പൊസഡിഗുംപെയില്‍ പെയ്യുന്നത് മഞ്ഞു മാത്രമല്ല!
അത്യുത്തരകേരളത്തിന്റെ വടക്കേ അരികുകളിലേക്കുള്ള യാത്രകളോട് കമ്പമേറുന്നത് എന്തു കൊണ്ടാണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മംഗലാപുരത്തേക്കും കൊല്ലൂരിലേക്കുമൊക്കെയുള്ള ട്രെയിന്‍ യാത്രകളില്‍, പലപ്പോഴും, കാസര്‍കോട് വിട്ടാലുടന്‍ പാതക്കിരുവശത്തേക്കും കണ്ണും കൂര്‍പ്പിച്ചങ്ങനെ നോക്കിനോക്കിയിരിക്കും. ചെങ്കല്‍പ്പാറകളും മഞ്ഞപ്പുല്ലുകളും മുള്‍പ്പടര്‍പ്പുകളും കശുമാവുകളുമൊക്കെ നിറഞ്ഞ തുളുനാടിന്റെ നരച്ചഭൂമിയില്‍ എവിടെ നിന്നോ തോറ്റംപാട്ടുകള്‍ ഉയരുന്നതായി തോന്നും. പഴമ്പാട്ടുകളും മിത്തുകളുമൊക്കെ ചേര്‍ന്ന തെയ്യംകഥകള്‍ ഓര്‍മ്മകളിലെത്തും. ഈ മണ്ണില്‍ നിന്നാണ് പണ്ട് പണ്ട് തെയ്യങ്ങള്‍ മലനാട്ടിലേക്ക് ഇറങ്ങിവന്നത് എന്ന സുഖമുള്ള ഒരു ചിന്ത മനസിനെ വന്നു പൊതിയും. ശിവരാമ കാരന്തും അനന്ത മൂര്‍ത്തിയും ആലനഹള്ളിയും കമ്പാറും നിരഞ്ജനയുമൊക്കെ അക്ഷരങ്ങളിലൂടെ പരിചയപ്പെടുത്തിയ നാട്ടുമനുഷ്യര്‍ ആ കാട്ടുപൊന്തക്കും കശുമാവിന്‍ തോപ്പിനുമപ്പുറം അല്ലെങ്കില്‍ ആ വയലിനപ്പുറം അതുമല്ലെങ്കില്‍ ആ കുന്നിഞ്ചെരിവിനും കൈത്തോടിനുമപ്പുറം ജീവിതം മെനയുന്നുണ്ടെന്നു തോന്നും.
പിന്നെങ്ങനെയാണ് അത്യുത്തര കേരളത്തിന്റെ അത്യുത്തത്തര അരികുകളിലേക്ക് വീണ്ടും വീണ്ടും യാത്ര പോകാതിരിക്കുക?
തീവണ്ടി യാത്രകള്‍ ഒരിക്കലും വ്യക്തമായി കാണിച്ചു തരാത്ത തുളുനാട്ടിലെ നാട്ടുപ്രദേശങ്ങള്‍ തേടി ഒരുപാടുകാലത്തിനു ശേഷം അടുത്തിടെ ഒരിക്കല്‍ക്കൂടി പോയി. പൈവളിഗെ ഗ്രാമപഞ്ചായത്തില ഗുംപെ എന്ന ഗുഹാഗ്രാമത്തിലേക്കുള്ള രണ്ടാമത്തെ യാത്ര. തുളുനാടിന്റെ മാത്രം പ്രത്യേകതയായ സുരംഗം എന്ന നീരുറവകളെ തേടി, ശ്രീപെദ്ര എന്ന പ്രമുഖ ഫാംജേണലിസ്റ്റ് പറഞ്ഞതനുസരിച്ച് മൂന്നുവര്‍ഷം മുമ്പൊരു മാര്‍ച്ചു മാസത്തിലാണ് ആദ്യമായി ഇവിടെത്തുന്നത്. ഉപ്പളയില്‍ നിന്നും ബസില്‍ പൈവളിഗെ വഴി ബായാറിലെത്തിയ ശേഷം ബൈക്കിലായിരുന്നു അന്ന് ഗുപെയിലെത്തിയത്. എന്നാല്‍ ഇത്തവണ കണ്ണൂര്‍ -മംഗാലാപുരം ദേശീയപാതയില്‍, വിദ്യാനഗറില്‍ നിന്നും വലതുതിരിഞ്ഞ് സീതാംഗോളി പെര്‍മുദെ ധര്‍മ്മത്തടുക്ക വഴി കാറിലായിരുന്നു യാത്ര. തെക്കു നിന്നും വരുമ്പോള്‍ ഈ റൂട്ടാണ് എളുപ്പമെന്ന് ഗുംപെയിലെ സുഹൃത്തായ കൃഷ്ണ ഭട്ട് പറഞ്ഞതനുസരിച്ചായിരുന്നു അത്.
വിദ്യാനഗറില്‍ നിന്നും ദേശീയപാത വിട്ട് ഉളിയത്തടുക്കയിലെത്തി. വണ്ടി നിര്‍ത്തി. ചായകുടിക്കാന്‍ കയറുന്നതിനു മുമ്പ് വഴിയില്‍ കണ്ട ന്യൂജന്‍ ചെറുപ്പക്കാരനോട് സീതാംഗോളിയിലേക്കുള്ള വഴി ഒരിക്കല്‍ക്കൂടി ചോദിച്ചുറപ്പിച്ചു. ഏകദേശം അരമണിക്കൂറോളം കഴിഞ്ഞ് പുറത്തിറങ്ങി വണ്ടിയില്‍ കയറുമ്പോള്‍ തൊട്ടടുത്ത് മറ്റൊരു കാറിലിരുന്നൊരാള്‍ നിര്‍ത്താതെ ഹോണടിക്കുന്നു. എന്താണ് കാര്യമെന്ന് മനസിലാകാതെ മുഖം ചുളിച്ചപ്പോള്‍ സീതാംഗോളിയിലേക്കാണെങ്കില്‍ തന്റെ പിന്നാലെ പോന്നോളൂ എന്ന് തനി കാസര്‍കോഡന്‍ സ്ലാംഗില്‍ അയാള്‍. ഞങ്ങള്‍ സീതാംഗോളിക്കാണെന്ന് ഇയാള്‍ക്കെങ്ങനെ മനസിലായി എന്നോര്‍ത്ത് അമ്പരന്നു. പെട്ടന്നു തോന്നിയ നീരസത്തില്‍ അങ്ങോട്ടല്ലെന്നു പറഞ്ഞു. പിന്നൊന്നും പറയാതെ അയാള്‍ വിട്ടുപോയി. പിന്നെയാണ് ഓര്‍ത്തത്, അല്‍പ്പം മുമ്പ് വഴി ചോദിച്ചത് അയാളോടായിരുന്നു!
നമ്മള്‍ മറന്നിട്ടും അയാള്‍ നമ്മളെ മറന്നില്ല. അതാണ് തനി കാസര്‍കോട്ടുകാരന്റെ കറയില്ലാത്ത സ്‌നേഹം!
അല്‍പ്പം ചമ്മലും പിന്നെ വിഷമവും തോന്നി. വെള്ളച്ചായത്താല്‍ രണ്ടായി പകുത്ത് പുതുമോടിയില്‍ നീണ്ടുനിവർന്നങ്ങനെ കിടക്കുന്ന മനോഹരമായ റോഡുകള്‍ ആ വിഷമത്തിനൊപ്പം പിന്നിട്ട ദേശീയപാതയുടെ ദയനീയ ചിത്രങ്ങളെയും മനസില്‍ നിന്നും മായിച്ചു കളഞ്ഞു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ പൊരിഞ്ഞ പോരാട്ടം നടന്ന മണ്ഡലം. ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ദേശം. കേവലം 89 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ യുഡിഎഫിലെ പി വി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. പല വാര്‍ത്തകളും ഓര്‍ത്തു. കള്ളവോട്ടു നടന്നെന്നും മരിച്ചവര്‍ പോലും വോട്ടുചെയ്തെന്നുമുള്ള ആരോപണങ്ങള്‍. പ്രത്യാരോപണങ്ങള്‍.
ജീവിച്ചിരിക്കെ മരിച്ചെന്ന് ചിലര്‍ പ്രഖ്യാപിച്ച മനുഷ്യരുടെ, തങ്ങള്‍ ജീവനോടെയുണ്ടെന്ന് വിളിച്ചു പറയേണ്ടി വന്ന ഗതികേടിന്‍റെ വാര്‍ത്തകള്‍.
ആ മനുഷ്യരെക്കുറിച്ചോര്‍ത്തപ്പോള്‍ വിഷമം തോന്നി. അപ്പോള്‍ അടുത്തകാലത്ത് കേട്ട ഒരുപാടു ചിരിപ്പിച്ച മറ്റൊരു കരക്കമ്പി കൂടി ഓര്‍മ്മയിലെത്തി. തെരെഞ്ഞെടുപ്പു നടന്ന ദിവസം മണ്ഡലത്തിലെ ഏതോ ഒരു ബൂത്തിലെ നൂറിലധികം ബിജെപി അനുഭാവികള്‍ വോട്ടു ചെയ്യാതെ ടൂറിനോ തിര്‍ത്ഥാടനത്തിനോ മറ്റോ പോയത്രെ. തങ്ങളുടെ സ്ഥാനാര്‍ത്ഥി എന്തായാലും ജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നുവത്രെ വോട്ടു ചെയ്യാതെയുള്ള ഈ യാത്ര. പറഞ്ഞുകേട്ട ഈ വിവരം എത്രമാത്രം സത്യമാണെന്നു വ്യക്തമല്ല. എന്തായാലും ഇവിടങ്ങളില്‍ ഇങ്ങനൊരു കരക്കമ്പി കറങ്ങി നടപ്പുണ്ടെന്നത് പരസ്യമായ രഹസ്യം. ഗുംപെയില്‍ കാത്തുനില്‍ക്കുന്ന സുഹൃത്തിനോട് ഇക്കാര്യം ചോദിക്കണമെന്നു കരുതി.
ഷിറിയയോ, ചന്ദ്രഗിരിയോ ഏതെന്നറിയില്ല, കാര്‍, കുത്തിക്കലങ്ങിക്കിടക്കുന്ന ഒരു പുഴ കടന്നു.
പെര്‍മുദയിലെ ചെറിയ ടൗണും പിന്നിട്ട് വഴി വലതു തിരിഞ്ഞു. ധര്‍മ്മത്തടുക്കയില്‍ നിന്നും ബായാറിലെക്കും ആവളമട്ടക്കും സജന്‍കിലയിലേക്കുമൊക്കെയുള്ള ചെറുറോഡിലൂടെ വണ്ടിയോടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ പിന്നെയും പിന്നിലേക്കു പോയി. കത്തിക്കാളുന്ന കുംഭച്ചൂടില്‍ വറ്റാത്ത നീരുറവകളെ തേടിയായിരുന്നു മൂന്നുവര്‍ഷം മുമ്പിവിടേക്ക് വന്നതെങ്കില്‍ ഇന്നു മഞ്ഞുപെയ്യുന്ന പൊസഡിഗുംപെയെ ആസ്വദിക്കാനുള്ള വരവാണ്. അന്ന് പൈവളിഗയില്‍ ബസിറങ്ങുമ്പോള്‍ ഒറ്റക്കായിരുന്നു. ഇവിടം തികച്ചും അപരിചിതമായിരുന്നു. ഇന്ന് ഭാര്യയും കസിന്‍സും ഒപ്പമുണ്ട്. വഴിനയിക്കാന്‍ പ്രദേശവാസിയായ ഒരു സുഹൃത്ത് കാത്തുനില്‍പ്പുണ്ട്.
എന്നാല്‍ വലിയ മാറ്റങ്ങളൊന്നുമില്ലാതെ പ്രകൃതിയെ വാരിപ്പുതച്ച് തുളുനാടങ്ങനെ ചുറ്റും നില്‍ക്കുന്നു. കുറ്റിച്ചെടികളും കൊടുംവളവുകളും താഴ്‌വരകളും ഇടവഴികളും വളഞ്ഞുപുളഞ്ഞു പോകുന്ന റോഡുകളുമൊക്കെ നിറഞ്ഞ മനോഹരമായ ഭൂമിക അതേപടി തന്നെയുണ്ട്. പുല്‍മേടുകളില്‍ മേഞ്ഞുനടക്കുന്ന കന്നുകാലികള്‍. തണുപ്പു നിറഞ്ഞ ഹൃദയം ഉള്ളിലൊതുക്കി പുറമേ ചൂടനെന്നു നടിക്കുന്ന ചെങ്കല്‍പ്പരപ്പുകള്‍. വയലേലകള്‍. കവുങ്ങിന്‍ തോപ്പുകള്‍. തുരങ്കങ്ങളിലെ നീരൊഴുക്കുകള്‍. കരുമുളകു തോട്ടങ്ങള്‍. ചിലപ്പോള്‍ മാത്രം മലകയറുകയും ഇറങ്ങുകയും ചെയ്യുന്ന വാഹനങ്ങള്‍. റിയർവ്യൂ മിററില്‍ നോക്കുമ്പോള്‍ മലഞ്ചെരിവുകള്‍ക്കപ്പുറം കെട്ടുപിണഞ്ഞു കിടക്കുന്ന പിന്നിട്ട പാതകള്‍. പൊന്മുടിയും വയനാടുചുരവും മൂന്നാറുമൊക്കെ ഓര്‍മ്മയിലെത്തി.
കാസര്‍കോടു നിന്നും വടക്കുകിഴക്കായി ഏകദേശം 30കിലോമീറ്ററിലധികം സഞ്ചരിച്ചിരിക്കണം. ദക്ഷിണ കര്‍ണാടകത്തിന്‍റെ അരികുകളിലൂടെയാണ് ഇപ്പോള്‍ വണ്ടി ഓടുന്നത്. ഏതാനും വളവുകള്‍ തിരിഞ്ഞപ്പോള്‍ അകലെ പൊസഡിഗുംപെ മലനിരകള്‍ കണ്ടു തുടങ്ങി. മലയടിവാരത്ത് സുരംഗ നിര്‍മ്മാണത്തൊഴിലാളിയായ അപ്പണ്ണ നായിക്കിന്റെ വീടിനു സമീപം കാര്‍ നിര്‍ത്തി. കൃഷ്ണ ഭട്ട് അവിടെ കാത്തു നിന്നിരുന്നു. മലയിലേക്കുള്ള നടവഴി അതിലേയാണ്. പണ്ടു കണ്ട അപ്പണ്ണയുടെ ആ കൊച്ചുവീടും അതുപോലെ തന്നെയുണ്ട്. അപ്പണ്ണയെ കണ്ട് പരിചയം പുതുക്കണമെന്നു കരുതി. പക്ഷേ അവിടെങ്ങും ആരെയും കണ്ടില്ല. ഒന്നരക്കിലോമീറ്ററിലധികം ചെങ്കുത്തായി കയറണമെന്നറിഞ്ഞപ്പോള്‍ മലയിലേക്ക് താനില്ലെന്ന് ആതിര തീര്‍ത്തു പറഞ്ഞു. അവളെയും കൂട്ടിനു ഹരികൃഷ്ണനെയും വണ്ടിയിലിരുത്തി കൃഷ്ണഭട്ടിനൊപ്പം ഞാനും ശരത്കൃഷ്ണനും മല കയറാന്‍ തുടങ്ങി.
തുളുവില്‍ പൊസഡി എന്നാല്‍ ഒരുതരം ഭസ്‍മമാണെന്നും ഗുംപെ എന്നാല്‍ ഗുഹയുമാണെന്ന് തുളുനാടന്‍ മലയാളത്തില്‍ പണ്ടു പറഞ്ഞു തന്നത് പ്രാദേശിക ബിജെപി നേതാവായ ഇതേ കൃഷ്ണ ഭട്ടാണ്. ഗ്രാമത്തെക്കുറിച്ച് അന്നയാള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞിരുന്നു. മലമുകളില്‍ പാണ്ഡവര്‍ വനവാസക്കാലത്ത് നിര്‍മ്മിച്ച രണ്ട് കിണറുകളുണ്ട്.
അതിലൊന്നില്‍ കല്ലിട്ടാല്‍ അടുത്തതില്‍ നിന്നും ശബ്ദം കേള്‍ക്കാം. അവിടെ നിന്നാല്‍ മംഗലാപുരം നഗരം കാണാം. കടലു കാണാം.
അന്ന് പരിചയപ്പെടുമ്പോള്‍ പൈവളിഗെ ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗമായിരുന്നു അയാള്‍. ഇന്ന് സിപിഎമ്മാണ് പഞ്ചായത്ത് ഭരണം. ഇപ്പോഴും രാഷ്ട്രീയ പ്രവര്‍ത്തനവും കൃഷിപ്പണിയുമൊക്കെയായി കഴിയുന്നു. എന്നാല്‍ പഞ്ചായത്ത് അംഗമല്ല. മത്സരിക്കാതിരുന്നതോ അതോ മത്സരിച്ച് പരാജയപ്പെട്ടതോ എന്നു ചോദിച്ചില്ല. ഒരു മനുഷ്യന ബോധപൂര്‍വ്വം വേദനിപ്പിക്കുന്നത് ശരിയല്ലെന്നു തോന്നിയതിനാല്‍, വോട്ടെടുപ്പു ദിവസം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയെന്നു പറയപ്പെടുന്ന യാത്രയെപ്പറ്റിയുള്ള, നേരത്തെ കരുതിയ ആ ചോദ്യവും ഉപേക്ഷിച്ചു.
കുറച്ചധികം കയറിയപ്പോള്‍ തന്നെ കിതച്ചുതുടങ്ങി. അപ്പോഴും അനായാസേന മുമ്പിലോടുകയാണ് കൃഷ്‌ണ ഭട്ട്. പതുക്കെ ഒരു പാറപ്പുറത്തേക്ക് ഇരുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1600ല്‍ അധികം അടി ഉയരത്തിലെത്തിയിരിക്കുന്നു. ശ്വാസം ആഞ്ഞുവലിച്ച് പുല്‍ത്തകിടിയില്‍ മലര്‍ന്നു കിടന്നു. മലയെക്കുറിച്ച് കേട്ടതും വായിച്ചതുമായ പല കഥകളും ഓര്‍ത്തു. പണ്ട് മലയടിവാരത്തെവിടെയോ ഒരു ദുര്‍മന്ത്രവാദി താമസിച്ചിരുന്നു. അയാള്‍ ആത്മാക്കളെ അഴിച്ച് വിട്ടിരുന്നത് ഇങ്ങോട്ടായിരുന്നെന്ന് ഒരു കഥ. ശാപമേറ്റ രണ്ട് സ്ത്രീകള്‍ വിവസ്ത്രരായി ഇവിടങ്ങളില്‍ അലഞ്ഞ് തിരിഞ്ഞിരുന്നുവെന്ന് മറ്റൊരു കഥ. അങ്ങനെ പലതും ആലോചിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ കൃഷ്ണഭട്ടിനെയും ശരത് കൃഷ്ണനെയും കാണാനില്ല. ഒരാള്‍പ്പൊക്കത്തിലുള്ള കറുത്ത കയ്യാലപ്പുറത്തിരുന്ന് ആരോ ഒരാള്‍ സൂക്ഷിച്ചു നോക്കുന്നു. അല്‍പ്പം ഭയം തോന്നി. കണ്ണുതിരുമ്മി നോക്കി. കാലിയെ മേയ്ക്കാനെത്തിയ ആരോ ആണ്. കൃഷ്ണ ഭട്ട് വീണ്ടും നടന്നു തുടങ്ങിയിരുന്നു. ചിത്രമെടുക്കുന്ന തിരക്കില്‍ ഒരു പൊന്തക്കാടിന്റെ മറവിലാണ് ശരത് കൃഷ്ണന്‍.
'ഇതാണ് പണ്ടുപറഞ്ഞ പാണ്ഡവരുടെ കിണര്‍'. പൊന്തക്കാടുകളാല്‍ ചുറ്റപ്പെട്ട രണ്ട് വലിയ കുഴികളെ ചൂണ്ടി മുകളില്‍ നിന്നും കൃഷ്ണ ഭട്ട് വിളിച്ചു പറഞ്ഞു. രണ്ടും തമ്മില്‍ 10 - 15 മീറ്ററോളം അകലം വരും. ഓരോന്നിലും എത്തി നോക്കി. കൂരിരുട്ട്. അയാള്‍ പറഞ്ഞതനുസരിച്ച് ഒരെണ്ണത്തില്‍ കല്ലിടാന്‍ ശരത് കൃഷ്ണനെ ഏല്‍പ്പിച്ച ശേഷം മറ്റേതിനു മുന്നില്‍ ചെവി വട്ടം പിടിച്ചു. അവന്‍ കല്ലിട്ടു. ശരിയാണ്. ശബ്ദം ഇവിടെ കേള്‍ക്കാം. രണ്ടു മൂന്നാവര്‍ത്തി മാറിമാറി ഇങ്ങനെ ചെയ്തു നോക്കി. പത്മനാഭാസ്വാമി ക്ഷേത്രത്തിലെ സപ്‍തസ്വര മണ്ഡപം ഓര്‍മ്മ വന്നു. ഭൂമിയുടെ അടിയിലൂടെ കിണറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു തുരങ്കം ഉണ്ടെന്നുറപ്പ്. പണ്ടൊരിക്കല്‍ ഒരു പശു ഇതില്‍ വീണതും നാട്ടുകാരിലാരോ എടുക്കാനിറങ്ങിയതുമൊക്കെ ഭട്ട് പറഞ്ഞു.
നടന്നുനടന്നൊടുവില്‍ മലയുടെ നെറുകിലെത്തി. പച്ചപ്പുല്‍ മൈതാനങ്ങളും പാറക്കൂട്ടങ്ങളും മരങ്ങളും നിറഞ്ഞ വിജനമായ പ്രദേശം. തണുത്ത കാറ്റ് വീശിയടിച്ചു. ദൂരെ വശങ്ങളിലായി രണ്ടുമലകള്‍ കൂടി കണ്ടു. മൂന്നുമലകള്‍ ചേര്‍ന്ന ഇടമാണ് പൊസഡി ഗുംപെ. സുവര്‍ണനദി ഉല്‍ഭവിക്കുന്നത് ഇവിടെ എവിടെയോ നിന്നാണെന്നു കേട്ടിരുന്നു. കയ്യാര്‍ കിഞ്ഞണ്ണ റൈ എന്ന കന്നഡ മഹാകവിയെ ഓര്‍ത്തു. ഈ താഴ്‍വരയിലെവിടെയോ ആണ് അദ്ദേഹത്തിന്‍റെ ജന്മനാട്. പൊസഡി ഗുംപെ എന്ന പേരില്‍ കയ്യാറിന്‍റെ ഒരു കവിതയുണ്ടെന്നു കേട്ടിരുന്നു. പതിയെ തിരിഞ്ഞു നോക്കി. അങ്ങകലെ മംഗാലാപുരം നഗരം. ഒപ്പം അറബിക്കടലിന്റെ തിരയിളക്കം. അക്കാണുന്നത് ചിക്മംഗ്ലൂര്‍. അതിനപ്പുറം കുദ്രേമുഖ് മലനിരകള്‍. കൃഷ്ണ ഭട്ട് വിരല്‍ ചൂണ്ടി പറഞ്ഞു കൊണ്ടിരുന്നു. അയാള്‍ പറയുന്നത് കേട്ടുകൊണ്ട് കയ്യാലപ്പുറത്ത് കയറി ഇരിപ്പുറച്ചു.
വിനയന്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം വാര്‍ ആന്റ് ലൗവിന്റെ ചിത്രീകരണം ഇവിടെ വച്ചായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗുഹാഗ്രാമമാണ് ഗുംബെ. പ്രകൃതിയും മനുഷ്യനും ചേര്‍ന്നു നിര്‍മ്മിച്ച അഞ്ഞൂറിലധികം ഗുഹകള്‍. നാട്ടുഭാഷയില്‍ സുരങ്കങ്ങള്‍. തീര്‍ത്ഥഗുഹയെന്നും വിഭൂതി ഗുഹയന്നും പേരുള്ള രണ്ടു ഗുഹകള്‍ കൂടി മലയടിവാരത്തുണ്ടെന്നു കേട്ടിരുന്നു. വിഭൂതി ഗുഹയില്‍ നിന്നും ലഭിക്കുന്ന ഭസ്‍മമാണ് പൊസഡി. പണ്ട്, ഈ ഭസ്മത്തിന്റെ ഒരു കഷ്ണം കാണിച്ചു തന്ന ഗോവിന്ദ ഭട്ടെന്ന കര്‍ഷകനെ ഓര്‍ത്തു. വര്‍ഷത്തിലൊരിക്കല്‍ കര്‍ക്കിടക വാവു ദിവസമാണ് ആ ഗുഹയില്‍ ആളുകള്‍ കയറുന്നത്. തീര്‍ത്ഥ ഗുഹയില്‍ കുളിച്ച ശേഷം വിഭൂതി ഗുഹയിലേക്ക് വിശ്വാസികള്‍ കയറും. വെളുത്ത വിഭൂതിയാണ് കിട്ടുന്നതെങ്കില്‍ ആ വര്‍ഷം ഭാഗ്യവര്‍ഷമാണെന്നും പുറത്തുള്ള പോലത്തെ കറുത്ത മണ്ണാണ് കിട്ടുന്നതെങ്കില്‍ നിര്‍ഭാഗ്യ വര്‍ഷമാണെന്നുമാണ് വിശ്വാസം.
ഏതാണ്ട് രണ്ടായിരത്തോളം തുരങ്കങ്ങളുണ്ട് ബായാറിലും പരിസരപ്രദേശങ്ങളിലുമായി. ഈ കുന്നിനു ചുറ്റുമുള്ള ചെറുഗ്രാമങ്ങളായ സജിന്‍കില, ഗുംപെ, സുധന്‍ബല, മാനിപ്പാഡി, കല്ലടുക്ക, മേലിനപഞ്ച, ആവളമട്ട തുടങ്ങിയ പ്രദേശങ്ങളില്‍ മാത്രം അഞ്ഞൂറിലധികം വരും. പലതും പ്രകൃതിയും മനുഷ്യനും ചേര്‍ന്നു നിര്‍മ്മിച്ചവ. ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍നിന്ന് കച്ചവടത്തിനെത്തിയ അറബികളാണ് തുരങ്കനിര്‍മാണം അത്യുത്തരകേരളത്തിനും ദക്ഷിണ കന്നഡയ്ക്കും പരിചയപ്പെടുത്തിയത്.
ഈ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മണ്ണിന്റെ ഘടനാപരമായ സവിശേഷതകളുമാവാം തുരങ്കങ്ങള്‍ വ്യാപകമാകാന്‍ കാരണം.
75 ശതമാനം പാറക്കെട്ടുകളും കട്ടികൂടിയ ലാറ്ററേറ്റ് മണ്ണും ചെങ്കുത്തായ കുന്നുകളും നിറഞ്ഞ ഭൂമിയുടെ ഘടന കിണര്‍ കുഴിക്കുന്നതിന് തടസ്സമായി. അഥവാ കൂടുതല്‍ ആഴത്തില്‍ ലംബമായി കുഴിച്ചാലും ഭൂമിയുടെ ചരിവു നിമിത്തം ജലഞരമ്പുകള്‍ അന്യമായിരുന്നു. ഇതൊക്കെയാവും തുരങ്കങ്ങളിലേക്ക് ഈ ജനത തുരന്നടുത്തതിനു പിന്നില്‍. വീട്ടാവശ്യത്തിനും കൃഷി ആവശ്യത്തിനും ഭൂമി തുരന്നാണ് വെള്ളം കൊണ്ടുവരുന്നത്. മിക്ക വീട്ടുകാര്‍ക്കും രണ്ടുമുതല്‍ അഞ്ചെണ്ണംവരെ കാണാം. ഗുംപെയിലെ കര്‍ഷകനായ ഗോവിന്ദ ഭട്ടിന്റെ അഞ്ചേക്കര്‍ കൃഷിയിടത്തില്‍ അരനൂറ്റാണ്ടിലധികം പഴക്കമുള്ള അഞ്ച് തുരങ്കങ്ങളുണ്ട്. ഇതില്‍ 250 അടിയിലധികം നീളമുള്ള രണ്ടെണ്ണമാണ് വീട്ടാവശ്യത്തിനും മറ്റും ഉപയോഗിക്കുന്നത്. അതിലൊന്നില്‍ പണ്ട് കയറിയത് ഓര്‍ത്തു. എന്തോ ഒരു പേടി തോന്നി. എങ്കിലും ഗോവിന്ദഭട്ടിനെ കാണണമെന്ന് ഉറച്ചു.
ഇതിനിടെ വെള്ളമുണ്ടോ കുടിക്കാന്‍ എന്നു കാസര്‍കോടന്‍ സ്ലാംഗില്‍ ചോദിച്ച് ഒരു പയ്യന്‍ അരികിലെത്തി. അപ്പോഴാണ് ഓര്‍ത്തത്. കുപ്പിവെള്ളം വണ്ടിയില്‍ വച്ച് മറന്നിരുന്നു. ദാഹം ആദ്യം ഓര്‍മ്മയിലേക്കും പിന്നെ ചുണ്ടിലേക്കും ഇരച്ചെത്തി. ഇതിനിടെ പയ്യന്റെ കൂടെയുള്ളവരാണെന്നു തോന്നുന്നു. മറ്റുചിലര്‍ കൂടി അവിടെയെത്തി.
നിങ്ങളേട്ന്നാ?
അവര്‍ക്ക് ഞങ്ങള്‍ടെ ഊരും വിലാസവും അറിയണം.
ഞങ്ങ ഇബിടന്നെ. നിങ്ങ ഏട?
തുളുവും മലയാളവും കലര്‍ത്തി കൃഷ്ണഭട്ട് ചോദിച്ചു. ഞങ്ങ കുറച്ചു ദൂരത്തൂന്നാന്ന്. അവര്‍ പരുങ്ങി. കുമ്പളയില്‍ നിന്നോ മറ്റോ വന്ന പയ്യന്മാരാണ്. ഇവിടെ വെള്ളം കിട്ടാന്‍ വഴിയൊന്നുമില്ലെന്നും താഴെ ഇറങ്ങിയാല്‍ കിട്ടുമെന്നും കൃഷ്ണ ഭട്ട് പറഞ്ഞപ്പോള്‍ നന്ദി പറഞ്ഞ് അവര്‍ മടങ്ങി.
ഗ്രാമത്തിന്‍റെ പൂര്‍വ്വികരെപ്പറ്റി ചോദിച്ചപ്പോള്‍ ഭട്ട്, അയാളുടെ പൂര്‍വ്വികരെപ്പറ്റി പറഞ്ഞു. രണ്ടു മൂന്നു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മഹാരാഷ്ട്രയില്‍ നിന്ന് പലായാനം ചെയ്ത് ഗൗഡസ്വാരസ ബ്രാഹ്മാണരായ ഭട്ടുമാരും അവരുടെ സ്ഥാവരജംഗമങ്ങള്‍ ചുമന്ന് അടിയാന്മാരായ നായിക്കന്മാരും ഈ ഗ്രാമത്തിലെത്തുമ്പോള്‍ ഈ പ്രദേശം മനുഷ്യരഹിതമായിരുന്നു. അങ്ങനെ അവര്‍ ഇവിടെ സ്ഥിരതാമസമാക്കി. കൃഷിയും സദ്യയുണ്ടാക്കലുമൊക്കെയാണ് ഭട്ടന്മാരുടെ തൊഴില്‍. കവുങ്ങ്, കരുമുളക്, നെല്ല് തുടങ്ങിയവയാണ് പ്രധാന കാര്‍ഷിക വിളകള്‍. കാലികളെ വളര്‍ത്തിയും കൂലിപ്പണിയെടുത്തും നായിക്കന്മാരും ഇവിടെത്തന്നെ കൂടി.
മല സര്‍ക്കാര്‍ ഭൂമിയാണോ എന്ന ചോദിച്ചപ്പോള്‍ സ്വകാര്യഭൂമിയാണെന്ന് മറുപടി. മംഗലാപുരത്തോ മറ്റോ ഉള്ള ഏതോ ട്രസ്‌റ്റോ മറ്റോ ഇവിടൊരു ക്ഷേത്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കൃഷ്ണ ഭട്ട് പറഞ്ഞു. മറ്റു പലരും ഇവിടെ ഭൂമി സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നു വേവലാതിപ്പെട്ട അയാള്‍ ക്ഷേത്രം ഉടന്‍ ഉണ്ടാവുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. അകം പുകയുന്ന കാസര്‍കോഡിനെക്കുറിച്ച് കേള്‍ക്കുന്ന കഥകള്‍ അപ്പോള്‍ ഓര്‍ത്തു.
പതിയെ മഞ്ഞുപൊഴിയുന്ന പൊസഡിഗുംപെയിലെക്ക് സംസാരം വഴിതിരിച്ചു. ആ കാഴ്ച കാണാന്‍ കൂടിയാണല്ലോ ഇവിടെ വരെ വന്നത്. പക്ഷേ നട്ടുച്ചക്കെവിടെ മഞ്ഞ്? മഞ്ഞുപുതച്ച മലനിരകള്‍ കാണണമെങ്കില്‍ പുലര്‍ച്ച വരണമെന്ന് കൃഷ്ണഭട്ട്. അല്‍പ്പം നിരാശ തോന്നിയെങ്കിലും മഞ്ഞു പെയ്യുമ്പോലെ കഥകളിങ്ങനെ പെയ്തിറങ്ങുന്ന ദേശത്തു നില്‍ക്കുന്നതില്‍ സന്തോഷിച്ചു.
ഗോവിന്ദ ഭട്ടിന്റെ വീടെന്ന ലക്ഷ്യത്തോടെ പതിയെ മലയിറക്കം തുടങ്ങി. ഈ നട്ടുച്ചക്കും ആളുകള്‍ കയറി വരുന്നുണ്ട്. ഇവിടം ആഭ്യന്തര സഞ്ചാരികളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ അവശിഷ്ടങ്ങള്‍ മലയിലവിടവിടെ ചിതറിക്കിടപ്പുണ്ട്. ടൂറിസം വളരുന്നതിന്റെ പ്രധാന ലക്ഷണം! മലയടിവാരത്തെവിടെയോ ഉള്ള ഒരു വെള്ളച്ചാട്ടത്തെപ്പറ്റി കേട്ടിരുന്നു. റോഡിലേക്കെത്തുമ്പോഴേക്കും ചെറുപ്പക്കാരുടെ ഒരു സംഘം കൂടി മലകയറിപ്പോയി.
ഗോവിന്ദ ഭട്ടിന്റെ വീട്ടിനു പിന്നിലെ ആ പഴയ തുരങ്കത്തിനു മുന്നില്‍, ഇനിയും ഇതില്‍ കയറണമോ എന്ന ഭയാശങ്കകളോടെ നിന്നു. പണ്ടും ഭയത്തോടെ മാത്രം കയറിയിറങ്ങിയ 250 അടിയിലേറെ നീളമുള്ള ആ തുരങ്കത്തില്‍ കയറാന്‍ ഇത്തവണ എന്തായാലും മനസ് അനുവദിച്ചില്ല. അപ്പോഴാണ് ഇതുവരെ കേട്ടിട്ടില്ലാത്ത കറാഡ എന്ന പുതിയൊരു ഭാഷയെക്കുറിച്ച് കേള്‍ക്കുന്നത്. ഈ ഭാഷയാണ് ഗുംപെയിലെ ഭട്ട് കുടുംബങ്ങള്‍ സംസാരിക്കുന്നതെന്ന് പറഞ്ഞത് ഗോവിന്ദ ഭട്ടിന്റെ ഭാര്യ സന്ധ്യാ ഗീത. ഇതേതുഭാഷ എന്നോർത്ത് തേന്മാവിന്‍ കൊമ്പത്തിലെ മോഹന്‍ ലാലിന്‍റെ ഭാവത്തില്‍ ഞങ്ങളങ്ങനെ നിന്നു.
സപ്തഭാഷാ സംഗമ ഭൂമിയെന്നാണ് കാസര്‍കോട് ജില്ല അറിയപ്പെടുന്നത്. മലയാളം, കന്നട, തുളു, മറാട്ടി, കൊങ്കണി, ബ്യാരി, ഉറുദു എന്നീ ഏഴു ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ജനവിഭാഗങ്ങളുടെ സാന്നിദ്ധ്യമാണ് ഈ പേരിനു പിന്നിലെന്നും അറിയാം. എന്നാല്‍ ഈ ലിസ്റ്റിലൊന്നുമില്ലാത്ത കാറഡ അദ്ഭുതപ്പെടുത്തി. ഇത്തരം ഇരുപതോളം നാട്ടുഭാഷകള്‍ ഇവിടങ്ങളിലുണ്ടെന്നത് പുതിയ അറിവായിരുന്നു. സന്ധ്യാ ഗീതക്ക് മലയാളം കേട്ടാല്‍ മനസിലാകും. സംസാരിക്കാന്‍ അത്ര വശമില്ല. പ്രധാനമായും കന്നഡ, തുളു ഭാഷകളാല്‍ സ്വാധീനിക്കപ്പെട്ട ഇവിടങ്ങളിലെ മലയാളം, ജില്ലയുടെ തെക്കുള്ള അയല്‍വാസികളായ കാഞ്ഞങ്ങാടുകാർക്കു പോലും വ്യക്തമാവുന്നില്ലെന്ന് വായും പൊളിച്ചു നില്ക്കുന്ന ഹരികൃഷ്ണനും ശരത് കൃഷ്ണനും ഓർമ്മിപ്പിച്ചു.
സന്ധ്യാ ഗീത തയ്യാറാക്കിയ തുളുനാടന്‍ സ്പെഷ്യല്‍ സംഭാരവും കുടിച്ച് ബേക്കലം കോട്ടയിലേക്ക് യാത്ര തിരിക്കുമ്പോള്‍ മൂന്നാമതൊരു വരവായിരുന്നു മനസില്‍. തീർത്ഥഗുഹയും വിഭൂതി ഗുഹയും കാണണം. പൊസഡിഗുംപെയില്‍ മഞ്ഞുപൊഴിയുന്നതു തീര്‍ച്ചയായും കാണണം. മിത്തും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്ന ചുറ്റുമുള്ള മറ്റു ഗുഹാ ഗ്രാമങ്ങളിലൂടെയും സഞ്ചരിക്കണം. കല്‍പ്പനകള്‍ അങ്ങനങ്ങനെ പൂത്തു.
സമയം നട്ടുച്ച. ചീറിപ്പായുന്ന കാറിന്‍റെ സൈഡ് വിന്‍ഡോയിലൂടെ പുറത്തേക്കു നോക്കി. പൊസഡിഗുംപെയും താഴ്വരകളും കൊടും വെയിലില്‍ കുളിച്ചു നില്‍ക്കുന്നു. വെയിലേറ്റു തിളങ്ങുകയാണ് സകലതും.
എന്നാല്‍ ആ നട്ടുച്ചക്കും വെളിച്ചമെത്താത്ത നൂറുകണക്കിന് ഗുഹകള്‍, കൂരിരുട്ടില്‍ കഥകളുമൊളിപ്പിച്ച് കാറിനെ മുന്നിലേക്കു തള്ളിമാറ്റി പിന്നിലേക്ക് കുതറിയോടുന്നത് അമ്പരപ്പോടെ കണ്ടു.
ഈ പംക്തിയിലെ മറ്റ് യാത്രാനുഭവങ്ങള്‍ വായിക്കാം..
ഒരുഭഗവദ്ഗീതയുടെ കഥ;കുറേ മലകളുടേയും ഒരു ഭൂതത്താന്‍റെയും കഥ!
ആ രണ്ടു മത്സ്യങ്ങള്‍ ഇപ്പോഴും കുന്നു കയറാറുണ്ട്
ഈ സ്ഥലം പൊന്നാകുന്നത് പേരു കൊണ്ടു മാത്രമല്ല!
ഇവിടെ വച്ച് അദ്ദേഹം പറഞ്ഞു: "ഇതാ നിങ്ങളുടെ ദൈവം..!"
എന്നെ കുഴല്‍പ്പണക്കാരനാക്കിയ പൊന്മുടി യാത്ര