കുടിയേറ്റ കര്‍ഷകന്റെ വിയര്‍പ്പിലും കണ്ണീരിലും കുരുത്തു തഴച്ച സമൃദ്ധമായ കൃഷിയിടങ്ങള്‍ നിത്യഹരിത വനങ്ങള്‍ക്കു സമാനമായി തലയുയര്‍ത്തി നില്‍ക്കുന്നു. ഭൂമിയുടെ അകം കുളിര്‍ക്കാന്‍ അത് ധാരാളം.
ചിരിപ്പിക്കുന്ന സത്യങ്ങള്‍
ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലൂടെയാണ് ബൈക്ക് ഓടുന്നത്. നടുവില്‍ പഞ്ചായത്തു രൂപീകരിച്ചതു മുതല്‍ യുഡിഎഫാണ് ഭരണം. എന്നാല്‍ നിര്‍ണായക ശക്തിയല്ലെങ്കിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ള ചില പ്രദേശങ്ങളും ഇവിടെയുണ്ടെന്നു കേട്ടിരുന്നു. അതിനു തെളിവെന്നോണം പാര്‍ട്ടി ഓഫീസുകളും സര്‍വ്വീസ് സഹകരണ ബാങ്കുകളും കൊടിതോരണങ്ങളുമൊക്കെ ഇടക്കിടെ കണ്ടു. അപൂര്‍വ്വമെങ്കിലും ചില നാല്‍ക്കവലകളിലും ബസ് സ്റ്റോപ്പുകളിലുമൊക്കെ കാവിക്കൊടികള്‍ പാറുന്നതും കണ്ടു. അടുത്തകാലത്തെ മാറ്റമാണിതെന്ന് നാട്ടുകാര്‍.
മണ്ഡളം. പുലിക്കുരുമ്പയ്ക്കും നടുവിലിനും ഇടയിലുള്ള ചെറിയ ടൗണ്‍. കുറച്ചു മുന്നോട്ടു പോയപ്പോള്‍ ഇടതുവശത്തേക്ക് കുത്തനെ ഒരു റോഡ്. അവിടെ പാലക്കയം തട്ട് എന്ന ദിശാസൂചി ബോര്‍ഡ്. പാലക്കയത്തേക്കുള്ള അറിയപ്പെടുന്ന വഴിയാണിത്. ഗൂഗിള്‍ മാപ്പില്‍ ആ വഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിലും മികച്ച റോഡ് പുലിക്കുരുമ്പ - കൈതളം വഴിയാണെന്നാണ് പാലക്കയത്തും പുലിക്കുരുമ്പയിലുമായി ഞങ്ങളെ കാത്തു നില്‍ക്കുന്ന സുകുമാരനും വില്‍സണും പറഞ്ഞിരുന്നത്. ഇതനുസരിച്ച് നേരെ പുലിക്കുരുമ്പക്ക് തന്നെ വിട്ടു.
പുലിക്കുരുമ്പ ടൗണെത്തുന്നതിനു തൊട്ടു മുമ്പുള്ള ഏതോ ഒരു ഫ്‌ളോര്‍ മില്ലിനു സമീപം കാണുമെന്നാണ് വില്‍സെണ്‍ ഫോണില്‍ അറിയിച്ചിരുന്നത്. സിപിഎം നടുവില്‍ ലോക്കല്‍ സെക്രട്ടറി സാജു ജോസഫ് പറഞ്ഞതനുസരിച്ചായിരുന്നു വില്‍സന്റെ വിളി. അതനുസരിച്ച് ഇരുവശത്തും നോക്കിക്കൊണ്ടാണ് ബൈക്കോടിക്കല്‍. ഇറക്കത്തോടു കൂടിയ ഒരു വളവു തിരിഞ്ഞു നിവരുന്നതിനിടെയാണ് ആ കാഴ്ച കണ്ടത്. റോഡിന് ഇടുവശത്തായി അങ്ങകലെ ആകാശം തൊട്ട് നില്‍ക്കുന്ന ഒരു മല.
"അതാ പാലക്കയം.."
ജബിന്‍ ആവേശത്തോടെ വിളിച്ചു പറഞ്ഞു. ബൈക്ക് നിര്‍ത്തി നോക്കി. അങ്ങകലെ, പച്ചപ്പുല്‍മേടുകള്‍ നിറഞ്ഞ ഒരു പര്‍വ്വത ശിഖിരം. വശങ്ങളില്‍ കറുത്ത പുഴുക്കളെപ്പോലെ അടയാളങ്ങള്‍. വെള്ളംവറ്റിയ നീര്‍ച്ചാലുകളുടെയും വെള്ളച്ചാട്ടങ്ങളുടെയും അവശേഷിപ്പുകളാണ്. കരിമ്പാറക്കൂട്ടങ്ങള്‍. സെല്‍ഫികളിലും മറ്റും മാത്രം കണ്ടിട്ടുള്ള പാലക്കയം തട്ടിന്റെ വിദൂരദൃശ്യം. ആ കാണുന്നതാവണം പേരുകേട്ട ജാനകിപ്പാറ വെള്ളച്ചാട്ടം. പതിയ ബുള്ളറ്റ് മുന്നോട്ടെടുത്തു. വളവിനപ്പുറം കാഴ്ച മറഞ്ഞു.
വണ്ടി പുലിക്കുരുമ്പ എത്താറായി. മലമുകളിലെ കരിമ്പാലക്കോളനിയിലെ പുലിച്ചാമുണ്ഡി തെയ്യവുമായി ബന്ധപ്പെട്ടാവും പ്രദേശത്തിനു ഈ പേരു വന്നത്. പുലി കൂര്‍മ്പയെന്നും പുലികുരുംബയെന്നും പുലികുറുമ്പയെന്നുമൊക്കെ വിളിപ്പേരുള്ള ഭഗവതിയുടെ നാടാവും പുലിക്കുരുമ്പ. വീണ്ടും കോട്ടയംതട്ടു കോളനിയും ആദിവാസി മൂപ്പനും ഓര്‍മ്മകളിലേക്ക് ഓടിയെത്തി. അയാളെന്താണ് ഇത്രയധികം ആകര്‍ഷിക്കുന്നതെന്ന് ഓര്‍ത്തപ്പോള്‍ അല്‍പ്പം അമ്പരപ്പും തോന്നി.
കുറച്ചു കൂടെ മുന്നോട്ട് ഓടിയപ്പോള്‍ ആരോ കൈതട്ടി വിളിക്കുന്നതു കേട്ടു. വണ്ടി നിര്‍ത്തി. റോഡിനു വലതു വശത്തെ കടത്തിണ്ണയില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നു. വില്‍സണ്‍ പറഞ്ഞിട്ടു കാത്തു നില്‍ക്കുകയാണെന്നും വിന്‍സെന്റെന്നാണ് പേരെന്നും അയാള്‍ പരിചയപ്പെടുത്തി. കുടിയേറ്റ കര്‍ഷകനും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമാണ് വിന്‍സെന്റ്. പാലക്കയം തട്ടിന്റെ അടിവാരത്താണ് വീടെന്നും തട്ടിനു സമീപം കൈവശഭൂമിയുമുണ്ടെന്നുമൊക്കെ അയാള്‍ പറഞ്ഞു.
തട്ടിന്റെ മനോഹാരിതയെപ്പറ്റി അടുത്തകാലത്താണ് നാട്ടുകാര്‍ പോലും ശ്രദ്ധിക്കുന്നതെന്ന് അയാള്‍ പറഞ്ഞപ്പോള്‍ അമ്പരന്നുപോയി. അങ്ങനൊരു സാധ്യത നാട്ടുകാര്‍ ചിന്തിച്ചിട്ടു പോലുമില്ലത്രെ. വല്ലപ്പോഴും പുല്ലുപറിക്കാനോ വിറകു ശേഖരിക്കാനോ മറ്റും ചിലരൊക്കെ അവിടെപ്പോകും. നാട്ടുകാര്‍ക്ക്, തങ്ങളുടെ ചുറ്റുമുള്ള ഏതൊരു മലനിരകളെയും പോലെ ഒന്നുമാത്രമായിരുന്നു ഇത്രകാലവും പാലക്കയമെന്ന് ചുരുക്കം. പിന്നെ വിന്‍സെന്റ് പറഞ്ഞതു കേട്ടപ്പോള്‍ ശരിക്കും ഞെട്ടി.
മൂന്നുകൊല്ലം മുമ്പാണത്രെ അയാള്‍ ആദ്യമായി പാലക്കയത്തിന്റെ നെറുകയിലെത്തുന്നത്!
എന്തായാലും ഇപ്പോള്‍ തട്ടിനു സമീപമുള്ള കൈവശഭൂമിയില്‍ ചെറിയൊരു റിസോര്‍ട്ടു തുടങ്ങിയിരിക്കുകയാണ് വിന്‍സെന്റും ഒപ്പം വില്‍സണും. പണ്ട് പശുവിന് പുല്ലുപറിക്കാനായി മാത്രം മലമുകളില്‍ വാങ്ങിയിട്ട ഭൂമിയില്‍ ഇപ്പോള്‍ പലരും ഹോട്ടലുകള്‍ തുടങ്ങാനിരിക്കുകയാണെന്ന് ഇതിനിടെ പീടികത്തിണ്ണയിലിരുന്നൊരാള്‍ പറയുന്നതു കേട്ടു. കൈതളം റോഡിലൂടെ ഫസ്റ്റും സെക്കന്‍ഡും മാറിമാറിയിട്ട് ബുള്ളറ്റ് ഓടിച്ചുകയറ്റുമ്പോള്‍ ഓര്‍ത്തോര്‍ത്തു ചിരിച്ചു.
വീതി അല്‍പം കുറവാണെന്നതൊഴിച്ചാല്‍ റോഡ് വലിയ കുഴപ്പമില്ല. തുടരെയുള്ള കയറ്റങ്ങള്‍. കൊടും വളവുകള്‍. ഡ്രൈവിംഗ് രസമുണ്ട്. ഇരുവശങ്ങളിലും റബര്‍ തോട്ടങ്ങള്‍. ഇടക്കിടെ കൊക്കോ ചെടികള്‍. കാപ്പിച്ചെടികള്‍. കുറ്റിക്കാടുകള്‍. ഇടവിട്ട് ചെറിയ വീടുകള്‍. കുരിശുപള്ളി. എന്നാല്‍ ഇവയ്‌ക്കെല്ലാം ഇടയില്‍ മറ്റൊരു മരത്തിന്റെ നിരന്തരസാനിധ്യം കണ്ടപ്പോള്‍ അല്‍പ്പം കൗതുകം തോന്നി. ചെമ്പകം! പൂത്തും പൂക്കാതെയും ഒറ്റക്കും തെറ്റക്കും നില്‍ക്കുന്ന ചെമ്പകമരങ്ങള്‍. ചുറ്റുമുള്ള ഭൂപ്രകൃതിക്കും സസ്യലതാദികള്‍ക്കും ഇണങ്ങാത്തമട്ടില്‍ വേറിട്ടു നില്‍ക്കുന്ന അവ ഏതോ പുരാതനകാലത്തെ ഓര്‍മ്മിപ്പിച്ചു.
വണ്ടി, കയറ്റം അവസാനിച്ച് നിരപ്പ് തുടങ്ങി എന്നു തോന്നിച്ച ഒരിടത്തെത്തി. ആവേശത്തോടെ തേഡിലേക്കും ഫോര്‍ത്തിലേക്കും ഗിയര്‍ ഷിഫ്റ്റ് ചെയ്യാനൊരുങ്ങിയതാണ്. പെട്ടെന്നൊരാള്‍ റോഡിലേക്ക് ഇറങ്ങി വന്ന് വണ്ടിക്ക് കൈകാണിച്ചു. സംശയത്തോടെ വണ്ടി നിര്‍ത്തി. വെള്ളമുണ്ടും മുഷിഞ്ഞ ഷര്‍ട്ടും ധരിച്ച മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യന്‍. അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു:
"സാജുസഖാവ് പറഞ്ഞവരല്ലേ?"
"അതേ.."
"ഞാന്‍ സുകുമാരന്‍.."
ഇതാണ് ഞങ്ങളും, ഞങ്ങളെയും കാത്തിരുന്ന സുകുമാരന്‍. കോട്ടയം തട്ട് കരിമ്പാലക്കോളനിയിലെ ഊരുമൂപ്പന്‍. ഒരുപക്ഷേ പാലക്കയത്തെ വിഖ്യാതമായ തണുപ്പിനെ, മഞ്ഞുപുതച്ച താഴ്വാരകളെ, പച്ചപ്പുല്‍മേടുകളെക്കാളുമൊക്കെ ഞങ്ങളെ ആകര്‍ഷിച്ചത് ഈ മനുഷ്യനാവും; ഇദ്ദേഹം പറയുമെന്ന് കരുതുന്ന കഥകളാവും. കൗതുകത്തോടെ അയാളെ നോക്കി. മനസിലുണ്ടായിരുന്ന ഒരു ആദിവാസി ഊരുമൂപ്പന്റെ പരമ്പരാഗത ലുക്കിനെ പൊളിച്ചടുക്കിക്കളഞ്ഞു അയാള്‍. ഒരു സാധാരണ മനുഷ്യന്‍. നാല്‍പ്പതിനടുത്ത് പ്രായം.
ചിന്തകളങ്ങനെ കഥകളാകുന്ന നേരത്ത്, വലതു വശത്തു കൂടി മലമുകളിലേക്കു പോകുന്ന ഒരു മണ്‍റോഡു ചൂണ്ടി സുകുമാരന്‍ പറഞ്ഞു. അതിലെ ഒരു 500 മീറ്റര്‍ മുകളിലേക്കു പോകണം. ഒരു ഹോട്ടലു കാണാം. വണ്ടി അവിടെ പാര്‍ക്ക് ചെയ്യുക. അപ്പോഴേക്കും ഞാന്‍ നടന്നെത്താം. നോക്കുമ്പോള്‍ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വളഞ്ഞുപുളഞ്ഞ ഒരു കയറ്റം. ബുള്ളറ്റിന് ബ്രേക്ക് അല്‍പ്പം കുറവാണെന്നു പറഞ്ഞപ്പോള്‍ പേടിക്കേണ്ടെന്ന് അയാളുടെ ഒപ്പമുണ്ടായിരുന്ന ഒരു പയ്യന്‍. ഇവിടുത്തെ ഏറ്റവും കൊള്ളാവുന്ന മോശം റോഡുകളില്‍ ഒന്നാണിതെന്നും പയ്യന്‍. നാട്ടുകാരുടെ നര്‍മ്മബോധം പിന്നെയും ചിരിപ്പിച്ചു.
കരിമ്പാലക്കയം
തുള്ളിക്കിതച്ച് ബുള്ളറ്റ് ഒരു വിധം മുകളിലെത്തി. തിരിച്ചിറങ്ങുന്നതിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ പേടി തോന്നി. ഏതോ കുറുക്കുവഴിയിലൂടെയെത്തിയ സുകുമാരന്‍ അവിടെ നില്‍പ്പുണ്ട്. വിശാലമായ പച്ചപ്പുല്‍ത്താഴ്വാരം. പേരിനെ അന്വര്‍ത്ഥമാക്കി സ്‌കൈവാലി എന്ന ഹോട്ടല്‍. അനുബന്ധമായി ഒരു കോണ്‍ഫറന്‍സ് ഹാള്‍. മുറ്റത്തിന്റെ ഒരരികില്‍ ഹോട്ടലുടമ ചൂണ്ടിക്കാട്ടിയ ഇടത്ത് വണ്ടി പാര്‍ക്ക് ചെയ്തു. അയാളോടു പേരു ചോദിച്ചു. വില്‍സന്‍. ഇവിടെ വില്‍സന്മാരുടെ സംസ്ഥാന സമ്മേളനമാണല്ലോ എന്നോര്‍ത്തു. സുകുമാരന്‍ മലമുകളിലേക്ക് നടന്നു തുടങ്ങിയിരുന്നു. പിന്നാലെ ഞങ്ങളും. എന്തു ചോദിക്കണമെന്നു കരുതുമ്പോഴേക്കും പതിഞ്ഞ ശബ്ദത്തില്‍ തനി വടക്കേ മലബാറു ഭാഷയില്‍ അയാള്‍ പറഞ്ഞു:
"എനക്ക് കഥകളൊന്നും അറീല്ലപ്പാ.. അതെല്ലാം പഴേ ആള്‍ക്കാരിക്കല്ലേ അറിയ്വാ..?!"
അല്‍പ്പം നിരാശ തോന്നിയെങ്കിലും അതയാളെ കാണിക്കാതെ ചിരിച്ചു. ചുറ്റും നോക്കി. തൊട്ടപ്പുറം കോട്ടയംതട്ട് കോളനി. കരിമ്പാലരുടെ വീടുകള്‍. കാടുകയറിയ കവുങ്ങിന്‍ തോട്ടങ്ങള്‍. മണ്ട പഴുത്ത് മഞ്ഞനിറത്തിലായ കവുങ്ങുകള്‍ അവിടവിടെ ചിതറിത്തെറിച്ച് നില്‍ക്കുന്നു. ഓടു മേഞ്ഞ ഒരു പഴയ വീടു ചൂണ്ടി അതു തന്റെ തറവാടാണെന്ന് സുകുമാരന്‍ പറഞ്ഞു. അയാളുടെ അമ്മയും അനുജനും സഹോദരിമാരും അവിടെയാണ് താമസം. അമ്മ, എണ്‍പത്തഞ്ചിലധികം വയസുള്ള പൊന്നി, മുറ്റിത്തിരിപ്പുണ്ട്. വിവാഹപ്രായം കഴിഞ്ഞ സഹോദരിമാരിലൊരാള്‍ അകാലവാര്‍ധക്യം ബാധിച്ച് മുറ്റത്തുകൂടെ നടപ്പുണ്ട്.
ഒരു ജീപ്പ് മലയറിങ്ങി വന്നു. അതിനകത്ത് മൂന്നുനാലു പേരുണ്ട്. തട്ടില്‍ വന്ന് മടങ്ങുന്ന സഞ്ചാരികളാവും. ജബിന്‍ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു. സുകുമാരന്‍ എന്തെങ്കിലുമൊക്കെ നാട്ടുകഥകള്‍ പറയുമെന്ന പ്രതീക്ഷയില്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു. അപ്പോള്‍ അയാള്‍ വേദനിപ്പിക്കുന്ന ഒരു ചിരി ചിരിച്ചു. പിന്നെ എന്തോ ഓര്‍ത്തിട്ടെന്ന പോലെ പതിഞ്ഞ ശബ്ദത്തില്‍ ഒറ്റശ്വാസത്തില്‍ ഇങ്ങനെ പറഞ്ഞു:
പണ്ടു പണ്ട് അപ്പനപ്പൂപ്പന്മാര്‍ടെ കാലത്ത് ഞങ്ങ അങ്ങ് തായലായിരുന്നു താമസം.. ഓരോ ബര്‍ഷോം പുനം കൃഷിക്കായി ഞങ്ങ മുകളിലേക്ക് മല കയറികയറിപ്പോകും.. മലഞ്ചെരുവുകളിലെ കാടുവെട്ടിത്തെളിച്ചാണ് നെല്‍കൃഷി..വളക്കൂറുള്ള മണ്ണു നോക്കി ഓരോ വര്‍ഷം ഓരോരോ സ്ഥലം.. അങ്ങനെ ഒരിക്കല് കൃഷിയെല്ലാം കയിഞ്ഞ് തിരികെ വന്നപ്പേക്കും താഴെയുള്ള ഭൂമിയെല്ലോം പോയി.. ഞങ്ങയെല്ലാം മേലേയുമായി..
ഇനിയൊന്നും പറയാനില്ലെന്ന ഭാവത്തില്‍ അയാള്‍ നടപ്പു തുടര്‍ന്നു. ഇനിയൊന്നും കേള്‍ക്കണമെന്ന് എനിക്കും തോന്നിയില്ല. ഒറ്റ ശ്വാസത്തില്‍ അയാള്‍ പറഞ്ഞത് വെറുംവാക്കല്ല. പഴങ്കഥയുമല്ല. മിത്തോ ഐതിഹ്യമോ കെട്ടുകഥയോ അല്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കടങ്കഥയാണതെന്നു തോന്നി. ഇതിനപ്പുറം ഇനി എന്തു കഥയെന്നു ചിന്തിക്കുന്നതിനിടയില്‍ നാലഞ്ചുപേരെയും കൊണ്ട് ഒരു ജീപ്പ് കുലുങ്ങിക്കുലുങ്ങി കുന്നുകയറിപ്പോയി.
നടപ്പ് ഡിറ്റിപിസിയുടെ ഗേറ്റിനു മുന്നില്‍ അവസാനിച്ചു. ഇനിയങ്ങോട്ടു കയറണമെങ്കില്‍ ടിക്കറ്റെടുക്കണം. ടൂറിസം കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല ഡിറ്റിപിസി സ്വകാര്യവ്യക്തിക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. മാനേജര്‍ ബേബി ജോസഫ് അവിടെ കാത്തുനില്‍പ്പുണ്ട്. അയാളെയും കണ്ട് ഓരോ ചായയും കുടിച്ച് ചെങ്കുത്തായ കയറ്റം കയറിത്തുടങ്ങി.
സമയം നട്ടുച്ച. എന്നിട്ടും മഞ്ഞിന്റെ ശേഷിപ്പുകള്‍ അന്തരീക്ഷത്തിലുണ്ട്. തണുത്ത കാറ്റ് പൊതിയുന്നു. പടിഞ്ഞാറന്‍ കാറ്റ്. സമുദ്ര നിരപ്പില്‍ നിന്നും 3500ലധികം അടി ഉയരത്തിലാണ് നില്‍പ്പ്. 40 കിലോമീറ്റര്‍ വരെയുളള ദൂരകാഴ്ചകള്‍ ഇവിടെ നിന്നാല്‍ കാണാം. ഒരു ബെഞ്ചിലേക്ക് ഇരുന്നു. വൈകുന്നേരം വരണമായിരുന്നുവെന്ന് സുകുമാരന്‍. അടിമുടി തണുപ്പു പൊതിയും. സ്വര്‍ണ നിറത്തില്‍ നോക്കെത്താ ദൂരത്തോളം താഴ്വര കാണാം. പറശിനിക്കടവ് മുത്തപ്പന്റെ അമ്പലം കാണാം. വളപട്ടണം പുഴ കാണാം. കണ്ണൂര്‍ വിമാനത്താവളം കാണാം. ഇപ്പോള്‍ പുകമഞ്ഞു മൂടിയിരിക്കുന്നു. കാഴ്ചകള്‍ അവ്യക്തം. അയാള്‍ക്ക് വിഷമം. സാരമില്ല, ഇതൊന്നും കാണുന്നില്ലെങ്കിലും താഴെ നിങ്ങടെ കോളനി വ്യക്തമായി കാണുന്നുണ്ടല്ലോ എന്ന് പറഞ്ഞു. അയാള്‍ ചിരി ചിരിച്ചു; വേദനിപ്പിക്കുന്ന അതേ ചിരി.
കോഴിക്കൂടുകള്‍ പോലെ കോളനിയിലെ വീടുകള്‍. ചെറിയ ജംഗ്ഷന്‍. ജീപ്പ് സ്റ്റാന്‍ഡ്. പൊട്ടുകള്‍ പോലെ നിരന്നു കിടക്കുന്ന ജീപ്പുകള്‍. പാറിക്കളിക്കുന്ന ചെങ്കൊടിക്കൂട്ടം. അടുത്തിടെ ബ്രാഞ്ച് സമ്മേളനം കഴിഞ്ഞതിന്റെ ബാക്കിയാണതെന്ന് സുകുമാരന്‍. താനൊരു പാര്‍ട്ടി മെമ്പറാണെന്നു പറയുമ്പോള്‍ അയാളുടെ കണ്ണുകളില്‍ അഭിമാനം.
മലയിടുക്കിലെ ബാലന്മാര്‍
കരിമ്പാല സമുദായത്തിന്റെ ചരിത്രത്തെപ്പറ്റി ചോദിച്ചു. മുമ്പ് കേട്ടിട്ടുള്ള ശിവ പാര്‍വ്വതിമാരുമായി ബന്ധപ്പെട്ട ഒരു കഥ തന്നെയാണ് സുകുമാരനും പറഞ്ഞത്. ശിവന്റെ ബാലന്മാരായിരുന്നു കരിമ്പാലരെന്നാണ് സുകുമാരന്‍ പറഞ്ഞ കഥയുടെ സാരം. ഈ കഥ തന്നെ മൂന്നു തരത്തിലുണ്ട്. ഒരു കഥയില്‍ തളിപ്പറമ്പ് അമ്പലത്തില്‍ പാലുകാച്ചിയിരുന്ന ഒരു മണിയാണിയായിരുന്നു കരിമ്പാലന്റെ പൂര്‍വ്വികന്‍. ഒരുദിവസം പാലുകാച്ചിക്കൊണ്ടിരുന്ന മണിയാണിയെ ശിവന്‍ സ്ത്രീ രൂപത്തിലെത്തി മോഹിപ്പിച്ചു. പരിസരം മറന്ന് മണിയാണി നിന്നു. ഒടുവില്‍ ശിവ പാര്‍വ്വതിമാര്‍ ഒരുമിച്ചെത്തി പാലു ചോദിച്ചു. പാലുവറ്റി കലം കരിഞ്ഞ കാഴ്ചയിലേക്ക് അയാള്‍ ഉണര്‍ന്നു. ദേഷ്യം വന്ന ദൈവം കരിമ്പാലനായി പോകട്ടെ എന്ന് ശപിച്ചു.
മറ്റൊരു കഥ വെള്ളാട് മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. പൈതല്‍ മലയില്‍ നിന്ന് തന്റെ ബലിബിംബം കവര്‍ച്ച പോയതില്‍ ശിവന്‍ കുപിതനായി. കോപം ശമിപ്പിക്കാന്‍ ചുഴലി ഭഗവതിയായ പാര്‍വ്വതി പാഞ്ഞെത്തി. കാവും ഭാഗത്തുവച്ച് അവര്‍ പരസ്പരം കണ്ടുമുട്ടി. മുഖത്തോടുമുഖം നോക്കി അവരങ്ങനെ നിന്നു. നിന്ന നില്‍പ്പില്‍ പ്രണയം ജ്വലിച്ചു. ഭഗവാന് തൊണ്ട വരണ്ടു. ദൈവദമ്പതികളുടെ ആ നില്‍പ്പും നോക്കി തദ്ദേശവാസികളായ വനവാസികളും അമ്പരന്നു നിന്നു. അവരോട് കുടിക്കാന്‍ ശിവന്‍ ജലം ചോദിച്ചു. കാച്ചിയ പാലാണ് അവര്‍ നല്‍കിയത്. പാലു കുടിച്ച ദൈവത്തിനു പുകചുവച്ചു. കരിമ്പാല്‍ എന്ന് ദൈവം പതം പറഞ്ഞു. എന്നാല്‍ ആദിവാസികള്‍ കരുതിയത് ദൈവം തങ്ങളെ പേരു ചൊല്ലി വിളിച്ചതാണെന്ന്. അങ്ങനെ ആ നാമം വംശനാമമായി സ്വീകരിച്ചവര്‍ കരിമ്പാലാരായി എന്നാണ് ഈ കഥ.
എന്നാല്‍ മരക്കരി ശേഖരിക്കുന്ന തൊഴിലില്‍നിന്നാണ് കരിമ്പാലര്‍ എന്ന പേരുണ്ടായതെന്നും അതല്ല കരിമ്പുകൊണ്ട് പാലം നിര്‍മ്മിച്ചതിനാലാണെന്നും മറ്റു ചില കഥകള്‍. കഥകളങ്ങനെ സാഗരം പോലെ പരന്നു കിടപ്പാണ്. എന്തായാലും കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ വനപ്രദേശങ്ങളുടെ ആദിമാവകാശികള്‍ ഇവരാണെന്ന് ഉറപ്പ്. നായാട്ട്, പുനംകൃഷി, മരക്കരിനിര്‍മ്മാണം, കാട്ടുകുരുമുളക് ശേഖരണം തുടങ്ങിയവ കരിമ്പാലരുടെ പഴയകാല തൊഴിലായിരുന്നു.
നടുവില്‍, ഉദയഗിരി, ആലക്കോട് പഞ്ചായത്തുകളുടെ പ്രാന്തപ്രദേശങ്ങളില്‍ നിരവധി കരിമ്പാലക്കോളനികളുണ്ട്. പാലക്കയം മേഖലയില്‍ കോട്ടയംതട്ട് കൂടാതെ മൈക്കാട്, ചേറ്റടി, പുല്ലുംവനം, മാമ്പള്ളം, ചുള്ളിപ്പള്ള, കോട്ടച്ചോലെ, മാങ്കുളം, അരങ്ങ് തുടങ്ങിയ കോളനികളിലും കരിമ്പാലര്‍ താമസിക്കുന്നു. പുനംകൃഷിക്കായി മല കയറിക്കയറി തട്ടിനു മുകളില്‍ എത്തിയ ഇവര്‍ ഇവിടെ വച്ച് കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നു. അങ്ങനെ കാര്‍ഷിക യാത്ര അവസാനിപ്പിച്ചെന്നാണ് സുകുമാരന്‍ പറയുന്നത്. താഴ്വരകളിലെ ഭൂമി നഷ്ടപ്പട്ടതോടെ ഇവിടെ സ്ഥിരതാമസമാക്കി. അങ്ങനെയാണ് കോട്ടയം തട്ട് കോളനി ഉണ്ടാകുന്നത്.
പണ്ട് മറ്റ് ആദിവാസി കേന്ദ്രങ്ങളിലേക്കുള്ള കരിമ്പാലരുടെ നടവഴിയായിരുന്നു ഇവിടം. ഇപ്പോള്‍ സഞ്ചാരികള്‍ നടക്കുന്ന പാതകളില്‍ പലതും കരിമ്പാലര്‍ ഒരുകാലത്ത് നടന്നുണ്ടാക്കിയതാണ്. നാല്‍പ്പതോളം കുടുംബങ്ങളുണ്ട് ഇപ്പോള്‍ കോട്ടയം തട്ട് കോളനിയില്‍. പലരുടെയും ഭൂമിക്ക് പട്ടയമോ കൈവശാവകാശ രേഖകളോ ഇല്ലെന്ന് സുകുമാരന്‍ പറഞ്ഞു. അപ്പോള്‍ അടുത്തകാലത്തെ ചില കോടതി വാര്‍ത്തകള്‍ ഓര്‍ത്തു.
രണ്ടുവര്‍ഷം മുമ്പാണ് പാലക്കയംതട്ട് ടൂറിസം ട്രയാങ്കുലര്‍ സര്‍ക്കിള്‍ എന്ന പദ്ധതിക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ രൂപം കൊടുക്കുന്നത്. പാലക്കയത്തിനൊപ്പം സമീപത്തുള്ള പൈതല്‍മല, കാഞ്ഞിരക്കൊല്ലി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കൂടി ഉള്‍പ്പെടുത്തി, ഒരുകോടി രൂപയോളം മുതല്‍ മുടക്കുള്ള പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍. ഇതിനായി പാലക്കയം തട്ടില്‍ മാത്രം 30 ഏക്കറോളം ഭൂമിയാണ് ഡിറ്റിപിസി ഏറ്റെടുത്തത്.
എന്നാല്‍ ദേവസ്വത്തിന്റെ ഭൂമി റവന്യു അനുമതി ഇല്ലാതെ ടൂറിസത്തിനായി ഏറ്റെടുത്തെന്നും കെട്ടിടം നിര്‍മിച്ച് അഴിമതി നടത്തിയെന്നും ആരോപിച്ച് വെള്ളാട് ദേവസ്വം അധികൃതര്‍ കോടതിയെ സമീപിച്ചു. അതോടെ പദ്ധതി പ്രദേശം വിവാദത്തിലായി. പക്ഷേ ഡിറ്റിപിസിക്കെതിരെയുള്ള പരാതി ഹൈക്കോടതി തള്ളിയെന്നതാണ് ഒടുവിലത്തെ വാര്‍ത്ത. അതു ശരിവക്കുന്നതായിരുന്നു മാനേജര്‍ ബേബിയുടെ പ്രതികരണം. കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കാന്‍ കഴിഞ്ഞദിവസങ്ങളില്‍ പഞ്ചായത്ത് തയ്യാറായി എന്ന് അയാള്‍ പറയുന്നു.
ദേവസ്വത്തിന്റെ പരാതിയില്‍ വലിയ കഴമ്പൊന്നുമില്ലെന്നാണ് കരിമ്പാലര്‍ ഉള്‍പ്പെടെ നാട്ടുകാരില്‍ പലരും പറയുന്നത്. ഇവിടം ജനശ്രദ്ധ നേടുന്നതിനു മുമ്പ് ഈ ദേവസ്വം എവിടെയായിരുന്നുവെന്നാണ് അവരുടെ ചോദ്യം. എന്നാല്‍ അഴിമതിയാരോപണം സംബന്ധിച്ച പരാതി നിലനില്‍പ്പുണ്ടെന്നാണ് സൂചന. ഇതില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്‍കിയതായും വാര്‍ത്തയുണ്ട്. ഇതേക്കുറിച്ച് ധാരണയില്ലാത്തതിനാലാണോ അതോ ബോധപൂര്‍വ്വമോ എന്നറിയില്ല, ആരുമൊന്നും പറഞ്ഞു കേട്ടില്ല. എന്തായാലും മടങ്ങുമ്പോള്‍ വെള്ളാട്ടെ ശിവക്ഷേത്രമൊന്നു കാണണമെന്നു കരുതി.
മഞ്ഞച്ചായം പൂശിയ ബെഞ്ചിലിരുന്ന് കൈയ്യില്‍ കരുതിയ സ്‌നാക്‌സും വെള്ളവും ഞങ്ങള്‍ കഴിച്ചു. കരിമ്പാലരുടെ മുന്‍തലമുറ അന്യവീടുകളില്‍ നിന്നും പച്ചവെള്ളം പോലും കുടിക്കില്ലായിരുന്നുവെന്ന് അപ്പോള്‍ സുകുമാരന്‍ ഓര്‍മ്മിച്ചു. അമ്മ പൊന്നി ഇങ്ങനെ പലതും നിരസിക്കുന്നത് അയാള്‍ കണ്ടിട്ടുണ്ട്. അവരുടെ സ്വത്വബോധത്തോട് ഇഷ്ടം തോന്നി.
എന്നാല്‍ ഒട്ടും മടിയില്ലാതെ ഞങ്ങളുടെയൊപ്പം ഭക്ഷണം കഴിച്ച് സുകുമാരന്‍ തനി കമ്മ്യൂണിസ്റ്റായി.
മലമുകളില്‍ പാര്‍ലമെന്‍റും
തട്ടിലേക്കുള്ള മറ്റൊരു പ്രവേശന കവാടമായ മഞ്ഞുമലയിലേക്ക് നടക്കുമ്പോള്‍ കോളനിയെക്കുറിച്ച് സുകുമാരന്‍ പലതും പറഞ്ഞു. വര്‍ഷങ്ങളായി താമസിച്ചിട്ടും കൈവശ രേഖകള്‍ പോലുമില്ല പല കുടുംബങ്ങള്‍ക്കും. ഒരുകാലത്ത് മികച്ച ആദായം നല്‍കിയിരുന്ന കവുങ്ങിന്‍ തോട്ടങ്ങള്‍ മഞ്ഞളിപ്പില്‍ നശിച്ചു. ഇപ്പോള്‍ കൂലിപ്പണിതന്നെ ശരണം. അഞ്ഞൂറോളം പേരുള്ള കോളനിയില്‍ ആകെയുള്ള സര്‍ക്കാര്‍ ജോലിക്കാര്‍ ഒരു കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മാത്രം.
സംവരണത്തെക്കുറിച്ചുള്ള സവര്‍ണവാദത്തിന്റെ പൊള്ളത്തരം ഓര്‍ത്തു.
പാലക്കയം ടൂറിസം കേന്ദ്രമായി വളര്‍ന്നതോടെയാണ് കോളനി അല്‍പ്പമെങ്കിലും പച്ചപിടിക്കുന്നത്. പ്രദേശത്തെ മറ്റു ആദിവാസി കോളനികളുടെ ദുരവസ്ഥയെക്കുറിച്ച് മുമ്പേ കേട്ടിരുന്നു. വ്യാജമദ്യവും മറ്റും കീഴടക്കുന്ന ദുരിതക്കഥകള്‍. എന്നാല്‍ പാലക്കയം മാറിയതോടെ കോട്ടയംതട്ടും അല്‍പ്പം മാറി. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇപ്പോള്‍ ഇവിടെ മുടങ്ങാതെ പണിയുണ്ട്. പന്ത്രണ്ടോളം പുരുഷന്മാര്‍ ഇവിടെ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു.
രാവിലെ ഡ്യൂട്ടിയില്‍ കയറിയാല്‍ പിറ്റേന്നു രാവിലെ ഇറങ്ങും. മാസത്തില്‍ 15 പണി. തൊഴിലാളികളിലൊരാളായ ഉണ്ണികൃഷ്ണന്‍ പറയുന്നു. ശുചീകരണത്തൊഴിലാണ് സ്ത്രീകള്‍ക്ക്. സഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന നിരവധി വനിതാ തൊഴിലാളികളെ മലയിലങ്ങോളം കണ്ടു. എല്ലാവരും പ്രദേശവാസികള്‍. ഭക്ഷണവും മികച്ച കൂലിയും മാനേജ്‌മെന്റ് നല്‍കുന്നുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
സുകുമാരനും ഇങ്ങനൊരു തൊഴിലാളിയാണ്. മൗണ്ടന്‍ പാരഡൈസ് എന്ന റിസോര്‍ട്ടിലാണ് അയാളുടെ ജോലി. മുറികള്‍ ശുചീകരിക്കണം. താമസക്കാര്‍ക്ക് ഭക്ഷണം എത്തിക്കണം. മദ്യപിക്കാന്‍ മാത്രം മലയിലെത്തുന്ന ചില സഞ്ചാരികളാണ് അലമ്പുകാരെന്ന് സുകുമാരന്‍. ഭാര്യക്കും തട്ടില്‍ ജോലിയുണ്ട്. ഈ വരുമാനം കൊണ്ടാണ് കുട്ടികളുടെ പഠനവും വീട്ടും ചെലവും.
മഞ്ഞുമലയിലേക്കുള്ള നടവഴിയില്‍ ഒരു കാട്ടുപൊന്ത കണ്ടു. അതിനകത്തൂടെയാണ് ഒറ്റയടിപ്പാത. അങ്ങോട്ടു കയറിയപ്പോള്‍ വലിയ ഒരിരമ്പം കേട്ടു. കടലിരമ്പം പോലെ. തേനീച്ചയോ കടന്നല്‍ക്കൂട്ടമോ ഇളകി വരുന്നുണ്ടെന്നു തോന്നി. ഭയത്തോടെ ചുറ്റും നോക്കി. പൂത്തുലഞ്ഞു നില്‍ക്കുന്ന കാട്ടുചെടികള്‍. അവയില്‍ നിന്നും തേന്‍നുകരുകയാണ് ഒരു തരം കരിവണ്ടുകള്‍. അവയുടെ മൂളിച്ചയാണ് കടലിരമ്പം പോലെ കേള്‍ക്കുന്നത്.
പശ്ചിമഘട്ടമലനിരകള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നു കേട്ടിരുന്നു. നടവഴികളില്‍ തഴച്ചു നില്‍ക്കുന്ന ഒരു തരം പുല്ല് കണ്ണിലുടക്കി. ഇതാണ് പാറപ്പുല്ല്. സുകുമാരന്‍ പറഞ്ഞു. മുമ്പ് കരിമ്പാലര്‍ വീടുമേയുന്നത് ഈ പുല്ല് ഉപയോഗിച്ചായിരുന്നു. തൈലപ്പുല്ല് ഉള്‍പ്പെടെ വിവിധയിനം പുല്ലുവര്‍ഗങ്ങള്‍ കണ്ടു. ഒരാള്‍പ്പൊക്കത്തില്‍ കാറ്റിലാടുന്ന ആറ്റുവഞ്ചികള്‍. ആകാശത്തോടു പാട്ടുപാടുന്ന മുളങ്കൂട്ടങ്ങള്‍. വട്ടേലം, കണ്ണാന്താളി തുടങ്ങി അപൂര്‍വയിനം ഔഷധസസ്യങ്ങള്‍. പക്ഷികള്‍. ജീവജാലങ്ങള്‍. കാറ്റിലലയാന്‍ തയ്യാറായി നില്‍ക്കുന്ന അപ്പൂപ്പന്‍താടിപ്പാടം.
എന്നാല്‍ മല അടിമുടി മാറുകയാണ്. ആദ്യഘട്ടമായി ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, കഫ്റ്റീരിയ, ശൗചാലയം, വ്യൂടവര്‍, നടപ്പാത, സോളാര്‍ എന്നിവയാണ് നിര്‍മ്മിച്ചത്. ഇപ്പോള്‍ റോപ്പ് കോഴ്‌സ്, സിപ്പ് ലൈന്‍, ആര്‍ച്ചറി ഗെയിം, ഗണ്‍ തുടങ്ങിയ വിവിധ അമ്യൂസ്‌മെന്റുകള്‍. അങ്ങിങ്ങായി നീളന്‍ തൂണുകളില്‍ 35 ഓളം സോളര്‍ വിളക്കുകള്‍. അവയെല്ലാം ഒരുമിച്ചു കത്തുന്ന രാത്രികളില്‍ പാലക്കയം സഞ്ചാരികള്‍ക്കു മുന്നിലൊരു വിളക്കുമലയായി മാറും.
രാത്രികാലത്ത് മലയില്‍ നിന്നും നോക്കിയാല്‍ താഴ്വര ഒരു ദീപക്കടലാകും. ചെറുപട്ടണങ്ങളിലെയും വീടുകളിലെയും വെളിച്ചവും വാഹനങ്ങളുടെ വെളിച്ചവുമൊക്കെച്ചേര്‍ന്ന് മായക്കാഴ്ച ഒരുക്കും. നക്ഷത്രങ്ങള്‍ക്കിടയിലെ ഉല്‍ക്കാപതനത്തെയാണ് ഈ കാഴ്ചകള്‍ ഓര്‍മ്മിപ്പിക്കുന്നതെന്നു ചില സഞ്ചാരികള്‍. മൈസൂരിലെ ചാമുണ്ഡിഹില്ലാണെന്നു മറ്റുചിലര്‍.
തട്ടില്‍ ഏറ്റവും കൂടുതല്‍ തിരക്കുണ്ടായിരുന്ന രണ്ടുവര്‍ഷം മുമ്പുള്ള ആ തിരുവോണദിവസം ഇപ്പോഴും നാട്ടുകാര്‍ ഓര്‍ക്കുന്നു. നടുവില്‍ മുതല്‍ പുലിക്കുരുമ്പ വരെ കനത്ത ബ്ലോക്കായിരുന്നു അന്ന്. മണ്ഡളം മുതല്‍ വാഹനഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. മുന്നോട്ടോ പിന്നോട്ടോ പോകാനാവാതെ സഞ്ചാരികളില്‍ പലരും റോഡില്‍ കിടന്നു. പലരും ഇവിടെത്താനാകാതെ മടങ്ങി.
ഇപ്പോള്‍ മലയിലേക്ക് വരാന്‍ മൂന്നു വഴികളുണ്ട്. കരുവഞ്ചാല്‍ - ആശാന്‍കവല വഴിയും മണ്ഡളം - മൈക്കാട് വഴിയും പുലിക്കുരുമ്പ - കൈതളം വഴിയും വരാം. ഇപ്പോഴും എല്ലാ അവധിദിവസങ്ങളിലും രണ്ടായിരത്തോളം പേര്‍ ഇവിടെ എത്തുന്നു. ആയിരങ്ങള്‍ കയറി വന്നാലും മലയറിയില്ലെന്നത് മറ്റൊരു പ്രത്യേകത.
ഞങ്ങള്‍ ആദ്യം ഇരുന്ന വ്യൂ പോയന്റെ് പാര്‍ലമെന്റ് തട്ടെന്നാണ് അറിയപ്പെടുന്നതെന്ന് പറഞ്ഞത് സെക്യൂരിറ്റി ഗാര്‍ഡായ ബിജു. താഴെ നിന്നു നോക്കുമ്പോള്‍ ദില്ലിയിലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ രൂപമാണത്രെ അതിന്. അതിനാലാണ് ഇങ്ങെനൊരു പേര്. തിരികെ നടക്കുമ്പോള്‍ നോക്കി. ശരിയാണെന്നു തോന്നി.
പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായോ മറ്റോ ഏതോ സ്കൂളിലെ കുട്ടികള്‍ എന്നോ നട്ട മരത്തൈകള്‍ വഴിയരികില്‍ അതിജീവനത്തിന്റെ പ്രതിജ്ഞ ചൊല്ലി.
വെള്ളച്ചാട്ടമായി പുനര്‍ജ്ജനിച്ച ജാനു
ചെമ്പേരി പുഴയുടെ പോഷകനദിയായ കൊല്ലിത്തോട് പിറക്കുന്നത് ഇവിടെ നിന്നാണ്. ഇവിടെ എവിടെയോ ആണ് അയ്യന്‍മട. 50 മീറ്ററോളം നീളമുള്ള ഈ ഗുഹയില്‍ പണ്ടൊരു ബുദ്ധസന്യാസി തപസിരുന്നിരുന്നു. ഇപ്പോള്‍ നൂറുകണക്കിനു കടവാവിലുകളും വ്യത്യസ്ത നിറങ്ങളിലുള്ള തളവകളുമാണ് അവിടം നിറയെ. കൊല്ലിത്തോട്ടിലാണ് പേരുകേട്ട ജാനകിപ്പാറ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന്റെ പേരിനെക്കുറിച്ചു ചോദിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അതിനു മുകളില്‍ നിന്നും വീണുമരിച്ച ഒരു സ്ത്രീയാണ് ജാനുവെന്ന് സുകുമാരന്‍. അവര്‍ ആത്മഹത്യ ചെയ്തതാണെന്നും അല്ല, അബദ്ധത്തില്‍ വീണതാണെന്നും കഥകള്‍. നൂറടിയിലധികം ഉയരമുള്ള ഈ വെള്ളച്ചാട്ടം തേടിയും നിരവധി സഞ്ചാരികളെത്തുന്നു.
പറഞ്ഞു മടുത്ത പേരിന്‍റെ കഥ
മരിച്ച് വെള്ളച്ചാട്ടമായി പുനര്‍ജ്ജനിച്ച പെണ്ണിനെ ആലോചിച്ചുള്ള നടപ്പില്‍ അയ്യന്‍മടയെയും ബുദ്ധസന്യാസിയെയും മറന്നുപോയി. നടപ്പ് അവസാനിച്ചത് കോട്ടയംതട്ട് കോളനിയില്‍. അവിടെ രമേശനെന്ന കോളനി നിവാസിയുടെ പീടികത്തിണ്ണയിലിരുന്ന് ഇളനീരു കുടിച്ചു. അപ്പോള്‍ മദ്യം മണക്കുന്ന വാക്കുകളില്‍ പാലക്കയത്തിന്റെ പേരിനു പിന്നിലെ കഥ പറഞ്ഞത് എണ്‍പതുകാരന്‍ ചന്ദ്രന്‍. ചെമ്പേരി സ്വദേശിയായ ചന്ദ്രന്‍ ഭാര്യയുടെ നാടായ ഇവിടെ എത്തിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. അക്കാലത്ത് ഈ കോളനിയില്‍ എട്ട് കുടുംബങ്ങള്‍ മാത്രം.
പണ്ട് മലമുകളില്‍ ഒരു പാലമരം ഉണ്ടായിരുന്നു. അതിനാല്‍ പാലക്കായ് മരം തട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതാണ് പിന്നീട് പാലക്കയം തട്ട് ആയതെന്നും ചന്ദ്രന്‍. കഴിഞ്ഞ കുറച്ചുകാലമായി ഇവിടെത്തുന്ന പലരോടും ഈ കഥ ഇങ്ങനെ ആവര്‍ത്തിച്ചു പറയേണ്ടി വരുന്നതിന്റെ ഗതികേടിലാണ് അയാള്‍. അതിന്റെ ഈര്‍ഷ്യയും ചന്ദ്രന്‍ മറച്ചു വച്ചില്ല. തിരിച്ചു നടക്കുമ്പോള്‍ പിറകില്‍ നിന്നും തന്റെ ഈ ആവര്‍ത്തനവിരസതയെപ്പറ്റി അയാള്‍ ആരൊടൊക്കെയോ ഉച്ചത്തില്‍ വിളിച്ചു പറയുന്നതു കേട്ടു.
കൈവശ രേഖയില്ലാത്തതിനാല്‍ പഞ്ചായത്തിന്റെ നമ്പറില്ലാത്ത വീടുകളും കടകളുമുണ്ട് കോളനിയില്‍. അതിനാല്‍ ലോണെടുക്കാനോ സര്‍ക്കാര്‍ സഹായം സ്വീകരിക്കാനോ ഇവര്‍ക്ക് കഴിയാറില്ല. രേഖയുള്ള ഭൂമി പലരും വിറ്റതായും അഡ്വാന്‍സ് വാങ്ങിയതായുമുള്ള വാര്‍ത്തകളും കേട്ടു. പുറംനാട്ടുകാര്‍ ഇവിടെ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായി നേരത്തെ കേട്ടിരുന്നു. കുടിയേറ്റവും കൈയ്യേറ്റവുമൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന സമകാലിക കേരളവാര്‍ത്തകള്‍ ഓര്‍ത്തു. അവിശുദ്ധ കൂട്ടുകെട്ടുകളെ ഓര്‍ത്തു.
ഇവിടെ കരിങ്കല്‍ ക്വാറികള്‍ തുടങ്ങാന്‍ ആദ്യകാലത്ത് ചിലര്‍ ശ്രമിച്ചിരുന്നതായി ഒരു കരക്കമ്പിയുണ്ട്. എന്നാല്‍ അയല്‍മലനിരകളിലെ ക്വാറികള്‍ക്കെതിരെ ജനരോഷം ഉയര്‍ന്നതും ഇവിടം പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നതും ഈ പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായിട്ടുണ്ടാകാം. ടൂറിസം പദ്ധതികളിലൂടെ ആ നഷ്ടം നികത്തുകയായിരുന്നിരിക്കണം. രാജ്യത്തെ കരുത്താര്‍ജ്ജിച്ച വാഹനവിപണിയും ജനങ്ങളുടെ വര്‍ദ്ധിച്ച സഞ്ചാരമോഹവുമൊക്കെ കൂടിച്ചേര്‍ന്നപ്പോള്‍ സംഗതികള്‍ എളുപ്പമായി. എന്തായാലും ഇത്തരമൊരു സെന്‍സിറ്റീവായ പ്രദേശത്തെ ഇങ്ങനൊരു നിലയിലേക്ക് മാറ്റാനുപയോഗിച്ച ബിസിനസ് ബുദ്ധി കൊള്ളാമെന്നു തോന്നി. തുടക്കത്തില്‍ പറഞ്ഞ, രണ്ടുമൂന്നു വര്‍ഷം പഴക്കമുള്ള ആ കൗതുകങ്ങളുടെയൊക്കെ ഉത്തരങ്ങള്‍ എളുപ്പം പൂരിപ്പിക്കപ്പെടുന്നത് അറിഞ്ഞു.
സുകുമാരന്റെ ബന്ധു കുഞ്ഞിരാമന്റെ വീട്ടില്‍ വച്ചാണ് കരിമ്പാലരുടെ ആരാധനാ മൂര്‍ത്തികളുടെ ചില രൂപങ്ങള്‍ കാണുന്നത്. വീടിന്റെ പുറത്ത് ഒരു വശത്തായി രൂപക്കൂടു പോലൊരു തട്ട്. അതില്‍ നിരത്തി വച്ചിരിക്കുന്ന കുറച്ച് ചെറിയ പൗരാണിക ശില്‍പ്പങ്ങള്‍. മുത്തപ്പനും വെള്ളാട്ടവും കാളയുമൊക്കെ. ഈ പ്രദേശത്തെവിടെയോ മനുഷ്യന്റെ പാദസ്പര്‍ശമോ, നിഴലോ പതിയാത്ത അതിനിഗൂഢമായ ഒരു പാറയിടുക്കുണ്ടെന്നു കേട്ടിട്ടുണ്ട്. അവിടെ വച്ചാണത്രെ പണ്ടു പണ്ട് ഉഗ്രമൂര്‍ത്തിയായ പുലിച്ചാമുണ്ഡി എന്ന ദേവതയ്ക്കു ബലി നടത്തിയിരുന്നത്.
ഈ കഥ വെറും മിത്തോ യാതാര്‍ത്ഥ്യമോ എന്നറിയില്ല. ഈ പാറയിടുക്ക് ഇപ്പോഴും കരിമ്പാലര്‍ സംരക്ഷിക്കുന്നുണ്ടെന്നും കേട്ടിരുന്നു. സുകുമാരനോട് അതേപ്പറ്റി ചോദിച്ചപ്പോള്‍ പുലിച്ചാമുണ്ഡിസ്ഥാനം പുല്ലുംവനത്താണെന്നു പറഞ്ഞു. പാറയിടുക്കിനെക്കുറിച്ചുള്ള മറുപടി പതിവ് ചിരിയിലൊതുങ്ങി.
കോളനിയില്‍ പുതിയ വീടുകള്‍ ഉയരുന്നുണ്ട്. എന്നാല്‍ പലതിന്റെയും പണി പാതിനിലച്ച നിലയിലാണ്. സര്‍ക്കാര്‍ ഭവനപദ്ധതിയുടെ തുക കൊണ്ട് ഇത്രയുമൊക്കെയേ സാധിക്കൂ എന്ന് കോളനി നിവാസികള്‍.
നന്നായി പഠിക്കുന്ന കുട്ടിയുടെ വീടാണതെന്ന് ഒരു മണ്‍വീടു ചൂണ്ടി സുകുമാരന്‍ പറഞ്ഞു. പനമ്പുകൊണ്ട് മറച്ച ഒരു കൊച്ചുകുടില്‍. അയ്യങ്കാളിയുടെ പേരിലുള്ള എന്തോ വലിയ അവാര്‍ഡൊക്കെ കിട്ടിയ ആ ആറാംക്ലാസുകാരിയുടെ പേര് അയാള്‍ക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല.
റോഡുകളെ ഓഫാക്കുന്ന മാജിക്ക്
ബുള്ളറ്റു വച്ചിരിക്കുന്ന ഹോട്ടലിനരികിലേക്കു തിരികെ നടക്കുമ്പോഴാണ് പ്രദേശത്തെ റോഡുകളുടെ ദയനീയ സ്ഥിതിയെക്കുറിച്ചുള്ള ഒരു കഥ കേള്‍ക്കുന്നത്. ഉരുളന്‍ കല്ലുകളും വന്‍കുഴിയും നിറഞ്ഞ മണ്‍റോഡുകള്‍ അതേപടി നിലനിര്‍ത്തുന്നതിനു പിന്നില്‍ പ്രദേശത്തെ ജീപ്പ് ലോബിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോളനിയിലേക്കുള്ള റോഡ് ടാര്‍ ചെയ്യാന്‍ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ട് ഏറെനാളായി. എന്നാല്‍ ഇതുവരെ ടാറിംഗ് നടന്നിട്ടില്ല. ഈ ലോബി ഇടപെട്ട് അത് മുടക്കിക്കൊണ്ടിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് നന്നായാല്‍ സഞ്ചാരികള്‍ സ്വന്തം വാഹനങ്ങളില്‍ ഇങ്ങോട്ടെത്തുമെന്നും ജീപ്പുകാരുടെ കൊള്ള ലാഭം നഷ്ടമാകുമെന്നും നാട്ടുകാര്‍ പറയുന്നു.
ജീപ്പുകാരില്‍ ചിലര്‍ രാത്രികാലങ്ങളില്‍ റോഡ് മാന്താറുണ്ടെന്നൊരു കഥയും കേട്ടു. അതില്‍ എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല. എന്നാല്‍ സ്വന്തം വാഹനങ്ങളില്‍ മലകയറാന്‍ ശ്രമിക്കുന്നവരെ സൈഡ് കൊടുക്കാതെയും മറ്റും ഭയപ്പെടുത്തുന്ന ഇവിടുത്തെ ചില ജീപ്പ് ഡ്രൈവര്‍മാരുടെ ഹോബികളെപ്പറ്റി ആലക്കോട് ടൗണിലെ ഒരു ഡ്രൈവര്‍ സുഹൃത്തു തന്നെ മുമ്പ് സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് ഈ റോഡു മാന്തല്‍ കഥയും വിശ്വസിക്കാനാണ് തോന്നിയത്. എന്തായാലും ഓഫ് റോഡുകളെ പ്രണയിക്കുന്ന സഞ്ചാരികള്‍ ഇത്തരം ചെയ്തികളെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കാനാണ് സാധ്യത.
ഹോട്ടല്‍ സ്‌കൈവാലിയിലെത്തുമ്പോള്‍ ഭക്ഷണം ഒരുക്കി വില്‍സണ്‍ കാത്തിരിപ്പുണ്ട്. കോളനിക്കാരായ വനിതകളെ തൊഴിലാളി വേഷത്തില്‍ അവിടെയും കണ്ടു. സുകുമാരനും ഞങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. ചിക്കന്‍ ഫ്രൈഡ് റൈസ് അയാള്‍ കഴിച്ചില്ല. ചോറാണ് ഇഷ്ടം എന്നു പറഞ്ഞ് പതിവു ചിരി ചിരിച്ചു.
നാട്ടുരുചിക്കൂട്ടുകളുടെ പ്രത്യേകതകളാല്‍ രുചികരമായിരുന്നു സ്കൈവാലിയിലെ ഭക്ഷണം.
ഇനിയും കാണാമെന്നു പറഞ്ഞ് മലയിറങ്ങാനൊരുങ്ങുമ്പോഴും സുകുമാരന്‍ നിഷ്‌കളങ്കമായി ചിരിച്ചു. ജബിയെ ടാര്‍ റോഡ് വരെ നടക്കാന്‍ വിട്ട് പേടിയോടെ വണ്ടി താഴേക്കിറക്കി. ഒന്നു രണ്ടു തവണ കല്ലില്‍ കയറി ടയര്‍ വഴുതി. ബുള്ളറ്റായതു കൊണ്ടാവണം വീണില്ല. മഴച്ചാറ്റലുകള്‍ക്കിടയിലൂടെ മലയിറങ്ങി വന്നവഴിയെ കരുവഞ്ചാലെത്തി.
ഒടുവില്‍ ദൈവം തമ്പുരാനും മലയിറങ്ങി
പെരുമഴയത്താണ് വെള്ളാട് ശിവക്ഷേത്രത്തിലെത്തുന്നത്. കരിമ്പാലര്‍ക്ക് പ്രത്യേക അധികാരമുള്ള ക്ഷേത്രം. പണ്ട് വൈതല്‍ മലയിലായിരുന്നു ശിവന്റെ ആരൂഢം. ഒഴുക്കില്‍പ്പെട്ടോ മറ്റൊ ഇവിടെയെത്തിയെന്നാണ് ഐതിഹ്യം. മഹാദേവന്റെ രൂപപ്രതിഷ്ഠയുള്ള കേരളത്തിലെ രണ്ടു ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്നും കേട്ടിരുന്നു.
സമയം നാലുമണി. പൂജാസമയം ആകാത്തതിനാലാവണം ക്ഷേത്രപരിസരം വിജനം. മഴ കുറഞ്ഞിരുന്നു. മതിലിനപ്പുറത്തെ ഉയര്‍ന്ന സ്ഥലത്തു നിന്ന് ആരോ ഞങ്ങളെ ശ്രദ്ധിക്കുന്നതു പോലെ തോന്നി. അസമയത്ത് ക്ഷേത്രപരിസരത്ത് രണ്ടുപേരെ കണ്ടതിനാലാവണം ഒരു ചേച്ചി ഞങ്ങളെ നോക്കിനില്‍ക്കുന്നു. ചോദിച്ചപ്പോള്‍ നടതുറക്കുന്ന സമയം അവര്‍ പറഞ്ഞുതന്നു. വാച്ചില്‍ നോക്കി. ഇനിയും ഏറെ നേരം കഴിയണം. വീണ്ടും മഴ കനക്കും മുമ്പേ തൊഴുതു മടങ്ങാമെന്നു കരുതി. പതിയെ ശ്രീകോവിലിനു മുന്നിലേക്കു നടന്നു. കണ്ണടച്ചു നിന്നു.
ആ പാവം ബാലന്മാരെ മലയിടുക്കുകളിലുപേക്ഷിച്ച് നിങ്ങളും നൈസായി മലയിറങ്ങിയല്ലേ എന്ന ചോദ്യം ചുണ്ടില്‍ കുടുങ്ങി.
Cover Photo: Naushad Naduvil
ഈ പംക്തിയിലെ മറ്റ് യാത്രാനുഭവങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക..
പൊസഡിഗുംപെയില്‍ പെയ്യുന്നത് മഞ്ഞു മാത്രമല്ല!
ഒരുഭഗവദ്ഗീതയുടെ കഥ;കുറേ മലകളുടേയും ഒരു ഭൂതത്താന്‍റെയും കഥ!
ആ രണ്ടു മത്സ്യങ്ങള്‍ ഇപ്പോഴും കുന്നു കയറാറുണ്ട്
ഈ സ്ഥലം പൊന്നാകുന്നത് പേരു കൊണ്ടു മാത്രമല്ല!
ഇവിടെ വച്ച് അദ്ദേഹം പറഞ്ഞു: "ഇതാ നിങ്ങളുടെ ദൈവം..!"
എന്നെ കുഴല്‍പ്പണക്കാരനാക്കിയ പൊന്മുടി യാത്ര